ഫൗസ്റ്റീന ആത്മാക്കള്‍ക്കു വേണ്ടി സഹിച്ച രോഗപീഡകള്‍

67
എന്റെ ആദ്യ വ്രതവാഗ്ദാനത്തിനുശേഷം ഞാന്‍ രോഗാതുരയായപ്പോള്‍ (ക്ഷയരോഗത്തിന്റെ ആരംഭത്തില്‍ ആയിരിക്കാം), വളരെ സ്‌നേഹത്തോടും ജാഗ്രതയോടുംകൂടെയുള്ള എന്റെ സുപ്പീരിയേഴ്‌സിന്റെ പരിരക്ഷയും ഡോക്ടറുടെ പരിശ്രമങ്ങളും ഉണ്ടായിട്ടും, എന്റെ രോഗത്തിന് ഒരു മാറ്റവും വന്നില്ല. ഇതെല്ലാം എന്റെ അഭിനയമാണെന്നുള്ള അപഖ്യാതികളും ഞാന്‍ കേട്ടു. അതോടെ, എന്റെ സഹനം ഇരട്ടിച്ചു. ഇതു വളരെക്കാലം നീണ്ടുനിന്നു. ഞാന്‍ സിസ്‌റ്റേഴ്‌സിന് ഒരു ഭാരമായിത്തീരുകയാണെന്ന് ഈശോയോട് ഒരു ദിവസം പരാതിപ്പെട്ടു. ഈശോ എന്നോടു പറഞ്ഞു. നീ നിനക്കുവേണ്ടിയല്ല, ആത്മാക്കള്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്. നിന്റെ സഹനം മറ്റുള്ള ആത്മാക്കള്‍ക്ക് പ്രയോജനപ്പെടും. നിന്റെ ദീര്‍ഘസഹനം അവര്‍ക്ക് എന്റെ തിരുമനസ്സ് സ്വീകരിക്കാനുള്ള വെളിച്ചവും ശക്തിയും നല്‍കും.
68
എന്റെ നന്മ പ്രവൃത്തികളും, പ്രാര്‍ത്ഥനകളും ദൈവത്തിനു പ്രീതികരമാണെന്നു മനസ്സിലാക്കാന്‍ സാധിക്കാത്തതായിരുന്നു എന്റെ ഏറ്റവും വലിയ സഹനം. കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്താന്‍പോലും ഞാന്‍ ധൈര്യപ്പെട്ടില്ല. ചാപ്പലിലെ സമൂഹപ്രാര്‍ത്ഥനയുടെ സമയത്ത് അതെനിക്ക് വലിയ ഉപദ്രവം ചെയ്തു. ഒരു ദിവസം പ്രാര്‍ത്ഥനയ്ക്കുശേഷം മദര്‍ സുപ്പീരിയര്‍ (റാഫേല്‍) എന്നെ അരികില്‍ വിളിച്ചു പറഞ്ഞു: ‘സിസ്റ്റര്‍, കൃപയ്ക്കും സമാധാനത്തിനുമായി ദൈവത്തോടു പ്രാര്‍ത്ഥിക്കുക. എന്തെന്നാല്‍ നിന്നെ കാണുമ്പോള്‍ എനിക്ക് സഹതാപം തോന്നുന്നു. (28) മറ്റു സിസ്‌റ്റേഴ്‌സും ഇതുതന്നെ എന്നോടു പറഞ്ഞു. സിസ്റ്റര്‍ നിന്നെ എന്തുചെയ്യണമെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഒരു കാരണവുമില്ലാതെ ഇങ്ങനെ സ്വയം പീഡിപ്പിക്കരുത്.’
പക്ഷേ, മദര്‍ സുപ്പീരയറുമായുള്ള ഈ കൂടിക്കാഴ്ചകളൊന്നും എനിക്കു സമാധാനം തന്നില്ല. എന്റെ വിഷമങ്ങള്‍ക്ക് വ്യക്തമായ ഒരു മറുപടിയും ലഭിച്ചില്ല. കൂടുതല്‍ അന്ധകാരം ദൈവത്തെ എന്നില്‍ നിന്നു മറച്ചു. കുമ്പസാരക്കൂട്ടില്‍ കൂടുതല്‍ സഹായത്തിനായി ഞാന്‍ അര്‍ത്ഥിച്ചു. അവിടെയും എനിക്കു സമാധാനം ലഭിച്ചില്ല. ഒരു വിശുദ്ധനായ വൈദികന്‍ എന്നെ സഹായിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ എന്റെ പ്രയാസങ്ങള്‍ പറഞ്ഞു ധരിപ്പിക്കാന്‍പോലും പറ്റാത്ത ദുരിതത്തിലായിരുന്നു ഞാന്‍. അതെന്നെ കൂടുതല്‍ വേദനിപ്പിച്ചു. മറച്ചുവയ്ക്കാന്‍ സാധിക്കാത്തവിധം മരണതുല്യമായ ദുഃഖം എന്റെ ആത്മാവിനെ കീഴടക്കി. എന്റെ ചുറ്റുമുള്ളവര്‍ക്കും അതു സുവ്യക്തമായിരുന്നു. എന്റെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. രാത്രികള്‍ കൂടുതല്‍ അന്ധകാരപൂര്‍ണ്ണമായി.
ഞാന്‍ കുമ്പസാരിക്കാന്‍ സമീപിച്ച വൈദികന്‍ എന്നോടു പറഞ്ഞു: ‘സിസ്റ്റര്‍, നിന്നില്‍ വളരെ പ്രത്യേകതയുള്ള കൃപകള്‍ ഞാന്‍ കാണുന്നു. നിന്നെക്കുറിച്ച് എനിക്ക് യാതൊരു മനഃക്ലേശവും തോന്നുന്നില്ല. നീ എന്തിനാണ് നിന്നെത്തന്നെ ഇങ്ങെ പീഡിപ്പിക്കുന്നത്?’ അദ്ദേഹം പറയുന്നത് എന്താണെന്ന് ആ സമയം എനിക്ക് ഒട്ടുംതന്നെ മനസ്സിലായില്ല. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രായശ്ചിത്തമായി Te Deum അല്ലെങ്കില്‍ സ്‌തോത്രഗീതം പാടുക അല്ലെങ്കില്‍ വൈകുന്നേരം പൂന്തോട്ടത്തിനു ചുറ്റും വേഗത്തില്‍ ഓടുക. അതുമല്ലെങ്കില്‍ ഒരു ദിവസം പത്തുപ്രാവശ്യം ഉറക്കെ ചിരിക്കുക. ഇവയൊക്കെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ പ്രായശ്ചിത്തങ്ങള്‍ കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു. ആ വൈദികനും എന്നെ കാര്യമായി സഹായിക്കാന്‍ കഴിഞ്ഞില്ല. എന്റെ സഹനത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തണം എന്നതാണ് ദൈവഹിതമെന്ന് എനിക്കു തോന്നി.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)