പെരുമഴ അയച്ച് യേശു ഫൗസ്റ്റീനയുടെ യാത്ര തടസ്സപ്പെടുത്തുന്നു

1929 കാല്‍വരിയിലേക്കുള്ള യാത്ര
64
മൂന്നാം വര്‍ഷ വ്രതമെടുക്കാന്‍ പോയ സിസ്റ്ററിനു (അടുക്കള ജോലിചെയ്തിരുന്ന സി. പീറ്റര്‍) പകരമായി രണ്ടുമാസത്തേക്ക് എന്നെ വില്‍നൂസിലേക്ക് അയച്ചു. രണ്ടു മാസത്തിലേറെ ഞാന്‍ വില്‍നൂസില്‍ താമസിച്ചു. ഒരു ദിവസം, എന്നെ സന്തോഷിപ്പിക്കാനായി മദര്‍ സുപ്പീരിയര്‍ (ഐറിന്‍) മറ്റൊരു സിസ്റ്ററിന്റെ കൂടെ ‘കാല്‍വരി’യില്‍ പോകാന്‍, ‘കുരിശിന്റെ വഴി’യില്‍ നടക്കാന്‍ അനുവാദം തന്നു. എനിക്കു വളരെ സന്തോഷമായി.
ആ സ്ഥലത്തേക്ക് അധികം ദൂരമില്ലായിരുന്നെങ്കിലും, ഞങ്ങള്‍ ബോട്ടില്‍ പോകണമെന്നാണ് മദര്‍ സുപ്പീരിയര്‍ ആഗ്രഹിച്ചത്. അന്നു വൈകുന്നേരം ഈശോ എന്നോടു പറഞ്ഞു: നീ ഭവനത്തില്‍ നില്‍ക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ പറഞ്ഞു: ‘ഈശോയെ നാളെ രാവിലെ പോകാന്‍ എല്ലാം ക്രമീകരിക്കുകയാണല്ലോ. ഞാനെന്തു ചെയ്യണം.’ കര്‍ത്താവ് മറുപടി പറഞ്ഞു: ഈ യാത്ര നിന്റെ ആത്മാവിനു ദോഷം ചെയ്യും. ഞാന്‍ ഈശോയോടു പറഞ്ഞു: ‘അങ്ങ് ഒരു വഴി കണ്ടെത്തുക. അവിടുത്തെ ഇഷ്ടം നടപ്പിലാക്കാന്‍ അങ്ങു വേണ്ടതു ചെയ്യുക.’
ആ സമയം ഉറക്കത്തിനായുള്ള മണി അടിച്ചു. ഞാന്‍ ഈശോയോടു വിട പറഞ്ഞ്, എന്റെ മുറിയില്‍ പോയി.
പിറ്റെദിവസം നല്ല കാലാവസ്ഥയായിരുന്നു. യാത്രപോകുന്ന കാര്യത്തില്‍ എന്റെ കൂട്ടുകാരിക്കു വളരെ സന്തോഷമായിരുന്നു. യാത്രയ്ക്ക് ഒരു തടസ്സവും അതുവരെ അനുഭവപ്പെട്ടില്ലെങ്കിലും, ഞങ്ങള്‍ പോകുകയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഞങ്ങള്‍ നേരത്തെ ദിവ്യകാരുണ്യം സ്വീകരിക്കണമെന്നും, നന്ദിപ്രകരണം കഴിഞ്ഞ് ഉടനെ പോകണമെന്നും നിശ്ചയിച്ചിരുന്നു. കുര്‍ബ്ബാന സ്വീകരണത്തിന്റെ സമയത്ത് കാലാവസ്ഥ പെട്ടെന്നു മാറി. ആകാശം മേഘാവൃതമായി, മഴ അതിശക്തമായി പെയ്തു തുടങ്ങി. കാലാവസ്ഥയിലെ പെട്ടെന്നുള്ള ഈ വ്യതിയാനം കണ്ട് എല്ലാവരും വിസ്മയിച്ചു.
(26) മദര്‍ സുപ്പീരിയര്‍ എന്നോടു പറഞ്ഞു: ‘സിസ്റ്റേഴ്‌സ്, നിങ്ങള്‍ക്കു പോകാന്‍ പറ്റാത്തതില്‍ എനിക്കു വിഷമമുണ്ട്!’ ഞാന്‍ പറഞ്ഞു: ‘അമ്മേ ഞങ്ങള്‍ക്കു പോകാന്‍ പറ്റാതിരുന്നത് സാരമില്ല; ഞങ്ങള്‍ ഭവനത്തില്‍ ആയിരിക്കണമെന്നതു ദൈവതിരുമനസ്സാണ്.’ ഏതായാലും ഞാന്‍ ഭവനത്തില്‍ ആയിരിക്കുക എന്ന ഈശോയുടെ അടിയന്തിരമായ ആഗ്രഹം ആരും അറിഞ്ഞില്ല. ഞാന്‍ ആത്മശോധനത്തിലും ധ്യാനത്തിലും ദിവസം മുഴുവന്‍ ചിലവഴിച്ചു. എന്നെ ഭവനത്തില്‍ നിര്‍ത്തിയതിന് ഈശോയ്ക്കു ഞാന്‍ ഒത്തിരി നന്ദി പറഞ്ഞു. ആ ദിവസം ദൈവം വളരെ സ്വര്‍ഗ്ഗീയ സമാശ്വാസങ്ങള്‍ എന്നില്‍ വര്‍ഷിച്ചു.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)