വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 3

 

അതിരുകളില്ലാതെ, പൂര്‍ണ്ണമായും കര്‍ത്താവില്‍ ആശ്രയം അര്‍പ്പിച്ച, ഈ എളിയ, നിരക്ഷരയും ധൈര്യശാലിയുമായ സന്യാസിിനിക്കാണു ലോകം മുഴുവനും വേണ്ടിയുള്ള ദൈവകരുണയുടെ സന്ദേശം ഉദ്‌ഘോഷിക്കാനുള്ള വലിയ ദൗത്യം ഭരമേല്‍പ്പിക്കപ്പെട്ടത്. ഈശോ അവളോട് അരുള്‍ചെയ്തു, ‘ലോകം മുഴുവനുമുള്ള ജനങ്ങളിലേക്ക് എന്റെ കരുണയുമായി ഞാന്‍ നിന്നെ അയയ്ക്കുന്നു. വേദനിക്കുന്ന മനുഷ്യകുലത്തെ ശിക്ഷിക്കാന്‍ ഞാനാഗ്രിഹിക്കുന്നില്ല. എന്റെ കരുണാര്‍ദ്ര ഹൃദയത്തില്‍ ചേര്‍ത്തണയ്ക്കാന്‍ ഞാന്‍ അത്യധഇകം ആഗ്രഹിക്കുന്നു.’ (ഡയറി. 1588). ‘നീ എന്റെ കരുണയുടെ സെക്രട്ടറിയാണ്. ഈ ലോകജീവിതത്തിലും നിത്യജീവിതത്തിലും ഈ സ്ഥാനത്തേക്കു നിന്നെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.’ (ഡയറി 1605). ‘…ആത്മാക്കളോടുള്ള എന്റെ അതിയായ കരുണയെ വെളിപ്പെടുത്തിക്കൊടുക്കാനും, എന്റെ അളവില്ലാത്ത കരുണയില്‍ ആശ്രയിക്കാന്‍ അവരെ നിര്‍ബന്ധിക്കുവാനും’ (ഡയറി 1587)

2. ക്രിസ്തീയ പരിപൂര്‍ണ്ണതയ്‌ക്കൊരു മാതൃക

സിസ്റ്റര്‍ ഫൗസ്റ്റീനയുടെ ആദ്ധ്യാത്മികതയുടെ ഉള്‍ക്കാമ്പ്, നാം ഓരോരുത്തരോടുമുള്ള ദൈവത്തിന്റെ കരുണാര്‍ദ്ര സ്‌നേഹത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ മഹത്തായ രഹസ്യമാണ്. താന്‍ അംഗമായിരുന്ന സന്യാസസഭയുടെ നിയമാവലിക്കനുസൃതമായി ലഭിച്ചിരുന്ന സമയങ്ങളില്‍ സൃഷ്ടികര്‍മ്മത്തിലൂടെ ദൈവം എന്താണു മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി പ്രവര്‍ത്തിച്ചതെന്നും, നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവപുത്രന്‍ എത്രമാത്രം അതിദാരുണമായി പീഡകള്‍ സഹിച്ചുവെന്നും, തിരുസഭയില്‍ നമുക്കായി അവിടുന്ന് എത്രയോ വലിയൊരു നിധീയാണു നിക്ഷേപിച്ചിട്ടുള്ളതെന്നും, മഹിമയില്‍ എന്താണു നമുക്കായി സജ്ജീകരിച്ചിട്ടുള്ളതെന്നുമുള്ള ദൈവികരഹസ്യങ്ങളെക്കുറിച്ച് സിസ്റ്റര്‍ ഫൗസ്റ്റീനാ പലപ്പോഴും ധ്യാനിച്ചിരുന്നു. ദൈവത്തിന്റെ അനന്തന്മ വെളിപ്പെടുത്തപ്പെട്ട, രക്ഷാകരചരിത്രത്തിലെ പല സംഭവങ്ങളെയും കുറിച്ചുള്ള ധ്യാനചിന്തകള്‍ സിസ്റ്റര്‍ ഫൗസ്റ്റീനാ തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രഞ്ചസൃഷ്ടി (ഡയറി 1749), പരിശുദ്ധ ദൂതന്മാരുടെ ഉത്ഭവം (ഡയറി 1742), മനുഷ്യന്റെ ഉത്ഭവം (ഡയറി 1743 – 44), ദൈവപുത്രന്റെ മനുഷ്യാവതാരവും തിരുപ്പിറവിയുമാകുന്ന രഹസ്യങ്ങള്‍ (ഡയറി 1745 – 46), രക്ഷാകര സംഭവം (ഡയറി 1747 – 48), …. അവള്‍ ദൈവകരുണ എന്ന മഹാരഹസ്യത്തെ ധ്യാനിച്ചിരുന്നത്, തിരുലിഖിതങ്ങള്‍ ആധാരമാക്കി മാത്രമല്ല; സ്വന്തം ജീവിതമാകുന്ന പുസ്തകം കൂടി വായിച്ചുകൊണ്ടാണ്, ഈ ദിവ്യകരുണയുടെ പ്രവര്‍ത്തനം മനുഷ്യജീവിതത്തില്‍നിന്നു മാറ്റിനിര്‍ത്താനാവുകയില്ല എന്നു കണ്ടെത്തിക്കൊണ്ടാണ് അവള്‍ ദൈവകരുണയെന്ന ദിവ്യരഹസ്യത്തെക്കുറിച്ചുള്ള തന്റെ ധ്യാനം ഉപസംഹരിച്ചിരിക്കുന്നത്. അതായത് ദൈവകരുണ, നമ്മുടെ അസ്തിത്വത്തിന്റെ ഓരോ നിമിഷത്തിലും ഇഴചേര്‍ത്തിരിക്കുന്ന സ്വര്‍ണ്ണനൂലാണ്.

അവളുടെ ആത്മാവില്‍ വസിക്കുന്ന ദൈവവുമായുള്ള കണ്ടുമുട്ടലാണ്, വിശ്വാസം എന്ന ദൈവരഹസ്യത്തിന്റെ ആഴങ്ങൡലേക്കുള്ള അവളുടെ ആത്മീയ യാത്ര അവസാനിക്കുന്നത്. അവള്‍ എഴുതി: ‘എന്റെ ആത്മാവിന്റെ അകക്കാമ്പ്, എന്റെ ദൈവവും ഞാനും മാത്രം വസിക്കുന്ന അതിരമണീയവും വിശാലവുമായ ഒരു ലോകമാണ്. അവിടെ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല.’ (ഡയറി 582). ദീവ്യകാരുണ്യ ഈശോയ്ക്കുമാത്രം വസിക്കാനുള്ള ഒരു ദിവ്യസക്രാരിയായി അവളുടെ ആത്മാവിനെ അവള്‍ മാറ്റിവച്ചു. ഡയറിയില്‍ അവള്‍ രേഖപ്പെടുത്തി: ‘ദൈവം വസിക്കുന്ന എന്റെ അന്തരാത്മാവിലല്ലാതെ, മറ്റൊന്നിലും ഞാന്‍ സന്തോഷം അന്വേഷിക്കുന്നില്ല. ദൈവം എന്നില്‍ വസിക്കുന്നു. ഇതെന്നെ ആന്ദനിര്‍വൃതിയിലാക്കുന്നു: നിത്യവും ഇവിടെ അവനോടൊപ്പം ഞാന്‍ വസിക്കും; ഇവിടെയാണ് അവനുമായുള്ള അതിഗാഢമായ ഐക്യം എനിക്കു സംജാതമാകുന്നത്; ഇവിടെ ഞാനവനോടൊപ്പം സുരക്ഷിതയാണ്. കാരണം, ഒരു മനുഷ്യനേത്രത്തിനും ഇവിടെ എത്തിനോക്കുവാന്‍ സാധിക്കുകയില്ല. പരിശുദ്ധ കന്യകാമറിയവും, ദൈവത്തോട് ഈ വിധത്തില്‍ ബന്ധപ്പെടുവാനാണ് എന്നെ പ്രോത്സാഹിപ്പിക്കുന്നത്.’ (ഡയറി 454). ചെറിയ പ്രാര്‍ത്ഥനയിലൂടെ ഈശോയുമായി ബന്ധപ്പെട്ടോ, താന്‍ ആയിരിക്കുന്ന അവസ്ഥയെ അവിടുത്തേക്ക് അര്‍പ്പിച്ചുകൊണ്ടോ (വേദനകള്‍, ജോലികള്‍, സന്തോഷങ്ങള്‍..) സിസ്റ്റര്‍ ഫൗസ്റ്റീനാ തന്റെ ഈ ദൈവാനുഭവത്തെ നിരന്തരം ശക്തിപ്പെടുത്തിയിരുന്നു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles