ഫൗസ്റ്റിനയുടെ പ്രാര്‍ത്ഥന കേട്ട് ഈശോ പോളണ്ടിനു മേലുള്ള ശിക്ഷ പിന്‍വലിക്കുന്നു

38
ആത്മാവിനെ വിശുദ്ധീകരിക്കുവാന്‍, ഈശോ തനിക്കിഷ്ടമുള്ള ഉപാധികള്‍ ഉപയോഗിക്കുന്നു. സൃഷ്ടികളെ സംബന്ധിച്ച് തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലൂടെ എന്റെ ആത്മാവ് കടന്നുപോയി; എന്റെ ഏറ്റവും ആത്മാര്‍ത്ഥമായ നിയോഗങ്ങള്‍പോലും സിസ്‌റ്റേഴ്‌സ് തെറ്റിദ്ധരിച്ചു. ഏറ്റവും വേദനാജനകമായ സഹനം! എന്നാല്‍, ദൈവം ഇതനുവദിക്കുന്നു. ഇതുവഴി നാം കൂടുതല്‍ ഈശോയെപ്പോലെ ആകുന്നതുകൊണ്ട് നാം ഇതു സ്വീകരിക്കണം. വളരെ നാളത്തേക്ക് എനിക്കു മനസ്സിലാക്കാന്‍ സാധിക്കാതിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും എന്റെ സുപ്പീരിയേഴ്‌സിനോടു പറയാന്‍ ഈശോ എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ സുപ്പീരിയേഴ്‌സ് ഞാന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല; എന്നുമാത്രമല്ല ഇതെല്ലാം എന്റെ മിഥ്യാധാരണയും ഭാവനകളുമാണെന്നു ധരിച്ച് എന്നോടു സഹതാപത്തോടെ പെരുമാറി.
ഇതുമൂലം, എല്ലാം മിഥ്യാധാരണയാണെന്നു വിശ്വസിച്ചുകൊണ്ട്, ഈ ദര്‍ശനങ്ങളെ ഭയന്നു ഞാന്‍ ദൈവത്തെ ആന്തരികമായി ഒഴിവാക്കാന്‍ തീരുമാനമെടുത്തു. (15) എന്നാല്‍ ദൈവകൃപ എല്ലായ്‌പ്പോഴും എന്നെ പിന്തുടര്‍ന്നിരുന്നു, ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്ത് ദൈവം എന്നോടു സംസാരിച്ചു.
39
ഒരു ദിവസം ഈശോ എന്നോടു പറഞ്ഞു; ഞങ്ങളുടെ രാജ്യത്തിലെ ഏറ്റവും മനോഹരമായ നഗരത്തിന് (വാര്‍സോ ആകാം) ശിക്ഷ ലഭിക്കാന്‍ പോകുന്നു. സോദം, ഗമോറയെ ശിക്ഷിച്ചതുപോലുള്ള ശിക്ഷ. ഞാന്‍ ദൈവത്തിന്റെ വലിയ ക്രോധ കണ്ടു, എന്റെ ഹൃദയം ഭയന്നുവിറച്ചു. നിശ്ശബ്ദതയില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. ഒരു നിമിഷത്തിനു ശേഷം, ഈശോ എന്നോടു പറഞ്ഞു: എന്റെ കുഞ്ഞേ, ബലിയര്‍പ്പിക്കുമ്പോള്‍ നിന്നെ എന്നോടു ഗാഢമായി ഐക്യപ്പെടുത്തുക, ആ നഗരത്തിന്റെ പാപപരിഹാരത്തിനായി എന്റെ രക്തവും എന്റെ മുറിവുകളും എന്റെ പിതാവിനു സമര്‍പ്പിക്കുക. ദിവ്യബലിയുടെ മുഴുവന്‍ സമയവും ഇത് ഇടവിടാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക.
ഏഴാം ദിവസം പ്രകാശപൂര്‍ണ്ണമായ മേഘങ്ങളില്‍ ഈശോയെ ഞാന്‍ കണ്ടു, ഞങ്ങളുടെ രാജ്യം മുഴുവനെയും ഞങ്ങളുടെ പട്ടണത്തെയും കടാക്ഷിക്കണമെന്ന് ഞാന്‍ ഈശോയോടു യാചിച്ചു. ഈശോ കരുണാപൂര്‍വ്വം കടാക്ഷിച്ചു. ഈശോയുടെ അനുകമ്പ കണ്ടപ്പോള്‍, അവിടുത്തെ അനുഗ്രഹത്തിനായി ഞാന്‍ യാചിച്ചു. ഉടനെതന്നെ ഈശോ പറഞ്ഞു: നിനക്കുവേണ്ടി ഞാന്‍ ഈ രാജ്യത്തെ അനുഗ്രഹിക്കുന്നു. അവിടുന്നു നമ്മുടെ രാജ്യത്തിന്റെ മേല്‍ വലിയ ഒരു കുരിശടയാളം വരച്ചു. ദൈവത്തിന്റെ സ്‌നേഹം കണ്ട് എന്റെ ആത്മാവ് ആനന്ദപൂരിതമായി.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)