യേശു ഫൗസ്റ്റീനയോട് പറഞ്ഞു: എന്റെ അമ്മയോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുക

31
ഒരിക്കല്‍ ഞങ്ങളുടെ ചാപ്പലില്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. ചാപ്പലിന്റെ മുമ്പിലും വഴിയിലും അവര്‍ നിന്നിരുന്നു. അകത്തു കയറാന്‍ അവര്‍ക്കു സ്ഥലമില്ലായിരുന്നു. ഒരു തിരുനാളിനുവേണ്ടിയെന്നപോലെ ചാപ്പല്‍ അലങ്കരിച്ചിരുന്നു. അള്‍ത്താരയുടെ സമീപം ധാരാളം വൈദികര്‍ നിന്നിരുന്നു. ഞങ്ങളുടെയും മറ്റു സഭാസമൂഹങ്ങളിലെയും സിസ്റ്റേഴ്‌സ് അതിനടുത്തായി നില്‍പ്പുണ്ടായിരുന്നു. അവരെല്ലാവരും അള്‍ത്താരയില്‍ ഇരിക്കാനുള്ള വ്യക്തിയെ കാത്തുനില്‍ക്കുകയായിരുന്നു.

പെട്ടെന്ന് അള്‍ത്താരയില്‍ ഇരിക്കേണ്ട വ്യക്തി ഞാനാണെന്ന ഒരു ശബ്ദം കേട്ടു. ചാപ്പലിലേക്കു പ്രവേശിക്കാന്‍, ഇടനാഴിവിട്ട് എന്നെ ക്ഷണിക്കുന്ന ശബ്ദത്തെ ഞാന്‍ പിന്‍തുടര്‍ന്നപ്പോള്‍, അവിടെ കൂടിയിരുന്നവര്‍ അവരുടെ കൈയിലുണ്ടായിരുന്ന മാലിന്യം, കല്ല്, ചൂല് എന്റെ നേര്‍ക്ക് എറിയാന്‍ തുടങ്ങി. അതിനാല്‍ ഞാന്‍ മുമ്പോട്ടുപോകാന്‍ മടിച്ചു. പക്ഷെ ആ ശബ്ദം കൂടുതല്‍ നിഷ്‌കര്‍ഷയോടെ എന്നെ വിളിച്ചുകൊണ്ടിരുന്നു, അതിനാല്‍ ഞാന്‍ ധൈര്യപൂര്‍വ്വം നടന്നു.

ഞാന്‍ ചാപ്പലില്‍ പ്രവേശിച്ചപ്പോള്‍, സുപ്പീരിയേഴ്‌സും സിസ്റ്റേഴ്‌സും വിദ്യാര്‍ത്ഥികളും എന്റെ മാതാപിതാക്കള്‍പോലും അവര്‍ക്കു പറ്റുന്ന വിധത്തില്‍ എന്നെ ഉപദ്രവിക്കാന്‍ തുടങ്ങി. അതിനാല്‍ എനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടുകൂടി ഞാന്‍ വേഗം അള്‍ത്താരയില്‍ എന്റെ സ്ഥലത്തിരുന്നു. ഞാന്‍ അവിടെ ഇരുന്ന ഉടനെ, ഈ ജനം തന്നെ, വിദ്യാര്‍ത്ഥികള്‍, സിസ്റ്റേഴ്‌സ്, സുപ്പീരിയേഴ്‌സ്, എന്റെ മാതാപിതാക്കള്‍ തുടങ്ങി എല്ലാവരും കൃപകള്‍ക്കായി എന്റെ നേരെ കൈകളുയര്‍ത്താന്‍ തുടങ്ങി. ഇപ്രകാരം അവര്‍ എന്നോടു പ്രവര്‍ത്തിച്ചതിന് യാതൊരു വിരോധവും എനിക്കു തോന്നിയില്ല. മാത്രമല്ല, എനിക്കു നിശ്ചയിച്ചിരുന്ന സ്ഥലത്തേയ്ക്ക് വേഗം എന്നെ എത്തിച്ച ഇവരോട് എനിക്കു ഒരു പ്രത്യേക സ്‌നേഹം തോന്നുകയും ചെയ്തു.

ആ സമയത്തുതന്നെ എന്റെ ആത്മാവ് അവര്‍ണ്ണനീയമായ ആനന്ദത്താല്‍ നിറഞ്ഞു. ഞാന്‍ ഈ വാക്കുകള്‍ കേട്ടു: നിന്റെ ആഗ്രഹംപോലെ ചെയ്യുക. നീ ആഗ്രഹിക്കുന്നവര്‍ക്കും, നീ ആഗ്രഹിക്കുന്ന സമയത്തും നിന്റെ ഇഷ്ടംപോലെ കൃപകള്‍ വിതരണം ചെയ്യുക. പെട്ടെന്ന് ആ ദര്‍ശനം അപ്രത്യക്ഷമായി.

32
മറ്റൊരസവരത്തില്‍ ഞാന്‍ ഈ വാക്കുകള്‍ ശ്രവിച്ചു, നിന്റെ സുപ്പീരിയറിന്റെ അടുക്കല്‍ ചെന്ന്, ഒമ്പതു ദിവസത്തേക്ക് ദിവസവും ഒരു മണിക്കൂര്‍ ആരാധിക്കാനുള്ള അനുവാദം ചോദിക്കുക. ഈ ആരാധനാസമയത്ത് എന്റെ അമ്മയുമായി ചേര്‍ന്നു പ്രാര്‍ത്ഥിക്കുക. പൂര്‍ണ്ണഹൃദയത്തോടെ മേരിയുമായി ചേര്‍ന്നു പ്രാര്‍ത്ഥിക്കുക, ഈ സമയത്ത് കുരിശിന്റെ വഴികൂടി നടത്താന്‍ ശ്രമിക്കുക. എനിക്ക് അനുവാദം ലഭിച്ചു. എന്നാല്‍ ഒരുമണിക്കൂര്‍ സമയത്തേക്കല്ല, എന്റെ ചുമതലകള്‍ നിറവേറ്റിയതിനുശേഷം ലഭിക്കുന്ന സമയത്തേക്കുമാത്രം.

33
എന്റെ മാതൃരാജ്യത്തിനുവേണ്ടി നിയോഗം വച്ച് ഈ നൊവേന ഞാന്‍ ചൊല്ലണമായിരുന്നു. നൊവേനയുടെ ഏഴാം ദിവസം ആകാശത്തിനും ഭൂമിക്കും മദ്ധ്യേ ശോഭയുള്ള വസ്ത്രം ധരിച്ച ദൈവമാതാവിനെ ഞാന്‍ കണ്ടു. തന്റെ കൈകള്‍ നെഞ്ചോട് ചേര്‍ത്ത് സ്വര്‍ഗ്ഗത്തിലേക്കു നോക്കി മാതാവ് പ്രാര്‍ത്ഥിക്കുകയായിരുന്നു കത്തിജ്വലിക്കുന്ന കിരണങ്ങള്‍ അമ്മയുടെ ഹൃദയത്തില്‍നിന്നു നിര്‍ഗമിച്ചിരുന്നു. അവയില്‍ ചിലത് സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നും മറ്റുള്ളവ നമ്മുടെ ലോകത്തെ ആവരണം ചെയ്തുമിരുന്നു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles