മാതാവ് ഫൗസ്റ്റീനയ്ക്ക് പ്രത്യക്ഷപ്പെടുന്നു
25
രാത്രിസമയത്ത്, കൈകളില്‍ ഉണ്ണിയേശുവിനെയും വഹിച്ചുകൊണ്ട്, ദൈവമാതാവ് എന്നെ സന്ദര്‍ശിച്ചു. എന്റെ ആത്മാവ് സന്തോഷപൂരിതമായി, ഞാന്‍ പറഞ്ഞു: ‘മറിയമേ, എന്റെ അമ്മേ, ഞാന്‍ എത്രമാത്രം സഹിക്കുന്നുവെന്ന് അങ്ങ് അറിയുന്നുണ്ടോ? ദൈവമാതാവ് മറുപടിയായി പറഞ്ഞു: ‘നീ എത്രമാത്രം സഹിക്കുന്നു എന്ന് എനിക്കറിയാം. എന്നാല്‍ ഭയപ്പെടേണ്ട. ഞാന്‍ നിന്നോടൊത്തു സഹിക്കുന്നു. എപ്പോഴും അങ്ങനെ ആയിരിക്കുകയും ചെയ്യും.’ വാത്സല്യത്തോടെ എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് മാതാവ് അപ്ര്യത്യക്ഷയായി. ഉടനെതന്നെ, വലിയൊരു ശക്തി, ഒരു പുതിയ ധൈര്യം എന്റെ ആത്മാവില്‍ ഉത്ഭവിച്ചു; എന്നാല്‍ അത് ഒരു ദിവസത്തേക്കു മാത്രമേ നിലനിന്നുള്ളു.
നരകം എനിക്കെതിരായി ഗൂഢാലോചന നടത്തുന്നതായി തോന്നി. വിശുദ്ധവും ദൈവികവുമായ എല്ലാത്തിനോടും ഭയങ്കരമായ വെറുപ്പ് എന്നില്‍ ഉളവായി. എന്റെ ശിഷ്ടജീവിതം മുഴുവന്‍ ഈ വിധത്തിലുള്ള ആത്മീയപീഡനങ്ങളായിരിക്കുമെന്നു ഞാന്‍ കരുതി. ദിവ്യകാരുണ്യത്തിലെ ഈശോയോടു ഞാന്‍ പറഞ്ഞു: ‘ഈശോയെ, എന്റെ മണവാളാ, അങ്ങയോടുള്ള ദാഹത്തെപ്രതി എന്റെ ആത്മാവ് മരിക്കുന്നത് അങ്ങ് കാണുന്നില്ലേ? ഇത്ര ആത്മാര്‍ത്ഥമായി അങ്ങയെ സ്‌നേഹിക്കുന്ന ഹൃദയത്തില്‍നിന്ന് എങ്ങനെ അങ്ങേയ്ക്ക് മറഞ്ഞിരിക്കാന്‍ കഴിയും? ഈശോയെ, എന്നോടു ക്ഷമിക്കണമേ; അവിടുത്തെ തിരുവിഷ്ടം എന്നില്‍ നിറവേറട്ടെ. യാതൊരു പരാതിയും കൂടാതെ ഒരു പ്രാവിനെപ്പോലം നിശ്ശബ്ദമായി ഞാന്‍ സഹിച്ചുകൊള്ളാം. ദുഃഖപൂര്‍ണ്ണമായ ഒരു പരാതിയും എന്റെ ഹൃദയത്തില്‍ നിന്നുയരുവാന്‍ ഞാന്‍ അനുവദിക്കുകയില്ല.’
26
നൊവിഷ്യറ്റിന്റെ അന്ത്യമായി. എന്റെ സഹനത്തിന് ഒരു കുറവുമുണ്ടായില്ല. ശാരീരിക അനാരോഗ്യം മൂലം (സമൂഹത്തിന്റെ) എല്ലാ ഭക്താഭ്യാസങ്ങളില്‍നിന്നും എനിക്ക് ഒഴിവു ലഭിച്ചിരുന്നു; അതായത്, പകരം ചെറിയ സുകൃതജപങ്ങള്‍ ചൊല്ലേണ്ടിയിരുന്നു. ദുഃഖവെള്ള (ഏപ്രില്‍ 16, 1926) – ഈശോയുടെ സ്‌നേഹജ്വാലയില്‍ എന്റെ ഹൃദയം നിമഗ്നമാക്കപ്പെട്ടു. വൈകിട്ട് ആരാധനാ സമയത്താണ് ഇതു സംഭവിച്ചത്. പെട്ടെന്ന് ദൈവസാന്നിദ്ധ്യം എന്നെ ആവരണം ചെയ്തു. മറ്റെല്ലാം ഞാന്‍ മറന്നുപോയി. എനിക്കുവേണ്ടി ഈശോ എത്രമാത്രം സഹിച്ചുവെന്ന് അവിടുന്ന് എനിക്ക് മനസ്സിലാക്കിത്തന്നു. വളരെ കുറച്ചു സമയത്തേക്കുമാത്രമേ അതു നീണ്ടു നിന്നുള്ളു. ദൈവത്തെ സ്‌നേഹിക്കാനുള്ള ദാഹം – വളരെ ശക്തമായ ഒരു അഭിവാഞ്ഛ.
27
ആദ്യവ്രതവാഗ്ദാനം (ആദ്യത്തെ തല്‍ക്കാല വ്രതവാഗ്ദാനം, ഏപ്രില്‍ 19, 1928) എന്നോട് അടുപ്പമുണ്ടായിരുന്ന സിസ്റ്റേഴ്‌സിനുപോലും നിരൂപിക്കാന്‍ പറ്റാത്തവിധത്തിലുള്ള സ്‌നേഹചൈതന്യത്താല്‍ എന്നെത്തന്നെ സ്വയം വ്യയംചെയ്യാനുള്ള ഒരു ശക്തമായ ആഗ്രഹം എന്നിലുളവായി.
എങ്കിലും, വ്രതവാഗ്ദാനത്തിനുശേഷവും, ഏകദേശം അര വര്‍ഷത്തേക്ക് എന്റെ ആത്മാവ് അന്ധകാരാവൃതമായിരുന്നു. ഒരിക്കല്‍, ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈശോയുടെ സാന്നിധ്യം എന്നില്‍ നിറഞ്ഞു. അന്ധകാരം ഉരുകിപ്പോയി, എന്റെയുള്ളില്‍ ഈ വാക്കുകള്‍ ഞാന്‍ ശ്രവിച്ചു. നീ എന്റെ സന്തോഷമാണ്; എന്റെ ഹൃദയത്തിന്റെ ആനന്ദം. ആ നിമിഷം മുതല്‍ എന്റെ ഹൃദയത്തില്‍, അതെ എന്റെയുള്ളില്‍ ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിദ്ധ്യം ഞാന്‍ അനുഭവിച്ചു. ദൈവികപ്രകാശം എന്നില്‍ കവിഞ്ഞൊഴുകുന്നതായി എനിക്കു തോന്നി. അപ്പോള്‍ മുതല്‍ ഒരു കുഞ്ഞ് അതിന്റെ സ്‌നേഹപിതാവിനോടെന്നപോലെ എന്റെ ആത്മാവും ദൈവവുമായി ഒരു ഗാഢബന്ധം സ്ഥാപിച്ചു.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)