വി. ഫൗസ്റ്റിന നേരിട്ട മറ്റൊരു പരീക്ഷണം

24
ഒരു ദിവസം രാവിലെ എഴുന്നേറ്റ ഉടനെ, ദൈവസാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു. പെട്ടെന്നു നിരാശയില്‍ ഞാന്‍ നിമഗ്നയായി. എന്റെ ആത്മാവ് അന്ധകാരത്തിലാണ്ടു. ഉച്ചവരെ ഞാന്‍ എന്നാലാവുംവിധം പൊരുതി. വൈകുന്നേരമായപ്പോള്‍ തീര്‍ത്തും മാരകമായ ഭയം എന്നെ ഗ്രസിച്ചു. എന്റെ ശാരീരികബലം ക്ഷയിക്കാന്‍ തുടങ്ങി. വേഗം ഞാന്‍ മുറിയിലേക്കു പോയി, കുരിശുരൂപത്തിനു മുന്നില്‍ മുട്ടുകുത്തി കരുണയ്ക്കായി കരഞ്ഞു പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഈശോ എന്റെ നിലവിളി കേട്ടില്ല. എന്റെ ശരീരബലം തീര്‍ത്തും നഷ്ടപ്പെട്ടതായി തോന്നി. ഞാന്‍ നിലത്തു വീണു. എന്റെ ആത്മാവില്‍ നിരാശ നിറഞ്ഞു. നരകയാതന പോലുള്ള ഭയങ്കര പീഡനങ്ങള്‍ ഞാന്‍ സഹിച്ചു.

നരകത്തില്‍ കത്തിയെരിയുന്ന അഗ്നിയുമായി ഒരു വ്യത്യാസവും അതിനില്ലായിരുന്നു. മുക്കാല്‍ മണിക്കൂര്‍ സമയം ഞാന്‍ ഈ അവസ്ഥയിലായിരുന്നു. ഡിറക്ട്രസിനെ പോയി കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ തീര്‍ത്തും അവശയായിരുന്നു. എനിക്ക് കൂകി വിളിക്കണമെന്നു തോന്നു. പക്ഷേ സ്വരം പുറത്തേക്കു വന്നില്ല. ഭാഗ്യത്തിന് ഒരു സഹോദരി (മറ്റൊരു നോവിസ്, സി. പ്ലാസിഡ പുത്തെറ) എന്റെ മുറിയിലേക്കു വന്നു. എന്നെ ഈ അവസ്ഥയില്‍ കണ്ടതും ഡിറക്ട്രസിനെ പെട്ടെന്ന് വിവരം അറിയിച്ചു.

മദര്‍ ഉടനെതന്നെ വന്നു. മുറിയില്‍ കടന്ന ഉടനെ മദര്‍ പറഞ്ഞു: ‘വിശുദ്ധ അനുസരണത്തിന്റെ നാമത്തില്‍ നിലത്തുനിന്ന് എഴുന്നേല്‍ക്കുക’, ഉടനെതന്നെ എന്തോ ശക്തി എന്നെ നിലത്തുനിന്നുയര്‍ത്തി, സ്‌നേഹമുള്ള ഡിറക്ട്രസിന്റെ അരികില്‍ ഞാന്‍ എഴുന്നേറ്റു നിന്നു. (10) ദൈവത്തില്‍ നിന്ന് എനിക്കുള്ള ഒരു പരീക്ഷണമായിരുന്നു ഇതെന്ന് വളരെ സ്‌നേഹപൂര്‍വ്വം മനസ്സിലാക്കിത്തന്നുകൊണ്ട് അവര്‍ പറഞ്ഞു: ‘സഹോദരീ, നല്ല വിശ്വാസം ഉണ്ടായിരിക്കുക, നമുക്കു പരീക്ഷണങ്ങള്‍ അയയ്ക്കുമ്പോഴും ദൈവം എപ്പോഴും നമ്മുടെ പിതാവാണ്.’

ശവക്കുഴിയില്‍നിന്നു പുറത്തു വന്നതുപോലെ ഞാന്‍ എന്റെ ചുമതലകളിലേക്കു പ്രവേശിച്ചു. എന്റെ ആത്മാവിന്റെ അനുഭവങ്ങള്‍കൊണ്ട് എന്റെ ഇന്ദ്രിയങ്ങള്‍ പൂരിതമായി. വൈകിട്ടുള്ള ആരാധനാസമയം, എന്റെ ആത്മാവ് വീണ്ടും ഭയാനകമായ അന്ധകാരത്താല്‍ പര്യാകുലമാകാന്‍ തുടങ്ങി. നീതിമാനായ ദൈവത്തിന്റെ കരങ്ങളിലെ ക്രോധപാത്രമാണു ഞാനെന്നു തോന്നി.

ഈ ഭീതിജനകമായ നിമിഷങ്ങളില്‍ ഞാന്‍ ദൈവത്തോടും പറഞ്ഞു: ‘ഈശോയെ, ഏറ്റവും വാത്സല്യമുള്ള ഒരമ്മയോട് അങ്ങ് അങ്ങയെ വി. ഗ്രന്ഥത്തില്‍ സാമ്യപ്പെടുത്തിയല്ലോ? ഞാന്‍ അങ്ങയുടെ വചനങ്ങളില്‍ വിശ്വസിക്കുന്നു, എന്തെന്നാല്‍ അങ്ങ് സത്യവും ജീവനുമാണ്. എല്ലാത്തിനും ഉപരിയായി, പ്രത്യാശ നഷ്ടമാകുന്ന എന്റെ ആത്മീയസംഘര്‍ഷത്തിലും, ഈശോയെ ഞാന്‍ അങ്ങില്‍ ആശ്രയിക്കുന്നു. അങ്ങ് ആഗ്രഹിക്കുന്നതെന്തും എന്നോടു ചെയ്യുക; ഞാന്‍ അങ്ങയെ വിട്ടുപിരിയുകയില്ല; എന്തെന്നാല്‍, അങ്ങാണ് എന്റെ ജീവന്റെ ഉറവിടം.’ ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവര്‍ക്കു മാത്രമേ ആത്മാവിന്റെ ഈ വ്യഥകള്‍ എത്ര ഭയാനകമാണെന്നു മനസ്സിലാക്കാന്‍ സാധിക്കൂ.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles