വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 17

 

ദൈവവും ആത്മാക്കളും

18
എന്നാല്‍, മൂന്നാഴ്ചക്കുശേഷം, വളരെകുറച്ചു സമയം മാത്രമേ ഇവിടെ പ്രാര്‍ത്ഥനയാക്കായി ലഭിക്കുകയുള്ളു എന്ന വസ്തുത ഞാന്‍ മനസ്സിലാക്കി. ആയതിനാല്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങളുള്ള ഒരു സന്യാസമൂഹത്തില്‍ ചേരുവാന്‍ എന്റെ ആത്മാവ് പല ന്യായങ്ങള്‍ നിരത്തി എന്നോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്റെ ആത്മാവില്‍ ഈ ചിന്ത രൂഢമൂലമായി. എന്നാല്‍ അത് ദൈവതിരുമനസ്സായിരുന്നില്ല. എങ്കിലും, ഈ ചിന്ത അല്ലെങ്കില്‍ ഈ പ്രലോഭനം എന്നെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. അവസാനം ഒരു ദിവസം മദര്‍ സുപ്പീരിയറിനോട് എന്റെ വിടവാങ്ങലിനെപ്പറ്റിയും മഠം വിടുന്നതിനെപ്പറ്റിയും പറയുവാന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ മദര്‍ സുപ്പീരിയറിനെ (മദര്‍ മൈക്കിള്‍) കണ്ടുമുട്ടുവാന്‍ സാധിക്കാത്തവിധം ദൈവം കാര്യങ്ങള്‍ ക്രമീകരിച്ചു.

ഉറങ്ങാന്‍ പോകുന്നതിനു മുമ്പായി ചെറിയ ചാപ്പലിലേക്കു പ്രവേശിച്ച്, ഇക്കാര്യത്തില്‍ ഒരു വെളിപ്പെടുത്തല്‍ നല്‍കുവാന്‍ ഈശോയോടു ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നാല്‍ എനിക്കു മനസ്സിലാക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഒരു പ്രത്യേക അസ്വസ്ഥതയല്ലാതെ മറ്റൊന്നും എനിക്ക് അനുഭവപ്പെട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, പിറ്റെദിവസം രാവിലെ ദിവ്യബലി കഴിഞ്ഞാലുടന്‍ മദര്‍ സുപ്പീരിയറിനെ സമീപിച്ച് എന്റെ തീരുമാനം അറിയിക്കാന്‍ തന്നെ ഞാന്‍ നിശ്ചയിച്ചു.

19
ഞാന്‍ എന്റെ മുറിയില്‍ എത്തി. സഹോദരിമാര്‍ എല്ലാവരും ഉറങ്ങാന്‍ കിടന്നിരുന്നു. വിളക്കുകളെല്ലാം അണച്ചിരുന്നു. വലിയ അസ്വസ്ഥതയോടും അസംതൃപ്തിയോടുംകൂടി ഞാന്‍ എന്റെ മുറിയില്‍ പ്രവേശിച്ചു. എന്തുചെയ്യണമെന്ന് ഒരു രൂപവുമില്ല. നിലത്ത് സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് ദൈവതിരുമനസ്സ് വെളിപ്പെട്ടുകിട്ടുവാന്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

സക്രാരിയിലെന്നപോലെ എല്ലാ സ്ഥലത്തും നിശ്ശബ്ദതയായിരുന്നു. ഈശോയുടെ കാസയില്‍ അടച്ചുവച്ചിരിക്കുന്ന വെള്ള ഓസ്തികള്‍പോലെ എല്ലാ സഹോദരിമാരും വിശ്രമിക്കുകയാണ്. എന്റെ മുറിയില്‍ നിന്നുമാത്രം ദൈവത്തിന് ഒരാത്മാവിന്റെ രോദനം കേള്‍ക്കാം. ഒമ്പതുമണിക്കുശേഷം അനുവാദം കൂടാതെ ആരും മുറിയില്‍ പ്രാര്‍ത്ഥന പാടില്ല എന്ന നിയമം ഞാന്‍ അറിഞ്ഞിരുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ മുറി പ്രകാശത്താല്‍ നിറഞ്ഞു, ഈശോയുടെ ഏറ്റം ദുഃഖപൂരിതമായ മുഖം ജനാലവിരിയില്‍ ഞാന്‍ കണ്ടു. അവിടുത്തെ മുഖത്ത് തുറന്ന മുറിവുകളുണ്ടായിരുന്നു. വലിയ കണ്ണീര്‍ക്കണങ്ങള്‍ എന്റെ കിടക്കവിരിയില്‍ വീണുകൊണ്ടിരുന്നു. ഇതിന്റെയെല്ലാം അര്‍ത്ഥമെന്തെന്നു മനസ്സിലാകാതിരുന്നതുകൊണ്ട്, ഞാന്‍ ഈശോയോടു ചോദിച്ചു: ‘ഈശോയെ, ആരാണ് അങ്ങയെ ഇത്രമാത്രം വേദനിപ്പിച്ചത്?’ ഈശോ എന്നോടു പറഞ്ഞു: ‘ഈ മഠം ഉപേക്ഷിക്കുന്നതുമൂലം നീ ഏല്‍പ്പിക്കുന്ന വേദനയാണിത്. മറ്റൊരിടത്തേക്കുമല്ല, ഈ സ്ഥലത്തേക്കാണ് ഞാന്‍ നിന്നെ വിളിച്ചിരിക്കുന്നത്, ഞാന്‍ നിനക്കായി ധാരാളം കൃപകള്‍ ഒരുക്കിവച്ചിട്ടുണ്ട്. ഞാന്‍ഈശോയോടു ക്ഷമ ചോദിച്ചു, ഉടനെ തന്നെ എ്‌ന്റെ തീരുമാനവും മാറ്റി.

പിറ്റേന്ന് കുമ്പസാരദിവസമായിരുന്നു. എന്റെ ആത്മാവില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാന്‍ കുമ്പസാരക്കാരനെ അറിയിച്ചു. ഈ സഭാസമുഹത്തില്‍ത്തന്നെ നില്‍ക്കുവാനാണു ദൈവതിരുമനസ്സെന്നു, മറ്റൊരു സന്യാസസഭയെപ്പറ്റി ഞാന്‍ ചിന്തിക്കുകപോലും ചെയ്യേണ്ടതില്ലെന്നും ഇതില്‍നിന്നു വ്യക്തമാണെന്ന് കുമ്പസാരക്കാരന്‍ എന്നെ ബോദ്ധ്യപ്പെടുത്തി. ആ നിമിഷം മുതല്‍ ഞാന്‍ സന്തോഷവതിയും സംതൃപ്തയുമായി.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles