വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 14
ദൈവവും ആത്മാക്കളും
9
ഒരിക്കല്‍, എന്റെ സഹോദരിമാരില്‍ ഒരാളുമായി ഞാന്‍ നൃത്തത്തിനു പോയി. എല്ലാവരും വളരെ സന്തോഷിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ ആത്മാവ് ഹൃദയനൊമ്പരം അനുഭവിക്കുകയായിരുന്നു. നൃത്തം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ പെട്ടെന്ന് ഞാന്‍ എന്റെ അരികില്‍ ഈശോയെ കണ്ടു. വേദനയാല്‍ പീഡിപ്പിക്കപ്പെട്ടും, വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടും, മുറിവുകളാല്‍ ആവൃതനായും കാണപ്പെട്ട ഈശോ എന്നോട് ഇങ്ങനെ സംസാരിച്ചു: എത്ര നാള്‍ ഞാന്‍ നിനക്കായി കാത്തിരിക്കും? എത്രനാള്‍ നീ എന്നെ ഒഴിവാക്കും?
ആ നമിഷം ഞാന്‍ കേട്ടുകൊണ്ടിരുന്ന മധുരഗാനം നിലച്ചു. എന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം എന്റെ കണ്മുന്നില്‍നിന്ന് അപ്രത്യക്ഷരായി, ഞാനും ഈശോയും മാത്രമായി. എന്റെ ആത്മാവില്‍ നടന്നതെല്ലാം മറയ്ക്കാന്‍ ഞാന്‍ തലവേദന അഭിനയിച്ച് എന്റെ പ്രിയ സഹോദരിയുടെ അരികില്‍ ഇരുന്നു. കുറച്ചു സമയത്തിനു ശേഷം ആരാലും ശ്രദ്ധിക്കപ്പെടാതെ, എന്റെ സഹോദരിപോലും അറിയാതെ ഞാന്‍ പുറത്തുകടന്നു. സഹോദരിയെയും കൂട്ടുകാരെയും വിട്ടുപിരിഞ്ഞ് വി. സ്ലാനിസ്ലോസ് കോസ്ത്ക്കയുടെ ഭത്രാസനപ്പള്ളിയിലേക്കു നടന്നു.
പ്രഭാതരശ്മികള്‍ പതിച്ചു തുടങ്ങിയിരുന്നു. ഭദ്രാസനപ്പള്ളിയില്‍ വളരെക്കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളു. എന്റെ ചുറ്റും സംഭവിക്കുന്ന ഒന്നിനെക്കുറിച്ചും ശ്രദ്ധിക്കാതെ, ദിവ്യകാരുണ്യത്തിനു മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്ത്, ഇനി എന്തുചെയ്യണമെന്ന് മനസ്സിലാക്കിത്തരുവാന്‍ ദയ തോന്നണമേയെന്ന് ഞാന്‍ കര്‍ത്താവിനോട് യാചിച്ചു.
10
അപ്പോള്‍ ഞാന്‍ ഈ വാക്കുകള്‍ ശ്രവിച്ചു, വാര്‍സോയിലേക്ക് ഉടനെ പോകുക, അവിടെ ഒര മഠത്തില്‍ നീ പ്രവേശിക്കും. പ്രാര്‍ത്ഥന കഴിഞ്ഞ് ഞാന്‍ എഴുന്നേറ്റ വീട്ടില്‍ വന്ന് അത്യാവശ്യം ക്രമീകരിക്കേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്തു. എന്റെ ആത്മാവില്‍ സംഭവിച്ച കാര്യങ്ങളെല്ലാം എനിക്കു സാധിക്കുന്നവിധം എന്റെ സഹോദരിയെ പറഞ്ഞു ധരിപ്പിച്ചു. എന്റെ മാതാപിതാക്കളോടു യാത്ര ചോദിക്കാന്‍ അവളെ പറഞ്ഞേല്‍പ്പിച്ചിട്ട് ഞാന്‍ ധരിച്ചിരുന്ന വേഷത്തില്‍ത്തന്നെ യാതൊരു വസ്തുക്കളും എടുക്കാതെ, വാര്‍സോയില്‍ എത്തി.
11
ട്രെയിനില്‍ നിന്ന് ഇറങ്ങിയപ്പോള്‍, എല്ലാവരും അവരവരുടെ വഴികളില്‍ പോകുന്നതു കണ്ട് ഞാന്‍ ഭയചകിതയായി. എന്തു ചെയ്യണം, ആരെ ആശ്രയിക്കണം, എനിക്ക് ആരെയും പരിചയമില്ലല്ലോ? അതിനാല്‍ ഞാന്‍ ദൈവമാതാവിനോടു പറഞ്ഞു: ‘മറിയമെ, എന്നെ നയിക്കുക, വഴി കാട്ടുക’ ഉടനെ തന്നെ എന്റെ അന്തരാത്മാവില്‍ നഗരം വിട്ടുപോകണമെന്നും അടുത്തുള്ള ഒരു ഗ്രാമത്തില്‍ രാത്രി ചെലവഴിക്കാന്‍ സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തുമെന്നും നിര്‍ദ്ദേശിക്കുന്നത് ഞാന്‍ കേട്ടു. ഞാന്‍ അപ്രകാരം ചെയ്തു. ദൈവമാതാവ് എന്നോടു പറഞ്ഞതുപോലെതന്നെ എല്ലാം സംഭവിച്ചു.
(തുടരും)