വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 11
4) ദൈവകരുണയുടെ അപ്പസ്‌തോല പ്രസ്ഥാനങ്ങള്‍
ക്രൈസ്തവപരമായ ശരണത്തിന്റെയും കരുണയുടെയും അരൂപിയില്‍, തിരുസ്സഭയില്‍ സന്ന്യാസജീവിതത്തെ നവീകരിക്കുകയെന്നതും ദൈവകരുണയോടുള്ള ഭക്തിയുടെ ഭാഗമാണ്. ഈ ആശയം ഉള്‍ക്കൊണ്ടുവേണം ‘പുതിയ ഒരു സന്നാസസഭ’യെക്കുറിച്ച് വി. ഫൗസ്റ്റീനായുടെ ഡയറിക്കുറിപ്പുകളില്‍ നാം വായിക്കുന്നതു മനസ്സിലാക്കുവാന്‍. കര്‍ത്താവിന്റെ ഈ അഭീഷ്ടം സിസ്റ്റര്‍ ഫൗസ്റ്റീനായുടെ സ്വന്തം മനോചിന്തകളില്‍ വളര്‍ന്നുവരികയും, ഒരു നവ്യരൂപം പ്രാപിക്കുകയും ചെയ്തു – വളരെ കര്‍ശനമായ പ്രാര്‍ത്ഥനാ ജീവിതംമാത്രം നയിക്കുന്നതില്‍നിന്നു വ്യത്യസ്തമായി, പ്രവര്‍ത്തന നിരതമായ ജീവിതശൈലി ഉള്‍ക്കൊള്ളുന്ന അല്മായ സമൂഹങ്ങള്‍ (സ്ത്രീകളും പുരുഷന്മാരും ഉള്‍ക്കൊള്ളുന്നവ).
ലോകം മുഴുവനിലും നിറഞ്ഞുനില്‍ക്കുന്ന ഈ വലിയ സമൂഹം ഒരൊറ്റ കുടുംബമാണ്. അതിന്റെ ഐക്യത്തിന്റെ നിദാനം, ഒന്നാമതായി, ദൈവമാണ് – തന്റെ ദൈവ കരുണയെന്ന അത്ഭുതരഹസ്യത്തിലൂടെ; രണ്ടാമതായി, മനുഷ്യരുടെ അന്തര്‍ദാഹമാണ് – ഈ ദൈവകരുണയെ സ്വന്തം ഹൃദയത്തിലും പ്രവൃത്തികളിലും പ്രതിഫലിപ്പിക്കാനും, അതുപോലെതന്നെ, എല്ലാ ആത്മാക്കളിലും ദൈവത്തിന്റെ ഈ മഹത്വം പ്രകാശിതമായ കാണുവാനുള്ള ദാഹം. തങ്ങളുടെ ജീവിതാവസ്ഥയ്ക്കും വിൡക്കും (വൈദികര്‍, സന്ന്യസ്തര്‍, അല്മായര്‍) അനുസൃതമായി വ്യത്യസ്തതയുള്ള വ്യക്തികളുടെ സമൂഹമാണിത്. അവര്‍ സുവിശേഷോപദേശങ്ങള്‍ക്കനുസരിച്ച് പരിപൂര്‍ണ്ണ ദൈവാശ്രയത്വത്തിലും ദൈവകരുണയിലും ജീവിക്കുന്നു. അവരുടെ ജീവിതവും വാക്കുകളും വഴി അപ്രാപ്യമായ ദൈവകരുണയെ അവര്‍ പ്രഘോഷിക്കുന്നു. അവരുടെ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ മദ്ധ്യസ്ഥതയിലൂടെ, ലോകം മുഴുവനുംവേണ്ടി ദൈവകരുണ നേടിക്കൊടുക്കുന്നു. ഈ കൂട്ടായ്മ സന്ന്യാസ സഭകളാലും സമൂഹങ്ങളാലും ആശ്രമങ്ങളാലും സംഘടനകളാലും വ്യക്തികളാലും നിര്‍മ്മിതമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിശുദ്ധ ഫൗസ്റ്റീനായിലുടെ വെളിപ്പെടുത്തപ്പെട്ട ദൗത്യം സാക്ഷാത്കൃതമാകുവാന്‍ സഹകരിക്കുന്ന ഓരോ വ്യക്തിയും ഉള്‍പ്പെട്ടതാണ്.
എന്റെ മകളേ, എന്റെ കരുണയെപ്പറ്റി ഞാന്‍ നിന്നോടു പറയുന്ന ഓരോ വാചകവും എഴുതുന്നതില്‍ തീക്ഷ്ണതയുള്ളവളായിരിക്കുക. എന്തെന്നാല്‍, അവ ഓരോന്നും വളരെയധികം ആത്മാക്കള്‍ക്കു പ്രയോജനം ലഭിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് (ഡയറി 1142)
1)
ഓ, നിത്യമാം സ്‌നേഹമേ, നിന്‍ കല്പനയല്ലോ നിന്‍ തിരുഛായാചിത്രം,
അഗ്രാഹ്യമാം കരുണതന്‍ ഉറവിടം, ഞങ്ങള്‍ക്കു വെളിപ്പെടുത്തി
നീ അണയുന്നിതാ നിന്‍ കിരണങ്ങളെ, അനുഗ്രഹിക്കൂ നീ ഞങ്ങളെ
ഇരുളാര്‍ന്ന ആത്മാവിനെ, മഞ്ഞുപോല്‍ ധവളമാക്കി മാറ്റുന്നു നീ.
ഓ സ്‌നേഹനാഥാ, ഇവിടല്ലോ സ്ഥാപിച്ചു നീ നിന്‍ കരുണതന്‍ സിംഹാസനം
പാപിയാം മനുജന് ആനന്ദവും പ്രത്യാശയുമേകാന്‍
നിര്‍മ്മലമാം നീരുറവയില്‍ നിന്നെന്നപോല്‍, നിന്‍ പിളര്‍ക്കപ്പെട്ട ഹൃദയത്തില്‍നിന്ന്
സാന്ത്വനം ആത്മാവിലേക്കും അനുതാപമാര്‍ന്ന ഹൃദയത്തിലേക്കും ഒഴുകുന്നു.
സ്തുതിയും മഹത്വവും പ്രവഹിക്കട്ടെ ഈ ചിത്രത്തിലേക്ക്
മനുജന്‍തന്‍ ആത്മാവില്‍നിന്നു നിലയ്ക്കാതെ നിരന്തരം
ഇപ്പോഴും എപ്പോഴും എല്ലായ്‌പ്പോഴും എല്ലാ ഹൃദയങ്ങളില്‍നിന്നും
ദൈവകരുണതന്‍ സ്തുതിപ്പുകള്‍ എന്നേക്കും ഉയര്‍ന്നിടട്ടെ
(തുടരും)