വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 10
കരുണയുടെ മണിക്കൂര്‍
1937 ഒക്ടോബറില്‍, ക്രാക്കോവില്‍ വച്ച് ഈശോ താന്‍ മരണമടഞ്ഞ മണിക്കൂറിനെ ആദരിക്കണമെന്നു വിശുദ്ധ ഫൗസ്റ്റീനായോട് ആവശ്യപ്പെട്ടു. (ഇതിന്റെ സാഹചര്യങ്ങള്‍ സിസ്റ്റര്‍ ഫൗസ്റ്റീന വിശദമായി എഴുതിയിട്ടില്ല). ‘ക്ലോക്കില്‍ മൂന്ന് അടിക്കുമ്പോഴെല്ലാം എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് നീ അതില്‍ പൂര്‍ണ്ണമായി നിമഗ്നയായി ലോകം മുഴുവനും വേണ്ടി, പ്രത്യേകിച്ച് കഠിന പാപികള്‍ക്കായി കരുണയുടെ സര്‍വ്വശക്തി യാചിക്കുക. എന്തെന്നാല്‍, ആ നിമിഷമാണ് എല്ലാ ആത്മാക്കള്‍ക്കും വേണ്ടി കരുണയുടെ കവാടം മലര്‍ക്കെ തുറക്കപ്പെടുന്നത് (ഡയറി 1572)
ദൈവകരുണയോടുള്ള ഈ പ്രത്യേകഭക്തിയില്‍ അനുഷ്ഠിക്കേണ്ട, ഭക്ത്യാഭ്യാസങ്ങളും ഈശോമിശിഹാതന്നെ നിര്‍ദ്ദേശിച്ചു തന്നിട്ടുണ്ട്. ‘നിന്റെ ഉത്തരവാദിത്വങ്ങള്‍ അനുവദിക്കുമെങ്കില്‍ ഈ മണിക്കൂറില്‍ കുരിശിന്റെ വഴി നടത്തുവാന്‍ പരിശ്രമിക്കുക; അതിനു സാധിക്കുന്നില്ലെങ്കില്‍ അല്പസമയത്തേക്കെങ്കിലും കപ്പേളയില്‍ പ്രവേശിച്ച്, ദിവ്യകാരുണ്യത്തെ – എന്റെ കരുണാര്‍ദ്ര ഹൃദയത്തെ – ആരാധിക്കണം. അതിനും അവസരം ലഭിക്കാതെ വന്നാല്‍, നീ എവിടെയാണെങ്കിലും, എന്തുചെയ്യുകയാണെങ്കിലും ഒരു നിമിഷനേരത്തേക്കെങ്കിലും പ്രാര്‍ത്ഥനയില്‍ ആയരിക്കുവാന്‍ പരിശ്രമിക്കണം’ (ഡയറി 1572).
പ്രൊഫസര്‍ റോസ്‌ക്കി ഈ സമയത്തെ പ്രാര്‍ത്ഥന ഫലദായകമാകുവാന്‍ മൂന്നു വ്യവസ്ഥകള്‍ പറഞ്ഞിട്ടുണ്ട്.
1. ഈശോയെ അഭിസംബോധന ചെയ്യുന്നതായിരിക്കണം.
2. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് പ്രാര്‍ത്ഥിക്കേണ്ടത്.
3. ഈശോയുടെ പീഡാനുഭവത്തിന്റെ യോഗ്യതയുടെ വിലയായിട്ടായിരിക്കണം അപേക്ഷിക്കേണ്ടത്.
ഈശോ വാഗ്ദാനം ചെയ്യുന്നു: ‘ഈ മണിക്കുറില്‍, നിനക്കുവേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും നീ അപേക്ഷിക്കുന്നതെല്ലാം നിനക്കു ലഭിക്കും. സര്‍വ്വലോകത്തിനും ഇതു കൃപയുടെ മണിക്കൂറാണ് – കരുണ നീതിയുടെമേല്‍ വിജയം വരിച്ച മണിക്കൂര്‍’ (ഡയറി 1572)
ദൈവകാരുണ്യ ഭക്തി പ്രചരിപ്പിക്കുക
ദൈവകാരുണ്യ ഭക്തിയുടെ അടിസ്ഥാന ഘടകങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നതില്‍ റവ. റോസ്‌ക്കി ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. കാരണം, ദൈവകാരുണ്യഭക്തി പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, നമ്മുടെ കര്‍ത്താവീശോമിശിഹാ ചില പ്രത്യേക വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്: ‘വാത്സല്യ നിധിയായ ഒരമ്മ തന്റെ കുഞ്ഞിനെ പരിപാലിക്കുന്നതു പോലെ ദൈവകാരുണ്യ ഭക്തി പ്രചരിപ്പിക്കുന്ന ആത്മാക്കളെ അവരുടെ ജീവിതകാലം മുഴുവന്‍ ഞാന്‍ സംരക്ഷിക്കും. അവരുടെ മരണസമയത്ത്, അവര്‍ക്കു ഞാനൊരു ന്യായാധിപനായിരിക്കുകയില്ല; മറിച്ച് കരുണാര്‍ദ്രനായ രക്ഷകനായിട്ടായിരിക്കും’ (ഡയറി 1075).
ദൈവകാരുണ്യഭക്തിയുടെ ആന്തരികസത്ത അടങ്ങിയിരിക്കുന്നതു, ക്രൈസ്തവപരമായ ദൈവാശ്രയത്തിലും, അയല്‍ക്കാരോടുള്ള പ്രവര്‍ത്തന നിരതമായ സ്‌നേഹത്തിലുമാണ്. ഈശോമിശിഹാ പറയുന്നു: ‘എന്റെ സൃഷ്ടികളില്‍ നിന്നു പരിപൂര്‍ണ്ണമായ ശരണം ഞാന്‍ ആഗ്രഹിക്കുന്നു’ (ഡയറി 1059). പ്രാര്‍ത്ഥനയിലും സംസാരത്തിലും പ്രവര്‍ത്തനത്തിലും കരുണ അഭ്യസിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. കൂടാതെ; ‘നിങ്ങളുടെ അയല്‍ക്കാരോട്, എപ്പോഴും എവിടെയും കാരുണ്യത്തോടെ വര്‍ത്തിക്കണം. നീ ഇതില്‍നിന്നു പിന്മാറുകയോ സ്വയം നീതീകരിക്കുകയോ നിന്നെ വിമോചിതയാക്കുകയോ ചെയ്യരുത്’ (ഡയറി 742). തന്നെ ആരാധിക്കുന്നവര്‍, ദിവസവും ഒരു കാരുണ്യ പ്രവൃത്തിയെങ്കിലും, തന്റെ സഹോദരങ്ങള്‍ക്കു ചെയ്യണമെന്നാണ് ഈശോ ആവശ്യപ്പെടുന്നത്.
ദൈവകാരുണ്യ ഭക്തി പ്രചരിപ്പിക്കുവാന്‍ അനേകം പ്രസംഗങ്ങളല്ല ആവശ്യമായിട്ടുള്ളത്. ക്രൈസ്തവപരമായ വിശ്വാസവും ദൈവത്തിലുള്ള പരിപൂര്‍ണ്ണമായ ആശ്രയത്വവും കൂടുതല്‍ അനുകമ്പാര്‍ദ്രമായ ജീവിതവുമാണു വേണ്ടത്. സിസ്റ്റര്‍ ഫൗസ്റ്റീന, തന്റെ ജീവിതം വഴി, ഈ വിധത്തിലുള്ള ഒരു ശിഷ്യത്വത്തിന്റെ ജീവിതമാതൃക നമുക്കു നല്‍കുന്നു.
(തുടരും)