ദിവ്യകാരുണ്യസ്വീകരണത്തിലൂടെ ലഭിക്കുന്ന അത്ഭുതഫലങ്ങളെക്കുറിച്ച് സി. ഫൗസ്റ്റീനയ്ക്കു ഈശോ വെളിപ്പെടുത്തിയത് എന്താണെന്നറിയേണ്ടേ?

ഇന്ന് പരിശുദ്ധ ത്രിത്വത്തെ മഹത്വപ്പെടുത്തിക്കൊണ്ടു ഞാന്‍ ജീവിക്കുന്നു. ദൈവം തന്റെ കൃപയാല്‍ നമ്മെ സ്വന്തം മക്കളായി ദത്തെടുക്കാന്‍ തിരുമനസ്സായതിനു ഞാന്‍ അവിടുത്തോടു നന്ദി പറയുന്നു.

ഇന്ന്, ഈശോയുടെ സ്‌നേഹത്തിലേക്ക് എന്നെ മുഴുവനായും പൂര്‍ണ്ണമായും അനുരൂപപ്പെടുത്തുന്നതിനും, അവിടുത്തോടുകൂടി എന്നെയും സ്വര്‍ഗ്ഗസ്ഥനായ പിതാവിനു സമര്‍പ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

വിശുദ്ധ കുര്‍ബ്ബാനയുടെ സമയത്ത്, ഞാന്‍ കാസയില്‍ ഉണ്ണിയീശോയെ കണ്ടു. അവിടുന്ന് എന്നോടു പറഞ്ഞു, ഈ കാസയില്‍ എന്നെ നീ കാണുന്നതുപോലെ നിന്റെ ഹൃദയത്തില്‍ ഞാന്‍ വസിക്കുന്നു.

ദിവ്യകാരുണ്യ സ്വീകരണത്തിനുശേഷം, എന്റെ ഹൃദയത്തില്‍ ഈശോയുടെ ഹൃദയത്തുടിപ്പി ഞാന്‍ അനുഭവിച്ചു. അടുത്ത സ്വീകരണംവരെ ദിവ്യകാരുണ്യം എന്നില്‍ നിലനില്‍ക്കുന്നു എന്ന വസ്തുത വളരെ നാളായി ഞാന്‍ അറിഞ്ഞിരുന്നെങ്കിലും, ഇന്ന് – ദിവസം മുഴുവനും – എന്റെ ഹൃദയത്തില്‍ ഈശോയെ ആരാധിച്ചുകൊണ്ട്, കൊച്ചുകുട്ടികളെ ഭയപ്പെടുത്തുന്ന തിന്മയില്‍ നിന്ന് അവിടുത്തെ കൃപയാല്‍ അവരെ സംരക്ഷിക്കണമെന്നു ഞാന്‍ അപേക്ഷിച്ചു. സുവ്യക്തവും ശരീരത്തില്‍പ്പോലും അനുഭവവേദ്യവുമായ ദൈവസാന്നിദ്ധ്യം ദിവസം മുഴുവനും എന്നില്‍ നിലനില്‍ക്കുന്നു; എന്റെ ചുമതലകള്‍ ചെയ്യുന്നതില്‍ അത് എന്നെ അല്പംപോലും തടസ്സപ്പെടുത്തുന്നില്ല.

ഇന്ന്, എന്റെ ആത്മാവ് ഈശോയോടുള്ള തന്റെ സ്‌നേഹം, ഒരു പ്രത്യേകവിധത്തില്‍, പ്രകടമാക്കാന്‍ ആഗ്രഹിക്കുന്നു. കര്‍ത്താവ് എന്റെ ഹൃദയത്തില്‍ പ്രവേശിച്ചപ്പോള്‍, ഒരു റോസാപ്പൂമൊട്ടുപോലെ ഞാന്‍ അവിടുത്തെ കാല്‍ക്കല്‍ വീണു. അവിടുത്തെ സിംഹാസനത്തിന്റെ പാദപീഠത്തില്‍ എന്റെ സ്‌നേഹത്തിന്റെ പരിമളം നിരന്തരം ഉയരുവാന്‍ ഞാന്‍ ആശിക്കുന്നു. ഈശോയെ, എന്റെ ഹൃദയം തീക്കട്ടപോലെ ജ്വലിക്കുന്ന ഈ സമയത്തുമാത്രമല്ല, ദൈവകൃപകളോടുള്ള വിശ്വസ്തതയാല്‍ എന്റെ സ്‌നേഹത്തിനു ഞാനങ്ങേക്കു സാക്ഷ്യം നല്‍കുന്ന ദിവസങ്ങളിലും, എന്റെ ഹൃദയം ഈ റോസാപ്പൂമൊട്ടില്‍, ഞാന്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നത് അങ്ങു കാണണമേ.

ഇന്ന്, ഞാന്‍ അഭിമുഖീകരിക്കേണ്ട എല്ലാ പ്രയാസങ്ങളും സഹനങ്ങളും റോസാപ്പൂമൊട്ടുപോലെ വേഗം പിടിച്ചെടുത്ത് ഈശോയുടെ പാദാന്തികത്തില്‍ ഞാന്‍ സമര്‍പ്പിക്കും. കൈയില്‍നിന്നോ ഹൃദയത്തില്‍നിന്നുപോലുമോ രക്തം ഒഴുകിയാലും ഞാനതു കാര്യമാക്കുന്നില്ല…

ഇന്ന്, നന്മയും സ്‌നേഹവുംതന്നെയായ എന്റെ രക്ഷകന്റെ വരവിനായി ആത്മാവ് ഒരുങ്ങുകയാണ്. പ്രലോഭനങ്ങളും മനോവ്യഥകളും എന്നെ പീഡിപ്പിക്കുന്നതിനാല്‍ നാഥന്റെ വരവിനായി ഒരുങ്ങാന്‍ അതെന്നെ തടസ്സപ്പെടുത്തുന്നു. അതിനാല്‍, അങ്ങയെ സ്വീകരിക്കാന്‍ ഞാന്‍ കൂടുതല്‍ തീക്ഷ്ണതയോടെ ആഗ്രഹിക്കുന്നു. എന്തെന്നാല്‍ നാഥാ, അങ്ങു വരുമ്പോള്‍ അങ്ങെന്നെ ഈ പീഡകളില്‍നിന്നു രക്ഷിക്കും. ഞാന്‍ സഹിക്കണമെന്നതാണ് അവിടുത്തെ ഹിതമെങ്കില്‍, ഈ യത്‌നത്തിനായി എന്നെ ശക്തിപ്പെടുത്തണമേ.

ഈശോയെ, എന്റെ ഹൃദയത്തില്‍ വരാന്‍ തിരുമനസ്സായ രക്ഷകാ, അങ്ങയോടു സംസാരിക്കാന്‍ എന്നെ തടസ്സപ്പെടുത്തുന്ന ഈ പ്രതിബന്ധങ്ങളെ മാറ്റിക്കളയണേ.

ഈശോ എനിക്കു മറുപടി നല്കി, ബോംബാക്രമണത്തിനിടയിലും, മറ്റുള്ളവരെ നയിക്കാന്‍ കഴിവുള്ള അനുഭവജ്ഞാനമുള്ള യുദ്ധവീരനെപ്പോലെ നീയാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കുഞ്ഞേ, അതുപോലെ ഏറ്റവും വലിയ പ്രതിസന്ധിയിലും നിന്നെത്തന്നെ എങ്ങനെ നിയന്ത്രിക്കണമെന്നതു നീ അറിയണം. ഒന്നും, നിന്റെ വീഴ്ചകള്‍പോലും നിന്നെ എന്നില്‍നിന്ന് അകറ്റാതിരിക്കട്ടെ.

ഈശോയെ, ഇന്ന് അങ്ങ് അറിയുന്ന ഒരു പ്രത്യേക പ്രയാസം മൂലം ഞാന്‍ ദിവസം മുഴുവനും കഷ്ടപ്പെടുകയായിരുന്നു…

ഇന്ന്, എന്റെ ഹൃദയം ആനന്ദംകൊണ്ടു വിറകൊള്ളുന്നു. ഈശോ എന്റെ ഹൃദയത്തില്‍ വരുന്നതിനായി ഞാന്‍ അത്യധികമായി ആഗ്രഹിക്കുന്നു. എന്റെ ദാഹാര്‍ത്തമായ ഹൃദയം വര്‍ദ്ധമാനമായ സ്‌നേഹത്താല്‍ എരിയുകയാണ്.

ഈശോ വന്നപ്പോള്‍, ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാന്‍ എന്നെത്തന്നെ അവിടുത്തെ കരങ്ങളില്‍ സമര്‍പ്പിച്ചു. ഞാന്‍ എന്റെ സന്തോഷം അവിടുത്തോടു പറഞ്ഞു. എന്റെ സ്‌നേഹത്തിന്റെ അതിവര്‍ഷത്തെ ഈശോ ശ്രദ്ധയോടെ കേട്ടു. ദിവ്യകാരുണ്യസ്വീകരണത്തിനു സ്വയം ഒരുങ്ങാതെ, ഈ സന്തോഷം എത്രയുംവേഗം പങ്കുവയ്ക്കുന്നതിനെക്കുറിച്ചു നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നതിന് ഞാന്‍ ഈശോയോടു ക്ഷമ ചോദിച്ചപ്പോള്‍, അവിടുന്നു മറുപടി പറഞ്ഞു. നിന്റെ ഹൃദയത്തില്‍ എന്നെ സ്വീകരിക്കുവാന്‍ നീ ചെയ്ത ഈ ഒരുക്കം എന്നെ ഏറ്റവും പ്രീതിപ്പെടുത്തിയിരിക്കുന്നു. ഇന്ന്, നിന്റെ ഈ സന്തോഷത്തെ പ്രത്യേകമായ വിധത്തില്‍ ഞാന്‍ അനുഗ്രഹിക്കുന്നു. ഇന്നു മുഴുവന്‍ ഒന്നും ഈ സന്തോഷത്തെ അസ്വസ്ഥപ്പെടുത്തുകയില്ല.

ഇന്ന്, എന്നെ പരിശുദ്ധയും പൂര്‍ണ്ണതയുള്ളവളുമാക്കാന്‍ ശക്തിയുള്ള, സര്‍വ്വശക്തനായ കര്‍ത്താവിന്റെ വരവിനായി എന്റെ ആത്മാവ് ഒരുങ്ങുന്നു. അവിടുത്തെ സ്വീകരിക്കുന്നതിനായി ഞാന്‍ വളരെ ശ്രദ്ധയോടെ ഒരുങ്ങുകയാണ്; എന്നാല്‍ എപ്രകാരമാണ് ഇത് അവിടുത്തെ ്മുമ്പില്‍ അവതരിപ്പിക്കേണ്ടതെന്ന ഒരു പ്രശ്‌നം ഉദിച്ചു? ഞാന്‍ അതിനെ ഉടനെതന്നെ തള്ളിക്കളഞ്ഞു. എന്റെ ഹൃദയം പറഞ്ഞുതരുന്നതുപോലെ ഞാന്‍ അത് അവതരിപ്പിക്കും.

ദിവ്യകാരണ്യത്തില്‍ ഞാന്‍ ഈശോയെ സ്വീകരിച്ചപ്പോള്‍ എന്റെ ഹൃദയം സര്‍വ്വശക്തിയോടുംകൂടി നിലവിളിച്ചുകൊണ്ടു പറഞ്ഞു: ‘ഈശോയെ, എന്നെ മറ്റൊരു ബലിവസ്തുവായി രൂപാന്തരപ്പെടുത്തണമേ! അങ്ങേക്കുവേണ്ടി ഒരു സജീവ ബലിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങ് അത്യുന്നതനും സര്‍വ്വശക്തനുമാണല്ലോ, അങ്ങേക്ക് ഈ അനുഗ്രഹം എനിക്കു നല്‍കാന്‍ സാധിക്കും.’ നീ സ്വര്‍ഗ്ഗസ്ഥനായ പിതാവിനു പ്രീതികരമായ ഒരു സജീവ ബലിവസ്തുവാണ്. എന്നാല്‍ ധ്യാനിക്കുക: എന്താണ് ഒരു ബലിവസ്തു? ഒരു ബലി. അതിനാല്‍….? എന്ന് കര്‍ത്താവ് മറുപടി തന്നു.

ഓ എന്റെ ഈശോയെ, ‘ബലിവസ്തു’വിന്റെയും ബലിയുടെയും അര്‍ത്ഥം ഞാന്‍ മനസ്സിലാക്കുന്നു. അങ്ങയുടെ മഹത്വത്തിനു മുമ്പില്‍ ഒരു സജീവബലിവസ്തുവാകാന്‍, അതായത്, അവിടുത്തെ മഹത്വത്തിനായി നിത്യവും അര്‍പ്പിക്കപ്പെടുന്ന ഒരു സജീവ ബലിയാകാന്‍, ഞാനാഗ്രഹിക്കുന്നു.

എന്റെ ശക്തി ക്ഷയിക്കാന്‍ തുടങ്ങുമ്പോള്‍, ദിവ്യകാരുണ്യ സ്വീകരണമാണ് എനിക്കു ശക്തി പ്രദാനം ചെയ്ത് എന്നെ നിലനിര്‍ത്തുന്നത്. ശരിയാണ്, ദിവ്യകാരുണ്യം സ്വീകരിക്കാത്ത ദിനങ്ങളെ ഞാന്‍ ഭയപ്പെടുന്നു. ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ എന്റെ ആത്മാവ് അതിശയകരമായ ശക്തി സംഭരിക്കുന്നു.

ഓ ജീവിക്കുന്ന അപ്പമേ, എന്റെ ആത്മാവിന്റെ വെളിച്ചമേ!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles