നാം ചെയ്യുന്ന ലഘുപാപങ്ങളും മാരകപാപങ്ങളും

സാധാരണ ഒരു കത്തോലിക്കന്‍ ചെയ്തുപോകുന്ന നിരവധിയായ ലഘുപാപങ്ങളുടെ എണ്ണം കണക്കാക്കുക എളുപ്പമല്ല.

a) ആത്മപ്രശംസ (Self Love) യുടെയും സ്വാര്‍ത്ഥതയുടെയും വാക്കാലും പ്രവൃത്തിയാലുമുള്ള ജഡികതയുടെയും അനേകം രൂപത്തിലുള്ള തെറ്റുകള്‍, മടി, സുഖലോലുപത, അസൂയ, മന്ദത തുടങ്ങിയ നിരവധി പാപങ്ങളുടെ ലഘുപാപങ്ങളുടെ പട്ടിയില്‍പ്പെടും.

b) അതുപോലെതന്നെ, ഉപേക്ഷയുടെ പാപങ്ങളുടെ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ദൈവത്തിന് നമ്മുടെ സ്‌നേഹത്തിന്റെമേല്‍ ഒരായിരം കാരണങ്ങളാല്‍ അവകാശമുണ്ടെങ്കിലും. നാം അവിടത്തെ വളരെക്കറുച്ചു മാത്രമേ സ്‌നേഹിക്കുന്നുള്ളൂ. അവിടത്തോടുള്ള നമ്മുടെ പെരുമാറ്റം പ്രത്യേക താത്പര്യമില്ലാതെയും തീവ്രതയില്ലാതെയും നന്ദിഹീനമായ വിധത്തിലുമാണ്.

അവിടുന്ന നമുക്കോരോരുത്തര്‍ക്കുംവേണ്ടി മരിച്ചു. അതിനനുസൃതമായി നാം അവിടുത്തേക്ക് നന്ദി പറയുന്നുണ്ടോ ? അവിടുന്ന് രാപകലെന്നോണം സക്രാരിയില്‍ നമ്മെക്കാണാന്‍, നമ്മെ അനുഗ്രഹിക്കാന്‍ കാത്തിരിക്കുകയാണ്. എത്ര വിരളമായാണ് നാം അവിടുത്തെ പക്കല്‍ ചെല്ലുന്നത്? അവിടുന്ന് നമ്മുടെ ഹൃദയങ്ങളിലേക്ക് വിശുദ്ധ കുര്‍ബാനയിലൂടെ കടന്നുവരാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നാം അവിടുത്തേക്ക് പ്രവേശനം നിക്ഷേധിക്കുകയാണു ചെയ്യുന്നത്. ഓരോ പ്രഭാതത്തിലും അവിടുന്ന് തന്റെ മരണം നമ്മുടെ അള്‍ത്താരയിലേക്കു ചൊരിയാന്‍ ആഗ്രഹിക്കുന്നു. നാമോ? ഈ കാല്‍വരിയാഗത്തിലണയാന്‍ എത്ര വലിയ മടിയാണു കാട്ടുന്നത്! ദൈവാനുഗ്രഹത്തോടുള്ള എത്ര വലിയ അവഗണനയാണിത്!

c) നമ്മുടെ ഹൃദയം കാഠിന്യമേറിയതും നീചവുമാകുന്നു. അത് സ്വന്തം സുഖത്തില്‍ മാത്രം മുഴുകിയിരിക്കുന്നു. നല്ല വീടും സുഭിക്ഷമായ ആഹാരവും വിലയേറിയ വസ്ത്രങ്ങളും സുഖസൗകര്യത്തിനാവശ്യമായ പലതും നമുക്ക് ഏറെയുണ്ട്. എന്നാല്‍ നമുക്കുചുറ്റും പട്ടിണിയും ദാരിദ്ര്യവുമായി ഏറെപ്പേര്‍ കഴിയുന്നു. അവര്‍ക്ക് ഒന്നും കൊടുക്കാന്‍ നാം തയ്യാറല്ല. നമുക്കുവേണ്ടിയാവട്ടെ, ആവശ്യത്തിലും ഏറെ ചെലവിട്ട് ധൂര്‍ത്തടിക്കുന്നു.

d) ദൈവം നമ്മെ സൃഷ്ടിച്ചത് അവിടുത്തെ സേവിച്ചുകൊണ്ട് നമ്മുടെ ആത്മാക്കളെ രക്ഷിക്കാനാണ്. എന്നാല്‍ ഭൂരിഭാഗം ക്രിസ്ത്യാനികളും ദൈവത്തിനായി രാവിലെയും വൈകിട്ടും കഷ്ടിച്ച് അഞ്ചു മിനിറ്റുവീതം പ്രാര്‍ത്ഥനയ്ക്കായി കൊടുത്തിട്ട് ഇരുപത്തിനാലു മണിക്കൂറിലെ ബാക്കി സമയം മുഴുവന്‍ ജോലിക്കും വിശ്രമത്തിനും സ്വന്തം സുഖസന്തോഷത്തിനും ചെലവഴിക്കുന്നു. പത്തു മിനിറ്റാണ് ദൈവത്തിനും ദൈവം നല്കിയിരിക്കുന്ന അനശ്വരമായ ആത്മാവിനും അതിന്റെ രക്ഷയ്ക്കുമായി നാം ചെലവിടുന്നത്! 23 മണിക്കൂറും 56 മിനിറ്റും ഈ നശ്വരജീവിതത്തിനായി ചെലവിടുന്നു. ഇത് ദൈവത്തോടുള്ള നീതി പുലര്‍ത്തലാണോ?
നമ്മുടെ ജോലിയും വിശ്രമവും വേദനകളും ഒക്കെ ദൈവത്തിനു വേണ്ടിയാണു ചെയ്യുന്നതെന്നു വാദിക്കാം.

അങ്ങനെയെങ്കില്‍ അത് നമുക്കു നേടിത്തരുന്ന പുണ്യം വലുതായിരിക്കും. പക്ഷേ, സത്യം ദിവസത്തില്‍ പലപ്പോഴും നാം ദൈവത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യുന്നില്ല എന്നതാണ്. നമ്മെക്കുറിച്ച് മാത്രമുള്ള ചിന്തയാണ് നമ്മെ ഭരിക്കുന്നത്. നാം ചിന്തിക്കുന്നതും ജോലി ചെയ്യുന്നതും വിശ്രമിക്കുന്നതും ഉറങ്ങുന്നതും ഒക്കെ നമ്മെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്. ഓരോ ദിവസവും നമ്മുടെ ഹൃദയത്തില്‍ ദൈവത്തിനു കൊടുക്കുന്ന ഓഹരി എത്ര നിസ്സാരമാണ്! നമ്മെക്കുറിച്ചുള്ള സ്‌നേഹത്താല്‍ കത്തിയെരിയുന്ന അവിടുത്തെ ഹൃദയത്തോടുകാട്ടുന്ന എത്ര വലിയ ക്രൂരതയാണിത്!

മാരകപാപങ്ങള്‍

പല ക്രൈസ്തവരും നിര്‍ഭാഗ്യവശാല്‍, തങ്ങളുടെ ജീവിതകാലത്ത് മാരകപാപങ്ങള്‍ ചെയ്യുന്നവരാണ്. അത് അവര്‍ കുമ്പസാരത്തില്‍ ഏറ്റുപറയുമെങ്കിലും ചെയ്തുപോകുന്ന മാരകപാപത്തിന് തക്ക പരിഹാരം ചെയ്യാന്‍ ശ്രമിക്കുന്നില്ല.
ആദരണീയനായ ബീഡിന്റെ (St. Bede) അഭിപ്രായത്തില്‍ ”ജീവിതം മുഴുവന്‍ മാരകപാപങ്ങള്‍ ചെയ്തു ജീവിച്ചിട്ട്, അത് മരണക്കിടക്കിയില്‍ വച്ചു മാത്രം ഏറ്റു പറഞ്ഞു കുമ്പസാരിക്കുന്നവര്‍, ഒരു പക്ഷേ, അവസാനവിധിദിവസം വരെ ശുദ്ധീകരണസ്ഥലത്തു കിടക്കേണ്ടിവരും.”

വിശുദ്ധ ജെര്‍ത്രൂദ് തനിക്കുണ്ടായ ദര്‍ശനത്തില്‍ പറയുന്നത് ”ജീവിതകാലത്ത് ഒത്തിരി മാരകപാപങ്ങള്‍ ചെയ്യുകയും അവയ്ക്ക് തക്ക പരിഹാരപ്രവൃത്തികള്‍ ചെയ്യുകയും അവയ്ക്ക് തക്ക പരിഹാരപ്രവൃത്തികള്‍ ചെയ്യാതെ മരിക്കുകയും ചെയ്യുന്നവര്‍ സഭയുടെ സാധാരണ പാപരിഹാരഫലങ്ങളില്‍ വളരെക്കാലത്തേക്ക് പങ്കുപറ്റുകയില്ല” എന്നാണ്.
അതുകൊണ്ട്, പാപങ്ങള്‍ മാരകമോ ലഘുവോ ആയിക്കൊള്ളട്ടെ, നമ്മുടെ ജീവിതത്തില്‍ 0-ഓ 30-ഓ 60-ഓ വര്‍ഷങ്ങളിലായി ചെയ്തുകൂട്ടുന്ന ഓരോന്നിനും മരണാനന്തരം പരിഹാരം അനുഷ്ഠിക്കേണ്ടിവരും. അതുകൊണ്ട് ആത്മാക്കള്‍ വളരെക്കാലം ശുദ്ധീകരണസ്ഥലത്തു കഴിയേണ്ടിവരും എന്നതില്‍ അത്ഭുതപ്പെടേണ്ടതുണ്ടോ?

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles