ജീവിതത്തില്‍ എളിമയും വിനയവും നിറഞ്ഞാല്‍…!

ജീവിതത്തെ ദോഷൈകദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന ഗ്രീക്ക് തത്ത്വജ്ഞാനിയാണ് ആന്റിസ്തനിസ് (444-365 ബി.സി.). ഒരിക്കല്‍ അദ്ദേഹം കീറിപ്പറിഞ്ഞ വസ്ത്രവും ധരിച്ച് ആഥന്‍സിലൂടെ നടക്കുകയുണ്ടായി.

ജീവിക്കാന്‍ ആവശ്യത്തിനു വകയുണ്ടായിരുന്ന ആന്റിസ്തനിസിനു കീറിപ്പറിഞ്ഞ വസ്ത്രം ധരിക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നാല്‍, താന്‍ വിനയമുള്ളവനാണെന്ന് മാലോകരെ ബോധ്യപ്പെടുത്തി അവരുടെ കൈയടി നേടാന്‍ അദ്ദേഹത്തിന് അതിയായ മോഹമായിരുന്നു.

ആന്റിസ്തനിസിന്റെ ഉള്ളിലിരിപ്പ് മനസ്സിലാക്കിയവരിലൊരാള്‍ ഗ്രീക്ക് തത്ത്വജ്ഞാനിയായിരുന്ന സോക്രട്ടീസാണ്. സോക്രട്ടീസ് പറഞ്ഞു: ആന്റിസ്തനിസിന്റെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളില്‍ ഞാന്‍ കാണുന്നത് വിനയമല്ല, അഹങ്കാരവും അംഗീകാരം പിടിച്ചെടുക്കാനുള്ള തത്രപ്പാടുമാണ്.

ജീവിതത്തില്‍ വിനയത്തിന്റെ വൈശിഷ്ട്യം മനസിലാക്കുന്നവരാണു നാമെല്ലാവരും. എന്നാല്‍, എളിമയും വിനയവുമുള്ള ജീവിതശൈലി സ്വീകരിക്കുക എന്നത് നമ്മില്‍ ചിലര്‍ക്കെങ്കിലും അത്ര എളുപ്പമുള്ള കാര്യമല്ല. വിനയം പാലിക്കുന്നതിലേറെ വീമ്പുപറയുന്നതിലും സ്വന്തം മാഹാത്മ്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിലുമാണ് നാമെല്ലാവരുംതന്നെ ആനന്ദം കണെ്ടത്തുന്നത്.

ഇനി, ആരെങ്കിലും വിനയപൂര്‍വം പെരുമാറിയാല്‍ത്തന്നെ അതില്‍ കാപട്യത്തിന്റെ മുഖമാണ് പലപ്പോഴും നാം കാണുക. ആന്റിസ്തനിസിനെപ്പോലെ വിനയം നടിക്കുന്നവര്‍ അത്ര വിരളമല്ലല്ലോ.

എന്നാല്‍, തങ്ങള്‍ക്ക് ഉള്ളതിനെക്കാളേറെ ഉണെ്ടന്നു നടിക്കുന്നവരാണ് എല്ലാവരുമെന്ന് ഇവിടെ വിവക്ഷയില്ല. യഥാര്‍ഥ വിനയത്തോടെ ജീവിക്കുന്നവരും ധാരാളമുണ്ട്. അവരാരും അംഗീകാരവും ആദരവും പിടിച്ചുപറ്റാനായി ഓടിനടക്കാറില്ല. എങ്കിലും അവരും യഥാര്‍ഥത്തില്‍ ആദരിക്കപ്പെടുന്നുണെ്ടന്നതാണ് സത്യം.

പഴയ പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ ‘മൗനത്തിന്റെ അക്കാദമിഎന്ന പേരില്‍ ഒരു സംഘടനയുണ്ടായിരുന്നു. ജ്ഞാനസമ്പാദനമായിരുന്നു ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. ചിന്തയില്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ഈ സംഘടനയിലെ അംഗങ്ങള്‍ എത്ര കുറച്ചു സംസാരിക്കാമോ അത്രയും കുറച്ചു സംസാരിക്കുന്നതില്‍ ഉത്സുകരായിരുന്നു. അത്യാവശ്യം കൂടാതെ അവര്‍ സംഘടനയുടെ ചര്‍ച്ചാസമ്മേളനങ്ങള്‍പോലും വിളിച്ചുകൂട്ടിയിരുന്നില്ല.

ഈ സംഘടനയുടെ അംഗസംഖ്യ നൂറില്‍ കവിയരുതെന്നായിരുന്നു നിയമം. തന്മൂലം, സംഘടനയില്‍ അംഗത്വം ആഗ്രഹിച്ചിരുന്ന പലര്‍ക്കും അതില്‍ അംഗങ്ങളാകാന്‍ സാധിച്ചില്ല. ഏതെങ്കിലുമൊരു അംഗത്തിന്റെ മരണംമൂലമേ പുതിയ ആര്‍ക്കെങ്കിലും ഈ സംഘടനയില്‍ അംഗത്വത്തിന് അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളു.

എങ്കിലും സീബ് എന്ന പേരിലുള്ള ഒരു പണ്ഡിതന്‍ നൂറ്റൊന്നാമനായി ഈ സംഘടനയില്‍ അംഗത്വം നേടിയതായി ഒരു കഥയുണ്ട്:

ഉന്നതനായ പണ്ഡിതനായിരുന്നു സീബ്. മൗനത്തിന്റെ അക്കാദമിയില്‍ അംഗമാകുവാന്‍ അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ആ സംഘടനയിലൂടെ തന്റെ ജ്ഞാനസമ്പാദനം ത്വരിതപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.

ഒരിക്കല്‍ മൗനത്തിന്റെ അക്കാദമിയിലെ അംഗങ്ങള്‍ സമ്മേളിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്റെ അഭ്യര്‍ഥനയുമായി അദ്ദേഹം അവരുടെ മധ്യത്തിലേക്ക് കടന്നുചെന്നു. അപ്പോള്‍ അക്കാദമിയുടെ അധ്യക്ഷന്‍ സീബിനെ അല്പസമയം സൂക്ഷിച്ചുനോക്കി. എന്നിട്ട് ഒരു ഗ്ലാസ് എടുത്ത് അതില്‍ നിറയെ വെള്ളമൊഴിച്ചു. ഒരുതുള്ളി വെള്ളംകൂടി ഒഴിച്ചാല്‍ ഗ്ലാസ് തുളുമ്പും എന്ന സ്ഥിതിവന്നപ്പോള്‍ അധ്യക്ഷന്‍ സീബിനെ വീണ്ടും നോക്കി.

സീബിനു കാര്യം മനസ്സിലായി. എങ്കിലും ബുദ്ധിമാനായ സീബ് അവിടെ മേശയിലുണ്ടായിരുന്ന ഒരു റോസാപ്പൂവിന്റെ ഇതള്‍ അടര്‍ത്തിയെടുത്ത് ആ ഗ്ലാസിലെ ജലത്തിലിട്ടു. അപ്പോള്‍ ഗ്ലാസ് തുളുമ്പിയില്ല.

സീബിന്റെ ബുദ്ധിസാമര്‍ഥ്യം കണ്ടപ്പോള്‍ മൗനത്തിന്റെ അക്കാദമി പെട്ടെന്നു വാചാലമായി. അവിടെയുണ്ടായിരുന്ന അംഗങ്ങളെല്ലാവരും സീബിനെ തങ്ങളുടെ സംഘടനയില്‍ ചേര്‍ക്കണമെന്ന് ഏകാഭിപ്രായക്കാരായി.

സീബിനെ സംഘടനയിലേക്കു ചേര്‍ത്ത ഉടനേ സംഘടനയുടെ രജിസ്റ്റര്‍ ബുക്കില്‍ പേരെഴുതാന്‍ അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ‘നൂറ്റിയൊന്ന് എന്ന നമ്പറായിരുന്നു അദ്ദേഹം തന്റെ പേരിനു മുമ്പിലായി എഴുതേണ്ടിയിരുന്നത്. എന്നാല്‍, സംഘടനയില്‍ നൂറ് അംഗങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന നിബന്ധന അറിയാമായിരുന്ന അദ്ദേഹം തന്റെ പേരിന്റെ മുമ്പില്‍ ‘100 എന്ന് എഴുതിയിട്ട് അതിന്റെ മുമ്പിലായി ഒരു പൂജ്യംകൂടി ചേര്‍ക്കുകയാണു ചെയ്തത്.

തന്റെ അംഗത്വംമൂലം സംഘടനയുടെ അംഗത്വത്തില്‍ വര്‍ധനയുണ്ടായിട്ടില്ലെന്നു സ്ഥാപിക്കാന്‍ ഇതുവഴി അദ്ദേഹത്തിനു സാധിച്ചു. അതോടൊപ്പം താന്‍ സംഘടനയില്‍ ഒന്നുമല്ലെന്നു വ്യക്തമാക്കാനും ഇത് അദ്ദേഹത്തെ സഹായിച്ചു.

ബുദ്ധിമാനായ സീബിന്റെ എളിയ മനഃസ്ഥിതിയും വിനയഭാവവും മൗനത്തിന്റെ അക്കാദമിയിലെ അംഗങ്ങളുടെ മനംകവര്‍ന്നു. ഇത്രയും ഉന്നതനും എന്നാല്‍ വിനയാന്വിതനുമായ ഒരാളെ തങ്ങളുടെ സംഘടനയ്ക്കു ലഭിച്ചതിലുള്ള സന്തോഷംമൂലം അവര്‍ സീബിനെ ശരിക്കും ആദരിക്കാന്‍ തീരുമാനിച്ചു.

അവര്‍ സീബിനെ ആദരിച്ചത് എങ്ങനെയാണെന്നോ? അദ്ദേഹം തന്റെ പേരിനുമുമ്പിലെഴുതിയ ‘0100 എന്ന നമ്പറിലെ ആദ്യത്തെ പൂജ്യം മായിച്ചുകളഞ്ഞശേഷം ആ സ്ഥാനത്ത് ‘1 എന്ന സംഖ്യചേര്‍ത്തു. അപ്പോള്‍ അദ്ദേഹത്തിന്റെ നമ്പര്‍ ‘1100 ആയി മാറി.

സീബ് അംഗത്വം സ്വീകരിച്ചതോടെ മൗനത്തിന്റെ അക്കാദമിയുടെ മാഹാത്മ്യം പത്തുമടങ്ങായി വര്‍ധിച്ചു എന്നു വ്യക്തമാക്കുകയാണ് ഈ നടപടിയിലൂടെ അവര്‍ ചെയ്തത്.

സീബ് പണ്ഡിതനായിരുന്നു. എന്നാല്‍, അതോടൊപ്പം അദ്ദേഹം വിനയാന്വിതനുമായിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും വിനയവും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. ഇതു നമ്മുടെ ശ്രദ്ധ അര്‍ഹിക്കുന്ന കാര്യംതന്നെ.

എന്നാല്‍, ഇതിലേറെ നാം ശ്രദ്ധിക്കേണ്ടത് മൗനത്തിന്റെ അക്കാദമിയിലെ അംഗങ്ങളുടെ എളിമയും വിനയവുമാണ്. പണ്ഡിതരായിരുന്നു അവരെല്ലാവരും. എങ്കിലും തങ്ങളെക്കാള്‍ ഉന്നതനായ ഒരാളെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ അവര്‍ തയാറായി. എന്നു മാത്രമല്ല, അദ്ദേഹത്തെ ഏറെ ബഹുമാനിക്കാനും അവര്‍ മനസ്സുകാണിച്ചു.

മൗനത്തിന്റെ അക്കാദമിയിലെ അംഗങ്ങളുടെ എളിമയും വിനയവും നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. പണ്ഡിതരും അതികേമന്മാരുമായിരുന്ന ഇവര്‍ക്ക് എളിമയോടെ പെരുമാറാന്‍ സാധിച്ചെങ്കില്‍ അത്ര കേമന്മാരല്ലാത്ത നാം എത്രയോ എളിമയും വിനയവും പാലിക്കേണ്ടവരാണ്.

എളിമയും വിനയവുമുള്ള ജീവിതരീതിയാണു നമുക്ക് എല്ലാരീതിയിലും നല്ലത്. ജീവിതത്തില്‍ സന്തോഷം കണ്ടെത്താനും സംതൃപ്തി കൈവരിക്കാനും വൈശിഷ്ട്യമുള്ള ഈ ജീവിതരീതി നമ്മെ ഏറെ സഹായിക്കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles