യേശു നല്‍കുന്ന യഥാര്‍ത്ഥ സ്വാതന്ത്ര്യം

ദരിദ്രനായ ഒരു ബ്രിട്ടീഷുകാരൻ അമേരിക്കയിൽ പോയി ഭാഗ്യാന്വേഷണം നടത്തുവാൻ തീരുമാനിച്ചു. വളരെ പ്രയാസപ്പെട്ട് കപ്പൽടിക്കറ്റിനുള്ള പണം അവൻ നേടി. അങ്ങനെ കപ്പൽയാത്ര ആരംഭിച്ചു. ഭക്ഷണം കഴിക്കേണ്ട സമയത്ത് തന്റെ കൈയിൽ പണമില്ലല്ലോ എന്നോർത്ത് അവൻ തന്റെ മുറിയിൽതന്നെ ഇരുന്നു. ന്യൂയോർക്ക് കടൽത്തീരത്ത് കപ്പൽ അടുക്കുന്ന നിമിഷത്തെക്കുറിച്ചായിരുന്നു ചിന്ത മുഴുവനും.

എന്നാൽ അവന്റെ സകല പ്രതീക്ഷകളെയും പരാജയപ്പെടുത്തുന്ന തരത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു കൊടുങ്കാറ്റ് കപ്പലിന്റെ ദിശ തെറ്റിച്ചു. കപ്പലിനെ ശരിയായ മാർഗത്തിൽ കൊണ്ടുവന്നപ്പോഴേക്കും രണ്ടാഴ്ച കഴിഞ്ഞിരുന്നു. പട്ടിണികൊണ്ട് മരിക്കാറായ ആ ചെറുപ്പക്കാരൻ ഇങ്ങനെ ചിന്തിച്ചു; ഞാൻ പട്ടിണി കിടന്ന് മരിച്ചാലും ഭക്ഷണശാലയിൽനിന്ന് ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാൻ കഴിയാതെ ശിക്ഷയേറ്റു മരിച്ചാലും എന്നെ സംബന്ധിച്ച് ഒരേപോലെതന്നെ.

അതിനാൽ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചുകൊണ്ട് അവൻ ഡൈനിംഗ് റൂമിലേക്ക് പോയി, ഭക്ഷണം ഓർഡർ ചെയ്തു. പട്ടിണിയിലായിരുന്ന ആ മനുഷ്യൻ തൃപ്തിയാവോളം ഭക്ഷിച്ചതിനുശേഷം വെയിറ്ററുടെ നേരെ തിരിഞ്ഞ് താൻ കഴിച്ച ഭക്ഷണത്തിന്റെ ബില്ല് കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. വെയിറ്റർ അദ്ദേഹത്തോട് മറുപടി പറഞ്ഞു: ”സാർ, നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ ബില്ല് ടിക്കറ്റ് ചാർജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.” യഥാർത്ഥത്തിൽ കപ്പലിൽ കയറിയപ്പോൾ മുതൽ കഴിക്കേണ്ടിയിരുന്ന എല്ലാ ഭക്ഷണത്തിന്റെയും വില നേരത്തേ കൊടുത്തിരുന്നുവെങ്കിലും അത് തിരിച്ചറിയാതിരുന്നതുകൊണ്ട് അവന് പട്ടിണി കിടക്കേണ്ടിവന്നു.

വീട്ടിയ ബില്ലുകൾ

രണ്ടായിരം വർഷങ്ങൾക്കുമുൻപ് നമ്മുടെ എല്ലാ ബില്ലുകളും യേശു കാൽവരിയിൽ തീർത്തു. നമ്മുടെ രക്ഷയ്ക്കുവേണ്ടി യേശു യാഗമായി മാറി. ഇനി നാം ചെയ്യേണ്ടത് യേശു നല്കുന്ന രക്ഷ സ്വീകരിക്കുവാൻ നമ്മുടെ ഹൃദയത്തെ ഒരുക്കുക എന്നതാണ്. ”പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും” (യോഹ.8:36).

എന്നാൽ യേശു നല്കുന്ന സ്വാതന്ത്ര്യം സ്വീകരിക്കണമെങ്കിൽ നാം അവനിൽ വിശ്വസിക്കുകയും അവൻ നല്കുന്ന രക്ഷയുടെ വാഗ്ദത്തങ്ങൾ ഏറ്റുപറയുകയും വേണം. എന്നുവച്ചാൽ അത് എന്റെ അവകാശമാണെന്ന് അംഗീകരിക്കണം. ”ആകയാൽ യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുവെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷ പ്രാപിക്കും. എന്തുകൊണ്ടെന്നാൽ, മനുഷ്യൻ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവൻ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷ പ്രാപിക്കുകയും ചെയ്യുന്നു” (റോമാ 10:9-10).

യേശു എനിക്കുവേണ്ടി മരിച്ചുവെന്നും കുരിശിൽ എന്റെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുവെന്നും ഓരോ പ്രഭാതത്തിലും ബോധ്യത്തോടെ ഏറ്റുപറയുകയും അതിനായി അവിടുത്തെ സ്തുതിച്ചുകൊണ്ട് നമ്മുടെ വിശ്വാസത്തെ ഉണർത്തുകയും ചെയ്യണം. അപ്പോൾ അടിമത്തങ്ങളെല്ലാം തകരുകയും നാം ദൈവമക്കളുടെ തലത്തിലേക്കുയരുകയും ചെയ്യും. ”സൃഷ്ടി ജീർണതയുടെ അടിമത്തത്തിൽനിന്ന് മോചിതമാവുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും (റോമാ 8:21).

നഷ്ടപ്പെടുത്തിയിട്ടും വീണ്ടും സ്വാതന്ത്ര്യം

ആദിയിൽ കർത്താവ് മനുഷ്യനെ സൃഷ്ടിച്ചു. അവന് സ്വാതന്ത്ര്യവും നല്കി (പ്രഭാഷകൻ 15:14). നല്ലത് തിരഞ്ഞെടുക്കാനും നന്മ ചെയ്യാനുമുള്ള സ്വാതന്ത്ര്യമായിരുന്നു അത്. ”സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്ന് മാത്രം. പ്രത്യുത സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിൻ” (ഗലാ. 5:13).

ഏദനിൽ സ്വാതന്ത്ര്യത്തോടെ നടന്ന ആദിമനുഷ്യന്റെ ജീവിതത്തിൽ എന്നു പാപം കടന്നുവന്നുവോ അപ്പോൾമുതൽ വിവിധങ്ങളായ അടിമത്തങ്ങൾ മനുഷ്യനെ കീഴടക്കുവാൻ തുടങ്ങി. ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് ഇസ്രായേൽക്കാരെ വീണ്ടെടുക്കുവാൻ മോശയെ തെരഞ്ഞെടുത്ത ദൈവം പാപത്തിന്റെ അടിമത്തത്തിൽനിന്ന് ലോകം മുഴുവനെയും വീണ്ടെടുക്കുവാൻ സ്വപുത്രനെത്തന്നെയാണ് അയച്ചത്. ”എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല. പ്രത്യുത അവൻവഴി ലോകം രക്ഷ പ്രാപിക്കാനാണ്” (യോഹ. 3:16-17).

ക്രിസ്തു തന്റെ പാപരഹിത ജീവിതത്തിലൂടെയും പീഡാസഹനത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉയിർത്തെഴുന്നേൽപിലൂടെയും തിന്മയുടെ ശക്തിയെ പരാജയപ്പെടുത്തിയിരിക്കുന്നു. ”സ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങൾ സ്ഥിരതയോടെ നില്ക്കുവിൻ. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയരാകരുത്” (ഗലാ. 5:1).

സത്യമറിയുമ്പോൾ

എന്നിട്ടും ഇന്നും അനേകർ പാപത്തിന്റെ ബന്ധനത്തിൽ കഴിയുന്നതിന്റെ കാരണം അജ്ഞതയാണ്. ”എന്റെ ജനം അജ്ഞത നിമിത്തം അടിമത്തത്തിലേക്ക് നീങ്ങുന്നു” (ഏശയ്യാ 5:13). നമ്മുടെ അന്ധത മാറുമ്പോൾ മാത്രമാണ് യേശു നല്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാൻ നമുക്ക് സാധിക്കുന്നത്. ”ഈ ലോകത്തിന്റെ ദേവൻ അവിശ്വാസികളായ അവരുടെ മനസിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവർക്ക് ദൃശ്യമല്ല” (2 കോറി. 4:4).

നമ്മുടെ അന്ധത മാറുന്നത് നാം യേശുവിലേക്ക് നോക്കുമ്പോഴാണ്. ധൂർത്തപുത്രൻ പിതാവിലേക്ക് നോക്കിയപ്പോഴാണ് അവന് സുബോധമുണ്ടായത്. എബ്രഹാം ലിങ്കൻ അമേരിക്കയിലുള്ള നീഗ്രോകൾക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തെങ്കിലും വർഷങ്ങളോളം ചില നീഗ്രോകൾ അടിമയെപ്പോലെ ജീവിച്ചത് തങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടാതിരുന്നതുമൂലമല്ല, മറിച്ച് തങ്ങൾ സ്വതന്ത്രരാണെന്ന സത്യം തിരിച്ചറിയാൻ അവർ വൈകിയതുകൊണ്ടാണ്. ”നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹ. 8:32). സത്യം അറിയാത്തിടത്തോളം കാലം നാം അടിമത്തത്തിൽ കഴിയേണ്ടിവരും. സത്യമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്. ഈ സത്യം യേശുവാണ് (യോഹ. 14:6).

യേശുവിനെ അറിയാത്ത, യേശുവിനെ അനുഭവിക്കാത്ത ഒരു വ്യക്തിക്ക് യേശു നല്കുന്ന സ്വാതന്ത്ര്യം, രക്ഷ, സൗഖ്യം അനുഭവിക്കാൻ സാധിക്കുകയില്ല. എന്നാൽ ഇക്കാര്യത്തിൽ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. നമ്മെ ദൈവമക്കളുടെ തലത്തിലേക്കുയർത്തുന്നതും യേശു നല്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാൻ നമ്മെ സഹായിക്കുന്നതും പരിശുദ്ധാത്മാവാണ്. ”എന്തെന്നാൽ, യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്ന് സ്വതന്ത്രനാക്കിയിരിക്കുന്നു” (റോമാ 8:2).

അതിനാൽ പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ എന്നു പ്രാർത്ഥിക്കാം. അങ്ങനെ രക്ഷകനായ യേശുവിനെ വിശ്വസിച്ച് ഏറ്റുപറയാനും യഥാർത്ഥസ്വാതന്ത്ര്യത്തിന്റെ മാധുര്യം ആസ്വദിക്കാനും എല്ലാവർക്കും സാധിക്കട്ടെ.

~ ഷാജൻ ജെ. അറക്കൽ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles