ഈ നോമ്പുകാലം വിശുദ്ധിയോടെ ആചരിക്കാം

നോമ്പുകാലം ആഗതമായി. വിഭൂതി തിരുനാളോട് കൂടി നാം നോമ്പിലേക്ക് പ്രവേശിക്കും. ചിലതൊക്കെ വേണ്ടെന്ന് വയ്ക്കാനുള്ള കാലമാണ് നോമ്പുകാലം. സത്യത്തില്‍ നമ്മുടെ ആത്മാവിനെ കെട്ടിപൂട്ടി വച്ചിരിക്കുന്ന ചില ഇഷ്ടങ്ങളുടെയും ശീലങ്ങളുടെയും ബന്ധനത്തില്‍ നിന്നുള്ള വിടുതല്‍ നേടുക എന്നതാണ് നോമ്പുകാലത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം. ഇഷ്ടപ്പെട്ട ഭക്ഷണം വേണ്ടെന്നു വയ്ക്കുമ്പോള്‍ നാം ഭക്ഷണത്തോടുള്ള ആസക്തിയില്‍ നിന്ന് മോചനം നേടുകയാണ് ചെയ്യുന്നത്.

ഈ നോമ്പുകാലത്ത് സ്വയം ഒന്ന് പരിശോധന ചെയ്തു നോക്കിയാല്‍ അറിയാം, നാം എന്തെല്ലാം കാര്യങ്ങളുടെ അടിമയാണെന്ന്. എല്ലാവര്‍ക്കും ഒരു പോലെയാകണമെന്നില്ല, ഈ അടിമത്തം. ചിലര്‍ക്ക് മാംസം ഇഷ്ടമില്ലാത്തവരുണ്ടാകാം. അവര്‍ മാംസം ഉപേക്ഷിക്കുന്നത് കൊണ്ട് നോമ്പിന് വലിയ മൂല്യമില്ല. ഇഷ്ടഭക്ഷണം ഉപേക്ഷിക്കുമ്പോഴാണ് നാം ത്യാഗം ചെയ്യുന്നത്. അപ്പോഴാണ് നമ്മുടെ നോമ്പിന് വിലയുണ്ടാകുന്നത്.

ഭക്ഷണം വേണ്ടെന്നു വയ്ക്കല്‍ മാത്രമല്ല നോമ്പ്. 2015 ലെ നോമ്പുകാലത്ത് ഫ്രാന്‍സിസ് പാപ്പാ നല്‍കിയ സന്ദേശം ശ്രദ്ധേയമാണ്. മറ്റുള്ളവരോടുള്ള നിസംഗതയില്‍ നിന്ന് നോമ്പു നോല്‍ക്കുക. എന്നു പറഞ്ഞാല്‍ മറ്റുള്ളവരുടെ ബുദ്ധിമട്ടുകളും പ്രയാസങ്ങളും കണ്ടില്ലെന്നു നടിക്കുന്ന നമ്മുടെ സ്വഭാവത്തില്‍ നിന്ന് മോചനം നേടുക എന്നതാണ്. അതു പോലെ പലതുമുണ്ടാകാം നമ്മുടെ ജീവിതത്തില്‍. കുറ്റം പറയുന്ന സ്വഭാവം, കോപം, വെറുപ്പ്, അസൂയ, അഹങ്കാരം, സ്വാര്‍ത്ഥത, ദുരാസക്തി തുടങ്ങിയ പലവിധ തിന്മകള്‍. ഇത്തരം തിന്മകള്‍ക്കെതിരെ പോരാടാനും അവയെ വേരോടെ പിഴുതെറിയാനും ഈ നോമ്പു കാലത്ത് നമുക്ക് പരിശ്രമിക്കാം. വി. പൗലോസ് ശ്ലീഹ പറയുന്ന വചനം നമുക്ക് ധ്യാനിക്കാം: ‘ക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ശരീരത്തെ ദുരാശകളോടും മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു’ (ഗലാത്തിയ 5: 24).

നോമ്പുകാലം യേശുവിന്റെ പീഢാനുഭവങ്ങളെ കുറിച്ച് ധ്യാനിക്കാനുള്ള കാലമാണ്. നോമ്പിനും ഉപവാസത്തിനും ഒപ്പം പ്രാര്‍ത്ഥനയും വിശുദ്ധ ഗ്രന്ഥ വായനയും നമ്മുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തണം. സ്‌നേഹവും കരുണയും ക്ഷമയും എല്ലാം വളര്‍ത്താനുള്ള കാലം കൂടിയാണിത്. ഹൃദ്യയവും ശരീരവും ജീവിതവും ശുദ്ധമാക്കി നമുക്ക് കര്‍ത്താവിന്റെ പീഡാസഹനങ്ങളെ ധ്യാനിക്കാം. ഉപവസിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം കര്‍ത്താവിന്റെ കൂടെ വസിക്കുക എന്നാണ്. ആ അര്‍ത്ഥം മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് ഈ ദിവസങ്ങള്‍ കൂടുതല്‍ സമയം കര്‍ത്താവിനോടൊത്ത് ചെലവഴിക്കാനും അവിടുത്തെ തിരുഹിതം വിവേചിച്ചറിഞ്ഞ് പ്രവര്‍ക്കാനും പരിശ്രമിക്കാം.

യേശുവില്‍ സ്‌നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍,

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles