സക്രാരിയിൽ വാഴുന്ന ഈശോ

ഓർമ്മവച്ച നാൾ മുതൽ ഓസ്തിയിൽ കാണുന്ന രൂപമാണ് എന്റെ ഈശോയുടെത്. പരിശുദ്ധ കുർബാനയിൽ പങ്കുചേരുമ്പോൾ അറിയാതെയെങ്കിലും ഉള്ളിൽ ഉയർന്ന ഒരു ചോദ്യമുണ്ട്. എങ്ങനെയാണ് എന്റെ ഈശോക്ക് ഇത്രയേറെ ചെറുതാവാൻ സാധിക്കുന്നത്? ഒരു ചെറിയ ഗോതമ്പ് അപ്പത്തിൽ ലോകത്തെ മുഴുവൻ ഉരുവാക്കിയവൻ, പരിപാലിക്കുന്നവൻ ജീവിക്കുന്നു എന്നത് എന്റെ ചെറിയ ബുദ്ധിക്ക് പലപ്പോഴും അംഗീകരിക്കാനോ മനസ്സിലാക്കാനോ സാധിച്ചിട്ടില്ല. കുഞ്ഞുനാൾ മുതൽ അനുദിനബലിയിൽ പങ്കുചേരുമായിരുന്നു. വിശുദ്ധ കുർബാന സ്വീകരണസമയത്തു ഈശോയെ നാവിൽ സ്വീകരിക്കുന്ന ഓരോ വ്യക്തികളെയും ഞാൻ കൊതിയോടെ നോക്കിനിന്നിട്ടുണ്ട്. എനിക്കും ഇതുപോലെ എന്റെ ഈശോയെ ഒരു ദിവസം സ്വീകരിക്കാൻ കഴിയും എന്ന ശുഭാപ്തി വിശ്വസത്തോടെ. ആദികുര്ബാന സ്വീകരണം ഇന്നും ഓർമ്മയിൽ പച്ചകെടാതെ തങ്ങിനിൽക്കുന്നു. അന്ന് ഞാൻ അനുഭവിച്ച സന്തോഷത്തിനും ആനന്ദത്തിനും അതിരില്ലായിരുന്നു. ഈ ലോകം മുഴവൻ കീഴടക്കിയ ഒരു പ്രതീതി. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയപ്പോൾ വിശുദ്ധ ബലിയിലെ പങ്കുചേരലും ഈശോയുടെ ശരീരവും രക്തവും സ്വീകരിക്കുന്നതും ഇടയ്ക്കെങ്കിലും കടമയായും, യാന്ത്രികമായും, ശീലമായും മാത്രം എന്നിൽ ഒതുങ്ങാൻ തുടങ്ങി. ഓരോ ദിവസവും 24 മണിക്കൂറുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശുദ്ധ ബലി അർപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ എന്തുകൊണ്ടോ എന്റെ ജീവിതത്തിൽ വിശുദ്ധ ബലി ഒരു അനുഭവമായി മാറുന്നില്ല? ഈശോയെ സ്വീകരിക്കുന്ന മാത്രയിൽ എന്നിൽ പ്രത്യേകിച്ച് എന്തേ മാറ്റങ്ങൾ ഒന്നും ഉണ്ടാകുന്നില്ല? ഉള്ളിൽ കത്തും അനുഭവമോടെ ഈശോയോട് ചേർന്ന് പാപങ്ങൾ മുഴുവൻ ഉപേക്ഷിച്ചു ജീവിക്കാനാകുന്നില്ല? യഥാർത്ഥത്തിൽ ഈശോ ഈ ഗോതമ്പ് അപ്പത്തിൽ വാഴുന്നുണ്ടോ? ഇതൊക്കെ ഈശോയുടെ ബലിജീവിതത്തിന്റെ വിലയറിയാതെ ഞാൻ ജീവിച്ച സെമിനാരിയിൽ ചേരുന്നതിനുമുന്പുവരെ ഞാൻ എന്നോട് തന്നെ നിരന്തരം ചോദിച്ച ചോദ്യങ്ങളിൽ ചിലത്!

സെമിനാരി പരിശീലന ജീവിത കാലഘട്ടം വിശുദ്ധ കുർബാനയോട് എന്നെ കൂടുതലായി അടുപ്പിച്ചു. ദൈവാലയത്തിൽ ദീർഘനേരം ഇരുന്ന് പ്രാർത്ഥിക്കുന്ന വൈദികരും സഹവൈദികവിദ്യാർത്ഥികളും എന്നേയും സക്രാരിയുടെ മുൻപിലേക്ക് എത്തിക്കാൻ പ്രേരകമായി മാറി. ഭക്തിയോടെ, ശ്രദ്ധയോടെ, ആദ്ധ്യാത്മിക ഒരുക്കത്തോടെ, വിശുദ്ധിയോടെ, പ്രാർത്ഥിച്ചൊരുങ്ങി വിശുദ്ധബലിയിൽ പങ്കുചേരാൻ തുടങ്ങിയ നാൾ മുതൽ ഈശോയുടെ തിരുവോസ്തിയിലെ ശക്തമായ സാന്നിദ്ധ്യം ഞാൻ അനുഭവിച്ചറിയാൻ തുടങ്ങി. പരിശുദ്ധ കുർബാനയുടെ മുൻപിൽ ഞാൻ ചിലവഴിച്ച നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ. പരിശുദ്ധ കുർബാനയുടെമുൻപിൽ ഞാൻ ഇരുന്ന നിമിഷങ്ങളാണ് എന്റെ ജീവിതത്തിൽ ഈശോ എന്നിൽ നിറഞ്ഞ എന്നെ സ്വന്തമാക്കിയ നിമിഷങ്ങൾ. പലപ്പോഴും ചിന്തയിലും പ്രവർത്തിയിലും പാപവും ഭാരവും പേറി ഒരു ധൂർത്തനെപ്പോലെ അവിടുത്തെ മുൻപിൽ ഇരിക്കുമ്പോഴും ഞാൻ പോലും അറിയാതെ തന്റെ തിരുരക്തം കൊണ്ട് എന്നിലെ പാപക്കറകൾ കഴുകി മഞ്ഞുപോലെ വെണ്മയുള്ളതാക്കി അവിടുന്ന് മാറ്റിയിട്ടുണ്ട്. വേദനകൾ നിറഞ്ഞ, നിരാശകൾ നിറഞ്ഞ, ഒറ്റപെടലുകൾ നിറഞ്ഞ, ശകാരങ്ങളും, കുറ്റപ്പെടുത്തലുകളും, ആക്ഷേപങ്ങളും, കളിയാക്കലുകളും ദുരന്തമായി പെയ്തിറങ്ങുന്ന ജീവിതത്തിലെ ചില ജലപ്രളയങ്ങളിൽ എനിക്ക് ഒരു തുരുത്തായി അഭയം നല്കി പോറ്റിയത് സക്രാരിയുടെ സംരക്ഷണമാണ്.

ജീവിതത്തിലെ ഗത്സമേൻ തൊട്ട അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ എന്റെ കണ്ണുനീർക്കണങ്ങൾ ഇറ്റിറ്റു വീണിട്ടുള്ളതും എന്റെ ഈശോയുടെ സാന്നിദ്ധ്യം നിറഞ്ഞുനില്ക്കുന്ന സക്രാരിയുടെ മുൻപിൽ മാത്രമായിരുന്നു. എന്നെ ശക്തിപെടുത്തിയിരുന്നത് സ്വർഗ്ഗത്തിലെ മാലാഖമാർ ആയിരുന്നില്ല ശരീരം മുഴുവൻ മുറിവേൽപ്പിക്കപ്പെട്ട ഒരു തച്ചനായിരുന്നു. ഇന്നും വൈദികജീവിതത്തിൽ എന്റെ ഒരേ ഒരു മാതൃകയും ഈ മുറിവേൽപ്പിക്കപ്പെട്ട, സഹനത്തിന്റെ തീച്ചൂളയിൽ എരിഞ്ഞമർന്ന, അപമാനിതനായ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട, കുരിശിൽ ബലിയായി മാറിയ എന്റെ രക്ഷകൻ. ഈശോയെ എനിക്ക് എന്തോ അങ്ങയെ ഒരുപാട് ഇഷ്ടമാണ്, വല്ലാത്തൊരു അടുപ്പമാണ് മറ്റൊന്നും കൊണ്ടല്ല എന്നെ പൂർണ്ണമായും മനസിലാക്കാൻ കഴിയുന്ന, എന്നെ അടുത്തറിയുന്ന, എന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന, എനിക്കായി ജീവരക്തമൊഴുക്കിയ, എന്റെ പാപങ്ങൾക്കുവേണ്ടി കുരിശിൽ ഏറ്റപെട്ട, എന്റെ നഗ്നത ലോകത്തിനുമുൻപിൽ അനാവരണമാകാതിരിക്കാൻ ലോകമധ്യത്തിൽ എനിക്കായ് നഗ്നനാക്കപ്പെട്ട, എനിക്കുവേണ്ടി; എന്റെ രക്ഷക്കുവേണ്ടി ഇന്നും വിശുദ്ധ കുർബാനയായി സക്രാരിയിൽ ജീവൻ തുടിക്കുന്ന ഈശോ. അടുത്തറിയുന്തോറും ഞാൻ കരയുന്നു തമ്പുരാനെ നിന്റെ കരുണയോർത്തു. പാപത്തിൽ വീണുപോകുന്ന വെറും തൃണമായ എന്റെ കരങ്ങളിലൂടെ വിശുദ്ധ ബലി മദ്ധ്യേ അൾത്താരയിൽ വെറും ഗോതമ്പപ്പവും വീഞ്ഞുമായ കാഴ്ചവസ്തുക്കൾ നിന്റെ ശരീരവും രക്തവുമായി മാറുമ്പോൾ എനിക്ക് എങ്ങനെ കരയാതിരിക്കാനാവും? ഞാൻ അർപ്പിക്കുന്ന ഓരോ ബലിയിലും എന്റെ ഉള്ളു കരയുന്നുണ്ട് തമ്പുരാനെ എന്നിലെ പാപാവസ്ഥയോർത്തു, ബലഹീനതകളെയോർത്തു, കുറവുകളെയോർത്തു. എന്തേ തമ്പുരാനെ നീ ഇത്രമാത്രം എന്നെ സ്നേഹിക്കുന്നു? യോഗ്യതയില്ല യേശുവേ നീ എന്റെ ഭവനത്തിൽ വരാൻ ഒരു വാക്ക് കല്പിച്ചാൽമതി എന്റെ ഭൃത്യൻ സുഖമാകും എന്ന ശതാധിപ വചനം ഞാനും ആവർത്തിക്കുന്നു.

ഈ ലോകം മുഴുവൻ പരിഹസിച്ചാലും, എതിർത്താലും, തകർത്താലും, അപമാനിച്ചാലും, ഭീകരദുരിതങ്ങൾ എന്നെ വേട്ടയാടിയാലും ഞാൻ ഭയപ്പെടില്ല; കാരണം എന്റെ ആശ്രയം വിശുദ്ധ സക്രാരിയിൽ യുഗാന്ത്യംവരെ എന്നെ പൊതിഞ്ഞു സംരക്ഷിക്കുന്ന അങ്ങിലാണ്. ഇനിയും ഒരുപാട് ദൂരം ഞാൻ സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്റെ ഈശോയെ പൂർണ്ണമായും അനുഭവിച്ചറിയാൻ. ഓരോ വിശുദ്ധ ബലിക്കുമായി തിരുവസ്ത്രങ്ങൾ ധരിക്കുമ്പോൾ ഞാൻ മനസ്സിൽ ഉരുവിടുന്ന ഒരു മന്ത്രമുണ്ട്: “ഇതെന്റെ ആദ്യ ബലി, ഇതെന്റെ അന്ത്യ ബലി, ഇതെന്റെ ഏക ബലി എന്ന ബോദ്ധ്യത്തോടെ ബലിയർപ്പിക്കാൻ ബലഹീനനായ എന്നെ സഹായിക്കണേ നിത്യപുരോഹിതാ” ഇത്രമേൽ നീ എന്നെ സ്‌നേഹിച്ചിടാനായി എന്നിൽ എന്ത് യോഗ്യതയാണ് ഉള്ളത് എന്നെനിക്കറിയില്ല നല്ല ദൈവമേ എന്നാൽ ഒന്നുമാത്രം എനിക്കറിയാം ഈ ലോകത്തിൽ മറ്റാരേക്കാളും അധികമായി എന്നെ സ്നേഹിക്കുന്നത് എന്റെ സർവ്വസ്വവുമായ ഈശോയാണെന്ന്. അങ്ങയുടെ സ്നേഹം ഓരോ നിമിഷവും എന്നെ പൊതിഞ്ഞു സംരക്ഷിക്കുന്നുണ്ട്; അത് ഞാൻ അനുഭവിച്ചറിയുന്നു. ഈശോയെ ഓരോ ബലിയിലും അങ്ങയോടൊപ്പം ബലിയായി തീരാൻ എന്നേയും സഹായിക്കണേ. എന്നിലെ പാപക്കറകളെ, ബലഹീനതകളെ, തന്നിഷ്ടങ്ങളെ, കുറവുകളെ, ഞാൻ ഭാവങ്ങളെ, തിന്മയുടെ സാന്നിദ്ധ്യങ്ങളെ, നിനക്ക് ഇഷ്ടമില്ലാത്ത ചിന്തകളും, വാക്കുകളും, പ്രവർത്തികളും, ഉപേക്ഷകളും അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണമേ. എന്നെ ഒരു പുതിയ മനുഷ്യനാക്കണേ.

~ ഫാ. സാജന്‍ ജോസഫ്‌ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles