വേനലില്‍ മഞ്ഞു പെയ്ത മഞ്ഞുമാതാവിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

പൗരാണിക മരിയന്‍ വണക്കങ്ങളില്‍ പ്രസിദ്ധമാണ് മഞ്ഞുമാതാവിനോടുള്ള വണക്കം. ഇതിനു പിന്നില്‍ രസകരമായ ഒരു ഐതിഹ്യമുണ്ട്. എ ഡി 352ല്‍ റോമിലെ കുട്ടികളില്ലാത്ത ധനികരായ ദമ്പതികള്‍ക്ക് സ്വപ്‌നത്തില്‍ മാതാവ് പ്രത്യക്ഷപ്പെട്ടു. മാതാവിനോടുള്ള ആദരസൂചകമായി ഒരു ദേവാലയം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു. ദേവാലയനിര്‍മ്മാണത്തിനുള്ള സ്ഥലം മഞ്ഞാല്‍ മൂടപ്പെടുമെന്നും അറിയിച്ചു. ആഗസ്ത് 5ലെ കടുത്ത വേനലില്‍ റോമന്‍ജനത മിഴിതുറന്നത് ഒരു അത്ഭുത കാഴ്ചയിലേക്കായിരുന്നു. മഞ്ഞാല്‍ ആവരണം ചെയ്യപ്പെട്ട എസ്‌ക്വിലിന്‍ കുന്ന്. വേനലില്‍ കാണപ്പെട്ട ഈ പ്രതിഭാസത്തെ അത്ഭുതം എന്നാണ് റോമന്‍ജനത വിശേഷിപ്പിച്ചത്. ഒരു ദേവാലയത്തിന്റെ മാതൃകയില്‍ മഞ്ഞ് കുന്നിന്‍ മുകളില്‍ കാണപ്പെട്ടു.

ആറു വര്‍ഷങ്ങള്‍ക്കുശേഷം എ ഡി 358ല്‍ മാതാവിനോടുള്ള ആദരസൂചകമായി കുന്നിന്‍ മുകളില്‍ ദേവാലയം നിര്‍മ്മിക്കപ്പെട്ടു. കത്തോലിക്കാസഭയുടെ മഞ്ഞുമാതാവിന്റെ ആസ്ഥാനമായി പില്‍ക്കാലത്ത് ഈ ദേവാലയം രൂപാന്തരപ്പെട്ടു. ബസിലിക്ക ഓഫ് സെന്റ് മേരി മേജര്‍ എന്ന നാമത്തിലറിയപ്പെടുന്ന ഈ ദേവാലയത്തിന്റെ സംരക്ഷണചുമതല നിര്‍വ്വഹിക്കുന്നത് മിഷണറി ഒബ്‌ളേറ്റസ് ഓഫ് മേരി ഇമ്മാക്യുലറ്റ് സഭാംഗങ്ങളായ വൈദീകരാണ്. ഇവരുടെ സഭാസ്ഥാപകനായ വി. യൂജിന്‍ ഡി മാസനോഡ് പേട്രണസ് ആയി തിരഞ്ഞെടുത്തത് തങ്ങളുടെ മിഷണറി പ്രവര്‍ത്തനങ്ങളെ മാതൃവാത്സല്യത്തോടെ വീക്ഷിക്കുന്ന പരി. കന്യകയെയാണ്.

1941ലാണ് മദ്ധ്യപശ്ചിമേഷ്യയില്‍ മഞ്ഞുമാതാവിനോടുള്ള വണക്കം ആരംഭിച്ചത്. ഇതിനു ചുക്കാന്‍ പിടിച്ചത് മിഷണറി ഒബ്‌ളേറ്റ്‌സ് ഓഫ് മേരി സഭാംഗങ്ങളാണ്. സഭാംഗമായ പോള്‍ ഷൂള്‍ട്ടി എന്ന വൈദീകന്‍ മഞ്ഞുമാതാവിന്റെ അതീവ ഭക്തനായിരുന്നു. ആര്‍ട്ടിക്ക് സര്‍ക്കിളിന് ഉത്തരഭാഗത്തുള്ള അപരിഷ്‌കൃത സമൂഹങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇദ്ദേഹം അറിയപ്പെടുന്നത് ആര്‍ട്ടിക്കിലെ പറക്കുന്ന വൈദീകന്‍ എന്നാണ്. മഞ്ഞുമാതാവിനോടുള്ള ആദരസൂചകമായി അദ്ദേഹം ഒരു ചെറിയ ദേവാലയം നിര്‍മ്മിച്ചു. തുടര്‍ന്ന് മാതാവിന്റെ ചിത്രം വരയ്ക്കുന്നതിനായി പ്രശസ്തനായ ചിത്രകാരന്‍ ജെ വാട്ട്‌സണ്‍ ഡേവിസിനെ നിയോഗിച്ചു. തന്റെ ഔദ്യോഗിക കാലയളവില്‍ ഇല്ലിനോയിസിലെ സെമിനാരിയില്‍ വസിക്കാനെത്തിയ വൈദീകന്‍ മഞ്ഞുമാതാവിന്റെ ചിത്രം സെമിനാരിയിലെ ദേവാലയത്തില്‍ സ്ഥാപിച്ചു. അക്കാലയളവില്‍ തന്റെ സഹവൈദീകരോടൊപ്പം ജനങ്ങളുടെയിടയില്‍ മഞ്ഞുമാതാവിനോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1943 ഏപ്രിലില്‍ മഞ്ഞുമാതാവിനോടുള്ള നൊവേന ആരംഭിച്ചു. ആദ്യ ഔപചാരിക നൊവേന നടത്തപ്പെട്ടത് 1951ലാണ്. മാതാവിനോടുള്ള ഭക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. 1958 ഫെബ്രുവരിയില്‍ മിസിസിപ്പി താഴ്‌വരയ്ക്കഭിമുഖമായി പരന്നുകിടക്കുന്ന എണ്‍പത് ഏക്കര്‍ കൃഷിഭൂമിയില്‍ നാഷണല്‍ ഷ്രൈന്‍ ഓഫ് ഔര്‍ ലേഡി ഓഫ് സ്‌നോ സ്ഥാപിതമായി. നവീന ശില്പകലയുടെ അപൂര്‍വ്വ മാതൃകയായി വിളങ്ങുന്നു ഈ ദേവാലയം. ആഗസ്ത് അഞ്ച് മഞ്ഞുമാതാവിന്റെ തിരുന്നാള്‍ ദിനമായി കൊണ്ടാടുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles