നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 2/62

അദ്ധ്യായം 2
ജോസഫിന്റെ ജനനം, പരിച്ഛേദനം
(ഒന്നാം ഭാഗം)


ജോസഫിനെ പ്രസാവിക്കാനുള്ള സമയം സമാഗതമായി. റാഹേൽ തന്റെ ദൈവത്തോട് തീക്ഷ്ണമായി പ്രാർത്ഥിക്കുകയും അ സൗഭാഗ്യ ദിനത്തിനായി തന്നെത്തന്നെ ഒരുക്കുകയും ചെയ്തു. പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റേയും അവസാനം അ സുദിനം വന്നുചേർന്നു. അനുഗ്രഹീതയായ അ മാതാവ് വലിയ ക്ലേശങ്ങളൊന്നും കൂടാതെ ജോസഫിനെ പ്രസവിച്ചു. ജോസഫിന്റെ ജനനം അവന്റെ അമ്മയ്ക്കും അതുപോലെതന്നെ അ സമയത്ത് അവളെ പരിചരിച്ച മറ്റു സ്ത്രീകൾക്കും വലിയ സമാശ്വാസം പ്രദാനംചെയ്ത ഒരനുഭവമായിരുന്നു. പിറന്നുവീണ ശിശുവിന് മാലാഖയ്ക്കടുത്ത ശോഭയും പ്രസന്നതയും ഉണ്ടായിരുന്നു. നവജാത ശിശുക്കളുടെ രൂപഭാവങ്ങളും സവിശേഷതകളും ആ സമയത്ത് തിരിച്ചറിയുക സ്വാഭാവികമായും വിഷമമാണ്. എന്നാൽ ജോസഫിന്റെ കാര്യം വ്യത്യസ്തമായിരുന്നു. ദൈവത്തിന്റെ നിയോഗവും തിരഞ്ഞെടുപ്പും പ്രസ്പഷ്ടമാക്കുംവിധം ശൈശവദശയിൽത്തന്നെ ആത്മീയചൈതന്യം പ്രകടമായിരുന്നു. അവൻറെ മുഖം ദർശിക്കുന്നവരുടെ ഹൃദയത്തിൽ ആത്മീയചലനങ്ങൾ സൃഷ്ടിക്കുംവിധം അത് പ്രവർത്തനോന്മുഖവുമായിരുന്നു.

ശിശുവിന്റെ ഉന്നതപഭാവമുള്ള മുഖഭാവം ശ്രദ്ധിച്ച് മാതാ പിതാക്കൾ, അവന്റെ ജനനത്തിനു മുമ്പുതന്നെ അവരോടു പറഞ്ഞ കാര്യങ്ങൾ അനുസ്മരിക്കുകയും അവരുടെ ബോദ്ധ്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. പ്രസവാനന്തരകാര്യങ്ങൾ പൂർത്തിയായി കഴിഞ്ഞ ഉടനെ അമ്മ അവളുടെ പൊന്നോമനമകനെ വാത്സല്യപൂർവ്വം കയ്യിലെടുക്കുകയും സുരക്ഷിതവും സുഖപ്രദവുമായി അവനെ പ്രസവിക്കുവാൻ അവളെ അനുഗ്രഹിച്ച കർത്താവിനു നന്ദി പറയുകയും ചെയ്തു. അവളുടെ കടിഞ്ഞൂൽപുത്രനായ മകനെ ദൈവത്തിന്റെ ശുശ്രൂഷക്കായി ജറുസലേം ദേവാലയത്തിൽ വിട്ടുകൊടുത്തുകൊള്ളാമെന്ന് അവിടുത്തേക്ക് വാക്ക് കൊടുക്കുകയും ചെയ്തു. എന്നാൽ ദൈവമായ കർത്താവ് അവനെ ദൈവവചനത്തിന്റെ മാതാവായ പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ പരിശുദ്ധ കന്യാമറിയത്തിന്റെ പരിപാലകനായി മുൻകൂട്ടി നിയോഗിച്ചിരുന്നു.

അത്യുന്നത ദൈവം അവളുടെ സമർപ്പണത്തിലും പ്രാർത്ഥനകളിലും സംപ്രീതനായി. തന്റെ മകൻ ജറുസലേം ദൈവാലയത്തിൽ പുരോഹിത ശുശ്രൂഷ ചെയ്യുന്നതു കാണുവാനുള്ള അമ്മയുടെ ആഗ്രഹം കർത്താവു സഫലീകരിച്ചുച്ചുകൊടുത്തില്ലെങ്കിലും അതിനേക്കാൾ ഉന്നതവും മഹത്വപൂർണ്ണവുമായ പദവിയിലേക്കാണ് ദൈവം ജോസഫിനെ ഉയർത്തിയത്. ജോസഫിന്റെ ജനനവും ആ സമയത്ത് നടന്ന അസ്വാഭാവിക സംഭവങ്ങളും നസ്രത്തു മുഴുവൻ വലിയ വാർത്തയായിക്കഴിഞ്ഞിരുന്നു. പറുദീസയിലെ ഒരു മാലാഖയെപ്പോലെയാണ് ആ കുഞ്ഞിനെ കണ്ടാൽ തോന്നുന്നതെന്ന് ആ നാട്ടുകാർ തമ്മിൽത്തമ്മിൽ പറയാൻ തുടങ്ങി. കേട്ടവരെല്ലാം അതിൽ ആവേശഭരിതരാകുകയും ചെയ്തു. മുമ്പു തങ്ങൾക്കു പ്രത്യക്ഷപ്പെട്ട ആ മൂന്നു നക്ഷത്രങ്ങൾ അവരുടെ വസതിയുടെ മുകളിലെ ആകാശത്തു വീണ്ടും പ്രത്യക്ഷപ്പെട്ടു. അവരെ വിസ്മയിപ്പിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടെങ്കിലും താമസംവിനാ അപ്രത്യക്ഷമായി. ആ സമയത്ത് ജോസഫ് കണ്ണുകൾ തുറന്ന് സ്വർഗ്ഗത്തിലേക്കു വീക്ഷിക്കുകയും നക്ഷത്രങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്തു. തന്റെ ജനനസമയത്ത് ദൈവം ഈ ലോകത്തിനു നല്കിയ വിസ്മയകരമായ അടയാളത്തപതി ആശ്ചര്യം പ്രകടിപ്പിച്ചു.

ജോസഫ് ജന്മനാ ശാന്തനായിരുന്നു. അവന്റെ മാതാപിതാക്കൾക്ക് അത് വലിയൊരു ആശ്വാസവും അനുഗ്രഹവുമായിരുന്നു. പ്രത്യേകിച്ച് അവന്റെ അമ്മയ്ക്ക്. അവനെ വളരെ സന്തോഷത്തോടും ശ്രദ്ധയോടുംകൂടിയാണ് അവൾ വളർത്തിക്കൊണ്ടുവന്നത്. സാധാരണയായി കൊച്ചുകുട്ടികളെ മനുഷ്യർ താലോലിക്കുന്നതുപോലെ,

മറ്റുള്ളവർ ജോസഫിനെ അനാവശ്യമായി എടുക്കുന്നതും അമിതമായി താലോലിക്കുന്നതും അവൻ ഇഷ്ടപ്പെട്ടിരുന്നില്ല. അമിതമായ ലാളനയും പരിഗണനകളുമെല്ലാം ശൈശവദശയിൽത്തന്നെ ജോസഫ് വെറുത്തിരുന്നു.  അവന്റെ വിളിക്കും തെരഞ്ഞെടുപ്പിനും അനുസൃതമായ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നതിൽ കുട്ടിക്കാലം മുതലേ ജോസഫ് ശ്രദ്ധയുള്ളവനായിരുന്നു. അവന്റെ മാതാപിതാക്കന്മാരൊഴികെ മറ്റുള്ളവർ അവനുമായി കൂടുതൽ ഇടപഴകുവാനോ ഹൃദയം തുറന്ന് അവരോടു പെരുമാറുവാനോ ജോസഫ് ആരെയും അനുവദിച്ചിരുന്നില്ല. കുട്ടി അക്കാര്യത്തിൽ തല്പരനല്ലെന്നു തിരിച്ചറിഞ്ഞ മാതാപിതാക്കൾ പോലും അവനെ അമിതമായി ലാളിക്കുവാനോ അനാവശ്യമായി സ്നേഹം പ്രകടിപ്പിക്കുവാനോ തുനിഞ്ഞിരുന്നില്ല. അവനോടുള്ള എല്ലാ കാര്യത്തിലും അവർ നിയന്ത്രണം പാലിച്ചിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles