നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 9/100

തന്റെ വിശുദ്ധിയാല്‍ പിശാചിന്റെ പരീക്ഷണങ്ങളെപ്പോലും പരാജയപ്പെടുത്തിയ കുഞ്ഞുജോസഫ്‌

ജോസഫ് ഇപ്പോൾത്തന്നെ (കഷ്ടിച്ച് മൂന്നു വയസ്സ്) നല്ല ബുദ്ധിമാനാണ് എന്ന് മനസ്സിലാക്കിയ അവന്റെ മാതാപിതാക്കൾ അവനെ വായിക്കാൻ പരിശീലിപ്പിച്ചു തുടങ്ങി. അവന്റെ പിതാവാണ് അത് ഏറ്റെടുത്തത്. നിയമങ്ങളിൽ അവൻ പാണ്ഡിത്യം നേടിയിരുന്നു. കൂടാതെ, പഠിപ്പിക്കാനായി മറ്റുള്ളവരുടെ പക്കൽ ഏല്പ്പിച്ചാൽ ദൈവം അവന് നല്കിയിരിക്കുന്ന നിഷ്കളങ്കമായ ആ ആത്മാവിനെ തിരിച്ചറിയാൻ കഴിയാത്ത മനുഷ്യരുടെ ഇടപെടൽമൂലം എന്തെങ്കിലും ഹാനി സംഭവിക്കാൻ അവർ ഇടകൊടുത്തില്ല. അങ്ങനെ ജോസഫ് വായിക്കാനും എഴുതാനും പഠിക്കാൻ തുടങ്ങി. അവന്റെ പിതാവിന് ഒരു കാര്യത്തിലും അവനെ ഒരിക്കലും കുറ്റപ്പെടുത്താൻ സാധിക്കാത്ത വിധം പഠനകാര്യത്തിൽ ജോസഫ് സമർത്ഥനായിരുന്നു. തീർച്ചയായും അവന്റെ മാതാപിതാക്കൾക്ക് ഇതെല്ലാം വലിയ ആശ്വാസത്തിനും അഭിമാനത്തിനും കാരണമായിത്തീർന്നു.

വിശുദ്ധ ലിഖിതങ്ങൾ വായിക്കുന്നതിന് അവൻ വളരെവേഗം പ്രാപ്തനായിത്തീർന്നു. പ്രത്യേകിച്ചും ദാവീദിന്റെ സങ്കീർത്തനങ്ങൾ. അത് അവന്റെ പിതാവ് അവന് വിശദീകരിച്ചു കൊടുത്തു. ജോസഫിന് അതിൽ വലിയ താല്പര്യമായിരുന്നു. അതിന്റെ അർത്ഥം ഗ്രഹിക്കുന്നതിന് അവൻ നന്നായി പരിശ്രമിച്ചു. എന്നാൽ അവന്റെ അനുദിന പ്രാർത്ഥനകൾക്കു കോട്ടം വരുത്തിയതുമില്ല. അവനു ലഭിച്ച സമയമെല്ലാം ഒന്നുകിൽ പ്രാർത്ഥനയ്ക്ക് അല്ലെങ്കിൽ വായനയ്ക്ക് അതുമല്ലെങ്കിൽ അവൻ വായിച്ച കാര്യങ്ങളെക്കുറിച്ചുള്ള പരിചിന്തനത്തിന് മാറ്റിവെച്ചു. ഓരോ കാര്യവും അവൻ സമയനിഷ്ഠ വെച്ചാണ് ചെയ്തിരുന്നത്.

അവൻ വളരെ ഊർജ്ജസ്വലനായിരുന്നെങ്കിലും ഒരിക്കലും അരിശപ്പെടുകയോ അക്ഷമനാവുകയോ ചെയ്തിരുന്നില്ല. അവന്റെ മാതാപിതാക്കന്മാരുടെ അസാന്നിധ്യത്തിൽ കുടുംബാംഗങ്ങൾ അവനോട് അപമര്യാദയായി പെരുമാറുവാൻ ദൈവം അനുവദിച്ചുവെങ്കിലുംഅവൻ എപ്പോഴും പ്രസന്നവദനനും സാമാധാനപ്രിയനുമായിരുന്നു. വരുന്ന വിഷമതകളെല്ലാം ആ ചെറുബാലൻ പുഞ്ചിരിയോടുകൂടി ക്ഷമാപൂർവ്വം സ്വീകരിച്ചു. ബുദ്ധിമുട്ടുകളുടെ നടുവിൽ ക്ഷമയറ്റവനായി അവനെ കാണുവാൻ പിശാചുക്കൾ പരിശ്രമം നടത്തി. കുടുംബാംഗങ്ങളെ അവനെതിരായി ഇളക്കുവാൻ പിശാച് പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, ഈ കാര്യത്തിൽ സാത്താൻ ഒരിക്കലും വിജയിച്ചില്ല. തന്റെ ഹൃദയസമാധാനം ഭജിക്കുവാൻ ഒന്നിനും സാധിക്കാത്ത വിധത്തിൽ തന്റെ ആത്മാവിലുള്ള ദൈവസാന്നിധ്യാവബോധത്തിൽ അവൻ സദാ ആനന്ദവാനും ദൈവസ്നേഹാനുഭവത്തിൽ സദാ നിമഗ്നനും ആയിരുന്നു.

വിശുദ്ധനായ ഈ കുട്ടിയെ കാണുന്നതുതന്നെ പിശാചിനു ഭയകാരണമായി. ഒരിക്കൽ ദുഷ്ടൻ രോഷാകുലനായി ജോസഫിനെ ഗോവണിയിൽനിന്ന് തലകീഴായി മറിച്ചിട്ടു. ജോസഫിന് പുണ്യം അഭ്യസിക്കാനും തൽഫലമായി സാത്താനു കൂടുതൽ സംഭ്രാന്തിയുണ്ടാക്കുവാനുമായി ദൈവം ഇത് അനുവദിച്ചു. ആ വീഴ്ചയിൽ ജോസഫ് ദൈവസഹായം അപേക്ഷിക്കുകയും അവന് യാതൊരാപത്തും വരാതെ അത്യുന്നതൻ അവനെ കാത്തുപാലിക്കുകയും ചെയ്തു. അതിനാൽ പരാജിതനായി പിൻമാറുവാൻ പിശാച് നിർബന്ധിതനായി. ദൈവം തന്റെ മേൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയും സ്തുതിയും അർപ്പിക്കാൻ അവൻ ഇതൊരു അവസരമാക്കിമാറ്റി.

ജോസഫ് വളരെ ചെറുപ്രായത്തില്‍പോലും അവന്റെ പ്രായത്തിനടുത്ത ബാലിശമായ കാര്യങ്ങളിലൊന്നും ഒരിക്കലും ഏര്‍പ്പെട്ടിരുന്നില്ല. സമപ്രായക്കാരുമായി വിനോദങ്ങളില്‍ ഏര്‍പ്പെടുവാന്‍ അവന്‍ ഒരിക്കലും അനുവാദം ചോദിച്ചിട്ടുമില്ല. മറിച്ച് സ്വന്തം ഭവനത്തിന്റെ ഏകാന്തതയില്‍ കഴിയാനാണ് അവന്‍ ഇഷ്ടപ്പെട്ടിരുന്നത്. അവന്‍ ഒന്നുകില്‍ പ്രാര്‍ത്ഥിക്കുകയോ അല്ലെങ്കില്‍ വിശുദ്ധലിഖിതങ്ങള്‍ വായിക്കുകയോ ചെയ്തുകൊണ്ടിരുന്നു. ഒരിക്കലും സമയം വ്യര്‍ത്ഥമായി നഷ്ടപ്പെടുത്തി കളഞ്ഞില്ല. അവന്റെ മാതാപിതാക്കന്മാരെ അവന്‍ അവരുടെ മനസ്സറിഞ്ഞ് അനുസരിച്ചിരുന്നു. തന്റെ ദൈവം വസിക്കുന്ന ഇടമായ സ്വര്‍ഗ്ഗത്തിലേക്ക് ദൃഷ്ടികളുയര്‍ത്തുക എന്നതായിരുന്നു അവന്റെ വിനോദം. വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായുടെ വരവ് ത്വരിതപ്പെടുത്താനായി അപേക്ഷകളും നെടുവീര്‍പ്പുകളും ഹൃദയത്തില്‍നിന്ന് അവന്‍ ഉന്നതങ്ങിലേക്ക് ഉയര്‍ത്തിയിരുന്നു.

പൂര്‍വ്വപിതാക്കന്മാരായ അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടും അതുപോലെ ദാവീദ് ദീര്‍ഘദര്‍ശിയോടും അവന് അളവറ്റ ആദരവ് ഉണ്ടായിരുന്നു. അവരുടെ ജീവചരിത്രം പറഞ്ഞുകേള്‍പ്പിക്കുവാന്‍ അവന്‍ പിതാവിനോട് ഇടയ്ക്കിടയ്ക്ക് ആവശ്യപ്പെട്ടിരുന്നു. അവന്റെ ആഗ്രഹമനുസരിച്ച് പൂര്‍വ്വപിതാക്കന്മാരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില സംഭവങ്ങള്‍ അവന്റെ പിതാവ് വളരെ ആദരവോടെ വിവരിച്ചു കൊടുത്തിരുന്നു. ദൈവത്താല്‍ അവര്‍ എത്രമാത്രം സ്‌നേഹിക്കപ്പെട്ടിരുന്നുവെന്നും പ്രത്യേകമാംവിധം അനുഗ്രഹിക്കപ്പെട്ടവരാണെന്നും കേട്ടപ്പോള്‍ അവരെ അനുകരിക്കാന്‍ അവന് ആഗ്രഹം ജനിപ്പിച്ചു. വിശദീകരണങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചു കഴിയുമ്പോള്‍ അവന്‍ പറഞ്ഞിരുന്നു. ‘തീര്‍ച്ചയായും, ഇവരെല്ലാം ദൈവത്തിന്റെ സ്‌നേഹിതരും പ്രേമഭാജനങ്ങളുമായിരുന്നു. അവരുടെ പുണ്യജീവിതം നാം അനുകരിക്കണം.’

പരിപൂര്‍ണനാകുവാനായി അത്യുന്നതന്‍ തന്നോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്ത അബ്രഹാം എപ്പോഴും ദൈവതിരുമുമ്പില്‍ കുറ്റമറ്റവനായി വ്യാപരരിച്ചിരുന്നു. അവന്റെ പിതാവ് അതു പറയുമ്പോഴെല്ലാം തന്നാല്‍ കഴിയുന്നവിധമെല്ലാം അവരുടെ ജീവതത്തെ അനുകരിക്കണമെന്ന് അവന്‍ ദൃഢനിശ്ചയം ചെയ്യും. വാസ്തവത്തില്‍, ഏഴു വയസ്സ് ആയപ്പോഴേക്കും പൂര്‍വ്വപിതാവ് അഭ്യസിച്ചിരുന്ന എല്ലാ സുകൃതങ്ങളോടും ശരിയായ ഒരു ആഭിമുഖ്യം ജോസഫ് നേടിയെടുത്തിരുന്നു. അവന്റെ ശക്തിക്കനുസൃതമായി അവരുടെ വിശ്വാസവും പ്രത്യാശയും ദൈവഭക്തിയും സ്വജീവിതത്തില്‍ അനുകരിച്ചുകൊണ്ട് സുകൃതജീവിതത്തില്‍ അവന്‍ ഉന്നതമായ വളര്‍ച്ച നേടി, ദൈവത്തിന് കൂടുതല്‍ കൂടുതല്‍ സംപ്രീതനായിത്തീര്‍ന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles