നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 4/100

അദ്ധ്യായം 3
ജോസഫിനെ ദൈവാലയത്തിൽ കാഴ്ചവയ്ക്കുന്നു

അമ്മമാരാകുന്ന സ്ത്രീകളുടെ ശുദ്ധീകരണത്തെ സംബന്ധിച്ച് നിയമത്തിൽ പറഞ്ഞിരിക്കുന്ന സമയം പൂർത്തിയായപ്പോൾ അവർ ജോസഫിനെയുംകൊണ്ട് ജറുസലേമിലേക്ക് പുറപ്പെട്ടു. നിയമത്തിൽ അനുശാസിക്കുന്നതു പോലെ ജോസഫിന്റെ അമ്മ അവളുടെ ശുദ്ധീകരണകർമ്മത്തിനായിട്ടും തന്റെ പുത്രനെ കാഴ്ചവച്ച് അവനെ വീണ്ടെടുക്കുന്നതിനായിട്ടും ജറുസലേം ദേവാലയത്തിലേക്ക് യാത്രയായി. വീണ്ടെടുപ്പിനും ശുദ്ധീകരണത്തിനും ആവശ്യമായ കാഴ്ചവസ്തുക്കൾ അവർ ദൈവാലയത്തിൽ അർപ്പിച്ചു. ഇതുപോലൊരു ശിശുവിനെ തന്ന് അനുഗ്രഹിച്ചതിന് നന്ദിയായി സാധാരണ ആവശ്യമുളളതിൽ കൂടുതൽ കാഴ്ചകൾ അവർ ദൈവത്തിനർപ്പിച്ചു.

ആ യാത്രയിലുടനീളം ജോസഫ് വളരെ ഉല്ലാസവാനായി കാണപ്പെട്ടു. അവന്റെ ഈ സന്തോഷപ്രകൃതി മാതാപിതാക്കന്മാർ രണ്ടുപേർക്കും ആശ്വാസം പ്രദാനം ചെയ്തിരുന്നു. കുഞ്ഞുജോസഫിന്റെ ആത്മാവിൽനിന്ന് ദൈവകൃപ എങ്ങനെ പ്രസരിക്കുന്നുവെന്ന് അവർ ഗ്രഹിക്കുകയും ചെയ്തു. ഈ ശൈശവ്രപ്രായത്തിൽ ഇത്രയളവിൽ അത് പ്രത്യക്ഷമാകുന്നുവെങ്കിൽ വളർന്നുവലുതാകുമ്പോൾ എത്രയധികം പ്രകടമായിരിക്കും എന്നവർ അനുമാനിച്ചു. ദൈവത്തോട് നന്ദിയും വർദ്ധിച്ച സ്നേഹവും അവരിൽ ഉണർത്തുന്നതിന് ഇത് പ്രചോദനമായി.

ശുദ്ധീകരണകർമ്മത്തിനിടയിൽ ജോസഫിന്റെ അമ്മയ്ക്ക് തന്റെ പുത്രന് ലഭിച്ചിരിക്കുന്ന അസാധാരണ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു ആത്മീയപ്രകാശം ലഭിച്ചു. ദൈവാലയത്തിൽവച്ച് അവൾ ജോസഫിനെ പുരോഹിതന്റെ കരങ്ങളിലേല്പിച്ചു. പുരോഹിതൻ ജോസഫിനെ കരങ്ങളിലെടുത്ത് ദൈവത്തിനു സമർപ്പിച്ചപ്പോൾ, അതിസ്വാഭാവികമായ ഒരു സമാധാനവും ആനന്ദവും ആത്മാവിൽ അനുഭവപ്പെട്ടു. ഈ കുഞ്ഞ് ദൈവത്തിന് എത്രമാത്രം സംപ്രീതനാണ് എന്നൊരു ആത്മീയ ഉൾക്കാഴ്ച അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ജോസഫ് കണ്ണുകൾ തുറന്ന് സ്വർഗ്ഗത്തിലേക്കു നോക്കിക്കൊണ്ടിരുന്നു.

ദൈവത്തിന് പൂർണ്ണഹൃദയത്തോടെ തന്നെത്തന്നെ സമർപ്പിച്ചു കൊണ്ട് കുഞ്ഞുജോസഫ് പുരോഹിതനോടൊപ്പം കാഴ്ചയർപ്പണത്തിൽ പങ്കുചേർന്നു. ആഘോഷകരമായ ആ തിരുക്കർമ്മങ്ങളിൽ മുഴുവൻ ജോസഫ് ദൈവത്തിൽ ആമഗ്നനായി അവിടുത്തോട് ഐക്യപ്പെട്ടിരുന്നു. ദൈവികപ്രസാദവരം ജോസഫിൽ വർഷിച്ചതിനോടൊപ്പം ദൈവം പ്രത്യേകമായ ചില വെളിപ്പെടുത്തലുകളും അദ്ദേഹത്തിന് നല്കി. അതിനാൽ എത്രയോ ശ്രേഷ്ഠവും ഉദാത്തവുമായ ദാനങ്ങൾക്കാണ് ദൈവം സമൃദ്ധമായി തന്നെ പങ്കുചേർത്തിരിക്കുന്നത് എന്ന് അവൻ ഗ്രഹിച്ചു. തത്ഫലമായി ദൈവത്തിന് അനവരതം നന്ദിയർപ്പിച്ചു.

നിയമാനുസൃതമായ തുക നല്കി മാതാപിതാക്കന്മാർ തങ്ങളുടെ പുത്രനെ വീണ്ടെടുത്തു. ഈ കുഞ്ഞ് ദൈവത്തിന് വളരെ പ്രിയപ്പെട്ടവനാണെന്നും ഉന്നതമായ കാര്യങ്ങൾക്കായി പ്രത്യേകമാംവിധം നിയോഗിക്കപ്പെട്ടവനാണെന്നും സമർപ്പണസമയത്തു പുരോഹിതന് വെളിപ്പെടുത്തി കിട്ടിയിരുന്നു. ആയതിനാൽ മാനസികവും ആത്മീയവുമായി വളരെ കരുതലോടെ ഈ കുഞ്ഞിനെ വളർത്തിയെടുക്കണമെന്ന് ഉപദേശിച്ചുകൊണ്ട് ശിശുവിനെ അവന്റെ അമ്മയുടെ കരങ്ങളിൽ തിരിച്ചേല്പിച്ചു. അവന്റെ അനിതരസാധാരണമായ ഗുണഗണങ്ങൾമൂലം അവനോട് ബന്ധപ്പെടുവാൻ ഭാഗ്യം സിദ്ധിക്കുന്നവർക്കെല്ലാം അവൻ ആശ്വാസകേന്ദ്രമായിരിക്കും.

വാസ്തവത്തിൽ, കാലക്രമത്തിലും ഇത് അങ്ങനെതന്നെയായിരുന്നു. തന്റെ ജീവിതകാലത്ത് അവനോട് അടുത്തു ബന്ധപ്പെട്ടവർക്കു മാത്രമല്ല ജോസഫ് ആശ്വാസമായിത്തീർന്നത്. മരിക്കുന്നവരുടെ പ്രത്യേക മദ്ധ്യസ്ഥനായി ദൈവം അദ്ദേഹത്തെ നിയോഗിച്ചതിനാൽ തന്റെ ഭാവിഭക്തർക്ക് മുഴുവൻ മരണവേദനയിൽ ശക്തിയും ഫലദായകമായ ആശ്വാസകേന്ദ്രവുമായിരുന്നു അദ്ദേഹം.

ശിശുവിനെ തിരികെ ലഭിച്ചപ്പോൾ മാതാപിതാക്കന്മാർ ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ട് ദൈവത്തിന് നന്ദി പറഞ്ഞു. അവരുടെ ഹൃദയം ആനന്ദത്താൽ നിറഞ്ഞുകവിഞ്ഞു. ദൈവികദാനമായ ഒരു അമൂല്യനിധിയായി അവർ ജോസഫിനെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. ദൈവത്തിൽ പൂർണ്ണമായും ആമഗ്നനായിരുന്ന കുഞ്ഞു ജോസഫ് യാത്രയിലുടനീളം വളരെ ശാന്തനായിരുന്നു. ദൈവസ്നേഹത്തിൽ വളരുന്നതിൽ പുരോഗതി പ്രാപിക്കാനുള്ള ദൈവകൃപ തന്റെമേൽ ചൊരിഞ്ഞതിന് നന്ദിയർപ്പിച്ച് അവൻ ആനന്ദിച്ചു. താൻ സ്നേഹിക്കുന്ന എല്ലാ പുണ്യങ്ങളും അഭ്യസിക്കുന്നതിന് ഇപ്പോൾ പ്രാപ്തനല്ലെങ്കിലും അവയ്ക്കുവേണ്ടിയുള്ള ആഗ്രഹത്തിൽനിന്ന് അല്പം പോലും പിന്മാറിയില്ല. വളർച്ച പ്രാപിക്കുന്നതുവരെ അവൻ ഇങ്ങനെ ചെയ്തു; അതിനുശേഷം വളരെ പരിപൂർണ്ണമായ രീതിയിൽ അവൻ അവയെ അഭ്യസിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles