നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 3/100

അദ്ധ്യായം 2
ജോസഫിന്റെ ജനനം, പരിച്ഛേദനം
(രണ്ടാം ഭാഗം)

 വിശുദ്ധ ലിഖിതങ്ങളിലെ അനുശാസനങ്ങളും യഹൂദപാരമ്പര്യവുമനുസരിച്ച് അവന്റെ ജനനത്തിന്റെ എട്ടാം ദിവസം കുട്ടിക്ക് പരിച്ഛേദനം നടത്തുകയും ശിശുവിന് “ജോസഫ്” എന്ന പേരു നല്കുകയും ചെയ്തു. പരിച്ഛേദനകർമ്മം നടത്തിയ വേളയിൽ ആദ്യമായി അവൻ ഒന്നു കരഞ്ഞു. എങ്കിലും വേഗം ശാന്തനാകുകയും ചെയ്തു. ആ സമയത്ത് ദൈവം നിരവധിയായ കൃപകൽ അവന്റെമേൽ ചൊരിഞ്ഞു. അതിൽ ഏറ്റവും വേഗത്തിൽ പ്രകടമായതും പ്രവർത്തനക്ഷമമായതും വിവേകം എന്ന വരമാണ്. അവൻ മുൻകൂട്ടി ദൈവത്തിന്റെ സൗഹൃദത്തിലായിരുന്നതുകൊണ്ടും അവനിൽ കൃപകൾ നിറഞ്ഞുനിന്നിരുന്നതുകൊണ്ടുമാണ് ഇപ്രകാരം സംഭവിച്ചത്. എന്തെന്നാൽ ജന്മപാപത്തിന്റെ സ്വാധീനം ചെലുത്തുന്ന സാത്താന്റെ പിടിയിൽനിന്നും ദൈവം അവനെ സ്വതന്ത്രനാക്കിയിരുന്നു. അല്ലെങ്കിൽ സാത്താൻ അസൂയ നിമിത്തം ജോസഫിനെ ദൈവത്തിന്റെ മുമ്പിൽ അവിടുത്തെ അപ്രീതിക്ക് പാത്രമാക്കി മാറ്റുമെന്ന് അവിടുന്ന് അറിഞ്ഞിരുന്നു. ജോസഫ് ഏറ്റം വണക്കത്തോടെ അവന്റെ കുഞ്ഞ്ശിരസ്സ് ചലിപ്പിച്ചുകൊണ്ട് കർത്താവിനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തിരുന്നു.

എല്ലായ്പ്പോഴും ഒരു പുഞ്ചിരി അവന്റെ കുഞ്ഞുകവിൾത്തടങ്ങളിൽ കളിയാടിയിരുന്നു, അവന്റെ ഹൃദയത്തിൽ കുടികൊണ്ടിരുന്ന ആത്മാവിന്റെ സാന്നിദ്ധ്യമായിരുന്നു അവന്റെ മുഖഭാവത്തിൽ പ്രകടമായിരുന്ന ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും അടിസ്ഥാനം. ദൈവം നൽകിയ അനുഗ്രഹങ്ങളെയും കൃപകളെയും കുറിച്ച് ജോസഫ് നന്നേ ബോധവാനായിരുന്നു; അതിനെല്ലാം അവൻ ദൈവത്തിന് നന്ദി പറയുകയും പൂർണ്ണമായും തന്നെത്തന്നെ കർത്താവിനു സമർപ്പിക്കുകയും ചെയ്തിരുന്നു. കാവൽമാലാഖയ്ക്ക് പുറമേ ജോസഫിനോടു സംസാരിക്കാൻ ദൈവം ഒരു പ്രത്യേക മാലാഖയെകൂടി നിയോഗിച്ചിരുന്നു. ഇപ്രകാരം നിയുക്തനായ മാലാഖയിലൂടെ ദൈവം സ്വപ്നത്തിൽ ജോസഫിനോട് സംസാരിക്കുകയും ദൈവത്തിന് പ്രീതികരമായി വർത്തിക്കാൻ അവൻ എന്തു ചെയ്യണമെന്ന് നിർദ്ദേശം കൊടുക്കുകയും ചെയ്തിരുന്നു.

ഇത്രയും കുഞ്ഞിളം പ്രായത്തിൽത്തന്നെ ജോസഫിന് വിവേകത്തിന്റെ വരം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നു. അത് ദൈവത്തെ കൂടുതലായി അറിയുവാനും അവിടുത്തെ സ്തുതിക്കുവാനും അവന് വലിയ അനുഗ്രഹമായിത്തീർന്നു. ഇത്രയും ശൈശവദശയിൽ അവന് അനുഭവപ്പെട്ടിരുന്ന അരോചകവും അനിഷ്ടകരവുമായ എല്ലാ കാര്യത്തിനും ദൈവത്തിനു നന്ദി പറഞ്ഞു. ശീല ഉടുപ്പിച്ചിരുന്ന പ്രായത്തിൽപോലും നേരിട്ടിരുന്ന വിഷമതകൾ ദൈവത്തിനു സമർപ്പിക്കാൻ മാലാഖ അവനെ പ്രചോദിപ്പിക്കുകയും അവൻ അപ്രകാരം പ്രവർത്തിക്കുകയും ചെയ്തിരുന്നു; തന്റെമേൽ ദൈവം വർഷിക്കുന്ന കാരുണ്യത്തിന് അവൻ കർത്താവിനു നന്ദി പറയുകയും അവിടുത്തേക്ക് അവനിൽ സംപ്രീതി തോന്നുകയും ചെയ്തിരുന്നു.

തന്റെ സൃഷ്ടികളിലൂടെ ദൈവം എത്രമാത്രം ഉപദ്രവം സഹിക്കുകയും അത് അവിടുത്തെ ഹൃദയത്തെ വളരെയധികം വേദനിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജോസഫ് മനസ്സിലാക്കാൻ തുടങ്ങി. അതോർത്ത് അവൻ കൂടെക്കൂടെ മൗനമായി കരയുമായിരുന്നു; എങ്കിലും തന്റെ മാതാപിതാക്കൾക്ക് അതു ദുഖകാരണമാകാതിരിക്കാൻ രഹസ്യമായിട്ടാണ് അങ്ങനെ ചെയ്തിരുന്നത്. അവൻ തന്റെ കണ്ണീരും സങ്കടങ്ങളും കർത്താവിനു സമർപ്പിക്കുകയും അതുവഴി വലിയ കൃപ ദൈവത്തിൽനിന്ന് സ്വായത്തമാക്കുകയും ചെയ്തിരുന്നു. കാരുണ്യവാനായ ദൈവം ജോസഫിന്റെ സമർപ്പണത്തിൽ സദാ സംപ്രീതനായിരുന്നു.

അവന്റെ അമ്മ അവനെ ഉടുപ്പിച്ചിരുന്ന പിള്ളക്കച്ചകൾ മാറ്റാൻ വരുമ്പോൾ ജോസഫ് കണ്ണുകൾ അടയ്ക്കുകയും അവന്റെ മുഖം ചുമന്നു തുടുക്കുകയും ചെയ്യുമായിരുന്നു. തന്റെ നഗ്നത പുറത്തു കാണിക്കുന്നതിലുള്ള വിഷമങ്ങൾ ബാല്യത്തിൽതന്നെ അവൻ പ്രകടിപ്പിച്ചിരുന്നു. അതു മനസ്സിലാക്കിയ അവന്റെ അമ്മ കുട്ടിയെ വിഷമിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. ദൈവകൃപ എത്ര ശക്തവും വ്യക്തവുമായിട്ടാണ് തന്റെ കുട്ടിയിൽ പ്രവർത്തനക്ഷമമായിരിക്കുന്നത് എന്ന് അവൾ ഗ്രഹിക്കുകയും ചെയ്തു. ജോസഫിന്റെ മാതാവും വളരെ കൃപാപൂർണ്ണയും ആത്മീയവെളിച്ചമുള്ളവളുമായിരുന്നു. തന്റെ അമ്മയിൽ നിറഞ്ഞു നിന്നിരുന്ന അസാധാരണ ഭക്തിയും വിശ്വാസവും ജോസഫിനെ ഹഠാദാകർഷിച്ചിരുന്നു. അത് അവനിൽ വലിയ സന്തോഷവും ആനന്ദവും ഉളവാക്കിയിരുന്നു; തന്മൂലം ഭക്തയും സ്നേഹനിധിയുമായ തന്റെ അമ്മയോട് വലിയ ആദരവും സ്നേഹവുമാണ് അവൻ പ്രകടിപ്പിച്ചിരുന്നത്.

ഏറ്റം നല്ല മൈത്രീഭാവമായിരുന്നു ജോസഫിനുണ്ടായിരുന്നത്. സ്വഭാവിക നന്മകൾക്കു പുറമേ പ്രകൃത്യതീതമായ കൃപകളും അവനിൽ പരിലസിച്ചിരുന്നു. ആത്മീയവും ശാരീരികവുമായി അവൻ നല്ല നിലയിൽ പരിപോഷിപ്പിക്കപ്പെടുകയും പക്വത പ്രാപിക്കുകയും ചെയ്തിരുന്നു. ദൈവത്തിന്റെ കാരുണ്യത്താലും അവിടുത്തെ മഹത്തായ ഔദാര്യത്താലും അവന്റെ അമ്മ വളരെ ആരോഗ്യവതിയായ ഒരു സ്ത്രീയായിരുന്നു. അതിനാൽ ജോസഫിന് അമ്മയിൽ നിന്നു നല്ല പോഷണവും പരിചരണവും ലഭിക്കുകയും ആരോഗ്യവാനായി വളർന്നുവരികയും ചെയ്തു. ദൈവത്തിന്റെ പ്രത്യേക പരിപാലനയിലും കാരുണ്യത്തിലുമാണ് അവന്റെ ആത്മാവു വളർന്നുവന്നത്. പിതാവായ ദൈവം തന്റെ സ്വന്തം ഹൃദയംപോലെയാണ് ജോസഫിന്റെ അന്തരംഗത്തിനു രൂപംനൽകിയത്. അവിടുത്തെ ആത്മാവിൽത്തന്നെയാണ് ജോസഫിന്റെ ആത്മാവിനും അസ്തിത്വം നൽകിയതും. കാരണം ദൈവവചനത്തിന്റെ മാതാവിന്റെ മണവാളനായി അവനെ അവിടുന്ന് ഒരുക്കുകയായിരുന്നു. ദൈവത്തിൽനിന്നു തനിക്കു ലഭിച്ചിരിക്കുന്ന ഉന്നതമായ ദാനങ്ങളെക്കുറിച്ച് ജോസഫിനു നല്ല അവബോധമുണ്ടായിരുന്നു. നന്ദിപൂർവ്വം ദൈവസന്നിധിയിൽ അവൻ അത് അനുസ്മരിക്കുകയും ചെയ്തിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles