യൗസേപ്പിതാവ് ഒരു ആത്മസുഹൃത്തിനുവേണ്ടി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. യൗസേപ്പിതാവിന് ലഭിച്ചതോ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 13/100

വാസ്തവത്തിൽ അന്ന് മാലാഖയിലൂടെ വെളിപ്പെടുത്തിയ നിഗൂഢസന്ദേശത്തിൽ മനുഷ്യാവതാരം ചെയ്യാനിരിക്കുന്ന രക്ഷകന്റെ വരവിനേക്കുറിച്ചും അവനെ ഉദരത്തിൽ വഹിക്കാനിരിക്കുന്ന കന്യകയെ ജോസഫിന്റെ മണവാട്ടിയായി കർത്താവു നിശ്ചയിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള മഹത്തായ വാഗ്ദാനങ്ങളാണ് ഉൾക്കൊണ്ടിരുന്നത്. എങ്കിലും അപ്രകാരം സംഭവിക്കുന്നതുവരെ ആ രഹസ്യം ജോസഫിൽനിന്നു ദൈവം മറച്ചുവച്ചിരുന്നു. മറിയവുമായുള്ള വിവാഹശേഷവും ഒരു നിശ്ചിതകാലത്തേക്ക് മിശിഹായുടെ മനുഷ്യാവതാരരഹസ്യം ജോസഫിൽനിന്നു ദൈവം രഹസ്യമാക്കിവച്ചിരുന്നു.

പ്രത്യേകമായ ഈ ദാനങ്ങൾക്കുവേണ്ടിയുള്ള അനുസൃതമായ തന്റെ അപേക്ഷകളുടെ നിമിഷങ്ങളിൽ ജോസഫ് വളരെയധികം സ്വർഗ്ഗീയസമാശ്വാസം അനുഭവിച്ചിരുന്നു. ഒരിക്കൽ തീക്ഷണമായ പ്രാർത്ഥനയിൽ എല്ലാം മറന്നു കർത്താവിന്റെ ആത്മാവിൽ ലയിച്ചിരിക്കുമ്പോൾ ലോകരക്ഷകൻ മനുഷ്യശരീരം ധരിച്ച് മനുഷ്യവംശത്തിനിടയിൽ കൃപാപൂർണ്ണമായൊരു ജീവിതം നയിക്കാൻ കടന്നുവരുമെന്ന് ജോസഫിനു കർത്താവു വെളിപ്പെടുത്തി. എല്ലാ സുകൃതങ്ങളും വലിയ അത്ഭുതത്തിന് കാരണമാകുമെങ്കിലും രക്ഷകന്റെ എളിമയും കുലീനത്വവും ഏറ്റം പ്രൗഢിയോടെ പ്രശോഭിക്കുന്നതായി ജോസഫ് ദർശിച്ചു. ഈ രണ്ടു സുകൃതങ്ങളും സ്വയം അഭ്യസിക്കുവാനും സ്വായത്തമാക്കുവാനും തീക്ഷണമായി അഭിലഷിച്ചു. അതിനുവേണ്ടി തന്റെ സർവ്വശക്തിയും ശ്രദ്ധയും അർപ്പിക്കുന്നതിൽനിന്ന് അവൻ പിൻതിരിഞ്ഞില്ല. അതുവഴി അവനു ലഭിച്ച ആത്മീയനിറവ് വളരെ ശ്രദ്ധേയമായിരുന്നു. അത് ദൈവത്തിന് വളരെ പ്രീതികരമായതിനാൽ അവ അഭ്യസിക്കുവാൻ മറ്റ് കുടുംബാംഗങ്ങളെയും അവൻ ഉദ്ബോധിപ്പിച്ചിരുന്നു.

പെസഹാതിരുനാളിന് മാതാപിതാക്കളോടൊപ്പം ജോസഫ് ജറുസലേം ദേവാലയത്തിൽ പോയിരുന്നു. പെരുന്നാൾക്കാലം ആഗതമാകുമ്പോൾ ജോസഫ് സാധാരണയിൽ കവിഞ്ഞ് സന്തോഷവാനായിരുന്നു. മാലാഖ അവനെ പഠിപ്പിച്ചിരുന്നതുപോലെ ഇതിന്റെ ആഘോഷങ്ങൾക്കായി ഉപവാസവും പ്രാർത്ഥനയുംവഴി അവൻ തന്നെത്തന്നെ ഒരുക്കിയിരുന്നു. ജോസഫ് മണിക്കൂറുകൾ മുട്ടിന്മേൽ നിന്നു പ്രാർത്ഥിച്ചിരുന്നു. ഇപ്രകാരം പ്രാർത്ഥിക്കുന്ന ജോസഫിനെ കണ്ടവരെല്ലാം ചെറുപ്രായത്തിൽത്തന്നെ അവൻ പ്രാർത്ഥനാചൈതന്യം പ്രകടിപ്പിക്കുന്നല്ലോ എന്നോർത്ത് ആശ്ചര്യപ്പെട്ടിരുന്നു.

പ്രാർത്ഥനാവസരങ്ങളിൽ ദൈവത്തിൽനിന്ന് വളരെയധികം ആത്മീയപ്രകാശം അവന് സിദ്ധിച്ചിരുന്നു. സ്വർഗ്ഗീയജറുസലേമിന്റെ ആനന്ദം അവൻ അനുഭവിച്ചിരുന്നു. എല്ലാ ആത്മാക്കളും വീണ്ടെടുക്കപ്പെടുന്നതിനും നിത്യസൗഭാഗ്യത്തിൽ പ്രവേശിക്കുന്നതിനും വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ വേഗം അയയ്ക്കണമെന്ന് പ്രാർത്ഥിക്കുവാൻ ഇതവനെ പ്രേരിപ്പിച്ചു. തന്റെ ദാസന്റെ ഈ അർത്ഥനയിൽ അത്യുന്നതനായ ദൈവം വളരെ സംപ്രീതനായി.

ദാനധർമ്മം നൽകുന്നതിനായി ജോസഫിന്റെ പിതാവ് നല്ലൊരു തുക മാറ്റിവയ്ക്കുക പതിവായിരുന്നു. സാധുക്കളെ സഹായിക്കുന്നതിലുള്ള തന്റെ മകന്റെ പ്രത്യേക താൽപര്യം നന്നായി മനസ്സിലാക്കിയിരുന്നതുകൊണ്ട് ആ തുക വിനിയോഗിക്കുന്നതിനായി പിതാവ് ജോസഫിനെയാണ് ഏൽപ്പിച്ചിരുന്നത്. വളരെ സന്തോഷത്തോടും സൗഹൃദമനോഭാവത്തോടുംകൂടെയാണ് ജോസഫ് ആ കൃത്യം നിർവഹിച്ചിരുന്നത്. ധാനം നൽകുന്നതിനുള്ള ജോസഫിന്റെ ഉദ്ദേശ്യശുദ്ധി വളരെ നിർമ്മലമായിരുന്നു. തന്മൂലം ജോസഫിൽ നിന്ന് സഹായം സ്വീകരിക്കുമ്പോൾ അനുഭവിച്ചിരുന്ന ആനന്ദം ദരിദ്രർ മറ്റൊരു അവസരത്തിലും അനുഭവിച്ചിരുന്നില്ല. അതോടൊപ്പം തന്നെത്തന്നെ ദൈവത്തിന് അവൻ പൂർണമായും ബലിയായി സമർപ്പിച്ചിരുന്നു. 

ദൈവാലയത്തിൽ കൂടുതൽ സമയവും പ്രാർത്ഥിക്കുവാൻ വേണ്ടി ജറുസലേമിൽ തന്നെ ആയിരിക്കുവാൻ ജോസഫ് അതിനായി അഭിലഷിച്ചിരുന്നു. തങ്ങളുടെ മകന്റെ ആഗ്രഹം അറിയാമായിരുന്ന മാതാപിതാക്കൾ അവന്റെ സന്തോഷത്തിനുവേണ്ടി വിശുദ്ധനഗരത്തിൽ കൂടുതൽ സമയം ആയിരിക്കുവാൻ ശ്രമിച്ചിരുന്നു. ജെറുസലേമിലെ വാസക്കാലത്ത് ഭക്ഷണത്തിനും വിശ്രമത്തിനും സമയം കഴിച്ചാൽ ബാക്കി മുഴുവൻ സമയവും അവൻ ദൈവാലയത്തിൽ ഉള്ളിൽ പ്രാർത്ഥനയ്ക്കായി വിനിയോഗിച്ചിരുന്നു. അവന്റെ എല്ലാ ഹൃദയാഭിലാഷങ്ങളും ആ സമയത്ത് അവൻ ദൈവതിരുമുമ്പിൽ ഉണർത്തിച്ചിരുന്നു.

ദൈവാലയത്തിൽ കൂടെക്കൂടെ വന്ന പ്രാർത്ഥിക്കുന്നതാണെന്നും തന്റെ മാതാപിതാക്കന്മാരുടെ മരണശേഷം അതിനുവേണ്ടി ജെറുസലേമിൽ വന്നു സ്ഥിരതാമസമാക്കുന്നതാണെന്നും അവൻ ദൈവത്തോട് വാഗ്ദാനം ചെയ്തു. ദൈവം ആ തീരുമാനം സ്വീകരിക്കുക മാത്രമല്ല, അവിടുത്തെ നിശ്ചയപ്രകാരമുള്ള സമയത്ത് അത് പൂർത്തീകരിക്കാനുള്ള കൃപയും അവന് നൽകി. സമപ്രായക്കാരായ മറ്റു കുട്ടികളെപ്പോലെ പട്ടണത്തിലെ അപൂർവ്വ കാഴ്ചകൾ കാണാനായി ജോസഫ് അലഞ്ഞുതിരിഞ്ഞു നടന്നില്ല. കൂട്ടുകൂടാൻ ആരെയും അവൻ അന്വേഷിച്ചതുമില്ല.

ദൈവാലയത്തിൽ ശുശ്രൂഷ ചെയ്യുന്നവരെ വളരെ ഉന്നതമായി കാണുകയും അവരോട് വളരെയധികം ആദരവ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ പുരോഹിതന്മാർക്ക് അവനെ വളരെയധികം ഇഷ്ടമായിരുന്നു. അവന്റെ ഹൃദയപരമാർത്ഥതയും ദാനധർമ്മം ചെയ്യുന്നതിനുള്ള ഉദാരമനസ്ഥിതിയും മനസ്സിലാക്കിയിരുന്നതിനാൽ പുരോഹിതന്മാർ എല്ലാവരും ജോസഫിനോട് വളരെ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

അതിനാൽ ജോസഫ് ഈവക കാര്യങ്ങളെല്ലാം പൂർണമായി അവഗണിച്ച് ദൈവത്തെ സ്നേഹിക്കുന്നതിലും അവിടുത്തെ മാത്രം പ്രീതിപ്പെടുത്തുന്നതിലും ശ്രദ്ധ പതിപ്പിച്ചു. ഒരു ദിവസം അസാധാരണ  തീക്ഷ്ണതയോടെ ദൈവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, തന്റെ അപേക്ഷകളെല്ലാം സാധിച്ചുതരുമെന്നും അവയെല്ലാം ദൈവത്തിന് വളരെയേറെ സംപ്രീതിജനകമാണെന്നും പ്രത്യുത്തരം ലഭിക്കുന്ന ഒരു ദൈവീകസ്വരം അവൻ ഉള്ളിൽ ശ്രവിച്ചു. ദൈവം അവിടുത്തെ ഉന്നതമായ സ്നേഹം അവന് വാഗ്ദാനം ചെയ്യുകയും അതിനനുസരിച്ച് ജീവിക്കാൻ അവനെ ക്ഷണിക്കുകയും ചെയ്തു. 

ദൈവസ്വരം ശ്രവിച്ച ജോസഫിന്റെ ഹൃദയം പരമാനന്ദത്തിന്റെ പരമകോടിയിലെത്തി, അവൻ പൂർണ്ണമായും ദൈവത്തിൽ ലയിച്ച് മണിക്കുറുകളോളം നിശ്ചലനായിത്തീർന്നിരുന്നു. അവൻ നിശ്ചലനായി ദൈവികാനന്ദത്തിൽ മുഴുകി അവിടുത്തെ അതുല്യമായ മാധുര്യം ആസ്വദിക്കുകയായിരുന്നു. അവൻ ദൈവസ്നേഹത്താൽ കൂടുതൽ ഉജ്ജ്വലിക്കുകയും പ്രകാശിക്കുകയും ചെയ്തു. ദൈവത്തെക്കുറിച്ചും അവിടുത്തെ രഹസ്യങ്ങളെക്കുറിച്ചുമല്ലാതെ മറ്റൊന്നും സംസാരിക്കുന്നത് കേൾക്കുവാൻ അവൻ ഇഷ്ടപ്പെട്ടില്ല. സമാനചിന്താഗതിയുള്ള,

എല്ലാം തുറന്ന് സംസാരിക്കുവാൻ സാധിക്കുന്ന ഒരു ആത്മസുഹൃത്തിനെ ലഭിച്ചിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു. എന്നാൽ അങ്ങനെ ഒരാളെ കണ്ടെത്തുവാൻ സാധിക്കാത്തതുകൊണ്ട് ഒരാളെ അയച്ചുതരുവാൻ അവൻ ദൈവത്തോട് പ്രാർത്ഥിച്ചു.

ഒരവസരത്തിൽ ഇതേ നിയോഗത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അവൻ ആഗ്രഹിക്കുന്നതിലും ഉപരിയായുള്ള ഒരാളെ ഭാവിയിൽ അവന് ലഭിക്കുമെന്ന ഒരു ആന്തരികസ്വരം അവൻ ശ്രവിച്ചു. മനുഷ്യാവതാരം ചെയ്ത വചനത്തിന്റെയും അവിടുത്തെ പരിശുദ്ധ അമ്മയുടെയും സന്തതസഹചാരിയും പരിപാലകനും ആശ്വാസവുമായി ജോസഫ് നിശ്ചയിക്കപ്പെട്ടിരുന്നു. അതിനാൽ അവൻ ശ്രവിച്ച ശബ്ദം കാലാന്തരത്തിൽ യാഥാർത്ഥ്യമായിത്തീരുകയും ചെയ്തു. അവൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിനേക്കാൾ തീർച്ചയായും വളരെ ഉന്നതമായിട്ടായിരുന്നു ദൈവം പ്രവർത്തിച്ചത്.

ദൈവം നല്കിയ വാഗ്ദാനത്തിൽ ജോസഫ് വളരെ സന്തോഷഭരിതനായി; അതിനുവേണ്ടി ഇടതടവില്ലാതെ പ്രാർത്ഥിക്കുകയും അത് എത്രയും വേഗം ഫലമണിയുന്നതിനായി തീക്ഷണതയോടെ കാത്തിരിക്കുകയും ചെയ്തു. ദൈവകരുണയ്ക്ക് താൻ എത്രമാത്രം പാത്രീഭൂതനാണെന്നും ദൈവം തന്നെ എത്രയധികം അനുഗ്രഹിച്ചിരിക്കുന്നുവെന്നും വ്യക്തമായി മനസ്സിലാക്കിയ ജോസഫ് അതിനനുസൃതമായി ദൈവസന്നിധിയിൽ സ്വയം സമർപ്പിക്കുകയും എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുകയും ചെയ്തു. 

നസ്രത്തിൽ തിരിച്ചെത്തിയതിനുശേഷം ദൈവാലയത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും അവിടെ വസിക്കുന്നവരുടെ വിശിഷ്ടഭാഗ്യത്തെക്കുറിച്ചും സംസാരിക്കുന്നതിനു മാത്രമേ അവന് താല്പര്യമുണ്ടായിരുന്നുള്ളു. അവന്റെ സംസാരം എപ്പോഴും ദൈവിക കാര്യങ്ങളെക്കുറിച്ചായിരുന്നു. സ്വർഗ്ഗീയ ജറുസലേമിനേക്കുറിച്ച് അവൻ ഇങ്ങനെ പറഞ്ഞിരുന്നു. “ഭൂമിയിലെ ജറുസലേം ദൈവാലയത്തിൽ വസിക്കുന്നത് ഇത്രമാത്രം ആനന്ദദായകമാണെങ്കിൽ വിശുദ്ധ സ്വർഗ്ഗത്തിൽ ദൈവത്തോടുകൂടെ വസിക്കുന്നവരുടെ ആനന്ദവും സമാശ്വാസവും എത്രമാത്രം മഹത്തരമായിരിക്കും! അതിന്റെ മനോഹാരിത എത്ര വിശിഷ്ടമായിരിക്കും! ഓ എത്രയും വേഗം വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ അയയ്ക്കുവാൻ തിരുമനസ്സാകണമേയെന്ന് നമുക്ക് ദൈവത്തോട് യാചിക്കാം. അങ്ങനെ അവിടുന്നുവഴി നമ്മൾക്കും മരണാനന്തരം സ്വർഗ്ഗത്തിൽ പ്രവേശിക്കാനും അവിടെ നിത്യാനന്ദത്തിൽ വസിക്കാനും യോഗ്യത ലഭിക്കുമല്ലോ!” 

ജോസഫിന്റെ വാക്കുകൾ അവന്റെ മാതാപിതാക്കന്മാരിലും രക്ഷകന്റെ വരവിനുവേണ്ടിയുള്ള തീക്ഷ്ണമായ ആഗ്രഹം ഉജ്ജ്വലിപ്പിച്ചു. അവർ അതിനായി ദൈവത്തോട് മുട്ടിപ്പായി പ്രാർഥിക്കുവാൻ തുടങ്ങി. ജോസഫ് സ്വന്തം മാതാപിതാക്കന്മാരോട് മാത്രമല്ല, അവൻ കണ്ടുമുട്ടിയ എല്ലാവരോടും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അവൻ അവരോടു പറഞ്ഞു. “പ്രാർത്ഥിക്കുക, അങ്ങനെ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ പെട്ടന്ന് അയയ്‌ക്കുവാൻ ദൈവം കനിവാകട്ടെ. രക്ഷകനെ നമ്മുടെ മധ്യേ ദർശിക്കാൻ നമ്മൾ അർഹരായിത്തീരുക എത്ര മഹത്തായ ഭാഗ്യമാണ്! ഓ അത് എത്ര ഉന്നതമായ ആനന്ദമായിരിക്കും നമുക്ക് പ്രധാനം ചെയ്യുക! തീർച്ചയായും സേവിക്കുവാനും അവനെ ആദരിക്കുവാനും എനിക്കുള്ളതെല്ലാം ഞാൻ പരിത്യജിക്കും.”

ഒരിക്കല്‍ അവന്റെ അമ്മ അവനോടു ചോദിച്ചു: ‘എന്റെ മകനേ, രക്ഷകനെ സ്വന്തം കണ്ണുകള്‍കൊണ്ട് കാണുവാനുള്ള വിശേഷഭാഗ്യം നിനക്ക് ലഭിക്കുകയാണെങ്കില്‍ നീ എന്തു ചെയ്യും?’ സ്വര്‍ഗ്ഗത്തിലേക്ക് കൈകളുയര്‍ത്തി അവന്‍ ഉത്തരം നല്കി. ‘ഞാന്‍ എന്തുചെയ്യുമെന്നോ? അവിടുത്തെ എപ്പോഴും സേവിക്കാനായി ഞാന്‍ എന്നെത്തന്നെ സമ്പൂര്‍ണ്ണമായും അവിടുത്തേക്ക് കാഴ്ചവയ്ക്കും. ഒരിക്കലും ഞാന്‍ അവനെ പിരിയുകയില്ല.’ അവന്റെ അമ്മ തുടര്‍ന്നു ചോദിച്ചു. ‘അങ്ങനെയുള്ള സേവനം വളരെ ക്ലേശഭൂയിഷ്ഠമാണെന്ന് നിനക്കറിയാമോ?’ ഉടനടി മറുപടി വന്നു: ‘അങ്ങനെയുള്ള ക്ലേശങ്ങള്‍ സഹിക്കുന്നതിനു മാത്രമല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ആ സേവനത്തിനായി എന്റെ ജീവന്‍ തന്നെ ബലികഴിക്കേണ്ടിവന്നാലും അതു വലിയ ഭാഗ്യമായി ഞാന്‍ കരുതും.’ ഇതായിരുന്നു ജോസഫിന്റെ മറുപടി. അമ്മ വീണ്ടും ചോദിച്ചു, ‘രക്ഷകന്‍ നിന്നെ സേവനത്തിനായി എടുക്കുന്ന കാര്യം പരിഗണിക്കുമോ എന്നാ ആര്‍ക്കറിയാം?’

“ഓ ഞാനിതിന് ഒട്ടും യോഗ്യനല്ല എന്നത് പരമാർത്ഥമാണ്.” എന്നെ സേവനത്തിൽ സ്വീകരിക്കുവാൻ ദയ തോന്നുന്നവരെ ഞാൻ അവിടുത്തോടു യാചിച്ചുകൊണ്ടിരിക്കും. ദൈവം അനന്തനന്മയായിരിക്കുന്നതുപോലെ രക്ഷകനും അങ്ങനെതന്നെയായിരിക്കുമല്ലോ. ദൈവം എന്റെ പ്രാർത്ഥനകളും യാചനകളും സ്വീകരിക്കുന്നതുപോലെ രക്ഷകനും എന്റെ സേവനം സ്വീകരിക്കും.” ജോസഫ് വ്യക്തമായി മറുപടി പറഞ്ഞു. അവന്റെ അമ്മ അവനെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: “കൊളളാം, എന്റെ മകനേ, അങ്ങനെയെങ്കിൽ രക്ഷകനെ അയയ്ക്കുന്ന സമയം ത്വരിതപ്പെടുത്തണമെന്നുള്ള നിന്റെ അപേക്ഷകൾ ഒരിക്കലും ഉപേക്ഷിക്കരുത്. ദൈവം നിന്റെ പ്രാർത്ഥന കേൾക്കുമെന്നും നിന്റെ ആഗ്രഹങ്ങൾ സാധിച്ചുതരുമെന്നും എനിക്ക് പ്രതീക്ഷയുണ്ട്. അങ്ങനെ നിന്റെ അഭിലാഷങ്ങൾ പൂർത്തീകരിച്ച് നിനക്ക് ആനന്ദമരുളുകതന്നെ ചെയ്യും.” സ്വർഗ്ഗത്തിലേക്ക് കൈകളുയർത്തി ജോസഫ് ഉറക്കെ പ്രാർത്ഥിച്ചു. “ഓ എന്റെ ദൈവമേ, ഇതെല്ലാം സംഭവിക്കുവാൻ എനിക്കിടയാക്കണമേ. എങ്കിൽ എന്നെക്കാളും സന്തോഷവാനും സംതൃപ്തനുമായി ആരെങ്കിലും കാണുമോ!”

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles