നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 12/100

പുണ്യങ്ങളിലുള്ള അഭിവൃദ്ധിയും ദൈവാനുഗ്രഹവും

മുമ്പു സൂചിപ്പിച്ചതുപോലെ ഏഴു വയസ്സായപ്പോഴേക്കും ജോസഫ് അതിസ്വാഭാവികമായ ബുദ്ധിസാമർത്ഥ്യം ആർജ്ജിച്ചുകഴിഞ്ഞിരുന്നു. അവൻ വളരെ ഗൗരവഭാവത്തിലാണ് സംസാരിച്ചിരുന്നത്. അവന്റെ ഓരോ ചലനത്തിനും അതിൽത്തന്നെ പക്വതയാർന്ന ഒരു  ഭാവമുണ്ടായിരുന്നു. അതിനാൽ തന്റെ പുത്രൻ എന്നതിനേക്കാളുപരി അവനിൽ ഒരു നല്ല ഉപദേശകനെയാണ് അവന്റെ പിതാവിന് കണ്ടത്താൻ കഴിഞ്ഞിരുന്നത്. ദൈവികപ്രകാശത്താൽ നിറഞ്ഞ ജോസഫിൽ നിന്നു സ്വീകരിച്ച ഉപദേശങ്ങളാണ് അദ്ദേഹത്തിന്റെ എല്ലാ വിജയങ്ങൾക്കും നിദാനമായിത്തീർന്നത് എന്നു പറയാം. ജോസഫിന് അവന്റെ തീരുമാനങ്ങളിൽ ഒരിക്കലും തെറ്റു പറ്റിയിരുന്നില്ല. കാരണം എല്ലാ കാര്യങ്ങളെ സംബന്ധിച്ചും പ്രാർത്ഥിച്ച് ദൈവത്തോട് അവൻ ആദ്യം ആലോചന ചോദിച്ചിരുന്നു. അവന്റെ മാതാപിതാക്കന്മാർ ആദ്യം അവനോട് ആലോചിക്കാതെ ഒരു കാര്യവും ചെയ്തിരുന്നില്ല. ജോസഫ് പറയുന്ന കാര്യങ്ങൾ കൃത്യമായി സംഭവിക്കുമെന്ന് അനുഭവത്തിൽ നിന്ന് അവർ പഠിച്ചിരുന്നു. 

എങ്കിലും ജോസഫിന്റെ സ്വഭാവം വളരെ എളിമയും വിധേയത്വവുമുള്ളതായിരുന്നു. അവന്റെ മാതാപിതാക്കന്മാർ അതിൽ അതിശയിച്ചിരുന്നു. അവൻ സാധാരണഭാവത്തിൽ അഭിപ്രായങ്ങൾ പറഞ്ഞശേഷം ഇങ്ങനെ കൂട്ടിച്ചേർത്തിരുന്നു “എന്റെ അഭിപ്രായത്തിൽ അതാണു ശരി എന്നു തോന്നുന്നു. ഏറ്റവും നന്മയായ കാര്യമാണ് ചെയ്യേണ്ടത്. അതിനാൽ നിങ്ങൾ കൂടുതൽ പര്യാലോചന നടത്തുക. എന്നിട്ട് ദൈവത്തിന് കൂടുതൽ പ്രീതികരവും നിങ്ങൾക്ക് നന്മയുമായി തോന്നുന്ന കാര്യം ചെയ്യുക.” ദൈവത്തിന് ഏറ്റവും കൂടുതൽ പ്രീതിജനകമായി പ്രവർത്തിക്കുവാൻ തന്റെ മാതാപിതാക്കന്മാർക്ക് പ്രകാശം ലഭിക്കുന്നതിന് അവൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു. അവൻ ഒരിക്കലും തന്നിൽത്തന്നെ ആശ്രയിച്ചിരുന്നില്ല. ദൈവതിരുമുമ്പിൽ തന്നെത്തന്നെ അങ്ങേയറ്റം എളിമപ്പെടുത്തിക്കൊണ്ട് വളരെ താഴ്മയോടെയാണു വർത്തിച്ചിരുന്നത്. സ്വന്തം മാതാപിതാക്കൾ തന്നോട് ഉപദേശം ചോദിക്കുന്നതിൽ അവനു ദുഃഖമുണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും ദൈവം മഹത്ത്വപ്പെടണമെന്ന ഏക ഉദ്ദേശ്യത്തോടെയാണ് അവൻ സംസാരിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതും.

ജോസഫിന് കൃപയും ആത്മീയപ്രകാശവും നല്‌കി പരിപാലിക്കുന്നതിൽനിന്നു ദൈവം ഒരിക്കലും പിന്മാറിയിരുന്നില്ല. പ്രാർത്ഥനയിലൂടെയും മാലാഖയുടെ സഹായത്താലുമാണ് ജോസഫ് ഈ ആന്തരികപ്രകാശം സ്വീകരിച്ചിരുന്നത്. ജോസഫ് വളർച്ച പ്രാപിക്കുന്നതനുസരിച്ച് മാലാഖ വളരെ ഗൗരവത്തിലാണ് സംസാരിച്ചിരുന്നത്. കാരണം ദൈവം ധാരാളമായി ചൊരിഞ്ഞിരുന്ന ആത്മീയപ്രകാശത്തിന്റെ ചൈതന്യത്തിൽ വിശുദ്ധലിഖിതങ്ങൾ വായിച്ച് അവൻ അറിവു നേടിയിരുന്നു.

ഒരു രാത്രിയിൽ മാലാഖ പ്രത്യക്ഷപ്പെട്ട്, ആജീവനാന്തം ബ്രഹ്മചര്യം പാലിക്കുവാനുള്ള ജോസഫിന്റെ തീരുമാനത്തിൽ ദൈവം അങ്ങേയറ്റും സംപ്രീതനാണെന്നും അവിടുത്തെ പ്രത്യേകമായ സഹായവും അനുഗ്രഹവും അതിന് അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്നുവെന്നും അവനെ അറിയിച്ചു. പിന്നീട് അനുപമവും മനോഹരവുമായ ഒരു അരപ്പട്ട അവനെ കാണിച്ചിട്ട് മാലാഖ പറഞ്ഞു: “നിന്റെ തീരുമാനത്തിന്മേലുള്ള ദൈവത്തിന്റെ അംഗീകാരമുദ്രയായി ഇത് സമ്മാനിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. നിന്റെ വിശുദ്ധിയുടെ തേജസ്സിനു മങ്ങലേല്ക്കാതെ കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ കൃപ ദൈവം നിന്റെമേൽ വർഷിക്കും. അതിന്റെ അടയാളമായി ഇത് നിന്നെ ധരിപ്പിക്കാൻ അവിടുന്നു എന്നോടു കല്പിച്ചിരിക്കുന്നു.” അതിനുശേഷം മാലാഖ ജോസഫിന്റെ അരയിൽ ആ അരപ്പട്ട കെട്ടി; ദൈവം നൽകിയ ഇൗ ഉന്നതമായ കൃപയ്ക്കും അനുഗ്രഹത്തിനും ദൈവത്തിന് കൃതജ്ഞതയർപ്പിക്കാൻ അവനെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.

ജോസഫ് നിദ്രയിൽ നിന്നുണർന്ന് തറയിൽ മുട്ടുകുത്തി ദൈവം നൽകിയ അനുഗ്രഹത്തിന് ഹൃദയപൂർവം നന്ദി പറഞ്ഞു. തന്മൂലം ശുദ്ധതയ്‌ക്കെതിരായ ഒരു പ്രലോഭനവും ജോസഫിന് നേരിടേണ്ടിവന്നില്ല. മറ്റു പലവിധത്തിലുള്ള പ്രലോഭനങ്ങളാലും പിശാച് ജോസഫിനെ ശല്യം ചെയ്തെങ്കിലും ഇൗ മേഖലയിൽ ഒരു കെണിയും ഒരുക്കുവാൻ അവന് സാധിച്ചില്ല. കാരണം അതിന് ദൈവം ഒരിക്കലും അനുവദിച്ചിരുന്നില്ല. കന്യകമാരുടെ രാജ്ഞിയുടെ കാവൽക്കാരനാകുവാൻ യോഗ്യനായി തീരേണ്ടത്തിന് ജോസഫിനെ അത്യുന്നതനായ ദൈവം പരിശുദ്ധിയുടെ പരിപൂർണ്ണതയിൽ കാത്തുസൂക്ഷിച്ചു. 

മറ്റൊരവസരത്തിൽ, വളരെ ഉന്നതവും അത്യുദാത്തവുമായ ഒരു അനുഗ്രഹം ജോസഫിന് നൽകുവാൻ ദൈവം നിശ്ചയിച്ചിരിക്കുന്നുവെന്ന് മാലാഖ അറിയിച്ചു. എന്നാൽ, നൽകപ്പെടാനിരിക്കുന്ന അനുഗ്രഹം എന്താണെന്ന് തനിക്കുപോലും അജ്ഞാതമായ രഹസ്യവും ജോസഫ് നേരിട്ട് ദൈവത്തിൽനിന്ന് അറിയേണ്ട കാര്യവുമാണെന്ന് മാലാഖ അറിയിച്ചു. അതു സാധ്യമാകുന്നതിന് നിരന്തരമായ പ്രാർത്ഥനയും സുകൃതങ്ങളും ആവശ്യമാണെന്ന് ഉപദേശിക്കുകയും ചെയ്തു. ഉന്നതമായ കൃപകളും ധാനങ്ങളും വർഷിക്കുന്നതിന് പ്രാർത്ഥനകളും യാചനകളും ആവശ്യമാണ്; അതിനാൽ ദൈവത്തോടു പ്രത്യാശാപൂർവ്വം അപേക്ഷിക്കുന്നത്  അവിടുത്തെ സംപ്രീതനാക്കുന്നു. മാലാഖയുടെ മുന്നറിയിപ്പ് ജോസഫ് വളരെ ശ്രദ്ധാപൂർവം സ്വീകരിച്ചുവെങ്കിലും അതിന്റെ രഹസ്യങ്ങൾ അറിയുവാൻ വ്യഗ്രത കാണിച്ചില്ല.

രക്ഷകന്റെ വരവിനെ ത്വരിതപ്പെടുത്തണമെന്ന പ്രാർത്ഥനയ്ക്കാണ് ജോസഫ് ഏറ്റവുമധികം പ്രാധാന്യം കൊടുത്തിരുന്നത്. അതോടൊപ്പം തനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന നിഗൂഢമായ അനുഗ്രഹം സഫലമാക്കിത്തരണമെന്നും അവൻ മുട്ടിപ്പായി പ്രാർത്ഥിച്ചിരുന്നു. അവൻ ദൈവത്തോട് മറ്റനേകം അനുഗ്രഹങ്ങൾക്കായി അപേക്ഷിച്ചിരുന്നെങ്കിലും ഇൗ രണ്ടു നിയോഗങ്ങളും തന്റെ ഹൃദയത്തോട് അവൻ ഏറ്റവും ചേർത്തുപിടിച്ചിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles