നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 10/100

മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായി സ്വയം ദരിദ്രനായി തീരുവാന്‍ പോലും സന്നദ്ധനായ
കുഞ്ഞുജോസഫ്‌

ദാവീദ് രാജാവ് ദിവസത്തിൽ ഏഴ് പ്രാവശ്യം ദൈവംത്തിന് സ്തുതികളർപ്പിച്ചിരുന്നുവെന്ന് കേട്ടപ്പോൾ അവനും അങ്ങനെ ചെയ്യുവാൻ അഭിലഷിച്ചു. രാത്രിസമയങ്ങളിൽ സഷ്ടാവായ ദൈവത്തെ സ്തുതിക്കാനായി തന്നെ വിളിച്ചുണർത്തണമെന്ന് മാലാഖയോട് അവൻ പ്രാർത്ഥിച്ചു. അനേകം ദൈവസ്തുതികളുടെ പ്രാർത്ഥനകൾ അവന് മനപാഠമായിരുന്നു. ആത്മാവിൽ അതിയായ ആനന്ദത്തോടെ രാവും പകലും ഈ പ്രാർത്ഥനകൾ അവൻ ആവർത്തിച്ച് അർപ്പിച്ചിരുന്നു. ഇതിനു പകരമായി, ദൈവം തന്റെ വൻകൃപകളും ആത്മീയപ്രകാശവും ധാരാളമായി ജോസഫിന്റെ മേൽ വർഷിച്ചിരുന്നു.

ദൈവസ്തുതിയുടെ പ്രാർത്ഥനകൾ ഉരുവിടുമ്പോൾ ജോസഫിന്റെ ഹൃദയം ദൈവസ്നേഹത്താൽ ജ്വലിച്ചിരുന്നു. അതിനാൽ രാത്രിയിൽ പോലും അവന്റെ മുറിയുടെ ജനാലകൾ അവൻ തുറന്നിട്ടിരുന്നു. ജനാലയ്ക്കരികിൽ നിൽക്കുമ്പോൾ, സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി തന്റെ അഭിലാഷം വെളിപ്പെടുത്തി ഉറക്കെ പ്രാർത്ഥിച്ചിരുന്നു. “ഓ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ സ്വന്തം കണ്ണുകൾകൊണ്ട് കാണുവാൻ കാത്തിരിക്കുന്നത് എത്ര വലിയ ആനന്ദമാണ്.

ഓ അവനെ സേവിക്കാനും അവനോടൊത്ത് സഹവസിക്കാനും ഭാഗ്യം ലഭിക്കുന്നവൻ എത്ര അനുഗൃഹീതൻ. ഓ എന്തൊരു ആനന്ദദായകവും മഹത്തരവുമാണ് അവരുടെ അവകാശം!”

ഇങ്ങനെ അഭിലഷിക്കുന്ന സമയങ്ങളിൽ ഈ ലോകകാര്യങ്ങളിലുള്ള താല്പര്യം പൂർണമായും നഷ്ടപ്പെട്ടവനാകുവാൻ തക്കവിധം ദൈവസ്നേഹത്തിൽ ആമഗ്നനായാണ് അവൻ പ്രാർത്ഥിച്ചിരുന്നത്. അതേസമയം രക്ഷകനെ സേവിക്കാനും ഏറ്റവും ശ്രേഷ്ഠമായ ബഹുമാനാദരവുകൾ അർപ്പിക്കാനുമുള്ള പരിപൂർണ്ണമായ അഭിലാഷത്തിൽ തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തിരുന്നു. തന്റെ സഹജീവികളോടുള്ള ആത്മാർത്ഥമായ സ്നേഹത്താലും ജോസഫിന്റെ ഹൃദയം നിർഭരമായിരുന്നു. എല്ലാവരെയും സഹായിക്കാനുള്ള ആഗ്രഹം അവനിൽ അങ്കുരിച്ചിരുന്നു.

അവനുവേണ്ടി എന്തെങ്കിലും സമ്പാദിച്ചുവയ്ക്കണമെന്നുള്ള ആഗ്രഹം ഉപേക്ഷിച്ച് പാവങ്ങൾക്ക് സമൃദ്ധമായി ദാനം ചെയ്യണമെന്ന് മാതാപിതാക്കന്മാരെ അവൻ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചിരുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങൾ സാധിക്കുന്നതിനുവേണ്ടി സ്വയം ദരിദ്രനായി തീരുവാൻ പോലും അവൻ സന്നദ്ധനായിരുന്നു. അവന്റെ ഈ ആഗ്രഹങ്ങളോട് ഒത്തുചേർന്ന് അവർ ധാരാളമായി സാധുക്കൾക്ക് ദാനം ചെയ്തിരുന്നു.

ജോസഫിന് ഇപ്പോൾ ഏഴു വയസ്സ് പ്രായമായി, അവന്റെ മാതാപിതാക്കന്മാർക്ക് ചെറിയ ഒരു ഇഷ്ടക്കേടിനുപോലും കാരണമാകാതെ, തന്റെ നിഷ്കളങ്കതയ്ക്ക് അല്പം പോലും മങ്ങലേല്ക്കാതെ അവൻ മുന്നേറുകയായിരുന്നു. അവന്റെ എല്ലാ പ്രവർത്തനങ്ങളും ദൈവത്തിന് അത്യന്തം പ്രീതിജനകമായിരുന്നു. ദൈവം വളരെ അത്ഭുതകരമായ രീതിയിൽ അവന്റെ ആത്മാവിൽ സന്നിവേശിപ്പിച്ചിരുന്നതുപോലെ, ശുദ്ധത എന്ന പുണ്യത്തോട് അവന് പ്രത്യേകമായ സ്നേഹമായിരുന്നു. ദൈവതിരുമുമ്പിൽ ഇത് എത്രമാത്രം അമൂല്യമാണെന്ന് അവന്റെ മാലാഖ അവനു പറഞ്ഞുകൊടുത്തിരുന്നു. അതിനാൽ അവൻ ജീവിതകാലം മുഴുവൻ ഇത് അഭംഗുരം പാലിക്കുവാൻ തീരുമാനമെടുക്കുകയും കൂടുതൽ കൂടുതൽ വളരുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles