“കൂദാശവചനങ്ങള്‍ മാറ്റുവാന്‍ ആര്‍ക്കാണ് അധികാരം?”

കൂദാശാവചനങ്ങള്‍ മാറ്റിയെഴുതുന്നവര്‍ (sacramental formula)
ചില ഭാഷാസമൂഹങ്ങള്‍ ജ്ഞാനസ്നാന തിരുക്കര്‍മ്മത്തിലെ കൂദാശവചനത്തില്‍ സ്വതന്ത്രമായി പരിഭാഷ നടത്തിക്കൊണ്ടു വരുത്തിയ തെറ്റുകളെ സംബന്ധിച്ചാണ് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലൂയി ലെദാരിയ ഫെററാണ് (Congregation for the Doctrine of Faith) തിരുത്തില്‍ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയത്. ആഗസ്റ്റ് 6-ന് പ്രസിദ്ധപ്പെടുത്തിയ തിരുത്തല്‍ വിജ്ഞാപനത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.

പരിഷ്ക്കരണം ഇപ്രകാരമാണ് : “കുട്ടിയുടെ പിതാവിന്‍റെയും മാതാവിന്‍റെയും, ജ്ഞാനസ്നാപിതാവിന്‍റെയും മാതാവിന്‍റെയും, മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും, കുടുംബാംഗങ്ങളുടെയും പേരിലും, സമൂഹത്തിന്‍റെ പേരിലും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ നിന്നെ ഞങ്ങൾ സ്നാനപ്പെടുത്തുന്നു.” ഇങ്ങനെ സ്വതന്ത്രമായി പരിഷ്ക്കരിച്ച് പ്രസിദ്ധപ്പെടുത്തിയ കൂദാശാ വചനങ്ങളുള്ള ജ്ഞാനസ്നാന തിരുക്കര്‍മ്മത്തിനുള്ള പ്രതികളാണ് വത്തിക്കാന്‍റെ ശ്രദ്ധയിൽപെട്ടത്.

പരിഭാഷക്കാരുടെ ന്യായീകരണം
കൂട്ടായ്മയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതിനും, കുടുംബത്തിന്‍റെയും ആഘോഷത്തില്‍ പങ്കുചേരുന്ന എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമാണ് കൂദാശാവചനത്തിന്‍റെ ഈ പരിഷ്‌ക്കരണം നടത്തിയിരിക്കുന്നതെന്ന് തെറ്റുവരുത്തിയവരുടെ ന്യായീകരണം. കൂടാതെ കൂദാശയുടെ പരികർമ്മിയിലേയ്ക്ക് മാത്രം ദൈവിക പ്രസാദവരത്തിന്‍റെ ഉറവ കേന്ദ്രീകരിക്കുന്നതിലൂടെ മാതാപിതാക്കളെയും മറ്റുള്ളവരെയും സമൂഹത്തെയും കൂദാശാ സ്വീകരണത്തിന്‍റെ ആത്മീയാനുഗ്രഹത്തില്‍നിന്നും ഒഴിവാക്കാതിരിക്കുവാനുമാണ് ഇപ്രകാരം ചെയതത് എന്നുകൂടെ ന്യായീകരിച്ചതായി വത്തിക്കാന്‍ ചൂണ്ടിക്കാട്ടി.

കൂദാശാവചനങ്ങള്‍ മാറ്റുവാനുള്ള പ്രലോഭനം
പാരമ്പര്യത്തിലൂടെ കൈമാറിയ കൂദാശാ വചനങ്ങൾക്ക്, അത് മാമോദീസായുടെ കാര്യത്തില്‍ മാത്രമല്ല മറ്റു കൂദാശകളുടെ കാര്യത്തിലും പകരം മറ്റൊന്ന് കണ്ടെത്തുന്ന അജപാലനപരമായ ഇത്തരം പ്രലോഭനത്തെ ദൂരീകരിക്കുവാനാണ് കൂദാശാ വചനങ്ങള വ്യക്തമായ വിവരണം വീണ്ടും വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം വിജ്‍ഞാപനത്തിലൂടെ നവമായി നല്കുന്നതെന്ന് അറിയിച്ചു.

സഭയുടെ പ്രബോധനങ്ങള്‍
ജ്ഞാനസ്നാനമെന്ന കൂദാശാ പരികർമ്മത്തെ സംബന്ധിച്ച് വിശുദ്ധ തോമസ് അക്വീനാസ് തന്നോട് തന്നെ ചോദിച്ച “ഒരേ സമയം നിരവധി പേർ ചേര്‍ന്ന് ഒരാള്‍ക്കു ജ്ഞാനസ്നാനം നൽകുവാനാകുമോ..?” എന്ന ചോദ്യത്തിന്, കൂദാശാ പരികർമ്മിയെ സംബന്ധിച്ച ദൈവശാസ്ത്രപരമായ നൈയ്യാമിക സ്വഭാവത്തിന് എതിരായിരിക്കും അതെന്നായിരുന്നു കണ്ടെത്തൽ. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത് “ഒരു വ്യക്തി ജ്ഞാനസ്നാനം നൽകുമ്പോൾ ക്രിസ്തു തന്നെയാണ് ജ്ഞാനസ്നാനം നൽകുന്നത്” എന്നാണ്. അതായത്, തിരുസഭയിൽ പരികർമ്മം ചെയ്യപ്പെടുന്ന ഓരോ കൂദാശയിലും ക്രിസ്തുവിന്‍റെ ആത്യന്തികമായുള്ള സാന്നിധ്യം തന്നെയാണ് പ്രഘോഷിക്കപ്പെടുന്നത്. എപ്പോഴൊക്കെയാണോ കൂദാശകൾ പരികർമ്മംചെയ്യപ്പെടുന്നത് അപ്പോഴൊക്കെ ശരീരമാകുന്ന സഭ ക്രിസ്തുവാകുന്ന ശിരസ്സിന്‍റെ പ്രചോദനത്താലാണ് പ്രവർത്തിക്കുന്നത്.

ഉത്തരവാദിത്ത്വം മെത്രാന്മാര്‍ക്ക്
ക്രിസ്തു സ്ഥാപിച്ച കൂദാശകളുടെ സംരക്ഷണം തിരുസഭയെ ഭരമേല്പിച്ചിരിക്കുകയാണ്. തിരുസഭയുടെ കൗൺസിലുകള്‍ പഠിപ്പിക്കുന്നതനുസരിച്ച് തന്നെയാണ് വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘം കൂദാശാവചനങ്ങൾ മൂലരചനകളില്‍ രൂപപ്പെടുത്തിയിട്ടുള്ളത്. അവയില്‍നിന്നുള്ള സൂക്ഷ്മവും വിശ്വസ്തവുമായ പരിഭാഷയാണ് സഭ ഇന്നു ദേശീയ പ്രാദേശിക സമൂഹങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അതിന്‍റെ വലിയ ഉത്തരവാദിത്ത്വം സഭാദ്ധ്യക്ഷന്മാരായ മെത്രാന്മാരില്‍ നിക്ഷിപ്തവുമാണെന്ന് ആരാധനക്രമം സംബന്ധിച്ച പ്രമാണരേഖ വശദീകരിക്കുന്നുണ്ട്.

ആരാധനക്രമത്തിലെ തെറ്റുകള്‍ ഉത്തരവാദിത്വത്തി‍ന്‍റെ ദുരുപയോഗം
രണ്ടാം വത്തിക്കാൻ കൗൺസിൽ വളരെ വ്യക്തമായി പറയുന്നു; ‘ആർക്കുംതന്നെ, അത് ഒരു വൈദികനാണെങ്കിൽപ്പോലും ആരാധനാക്രമത്തിൽ എന്തെങ്കിലും കൂട്ടിചേർക്കുവാനോ, കുറയ്ക്കുവാനോ, മാറ്റംവരുത്തുവാനോ അധികാരമില്ല’. അങ്ങനെ ചെയ്താൽ അത് വെറും ആരാധനാക്രമ ദുരുപയോഗം മാത്രമല്ല, തിരുസഭയുടെ കൗദാശിക കൂട്ടായ്മയിലും ക്രിസ്തുവിന്‍റെ കൗദാശിക പ്രവൃത്തിയുടെ ദുരുപയോഗംവഴി അവിടുത്തെ മൗതികദേഹത്തില്‍ വരുത്തുന്ന ഒരു മുറിപ്പാടുകൂടിയായിരിക്കും അതെന്ന് വിജ്ഞാപനം ചൂണ്ടിക്കാട്ടി.

ദൈവശാസ്ത്രപരമായ വീക്ഷണം
കൂദാശകളുടെ ആചരണത്തിൽ സഭയോടൊപ്പം ശിരസ്സാകുന്ന ക്രിസ്തുവും ഒത്തുചേരുന്നതിലൂടെ കൂട്ടായ്മ അതിൽത്തന്നെ പ്രകടവും പ്രത്യക്ഷവുമാവുകയാണ്. ഇവിടെ പരികർമ്മി ക്രിസ്തുവിനെ പ്രതിനിധാനംചെയ്യുന്നു; കൂദാശാകർമ്മത്തിൽ പങ്കെടുക്കുന്നവർ തിരുസഭയെയും. കൂദാശാകർമ്മങ്ങൾ വ്യക്തിയുടെ പേരിലല്ല പരികര്‍മ്മംചെയ്യപ്പെടുന്നത്, മറിച്ച് സഭയുടെ പേരിലും, സഭയിൽ പ്രവർത്തിക്കുന്ന ക്രിസ്തുവിലുമാണ് അത് ആചരിക്കേണ്ടതും യാഥാര്‍ത്ഥ്യമാക്കേണ്ടതും. അതുകൊണ്ടുതന്നെ, കൂദാശയുടെ പരികർമ്മവചനങ്ങൾ മാറ്റുവാനുള്ള അധികാരം പരികർമ്മിയ്ക്കില്ല. പിതാവിന്‍റെയോ മാതാവിന്‍റെയോ, ജ്ഞാനപിതാവിന്‍റെയോ ജ്ഞാനമാതാവിന്‍റെയോ, കുടുംബാംഗങ്ങളുടെയോ സമൂഹത്തിന്‍റെയോ പേരിലും കൂദാശ പരികർമ്മചെയ്യുക സാധ്യമല്ലെന്നും വത്തിക്കാന്‍റെ വിജ്ഞാപനം വ്യക്തിമാക്കി.

കൂദാശകള്‍ സഭയിലെ കൂട്ടായ്മയുടെ അടയാളങ്ങള്‍
“പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ ഞാൻ നിന്നെ സ്നാനപ്പെടുത്തുന്നു” എന്ന് പരികർമ്മി മാമോദീസായില്‍ കൂദാശാവചനം ഉച്ചരിക്കുമ്പോള്‍, കാര്‍മ്മികനെ ഏൽപ്പിച്ച ജോലി അദ്ദേഹം നിര്‍വ്വഹിക്കുകയല്ല ചെയ്യുന്നത്, മറിച്ച് ക്രിസ്തുവിന്‍റെ കൗദാശിക സാന്നിധ്യത്തെ തന്‍റെ ശുശ്രൂഷയിലൂടെ നടപ്പാക്കുക മാത്രമാണ്. കൂദാശാ പരികർമ്മങ്ങൾ സ്വകാര്യ ആഘോഷങ്ങളല്ല, മറിച്ച് സഭയുടെ ആഘോഷങ്ങളാണ്. അത് ‘ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും കൂദാശയാണ്’. അതായത് ദൈവജനം സഭാപാരമ്പര്യങ്ങളോടും തങ്ങളുടെ മെത്രാന്മാരുടെ പ്രഖ്യാപനങ്ങളോടും പ്രബോധനങ്ങളോടും ഐക്യപ്പെടുന്നു പൊതുവേദിയും വിശ്വാസപ്രഘോഷണവുമാണത്.

അനിവാര്യമായ അറിവും അവബോധവും
അതിനാൽ, കൂദാശാശുശ്രൂഷകളുടെ ഗ്രന്ഥങ്ങളില്‍ ഇത്തരത്തിലുള്ള തെറ്റുകളും അനാവശ്യ പരിഷ്ക്കരണങ്ങളും വരുത്തുന്നത് സഭയുടെ കൗദാശികമായ ഔദ്യോഗിക ശുശ്രൂഷാ സ്വഭാവത്തെക്കുറിച്ചും, പ്രത്യേകതകളെക്കുറിച്ചും ഉത്തരവാദിത്ത്വപ്പെട്ടവരുടെ ഗ്രാഹ്യമില്ലായ്മയെയാണ് വെളിപ്പെടുത്തുന്നതെന്ന് വിജ്ഞാപനം ചൂണ്ടിക്കാട്ടി. അതിനാൽ, ഓരോ ജ്ഞാനസ്നാന പരികർമ്മിക്കും തിരുസഭാകൂട്ടായ്മയിൽ ചേർന്ന് ശരിയാംവണ്ണം പ്രവർത്തിക്കാനുള്ള വിശ്വാസബോദ്ധ്യത്തെയും ഉത്തരവാദിത്വത്തെയുംകുറിച്ച് ആഴമായ അറിവുണ്ടായിരിക്കണമെന്ന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിജ്ഞാപനത്തിലൂടെ ആവശ്യപ്പെട്ടു.

നവീകരണപദ്ധതി
കൂദാശാഗ്രന്ഥങ്ങള്‍ പ്രാദേശിക ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്താനുള്ള അനുമതി നല്കിയത് രണ്ടാം വത്തിക്കാന്‍ സൂനഹദോസാണ്. സൂനഹദോസിനെ തുടര്‍ന്ന് പരീക്ഷണാര്‍്ത്ഥം (Ad experimentum) പരിഭാഷപ്പെടുത്തിയ കൂദാശാഗ്രന്ഥങ്ങള്‍ക്ക് 50 വര്‍ഷം എത്തിയതില്‍പ്പിന്നെ നവീകരണം നടത്തുവാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ദേശീയ പ്രാദേശിക സഭകളുടെ ആരാധനക്രമ കമ്മിഷനുകള്‍ നവമായ കൂദാശഗ്രന്ഥങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. നിലവിലുള്ള ഗ്രന്ഥത്തിലെ കുറവുകള്‍ പരിഹരിച്ചും തെറ്റുകള്‍ തിരുത്തിയും ലത്തീനിലും സുറിയാനിയിലുമൊക്കെയുള്ള മൂലഗ്രന്ഥങ്ങളെ ആധാരമാക്കി വിശ്വസ്തമായ പരിഭാഷകള്‍ ദൈവജനത്തിനു ലഭ്യമാക്കേണ്ട പ്രക്രിയയിലാണ് നവമായ തെറ്റുകള്‍ ഇപ്രകാരം വരുത്തിയവയ്ക്കുന്നതെന്നും വിജ്ഞാപനം ചൂണ്ടിക്കാട്ടി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles