ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 29)
ഒരു മനുഷ്യായുസ്സിൻ്റെ എല്ലാ കഷ്ടതകളിലൂടെയും
സഹന ദുരിതങ്ങളിലൂടെയും നമുക്കു മുമ്പേ, ഉറച്ച കാല്‍വയ്‌പ്പോടെ നടന്നു നീങ്ങിയ
അമ്മ മറിയം.
അന്ത്യത്തോളം സ്വർഗത്തിൻ്റെ അഭിഷേകം കാത്തുസൂക്ഷിച്ചവൾ….
ദൈവരാജ്യ വളർച്ചയ്ക്കു വേണ്ടി കലവറയില്ലാത്ത പങ്കാളിത്തം ഉറപ്പേകിയവൾ…..
നിൻ്റെ രക്ഷകൻ അവളുടെ ഉദരത്തിൽ ഒരു ഭ്രൂണമായി ഉരുവായപ്പോൾ മുതൽ…
അവളനുഭവിച്ച സഹന ദുരിതങ്ങളുടെ ഇരുണ്ട രാത്രികളിൽ മറിയം ദൈവത്തെ നോക്കി പ്രകാശിതയായി.
മറിയം വെറും ഒരു മുട്ടത്തോടല്ല.
അവൾ പരിശുദ്ധയാണ്. ദൈവമാതാവാണ്.
ഹോറേബ് മലയിൽ ദൈവസാന്നിധ്യം ഇറങ്ങി വന്ന് അഭിഷേക അഗ്നിയിൽ മുൾപ്പടർപ്പ് കത്തിജ്വലിക്കുമ്പോൾ സ്വർഗത്തിൽ നിന്നു ഒരു വചനം മുഴങ്ങി.
” നിൻ്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തെന്നാൽ നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്. ” ( പുറപ്പാട് 3:5 )
ദൈവസാന്നിധ്യം ഇറങ്ങി വന്ന ഹോറെബ് മല പരിശുദ്ധമെങ്കിൽ…..,
ദൈവം വന്നു വസിച്ച മറിയവും പരിശുദ്ധ തന്നെ.
ക്രിസ്തു തൻ്റെ രക്ഷാകരമായ കാൽവരിയിലെ ബലി പൂർത്തിയാക്കുമ്പോൾ പ്രിയശിഷ്യനു തൻ്റെ അമ്മയെ നല്കുമ്പോൾ ….
ഇന്നു ഞാനും നീയും യോഹന്നാനെപ്പോലെ ജീവിത ഗാഗുൽത്തായിൽ ക്രിസ്തുവിൻ്റെ കുരിശിൻ ചുവട്ടിൽ തകർച്ചകളുടെ മധ്യേ നിൽക്കുമ്പോൾ മറിയത്തെ അമ്മയായി സ്വീകരിക്കണമെന്ന് സ്വർഗം ആഗ്രഹിക്കുന്നു.
ജീവിതം ദൈവസന്നിധിയിൽ സമർപ്പിക്കപ്പെടുമ്പോൾ തിരസ്ക്കരിക്കപ്പെടരുതെന്ന് നീ ആഗ്രഹിക്കുന്നുവെങ്കിൽ മറിയത്തിൻ്റെ ഏറ്റം യോഗ്യമായ കരങ്ങൾ വഴി സമർപ്പിക്കുക.
അമ്മ നിൻ്റെ അയോഗ്യതകളെ സ്വന്തം യോഗ്യതകളാൽ ശുദ്ധീകരിക്കും.
നിൻ്റെ കുറവുകളെ അവളുടെ സുകൃതങ്ങളാൽ അലങ്കരിച്ച് നിറവുകളാക്കും.
അങ്ങനെ നീ ദൈവ സന്നിധിയിൽ സ്വീകാര്യനാകും.
അപ്പോൾ എലിസബത്തിനെപ്പോലെ നീയും ഉദ്ഘോഷിക്കും.
“എൻ്റെ കർത്താവിൻ്റെ അമ്മ എൻ്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്കെവിടെ നിന്ന്…?”
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.