ഈ മലയാളി റേഡിയോ ജോക്കി പറയുന്നു: ക്രിസ്തുവാണെന്റെ റോള്‍ മോഡല്‍!
ജോസഫ് അന്നംകുട്ടി ജോസ് മലയാളത്തില്‍ അറിയപ്പെടുന്ന റേഡിയോ ആര്‍ജെ ആണ്. റേഡിയോ മിര്‍ച്ചിയില്‍ ആര്‍ജെ ആയ ജോസഫ് അന്നംകുട്ടി ജോസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ധീരമായ ഒരു വിശ്വാസപ്രഖ്യാപനം കൂടിയാണ്. വലതു കരണത്തടിച്ചവന് മറുകരണം കൂടി കാണിച്ചു കൊടുക്കുക എന്ന് പറഞ്ഞ ക്രിസ്തുവാണ് തന്റെ റോള്‍ മോഡല്‍ എന്നാണ് ജോസഫ് പ്രഖ്യാപിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ച ആ പോസ്റ്റ് താഴെ കൊടുക്കുന്നു:
“വലത്തു കരണത്തടിച്ചവന് മറുകരണം കൂടി കാണിച്ചുകൊടുക്കുക എന്നു പറഞ്ഞ, വ്യഭിചാരത്തിന് പിടിക്കപ്പെട്ടു കല്ലേറ് കൊണ്ട് രക്തത്തില്‍ കുളിച്ചു കാല്‍ക്കല്‍ വീണ സ്ത്രീയെ സ്‌നേഹം കൊണ്ട് സംരക്ഷിച്ച, മൂന്നു വര്‍ഷം കൂടെ കൊണ്ടുനടന്നിട്ടും പറ്റിച്ചിട്ടു പോയ യൂദാസിന് അത്താഴം വിളമ്പിയ, ഒരു തെറ്റുപോലും ചെയ്യാതിരുന്നിട്ടും കരണത്തടിയേറ്റുവാങ്ങിയ, ഒരു വാക്കുപോലും മറുത്തു പറയാതെ തല കുനിച്ചു നിശബ്ദമായി സഹിച്ചും, ചത്തൊന്നറിയാന്‍ കുന്തം കൊണ്ടു കുത്തിനോക്കിയ ഒറ്റകണ്ണന്‍ പടയാളിക്കും നെഞ്ചില്‍ നിന്ന് പൊടിഞ്ഞ ചോരകൊണ്ടു കാഴ്ചകൊടുത്തും ,കൈകള്‍ വിരിച്ചു കടന്നുപോയ ഇയാളാണെന്റെ മോട്ടിവേഷന്‍. നിന്നെ കുറിച്ച് എഴുതുമ്പോള്‍ വരെ എന്റെ കണ്ണു നിറയുന്നുവല്ലോ…എന്നെ പൊതിഞ്ഞു പിടിക്കണമേ…വീഴാതെ കാക്കണമേ… This guy is my role model!”