മറിയം വിശ്വാസികളുടെ മാതാവ്‌

~ റവ. ഡോ. ജോസ് പുതിയേടത്ത്  ~

 

വിശ്വാസികളായ നമ്മെ ഓരോരുത്തരെയും സംബന്ധിച്ച് നമ്മുടെ ജീവിതത്തില്‍ വളരെയേറെ മാതൃക നല്‍കുന്നവളാണ് പരിശുദ്ധ കന്യകാമറിയം. സഭാമാതാവ് തന്നെ പരിശുദ്ധ മറിയത്തെ അംഗീകരിച്ച് ഏറ്റുപറയുന്നത് വിശ്വാസികളുടെ മാതാവാണ് മറിയമെന്നുള്ള ഒരാശയമാണ്. പൂര്‍വ്വപിതാവായ അബ്രാഹത്തെ വിശ്വാസികളുടെ പിതാവെന്ന് വചനത്തിലധിഷ്ടിതമായ സഭാമാതാവ് ഏറ്റുപറയുന്നു. പുതിയ നിയമത്തില്‍ വിശ്വാസികളുടെ മാതാവ് എന്ന നിലയിലേക്ക് ഉയര്‍ത്തപ്പെടാനും ആ വിശുദ്ധ മാതൃക അനുകരിക്കാനും പരിശുദ്ധ കന്യകാമറിയത്തെ മാതൃകയാക്കിക്കൊണ്ട് സഭാമാതാവ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

സാര്‍വ്വത്രിക സഭയുടെ മതബോധനഗ്രന്ഥം

വിശ്വാസികളായ നമ്മെ ഓരോരുത്തരെയും സംബന്ധിച്ച് നമ്മുടെ ജീവിതത്തില്‍ വളരെയേറെ മാതൃക നല്‍കുന്നവളാണ് പരിശുദ്ധ കന്യകാമറിയം. സഭാമാതാവ് തന്നെ പരിശുദ്ധ മറിയത്തെ അംഗീകരിച്ച് ഏറ്റുപറയുന്നത് വിശ്വാസികളുടെ മാതാവാണ് മറിയമെന്നുള്ള ഒരാശയമാണ്. പൂര്‍വ്വപിതാവായ അബ്രാഹത്തെ വിശ്വാസികളുടെ പിതാവെന്ന് വചനത്തിലധിഷ്ടിതമായ സഭാമാതാവ് ഏറ്റുപറയുന്നു. പുതിയ നിയമത്തില്‍ വിശ്വാസികളുടെ മാതാവ് എന്ന നിലയിലേക്ക് ഉയര്‍ത്തപ്പെടാനും ആ വിശുദ്ധ മാതൃക അനുകരിക്കാനും പരിശുദ്ധ കന്യകാമറിയത്തെ മാതൃകയാക്കിക്കൊണ്ട് സഭാമാതാവ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

സാര്‍വ്വത്രിക സഭയുടെ മതബോധനഗ്രന്ഥം (CCC)

148 ാം ഖണ്ഡികയില്‍ വളരെ ശക്തമായി പ്രതിപാദിക്കുന്ന വിശ്വസിച്ച നീ ഭാഗ്യവതി എന്നുള്ള എലിസബത്തിന്റെ അഭിവാദനസ്വരത്തിലെ ഒരു വാക്യമെടുത്തുകൊണ്ട് മറിയത്തിന്റെ മഹത്വം പഠിപ്പിക്കുകയാണ് സഭ ചെയ്യുന്നത്. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ച നീ ഭാഗ്യവതി എന്നാണ് പരിശുദ്ധാത്മാവില്‍ നിറഞ്ഞ് എലിസബത്ത് മറിയത്തെ പ്രകീര്‍ത്തിച്ചത്.
വിശ്വാസത്തിന്റെ മാതൃക, വിശ്വാസികളുടെ മാതൃക എന്നീ രണ്ടു തരത്തിലും മറിയത്തെ നമുക്ക് കാണാന്‍ സാധിക്കും. വിശ്വാസത്തിന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൊടുത്തിരിക്കുന്ന നിര്‍വചനം തന്നെ ദൈവത്തിന്റെ വിളിക്ക് മനുഷ്യന്‍ നല്‍കുന്ന പ്രത്യുത്തരമാണ് വിശ്വാസം എന്നതാണ്. ദൈവാവിഷ്‌കരണം എന്നുള്ള സഭയുടെ പ്രബോധന രേഖയുടെ പത്താമത്തെ ഖണ്ഡികയില്‍ വിശ്വാ സത്തെ നിര്‍വചിക്കുന്നത് മനുഷ്യനെ വിളിക്കുന്ന ദൈവത്തിന് മനുഷ്യന്‍ നല്‍കുന്ന പ്രത്യുത്തരമാണ് വിശ്വാസം എന്നതാണ്. ദൈവത്തിന്റെ വിളിക്കു മനുഷ്യന്‍ നല്‍കുന്ന പ്രത്യുത്തരമായി വിശ്വാസത്തെ നമുക്ക് കാണാം.

വിശ്വാസം എന്നത് നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ ഒരു യാഥാര്‍ത്ഥ്യമാണ്. ഏതു മതവിശ്വാസിയിലും ദൈവവിശ്വാസിയിലും വിശ്വാസത്തിന്റെ ഒരു തലമുണ്ട്. അവിടെയെല്ലാം ഒരു കോളിംഗ് ഡിമെന്‍ഷനുമുണ്ട് റെസ്‌പോണ്‍സ് ഡിമെന്‍ഷനുമുണ്ട്. ഇത് മനുഷ്യന്റെ വിശ്വാസജീവിതത്തിന്റെ ഒരംശമാണ്. വചനത്തിലെ എല്ലാ പ്രമുഖ വ്യക്തികളുടെ ജീവിതത്തിലും അബ്രഹാത്തിന്റെയായാലും ഇസഹാക്കിന്റെയായാലും യാക്കോബിന്റെ ജീവിതമായാലും പ്രവാചകരുടെ ജീവിതം ഓരോെന്നടുത്താലും അവസാനം പരിശുദ്ധ മറിയത്തിന്റെ വ്യക്തിപരമായ ജീവിതമെടുത്താലും വിശ്വാസത്തിന്റെ അംശം അവിടെയെല്ലാം കാണാന്‍ സാധിക്കും. ദൈവം വിളിക്കുന്നു; അവര്‍ പ്രത്യുത്തരിക്കുന്നു.

ഈ പ്രത്യുത്തരം രണ്ടു തരത്തിലാകാം. ഒന്ന് പോസിറ്റീവ് റെസ്‌പോണ്‍സ്. മറ്റൊന്ന് നെഗറ്റീവ് റെസ്‌പോസ്. പോസിറ്റീവായി റെസ്‌പോണ്ട് ചെയ്തവരാണ് മേല്‍ പറഞ്ഞ എല്ലാവരും. നെഗറ്റീവായി റെസ്‌പോണ്ട് ചെയ്ത വ്യക്തികളും വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. ദൈവത്തിന്റെ വിളിയോട് ഭാവാത്മകമായി പ്രതികരിച്ച വ്യക്തികളാണ് അനുഗ്രഹീതരായി തീര്‍ന്നതും അവരിലൂടെയാണ് ജനതകള്‍ അനുഗ്രഹിക്കപ്പെട്ടതും. അബ്രാഹത്തെ വിളിക്കുന്ന ദൈവത്തെ നാം കാണുന്നു. അബ്രാഹത്തിനെ വിളിച്ച ദൈവത്തിന് അബ്രാഹം പോസിറ്റീവ് റെസ്‌പോണ്‍സ് കൊടുത്തു. ദൈവം പറഞ്ഞതുപോലെ അനുസരിക്കാന്‍ അബ്രഹാം ധൈര്യം കാണിച്ചു. അത് അബ്രാഹത്തിന്റെ ദൈവത്തോടുള്ള ഭാവാത്മകമായ പ്രത്യുത്തരമാണ്. ആ പ്രത്യുത്തരത്തിന്റെ മേഖലയില്‍ ദൈവത്തിന്റെ വിളിക്ക് അനുസരിച്ച് മുേന്നറുന്ന അവസരങ്ങളിലൊക്കെ പ്രതിസന്ധികളുണ്ടായിട്ടുണ്ട്. കാരണം ദൈവം പറയുന്നത് അംഗീകരിക്കണമോ വേണ്ടയോ എന്നുള്ള ഒരവസ്ഥ അബ്രാഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

അവിടെയെല്ലാം ദൈവത്തില്‍ വിശ്വസിച്ച അബ്രാഹം ഒരു അന്ധമായ അനുസരണത്തിന്റെ ആദ്ധ്യാത്മികതയാണ് സ്വീകരിച്ചത്. ബുദ്ധികൊണ്ടു ചിന്തിച്ചാല്‍ മനസിലാക്കാന്‍ പറ്റാത്ത അവസ്ഥയിലും ദൈവമാണ് എന്നോടിത് ആവശ്യപ്പെടുന്നതെന്ന് ബോധ്യപ്പെട്ട അബ്രാഹം ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കാന്‍ ധൈര്യം കാണിച്ചവനാണ്. പൂര്‍വപിതാവായ നോഹയും അതുതന്നെയാണ് ചെയ്തത്. ദൈവം പറഞ്ഞപ്പോള്‍ അതു വിശ്വസിച്ച് അതനുസരിച്ച് പ്രവൃത്തിക്കാനുള്ള ധൈര്യം നോഹയും കാണിച്ചു. വിശ്വാസികളുടെ പിതാവെന്ന് അബ്രാഹത്തെ വിളിക്കാന്‍ കാരണം വിശ്വാസത്തിന്റെ ഏറ്റവും ആഴമായൊരു തലത്തില്‍ അനുസരിക്കാന്‍ ധൈര്യം കാണിച്ചതിനാലാണ്. തന്റെ ഏകജാതനായ ഇസഹാക്കിനെ ബലികഴിക്കാന്‍ ദൈവം പറഞ്ഞപ്പോള്‍ അതിനുപോലും ധൈര്യം കാണിച്ച് ദൈവത്തോട് വിധേയത്വം പുലര്‍ത്തി. ഒരു പക്ഷേ മനുഷ്യചിന്ത വന്നിരുന്നെങ്കില്‍ അതില്‍നിന്നെല്ലാം വ്യതിചലിക്കാമായിരുന്നു. എന്നാല്‍ അവിടെയും മനുഷ്യചിന്തകള്‍ക്ക് അതീതമായ ദൈവത്തിന്റെ ഹിതത്തിന് കീഴ്‌വഴങ്ങാനുള്ള വലിയ മനസു കാണിച്ചതുകൊണ്ടാണ് വിശ്വാസികളുടെ പിതാവെന്ന് അബ്രാഹത്തെ വിശുദ്ധഗ്രന്ഥം വിളിക്കുന്നത്.
പുതിയനിയമത്തില്‍ മാതാവിന്റെ ജീവിതത്തിലും ഇതേ വിളിയാണ്. ഗബ്രിയേല്‍ ദൂതന്‍ വന്ന് കന്യകയായ മറിയത്തോട് നീ ദൈവപുത്രന്റെ അമ്മയാകാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ ആ വിളി സ്വീകരിക്കാന്‍ ഒരു നിമിഷം അവള്‍ ശങ്കിച്ചു. അവിടെ ഗബ്രിയേല്‍ ദൂതനിലൂടെ മാതാവിന് ദൈവത്തിന്റെ വിളി വരികയാണ്. യേശുവിന്റെ അമ്മയാകാനുള്ള ഉന്നതമായൊരു വിളി. മാനുഷികമായ പരിമിധികള്‍ അവളെ ഒരു നിമിഷത്തേക്കെങ്കിലും തടസ്സപ്പെടുത്തുന്നു. ഇതെങ്ങനെ സംഭവിക്കും എന്ന മറിയത്തിന്റെ ചോദ്യം. ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ എന്ന മറിയത്തിന്റെ എക്‌സപ്ലനേഷന്‍. ഈ ചോദ്യം മാനുഷികമാണ്. കാരണം ദൈവത്തിന്റെ വിളിയാണ് വരുന്നതെങ്കിലും മനുഷ്യനാണ് ഉത്തരം നല്‍കുന്നത്.

മറിയത്തെ നാം വിശ്വാസികളുടെ മാതൃക എന്നു പറയുമ്പോള്‍ നമ്മുടെ വിശ്വാസജീവിതത്തിന്റെ അംശങ്ങളും അവിടെ കാണാന്‍ സാധിക്കും. കൃപ നിറഞ്ഞ മറിയത്തിന്റെ ജീവിതത്തില്‍ പോലും മാനുഷീകഭാവങ്ങള്‍ അവളെ തടസപ്പെടുത്തുന്നതായി നാം കാണുന്നു. ആ തടസപ്പെടുത്തലുകളെ അതിജീവിക്കുമ്പോഴാണ് വിശ്വാസത്തില്‍ നാം മുന്നേറുന്നത്. തടസങ്ങളെ അതിജീവിക്കാനും നമുക്ക് ദൈവത്തിന്റെ ശക്തി വേണം. ഇതെങ്ങനെ സംഭവിക്കും എന്ന മറിയത്തിന്റെ ചോദ്യത്തിന് ഉത്തരമായി അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും നിന്നില്‍ നിന്നു ജനിക്കുന്നവന്‍ പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും എന്ന വിശദീകരണമാണ് ദൂതന്‍ നല്‍കുന്നത്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്നുള്ള മാലഖയുടെ വിശദീകരണമാണ് മറിയത്തെ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കുവാന്‍ പ്രേരിപ്പിച്ചത്. മറിയം പറഞ്ഞു ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ. മാതാവിന്റെ ഭാഗത്തുനിന്നും ദൈവത്തിനു കൊടുത്ത ഒരു സമര്‍പ്പണമായിരുന്നു അത്. അത് വഴി അവള്‍ അനുഗ്രഹിക്കപ്പെട്ടു, അവളിലൂടെ ജനതകള്‍ അനുഗ്രഹിക്കപ്പെട്ടു.
വിശ്വാസികളുടെ മാതൃകയെന്ന് മറിയത്തെ നാം പ്രകീര്‍ത്തിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളും അവിടെയുണ്ട്. ദൈവവചനത്തിലൂടെ ഒരു കാര്യം ചെയ്യാന്‍ ദൈവം നമ്മെ വിളിക്കുന്നു. ആ വിളി നമ്മിലേക്ക് വചനത്തിലൂടെ വരാം, ചില അവസരങ്ങളിലൂടെ വരാം, സഭാപിതാക്കന്മാരിലൂടെ വരാം. നമ്മുടെ ഭാഗത്തുനിന്നാണ് അതിന് പ്രത്യുത്തരം നല്‍കേണ്ടത്. പോസിറ്റാവായും നെഗറ്റീവായും അതിന് റെസ്‌പോണ്ട് ചെയ്യാം. പോസിറ്റീവായി റെസ്‌പോണ്ട് ചെയ്ത എല്ലാവരും വിശ്വാസത്തിന്റെ ഉതാത്ത മാതൃകകളായി ഉയര്‍ത്തപ്പെട്ടവരാണ്, വിശുദ്ധരാണ്. ദൈവം നല്‍കുന്ന വിളിക്ക് പോസിറ്റീവായി പ്രത്യുത്തരം നല്‍കിയാല്‍ നമ്മളും ധന്യരായിത്തീരും. എന്നാല്‍ മാതാവ് അനുഭവിച്ച വ്യഥ നമ്മുടെ ജീവിതത്തിലും ചില സമയത്ത് ഉണ്ടാകും. ഉദാഹരണത്തിന്, ഒരു കാര്യം വരുമ്പോള്‍ ലോകത്തിന്റെ ചിന്തകള്‍ നമ്മെ സ്വാധീനിക്കും. നമ്മുടെ ബലഹീനതകള്‍ നമ്മെ പിറകോട്ടു വലിക്കും. എന്നാല്‍ ദൈവത്തിന് അസാധ്യമായിട്ട് ഒന്നുമില്ല എന്നുള്ള വിശ്വാസം നമ്മില്‍ ശക്തി പ്രാപിച്ചാല്‍ ദൈവത്തിന്റെ ഏതു വിളിക്കും പ്രത്യുത്തരം നല്‍കാന്‍ നമുക്ക് സാധിക്കും.

നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ വിളികള്‍ പലവിധത്തല്‍ വരും. അതു ദൈവത്തിന്റെ വിളിയായ് കേള്‍ക്കാന്‍ സാധിച്ചാല്‍ നമ്മുടെ ഭാഗത്തു നിന്ന് പ്രത്യുത്തരം നല്‍കാന്‍ കടപ്പെട്ടവരാണ്. വിശ്വാസത്തിന് വലിയ മാതൃക കാണിച്ച പരിശുദ്ധ മറിയത്തിന്റെ ഉന്നത മാതൃക നമ്മുടെ വിശ്വാസജീവിതത്തിലും മാതൃകയും പ്രചോദനവുമാട്ടെ എന്ന് ആശംസിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles