നല്ല മരണത്തിന് ഒരുങ്ങാന്‍ വി. റോബര്‍ട്ട് ബെല്ലാര്‍മിന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍
പ്രപഞ്ചസത്യമാണ് മരണം. എവിടെയെല്ലാം പോയി ഒളിച്ചാലും ആര്‍ക്കും അതില്‍ നിന്ന് രക്ഷ നേടാന്‍ ആവില്ല. പല വിശുദ്ധരും മരണത്തെ പോസീറ്റീവായ കണ്ടവരും സ്വീകരിച്ചവരുമാണ്. ഓരോ ദിവസവും അവര്‍ മരണത്തിന് ഒരുങ്ങിയാണ് ജീവിച്ചിരുന്നത്.
റോബര്‍ട്ട് ബെല്ലാര്‍മിന്‍ എന്ന വിശുദ്ധന്‍ 1619 ല്‍ ഒരു പുസ്തകം രചിച്ചു. നന്മരണം എന്ന കല എന്നാണ് അദ്ദേഹം അതിന് പേരിട്ടത്. മരണാസന്നരായിരിക്കുമ്പോള്‍ മാത്രമല്ല, നല്ല ആരോഗ്യത്തോടെ ഇരിക്കുമ്പോഴും എങ്ങനെ മരണത്തിന് ഒരുങ്ങാം എന്ന് അദ്ദേഹം ഈ പുസ്തകത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്.
നന്നായി ജീവിക്കുന്നവന്‍ നന്നായി മരിക്കുന്നു എന്ന പ്രസിദ്ധമായ വാക്യം വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു: മാനസാന്തരത്തെ മരണം വരെ നീട്ടിക്കൊണ്ടു പോകുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അപകടം എന്ന് നാം തിരിച്ചറിയണം. യൗവനത്തില്‍ തന്നെ ദൈവത്തിന്റെ നുകം വഹിക്കുന്നരാണ് യഥാര്‍ത്ഥ ഭാഗ്യവാന്മാര്‍.
വയസ്സായിട്ട് മാനസാന്തരപ്പെടാം എന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. ഇന്ന് നാം ആരംഭിക്കണം. നല്ല മരണം നല്ല ജീവിതത്തെ ആശ്രയിച്ചിരിക്കുന്നു. നാം നല്ല മരണം ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം നാം ഈ ലോകത്തെ സംബന്ധിച്ച് മരിക്കണം.
‘ശരീരത്തില്‍ നാം മരിക്കും മുമ്പ് ഈ ലോകത്തിന് നാം മരിച്ചവരെ പോലെ ജീവിക്കണം. ഈ ലോകത്തിന് വേണ്ടി ജീവിക്കുന്നവരെല്ലാം ദൈവത്തെ സംബന്ധിച്ച് മരിച്ചവരാണ്. ഈ ലോകത്തിന് മരിക്കാതെ നമുക്ക് ദൈവത്തില്‍ ജീവിക്കാന്‍ സാധിക്കുകയില്ല’ ബെല്ലാര്‍മിന്‍ പറയുന്നു.