സഹിക്കുന്നവന് ആശ്വാസം പകരുക

സഹായം ആവശ്യപ്പെടുന്ന സഹിക്കുന്ന ഒരു സഹോദരനെ കാണുമ്പോള്‍ ഒരു ക്രൈസ്തവനു ഉണ്ടായിരിക്കേണ്ട മനോഭാവം എന്തായിരിക്കണമെന്ന് കര്‍ത്താവ് നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ വ്യക്തമാക്കുന്നു. ‘യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍നിന്ന് ജറീക്കോയിലേ ക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ ആ വഴി യേ വന്നു. അവനെക്കണ്ട് മറുവശ ത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ്, അടുത്തു ചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചു കെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു. അടുത്ത ദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചു വരുമ്പോള്‍ തന്നുകൊള്ളാം.
കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്? അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു. യേശു പറഞ്ഞു: നീയും പോയി അതു പോലെ ചെയ്യുക. (ലൂക്കാ 10.30-37).

സഹനസുവിശേഷവുമായി വളരെ സജീവമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് നല്ല സമരിയാക്കാരന്റെ ഉപമ. കാരണം സഹിക്കുന്ന സഹോദരങ്ങളോടുള്ള നമ്മുടെ ബന്ധം എന്തായിരിക്കണമെന്ന് അത് ചൂണ്ടിക്കാട്ടുന്നു. നിഷ്പക്ഷതാ മനോഭാവം പുലര്‍ത്തി അശ്രദ്ധരായി വഴിമാറി പോകേണ്ടവരല്ല ക്രൈസ്തവര്‍. സഹിക്കുന്ന അയല്‍ക്കാരന്റെ പക്കല്‍ നാം നില്‍ക്കണം. സഹനം ഏതുരൂപത്തിലായാലും വേദനിക്കുന്ന ഒരു വ്യക്തിയുടെ സമീപം നില്‍ക്കുന്നവന്‍, വേണ്ട സഹായം ചെയ്തുകൊടുക്കുന്നവന്‍ ഒരു നല്ല സമറായനാണ്. സഹിക്കുന്നവന്റെ സമീപം നില്‍ക്കുന്നത് നമ്മുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനാവരുത്. പ്രത്യുത, അവനെ സഹായിക്കാന്‍ വേണ്ടിയായിരിക്കണം. ഒരു വാക്കില്‍ പറഞ്ഞാല്‍ ഏതു തരത്തിലുള്ള സഹനമായാലും സഹിക്കുന്ന മനുഷ്യന് സഹായം നല്‍കുന്നവനാണ് നല്ല സമറായന്‍.’ ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍ അവന്‍ കള്ളം പറയുന്നു. കാരണം കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല’ (1 യോഹ 4.20). കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കുക എന്നുവച്ചാല്‍ കാണപ്പെടുന്ന സഹോദരന്റെ വേദന എന്റെ വേദനയായി മാറ്റിക്കൊണ്ട് അവന് സഹായം ചെയ്തു കൊടുക്കുമ്പോഴാണ് ദൈവസ്‌നേഹത്തിന്റെ പൂര്‍ണ്ണതയിലേക്ക് വളരാന്‍ സാധിക്കുന്നത്.

മാനവലോകത്തില്‍ ദൃശ്യമാകുന്ന നാനവിധ സഹനങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രത്യേകിച്ച് നിസ്വാര്‍ത്ഥമായി സ്വയം അര്‍പ്പിക്കുവാനും വേദനിക്കുന്നവര്‍ക്കു വേണ്ടി മനുഷ്യവ്യക്തിയിലുള്ള സ്‌നേഹത്തെ പ്രകടമാക്കുവാനുള്ള അവസരം പ്രദാനം ചെയ്യുന്നവയാണ്. സഹനത്തിന്റെ ലോകം നിരന്തരമായി സ്‌നേഹത്തിന്റെ ലോകത്തെ തൊട്ടുണര്‍ത്തുകയാണ് ചെയ്യുന്നത്. കാരണം സ്‌നേഹം സേവനത്തീലൂടെ പ്രകടമാകുന്നു. മനുഷ്യഹൃദയത്തെ ചലിപ്പിക്കുന്നതും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ചലനാത്മകശക്തിയായി വര്‍ത്തിക്കുന്നതുമായ ഈ നിസ്വാര്‍ത്ഥ സ്‌നേഹം സഹനമാണ് പുറത്തുകൊണ്ടുവരുന്നത്. തന്റെ രക്ഷാകര സഹനം മനുഷ്യവംശം മുഴുവനിലുമായി തുറന്നുകൊടുത്തുകൊണ്ട് ഓരോ വേദനിക്കുന്ന വ്യക്തിയിലും അവിടുന്ന് കുടികൊള്ളുന്നു. ‘എന്തെന്നാല്‍ എനിക്കു വിശന്നു നിങ്ങള്‍ എനിക്കു ഭക്ഷിക്കാന്‍ തന്നു. എനിക്ക് ദാഹിച്ചു, നിങ്ങള്‍ എനിക്ക് കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു. അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും, കര്‍ത്താവേ നിന്നെ വിശക്കുന്നവനായി കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും, ദാഹിക്കുന്നവനായിക്കണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍? നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ട് സന്ദര്‍ശിച്ചത് എപ്പോള്‍? രാജാവ് മറുപടി പറയും, സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത്’ (മത്താ 25. 35-40). അങ്ങനെ സഹോദരനെ സഹായിക്കുന്ന ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ ദൗത്യത്തില്‍ പങ്കുകൊള്ളാന്‍ വിളിക്കപ്പെട്ടവനാണ്. സ്വസഹനത്താല്‍ സല്‍ഫലങ്ങള്‍ പുറപ്പെടുവിക്കാനും സഹിക്കുന്നവര്‍ക്ക് സേവനമരുളിക്കൊണ്ട് നന്മ ചെയ്യുവാനും ഓരോ ക്രൈസ്തവനും  സാധിക്കണം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles