പരീക്ഷകൾ പരീക്ഷണമാകുമ്പോൾ
പലരും ഫോൺ വിളിക്കുമ്പോൾ
പറയുന്നൊരു കാര്യമാണ്.
“അച്ചാ OET Exam പാസാകാൻ വേണ്ടി പ്രാർത്ഥിക്കണം.”
ഒന്നും രണ്ടും മാർക്കിന് തോറ്റവരൊക്കെ
ഈ പരീക്ഷയുടെ പ്രത്യേകതയാണ്.
ഇതേക്കുറിച്ച് ഒരു യുവതിയുടെ
സങ്കടം ഇപ്രകാരമായിരുന്നു:
“അച്ചാ, നഴ്സിംഗ് പഠിച്ചതിനേക്കാൾ കഷ്ടമാണ് OET പഠനം.
നാലു തവണയാണ് തോറ്റത്.
ഇതിനോടകം പഠനവും
പരീക്ഷയുമായി ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്.”
“കഷ്ടപ്പാടുകൾ ഏറെയുള്ള
കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. “
ആ കുട്ടിയുടെ ജീവിതം കേട്ടാൽ
ആരുടെയും മനമൊന്നിടറുമെന്ന്
തീർച്ചയാണ്.
“അപ്പനുമമ്മയും ഞങ്ങൾ ചോദിക്കുന്നത് തന്നിട്ടില്ല. പഠിച്ചു കൊണ്ടിരുന്ന കാലത്ത് പണമില്ലാത്തതിൻ്റെ പേരിൽ
ഒരു വിനോദയാത്ര പോലും പോയിട്ടില്ല.
ആവശ്യങ്ങൾ പലതും നിറവേറാതിരുന്നപ്പോൾ അമ്മ പറയുമായിരുന്നു:
‘മകളെ, നമ്മുടെ കുടുംബത്തിൻ്റെ
സ്ഥിതി നിങ്ങൾക്കറിയാല്ലോ?
നിങ്ങളുടെ ആവശ്യങ്ങൾ പലതും നിറവേറ്റിത്തരാൻ അപ്പന് ആഗ്രഹമില്ലാഞ്ഞിട്ടല്ല.
എല്ലാ ആഗ്രഹങ്ങളും സാധ്യമായാൽ ഭാവിയിലുള്ള പരാജയങ്ങളെ
അതിജീവിക്കാൻ മക്കൾക്ക് കഴിയാതെ വരും.
അതിനു വേണ്ടിയാണ് അല്പമൊക്കെ ഇല്ലായ്മയും കുറവുകളും നൽകി
ദൈവം നമ്മെ വളർത്തുന്നത്.
ഈ കഷ്ടപ്പാടുകളെല്ലാം ഭാവിയിലേക്ക് മുതൽക്കൂട്ടാകും.’
അമ്മയുടെ വാക്കുകളുടെ അർത്ഥം ഇപ്പോഴാണ് മനസിലാകുന്നത്.
ജീവിതം കരകയറ്റാനുള്ള പരിശ്രമത്തിൽ കൂടെക്കൂടെ പരാജയങ്ങൾ വരുമ്പോഴും അവയെല്ലാം അതിജീവിച്ച് മുന്നേറണം
എന്ന ആഗ്രഹം ഇപ്പോഴും ഉള്ളിലുണ്ട്.”
ഒരു ദീർഘനിശ്വാസത്തോടെ
അവൾ തുടർന്നു:
”അച്ചാ,
മനസിൽ ആവർത്തിച്ചുയരുന്ന
ഒരു സംശയമുണ്ട്. OET പോലുള്ള
പരീക്ഷകൾ കച്ചവടമായി മാറിയോ എന്ന്… എന്തായാലും അച്ചൻ പ്രാർത്ഥിക്കണം… അടുത്ത തവണയെങ്കിലും ജയിക്കാനായി…”
അവളുടെ ആ ചോദ്യം എൻ്റെ മനസിലും പലതവണ ഉയർന്നിട്ടുണ്ട്.
എത്രയോ കുടുംബങ്ങളാണ് കടമെടുത്ത് മക്കളെ പഠിപ്പിക്കുന്നത്?
മക്കൾക്ക് ജോലി ലഭിച്ച് കടങ്ങൾ വീട്ടണം എന്നാഗ്രഹിക്കുന്നത്?
ഇതിനിടയിൽ ഇങ്ങനെയുള്ള പരീക്ഷകൾ ഒരിക്കലും കച്ചവടമാകല്ലെ എന്നാഗ്രഹിക്കുന്നു.
ക്രിസ്തുവിൻ്റെ വാക്കുകൾ നമുക്ക് കരുത്തേകട്ടെ:
“ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില് അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും”
(യോഹന്നാന് 12 : 24).
മിക്കവാറും എല്ലാ ഇടവകകളിലും
ഒരു പക്ഷേ എല്ലാ കുടുംബങ്ങളിലുമുണ്ടാകും വിദേശത്തു ജോലി ചെയ്യുന്നവരും സ്ഥിരതാമസമാക്കിയവരും.
ജീവിതം കരയ്ക്കടിപ്പിക്കാനുള്ള യാത്രയിൽ വരുന്ന പ്രാരബ്ധങ്ങളെല്ലാം സഹിക്കാനുള്ള ശക്തി അവർക്ക് ലഭിക്കട്ടെ.
കർത്താവിൻ്റെ വെട്ടിയൊരുക്കലുകൾക്കു മുമ്പിൽ പതറാതെ മുന്നേറാൻ
ഏവർക്കും സാധിക്കട്ടെ.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.