റബ്ബോനി

യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞു റബ്ബോനി എന്ന് ഹെബ്രായ ഭാഷ യില്‍ വിളിച്ചു – ഗുരു എന്നര്‍ത്ഥം. യേശു പറ ഞ്ഞു: നീ എന്നെ തടഞ്ഞു നിര്‍ത്താതിരിക്കുക. എന്തെന്നാല്‍ ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇത് വരെയും കയറിട്ടില്ല. (യോഹ: 20:16:17).

പുതിയ നിയമത്തിലെ ഏറ്റവും സുഗന്ധമേറിയ സ്‌ത്രൈണ സാന്നിധ്യം അവളുടേതാണ്. – മഗ്ദലെന മേരിയുടെത്. ഒരു നാള്‍ വഴി പുസ്തകത്തിന്റെ സംഗ്രഹം കണക്കു ശുഷ്‌ക്കമായി തീരാവുന്ന ഉയിര്‍പ്പ് സംഭവങ്ങളുടെ അടയാളപ്പെടുത്തല്‍ അവളുടെ സാന്നിധ്യം കൊണ്ടാണ് ഇത്രയും ജൈവികവും നനവുമുള്ളതായി തീര്‍ന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നൊക്കെ മേരിയെ മൈനസ് ചെയ്തു കഴിഞ്ഞാല്‍ പുരുഷന്മാര്‍ മാത്രം താമസിക്കുന്ന ലോഡ്ജ് കണക്ക് മുഷിഞ്ഞതായി നമുക്ക് തോന്നിയേക്കാം. പുതിയ നിയമത്തില്‍ ജൈവികമായ ചില പ്രസാദങ്ങള്‍ നമുക്ക് കൈ മാറുന്നത് ഈ സ്ത്രീ സാന്നിധ്യമാണ്.

അവളെ കുറിച്ച് കുറെയധികം പാരമ്പര്യങ്ങളില്‍ ഉള്ളതില്‍ വളരെ വ്യക്തമായി സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത് ഇതാണ്. ഇവളില്‍ നിന്നാണ് ഏഴ് പിശാചുക്കളെ പുറത്താക്കിയത്. ഒരു പക്ഷെ, ഒരു മള്‍ട്ടിപ്പിള്‍ വ്യക്തിത്വത്തിന്റെ സൂചനയായിരിക്കണമത്. കേന്ദ്രീകൃതമായ ഒന്നുമില്ലാതെ അവനവനില്‍ തന്നെ വിഭജിക്കപ്പെട്ടു ജീവിക്കുന്ന ചില മനുഷ്യര്‍. അത്തരം പിശാചുക്കളെയൊക്കെ പുറത്താക്കി ക്രിസ്തു അവളുടെ സമഗ്രതയെ വീണ്ടെടുത്തിട്ടുണ്ടാകും. എങ്കില്‍ അവള്‍ക്കു അവിടത്തോടുള്ള കടപ്പാട് ഏതു വാക്കുകള്‍ കൊണ്ട് അളന്നെടുക്കാനാവും. അത് കൊണ്ട് തന്നെ ഉടനീളം ക്രിസ്തുവിനോടൊപ്പമായിരിക്കാന്‍ ഈ സ്ത്രീ ആഗ്രഹിച്ചിട്ടുണ്ട്.
ലൂക്കായുടെ സുവിശേഷത്തില്‍ പറയുന്ന പാപിനിയായ സ്ത്രീ ഇവളാണെന്ന പാരമ്പര്യമുണ്ട്. എന്തായാലും ഹൃദയം നിറയെ സ്‌നേഹമുള്ള സ്ത്രീയാണ് ഈ മേരി. സ്‌നേഹിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു പ്രതീകം പോലെ . അവള്‍ ഏതു തരം സ്ത്രീയാണെന്ന് അറിയാമോയെന്നു വിമര്‍ശിക്കുന്ന ശിമയോനോട് ക്രിസ്തു പറയുന്നത് ഇതാണ്. ശിമയോനെ, ഇവളേക്കാള്‍ വലിയ സ്‌നേഹം ഭൂമിയില്‍ ആര്‍ക്കുമില്ല. ഇതിനേക്കാള്‍ വലിയൊരു വാഴ്ത്ത് ഈ ഭൂമിയില്‍ ആര്‍ക്കെങ്കിലും കാംക്ഷിക്കേണ്ടതായിട്ടുണ്ടോ? നിരന്തരം വിമര്‍ശിക്കപ്പെട്ടു കൊണ്ടിരുന്ന ഒരു ജീവിതമായിരുന്നു അവളുടേത്. എന്നാല്‍, അവള്‍ക്കെതിരെ വിമര്‍ശനമുയരുമ്പോഴാക്കെ ക്രിസ്തു അവളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ശിമയോന്റെ വീട്ടിലും മാര്‍ത്തായുടെ മുമ്പിലുമെല്ലാം. 300 ദനാറ വരെയുള്ള സുഗന്ധ തൈലം അവന്റെ പാദങ്ങളില്‍ ഉടച്ച് അഭിഷേകം ചെയ്യുമ്പോഴും ക്രിസ്തു അവളുടെ പക്ഷത്താണ്.
കുരിശിന്‍ ചുവട്ടില്‍ നിന്നപ്പോള്‍ തനിക്കു ഭൂമിയില്‍ ഉണ്ടായിരുന്ന ഏക അഭയം നഷ്ടപ്പെട്ട ദുഖത്തോടെയാണ് അവള്‍ നിന്നത്. അത് കൊണ്ടാണ് അവള്‍ പുലരിയില്‍ ക്രിസ്തുവിന്റെ കല്ലറയിലെകിലേക്ക് വരുന്നത്. അവളവിടെ കാണുന്ന ശൂന്യമായ കല്ലറ ഉയിര്‍പ്പിന്റെ അടയാളമായി കാണാനുള്ള ദൈവ ശാസ്ത്ര പശ്ചാത്തലമൊന്നും സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ഈ സ്ത്രീക്ക് ഇല്ലല്ലോ. വല്ലാതെ പരിഭ്രമിച്ചു പോയ അവള്‍ ശിഷ്യന്മാരുടെ അടുത്തേക്ക് ഓടിപ്പോയി പറഞ്ഞു; നമ്മുടെ കര്‍ത്താവിനെ ആരോ മോഷ്ടിച്ചു. ഒരു ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കണം. ഈ സംഭവം വിവരിക്കുന്ന രണ്ടു പരാഗ്രാഫിനുള്ളില്‍ മൂന്ന് പ്രാവശ്യം ഇക്കാര്യം അവള്‍ ആവര്‍ത്തിക്കു ന്നുണ്ട്. വല്ലാതെ അറംപറ്റിയ ഒരു വാക്കാണെന്നു തോന്നുന്നു. സുവിശേഷത്തിന്റെ ഒടുവിലായി ഈ വാക്കുകള്‍ നമ്മള്‍ വായിക്കു മ്പോള്‍ അതിനു ശേഷം സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു സൂചനയതില്‍ ഉണ്ടെന്നു ഞാന്‍ കരുതുന്നു. പാവപ്പെട്ടവരുടെ, ഇടറിപ്പോയവരുടെ, ദളിതരുടെ, കുഞ്ഞുങ്ങളുടെ, സ്ത്രീകളുടെ, ചുങ്കക്കാരുടെയൊക്കെ കര്‍ത്താവിനെ ആരോ മോഷ്ടിച്ചു കൊണ്ട് പോയി. പാവപ്പെട്ട മനുഷ്യര്‍ക്ക് വിശേ ഷിച്ചും ഭൂമിയിലെ ചെറിയ മനുഷ്യര്‍ക്ക് ദൈവം മാത്രേയുള്ളൂ. അവരില്‍ നിന്ന് ദൈവം പോലും അപഹരിക്കപ്പെട്ടാല്‍ എന്ത് ചെയ്യും? അവരുടെ സങ്കടമാണ് മറിയത്തിലൂടെ മറ നീക്കി പുറത്തു വരുന്നത്.

സഭയുമായി ബന്ധപ്പെട്ട ഒരു ചിന്ത കൂടിയാണത്. ആരോടൊപ്പമാണ് സഭ നില്‍ക്കുന്നത്. ക്രിസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍മ്മലരും വിശുദ്ധരുമായ മനുഷ്യര്‍ക്ക് മാത്രമുള്ളതായി അവിടം വളരെ വേഗത്തില്‍ മാറ്റി വയ്ക്കപ്പെടുന്നു എന്നൊരു വലിയ സങ്ക ടമെനിക്കുണ്ട്. ഒരു ചെറുപ്പക്കാരനെ പള്ളിയിലേക്ക് വരാന്‍ ക്ഷണിച്ചപ്പോള്‍ അവന്‍ പറഞ്ഞ ഉത്തരമിതാണ് – ഞാന്‍ എന്തിനാണ് പള്ളിയില്‍ വരുന്നത്? പള്ളികള്‍ പുണ്യവാന്‍മാര്‍ക്കുള്ളതല്ലെ? ശൂന്യമായ കല്ലറ കണ്ടു വിശ്വസിച്ച യോഹന്നാനും പത്രോസും തിരിച്ചു പോയിട്ടും അവിടം വിട്ടു പോവാനാകാതെ മറിയം അവിടെ തനിച്ചു നില്‍ക്കുകയാണ്. അപ്പോള്‍ ക്രിസ്തു അവള്‍ക്കു പ്രത്യക്ഷപ്പെടുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ ദര്‍ശനം കിട്ടിയിട്ടുള്ള ഏക വ്യക്തി ഒരു പക്ഷെ ഈ മേരിയാണ്. കണ്ണീരിന്റെ മുഖപടമണിഞ്ഞു നിന്ന അവള്‍ക്കത് ക്രിസ്തു ആണെന്ന് മന സിലാക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ ക്രിസ്തു അവളെ പേര് ചൊല്ലി വിളിക്കുന്നു.- മറിയം! മനസ്സില്‍ ഏറ്റവും എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ് ഈ ശബ്ദം. ഇത്രയും സ്‌നേഹത്തോടെ, വാത്സല്യത്തോടെ അനുഭാവത്തോടെ ആ പേര് ആരും അവളെ വിളിച്ചിട്ടില്ല. അവളുടെ ഹൃദയമിപ്പോള്‍ വല്ലാതെ തരളിതമായി. അവളിങ്ങനെ നിലവിളിക്കുകയാണ്. റബ്ബോനി. എന്റെ ഗുരു എന്നാണ് ആ വാക്കിന്റെ അര്‍ഥം!
പഴയ നിയമത്തില്‍ ഉത്തമ ഗീതം മേരിയുടെ നിഴല്‍ നന്നായി വീണിട്ടുള്ള പുസ്തകമാണെന്ന് തോന്നുന്നു. വിശേഷിച്ചും അതിലെ മൂന്നാം അധ്യായമൊന്നു എടുത്തു വായിക്കുക. രാത്രിയില്‍ പ്രിയനേ കാണാതെ പോകുന്ന അവള്‍ അവനെ അന്വേഷിക്കുകയാണ്. നാലാ മത്തെ വരി ഇങ്ങനെയാണ്. അവനെ ഞാന്‍ ഒരിക്കലും വിട്ടു കൊടുക്കുകയില്ല. എന്റെ അമ്മയുടെ ഗൃഹത്തിലേക്ക് ഞാന്‍ അവനെ കൂട്ടി കൊണ്ടുപോകും. ഏതാണ്ട് അതിനു സമാനമായ സംഭവമാണി ഈസ്റ്റര്‍ ദിനത്തില്‍ സംഭവിക്കുന്നത്. സ്‌നേഹത്തിനു ഒരു പരിണാമം ആവശ്യമുണ്ട്. ക്രിസ്തു തന്നോടൊപ്പം ആയിരിക്കാനും തനിക്കു വേണ്ടി ആയിരിക്കാനുമൊക്കെ ഉള്ള ആഗ്രഹം അവളുടെ ശരീര ഭാഷയിലുണ്ട്. സമസ്ത ലോകത്തിനും വേണ്ടി സ്‌നേഹിക്കുന്നവരെ വിട്ടു കൊടുക്കുകയാണ് ഏറ്റവും ലാവണ്യമുള്ള കര്‍മ്മം. കുട്ടിയായിരി ക്കുമ്പോള്‍ ഒരു കിളി കുഞ്ഞിനെ നമ്മള്‍ സ്‌നേഹിച്ചത് അതിനെ പരമാവധി കൈകുമ്പിളില്‍ ഒതുക്കാന്‍ ആഗ്രഹിച്ചാണ്. എന്നാല്‍ നാല്‍പതുകളിലും അന്‍പതുകളിലുമൊക്കെ എത്തുമ്പോള്‍ അറിയാം, ഈ കിളി കുഞ്ഞി നെ സ്‌നേഹിക്കുക എന്നതിന് അര്‍ഥം വിശാ ലമായ ആകാശത്തിലേക്ക് അതിനെ പറത്തി വിടുകയാണെന്ന്. എന്നെ തടയരുത് എന്ന് മേരിയോടു ക്രിസ്തു പറഞ്ഞതിന് അങ്ങനെ ഒരു തലമുണ്ടാകാം. സ്‌നേഹിക്കുന്നവരുടെ യൊക്കെ ജീവിതത്തില്‍ മനോഹരമായ ആകാശമുണ്ടാകട്ടെ.

അവളുടെ പിന്നീടുള്ള ജീവിതത്തെ കുറിച്ച് പാരമ്പര്യം പറയുന്നത് ഇങ്ങനെയാണ്; ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം സഹോദരനായ ലാസറിനോടൊപ്പം ഫ്രാന്‍സിലേക്ക് ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ പോകുകയും വൈകാതെ സന്ന്യാസിനിയായി മുപ്പതു വര്‍ഷക്കാലം ജീവിക്കുകയും ചെയ്തു. അവളുടെ മരണം സംഭവിച്ചത് ഈസ്റ്റര്‍ ദിനത്തിലായിരുന്നുവത്രേ. അന്നത്തെ തിരുവത്താഴത്തില്‍ അവള്‍ പങ്കു ചേര്‍ന്നതിനു ശേഷമാണ് അവളുടെ പ്രാണന്‍ പിരിഞ്ഞത്. ഏഴ് ദിവസ ത്തോളം ഒരു സുഗന്ധം അവിടെ തങ്ങി നിന്നിരുന്നുവെന്നു കൂടി അതിന്റെ കൂടെ നമ്മള്‍ വായിക്കുന്നു. നല്ലൊരു ഓര്‍മപ്പെടുത്തല്‍ ആ ണത്. ജീവിതത്തിലുടനീളം സ്‌നേഹത്തിന്റെ സുഗന്ധവുമായി നടന്ന ഒരാളുടെ ജീവിത ത്തിന്റെ ഓര്‍മയെ നാര്‍ദീന്‍ തൈലം പോലെ കുറെ കൂടി നില നിര്‍ത്താന്‍ പ്രപഞ്ചം ഒരു പക്ഷെ കരുതിയിട്ടുണ്ടാകും. റാബ്ബി എന്ന വിളിയില്‍ നിന്ന് റബ്ബോനി എന്ന ദൂരം സഞ്ചരിക്കാനാണ് അവള്‍ ഇങ്ങനെ നമ്മളോടൊപ്പം!

~ ഫാ. ബോബി ജോസ് കപ്പുച്ചിന്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles