ജീന്‍ മരിയയെ സഹായിച്ച ശുദ്ധീകരണാത്മാവ്

വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നു, ‘തങ്ങള്‍ക്കായി ഒന്നും നേടാന്‍ ശുദ്ധീകരണാത്മാക്കള്‍ക്ക് കഴിവില്ലെങ്കിലും നമുക്കായി വലിയ വരപ്രസാദങ്ങള്‍ നേടിത്തരാന്‍ കഴിയും’ എന്ന്. വിശുദ്ധരെപ്പോലെ അവര്‍ മാദ്ധ്യസ്ഥം വഹിക്കുന്നവരല്ല. എങ്കിലും ദൈവത്തിന്റെ മാധുര്യമാര്‍ന്ന പരിപാലനയില്‍ വലിയ അനുഗ്രഹങ്ങള്‍ നമുക്കായി നേടിയെടുത്തുകൊണ്ട്, നമ്മെ എല്ലാവിധ അപകടങ്ങളില്‍നിന്നും രോഗങ്ങളില്‍ നിന്നും തിന്മയില്‍ നിന്നും രക്ഷിക്കാന്‍ അവര്‍ക്ക് കഴിയും.

അവര്‍ക്കായി നാം ചെയ്യേണ്ട ഉപകാരത്തിന്റെ ആയിരം ഇരട്ടിയായി അവര്‍ പ്രതിസമ്മാനിക്കും. താഴെ കൊടുക്കുന്ന സംഭവങ്ങള്‍ ആത്മാക്കള്‍ എത്ര ശക്തരും ഉദാരമനസ്‌കരുമാണ് എന്നു മനസ്സിലാക്കാന്‍ ഉദ്ധരിക്കാവുന്ന നൂറു കണക്കിനുള്ളവയില്‍ ചിലതു മാത്രമാണ്.

ഫ്രാന്‍സിലെ ജീന്‍മരിയ എന്ന പാവപ്പെട്ട പെണ്‍കുട്ടി ഒരിക്കല്‍ ശുദ്ധീകരണാത്മാക്കളെക്കുറിച്ച് ഒരു പ്രസംഗം കേള്‍ക്കാനിടയായി. അത് അവളുടെ മനസ്സില്‍ മായിച്ചുകളയാനാവാത്ത ഒരു ഓര്‍മ്മയായിത്തീര്‍ന്നു. ശുദ്ധീകരണാത്മാക്കള്‍ നിരന്തരമായ കഠിനവേദനക ളാണനുഭവിക്കുന്നതെന്നും, ശുദ്ധീകരണാത്മാക്കളുടെ ഈ ലോകത്തുള്ള സ്‌നേഹിതര്‍ എത്ര ക്രൂരമായാണ് അവരെ മറന്നുകളയുകയും അവഗണിക്കുകയും ചെയ്യുന്നതെന്നുമുള്ള ചിന്ത അവളെ ആഴത്തില്‍ വേദനിപ്പിച്ചു.

പലതും പറഞ്ഞെങ്കിലും പ്രസംഗകന്‍ ഊന്നിപ്പറഞ്ഞ ഒരു കാര്യം, ചില ആത്മാക്കള്‍ വാസ്തവത്തില്‍ ശുദ്ധീകരണസ്ഥലത്തുനിന്നു മോചിതരാകാനുള്ള അന്ത്യഘട്ടത്തിലാണ് എത്തി നില്‍ക്കുന്നത് എന്നതാണ്. ഒരു കുര്‍ബാനയര്‍പ്പണം മതിയാകും അവരുടെ മോചനത്തിന് . എന്നിട്ടും പിന്നെയും ദീര്‍ഘകാലം മോചനം നീളുന്നു. ചിലപ്പോള്‍ വര്‍ഷങ്ങളോളം. കാരണം, ഈ അവസാനത്തെ പരിഹാരബലിയര്‍പ്പണം അലസതകൊണ്ടോ മറവികൊണ്ടോ നല്‍കപ്പെടാതെ പോകുന്നു എന്നതാണ്.

നിഷ്‌കളങ്കമായ വിശ്വാസത്തില്‍ ജീന്‍മരിയ തീരുമാനിച്ചു – എത്ര പ്രയാസപ്പെട്ടായാലും, ആത്മാക്കള്‍ക്കുവേണ്ടി പ്രത്യേകിച്ച് , മോചനത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്ന ആത്മാക്കള്‍ക്കുവേണ്ടി, എല്ലാ മാസവും ഒരു കുര്‍ബാന അര്‍പ്പിക്കുമെന്ന്. പലപ്പോഴും ഈ വാഗ്ദാനം നിറവേറ്റാന്‍ അവള്‍ക്ക് വളരെ പ്രയാസമായിരുന്നു. എങ്കിലും അത് അവള്‍ ഒരിക്കലും മുടക്കിയില്ല.

ഒരിക്കല്‍ യജമാനത്തിയുമൊന്നിച്ച് ജീന്‍മരിയ പാരീസില്‍ പോയി. അവിടെവച്ച്, അവള്‍ അസുഖം ബാധിച്ച് ആശുപത്രിയില്‍ കഴിയേണ്ടിവന്നു . അസുഖം ഭേദമാകാന്‍ വൈകിയതുകൊണ്ട് അവളുടെ യജമാനത്തി അവളെ തനിയെ പാരീസില്‍ നിറുത്തിയിട്ട് തിരികെപ്പോയി. ജീന്‍മരിയ ആശുപ്രതി വിടുമ്പോള്‍ അവളുടെ പക്കല്‍ ആകെ അവശേഷിച്ചത് ഒരു ഫ്രാങ്ക് മാത്രമായിരുന്നു (ഏതാണ്ട് പത്തു രൂപ). എവിടെപ്പോകും , എന്തുചെയ്യും എന്നതിനെപ്പറ്റി അവള്‍ക്ക് ഒരു രൂപവും കിട്ടിയില്ല. പെട്ടെന്ന് അവളുടെ മനസ്സില്‍ വന്ന ചിന്ത ആത്മാക്കള്‍ക്കുവേണ്ടിയുള്ള കുര്‍ബാന ചൊല്ലിച്ചില്ലല്ലോ എന്നതാണ്. പക്ഷേ, അവളുടെ കൈയില്‍ ഒരു ഫ്രാങ്ക് മാത്രമാണുള്ളത്. വിശപ്പടക്കാന്‍ അല്പം വല്ലതും വാങ്ങുന്നതിനുള്ള തുക. എങ്കിലും ആത്മാക്കള്‍ തന്നെ കൈവിടില്ല എന്ന ചിന്തയില്‍ അവള്‍ അടുത്തുകണ്ട ഒരു പള്ളിയില്‍ കയറി, കുര്‍ബാന ചൊല്ലാനായി ഒരുങ്ങുന്ന അച്ചനോട് ആത്മാക്കള്‍ക്കായി തന്റെ കൈയിലുള്ള തുച്ഛമായ ഒരു ഫ്രാങ്കിന് കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിയുമോ എന്നു ചോദിച്ചു.

അവളുടെ കൈയില്‍ അകപ്പാടെ അവശേഷിക്കുന്ന സമ്പാദ്യം അതാണ് എന്നറിയാതെ കുര്‍ബാനയര്‍പ്പിക്കാന്‍ അച്ചന്‍ സമ്മതിച്ചു. കുര്‍ബാന കഴിഞ്ഞ് ജീന്‍മറിന്റെ വെളിയില്‍ ഇറങ്ങിയപ്പോള്‍ അവളുടെ മുഖത്ത് വലിയ ഒരു ദുഖം നിഴലിച്ചു. ഇനി എന്തുചെയ്യും എന്ന ചിന്ത, അവളെ ആകുലപ്പെടുത്തി .

ഒരു മാന്യനായ യുവാവ് അവളുടെ മുഖത്തെ ദുഖം കണ്ടു മനസലിഞ്ഞ് അവളോട് എന്താണ് പ്രയാസമെന്നും അവള്‍ക്ക് സഹായമെന്തെങ്കിലും ആവശ്യമുണ്ടോ എന്നും ചോദിച്ചു. അവള്‍ മറുപടിയായി അവളുടെ കഥ ചുരുക്കമായി പറഞ്ഞു. ഒരു ജോലി എവിടെയെങ്കിലും കിട്ടുകയെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹവും ആവശ്യവുമാണ് എന്നു പറഞ്ഞുനിറുത്തി.

ആ യുവാവ് അവളെ വളരെ കരുണയോടെയാണു ശ്രവിച്ചത്. അവളെ ആശ്വസിപ്പിക്കുകയും അവളുടെ ആവശ്യത്തില്‍ സഹായിക്കാന്‍ സന്നദ്ധനാവുകയും ചെയ്തു. ‘നിന്നെ സഹായിക്കുന്നതില്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ട്’ അയാള്‍ പറഞ്ഞു. ‘ ഇപ്പോഴും ഒരു ജോലിക്കാരിയെ അന്വേഷിക്കുന്ന ഒരു വനിതയെ എനിക്കറിയാം. എന്നോടുകൂടെ വരിക’ എന്നു പറഞ്ഞ് അധികം അകലെയല്ലാത്ത ഒരു ഭവനത്തില്‍ അവളെ അയാള്‍ കൂട്ടിക്കൊണ്ടുപോയി. തീര്‍ച്ചയായും ജോലി ലഭിക്കും എന്നു വാക്കുകൊടുത്തുകൊണ്ട് കോളിങ് ബെല്‍ അടിക്കാന്‍ അവന്‍ നിര്‍ദ്ദേശിച്ചു.

മണി കേട്ട് കുടുംബനാഥതന്നെ വന്ന് വാതില്‍ തുറന്ന്, അവള്‍ എന്താണ് അന്വേഷിക്കുന്നതെന്ന് ആരാഞ്ഞു. ‘മാഡം, ഒരു വേലക്കാരിയെ അന്വേഷിക്കുന്നു എന്നറിഞ്ഞു. എനിക്ക് ജോലിയില്ല. അതു കൊണ്ട് ജോലി തന്നാല്‍ വളരെ സന്തോഷമായിരിക്കും’ വിനയ പൂര്‍വ്വം അവള്‍ പറഞ്ഞു.

ആശ്ചര്യഭരിതയായി ആ മഹതി ചോദിച്ചു, ‘ആരാണ് ഇവിടെ എനിക്ക് ജോലിക്കാരിയെ ആവശ്യമുണ്ടെന്നു പറഞ്ഞത് ? കാരണം, ഏതാനും മിനിറ്റുകളെ ആയുള്ളൂ, ഞാന്‍ എന്റെ ജോലിക്കാരിയെ പെട്ടെന്നു പിരിച്ചുവിട്ടിട്ട് അവളെ നിങ്ങള്‍ കണ്ടുവോ?

ഇല്ല മാഡം ഇവിടെ നിങ്ങള്‍ക്ക് ഒരു ജോലിക്കാരിയെ ആവശ്യമുണ്ട് എന്ന് എന്നോട് പറഞ്ഞത് മാന്യനായ ഒരു യുവാവാണ്. ‘അസാദ്ധ്യം!’ ആ സ്തീ ആശ്ചര്യത്തോടെ പറഞ്ഞു. ഒരു യുവാവെന്നല്ല ആരും തന്നെ എനിക്ക് ഒരു ജോലിക്കാരിയെ ആവശ്യമുണ്ടെന്ന് അറിഞ്ഞിരിക്കയില്ല’.

‘പക്ഷേ, മാഡം, ഭിത്തിയില്‍ തൂക്കിയിരിക്കുന്ന ഫോട്ടോയിലേക്കു ചൂണ്ടി , ആശ്വര്യത്തോടെ അവള്‍ പറഞ്ഞു: ‘ആ ഫോട്ടോയില്‍ കാണുന്ന യുവാവാണ് എന്നോടിതു പറഞ്ഞത്’

‘എന്ത്? കുഞ്ഞേ, അത് ഒരു വര്‍ഷത്തിനുമുമ്പ് മരിച്ചുപോയ എന്റെ ഏക മകനാണ് ‘.

‘മരിച്ചതോ അല്ലയോ എന്നറിയില്ല, ഈ യുവാവുതന്നെയാണ് എന്നെ അങ്ങയുടെ പക്കലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ആ കണ്ണിനു മുകളിലുള്ള മുറിവിന്റെ പാടുകണ്ടോ? എവിടെവച്ചുവേണമെങ്കിലും എനിക്ക് അവനെ തിരിച്ചറിയാന്‍ കഴിയും’ ഉറച്ച ബോധ്യത്തോടെ അവള്‍ പറഞ്ഞു.

പിന്നീട് അവള്‍ അവളുടെ മുഴുവന്‍ കഥകളും, എങ്ങനെയാണ് അവസാനം കൈവശമുണ്ടായിരുന്ന ഒരു ഫ്രാങ്ക് കൊണ്ട് കുര്‍ബാന ചൊല്ലിച്ച് ആത്മാക്കള്‍ക്കായി, പ്രത്യേകിച്ച് മോചനത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന ആത്മാക്കള്‍ക്കായി കാഴ്ച വച്ചത് എന്നുവരെയുള്ള കാര്യങ്ങള്‍ പറഞ്ഞു.

അപ്പോള്‍ അവള്‍ പറഞ്ഞതെല്ലാം സത്യമാണ് എന്നു മനസ്സിലാക്കി, ആ മഹതി ജീന്‍മരിയ/z രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. ‘വരിക… എന്നാല്‍ എന്റെ വേലക്കാരിയായിട്ടല്ല, മറിച്ച് എന്റെ മകളായിട്ട് . നീയെന്റെ പ്രിയപ്പെട്ട മകനെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചു. അവനാണ് നിന്നെ എന്റെ പക്കല്‍ കൊണ്ടുവന്നത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു സംശയവുമില്ല….! ‘

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles