വാനവും ഭൂമിയും ഇസ്രയേലിന്റെ നാഥനെ സ്തുതിക്കട്ടെ

നൂറ്റിനാൽപ്പത്തിയെട്ടാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന.

സങ്കീർത്തനപരമ്പരയിൽ ഹല്ലേലൂയാ ഗീതങ്ങൾ എന്നറിയപ്പെടുന്ന അവസാന അഞ്ചു സങ്കീർത്തനങ്ങളിൽ മൂന്നാമത്തേതാണ് നൂറ്റിനാല്പത്തിയെട്ടാം സങ്കീർത്തനം. മറ്റു നാലു സങ്കീർത്തനങ്ങളും പോലെ, ദൈവത്തെ സ്തുതിക്കുവാനുള്ള ആഹ്വാനമാണ് ഈ സങ്കീർത്തനത്തിന്റെയും ആദ്യത്തെയും അവസാനത്തെയും വാക്യങ്ങളിൽ നാം കാണുന്നത്. വാനിലുള്ള എല്ലാ അസ്തിത്വങ്ങളോടും ദൈവത്തെ സ്തുതിക്കുവാൻ ആഹ്വാനം ചെയ്യുന്നവയാണ് ആറു വരെയുള്ള വാക്യങ്ങൾ. തുടർന്നുള്ള വാക്യങ്ങളിൽ ഭൂമിയിലുള്ള എല്ലാവരോടും എല്ലാത്തിനോടും ദൈവത്തെ സ്തുതിക്കാൻ സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നു. ഈ രണ്ടു ഭാഗങ്ങളിലും ജീവനുള്ളവയും ജീവനില്ലാത്തവയും എന്ന വേർതിരിവില്ലാതെ, എല്ലാ സൃഷ്ടികളോടുമാണ് ദൈവത്തെ സ്തുതിക്കാൻ സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നത്. മണ്ണിലെയും വിണ്ണിലെയും പ്രപഞ്ചം മുഴുവനിലെയും എല്ലാ അസ്തിത്വങ്ങളോടുമാണ് ദൈവസ്‌തുതികൾ ആലപിക്കുവാൻ സങ്കീർത്തകൻ ക്ഷണിക്കുന്നത്. മനുഷ്യരിലെ നന്മതിന്മകളെക്കുറിച്ചോ, ദൈവത്തിന്റെ സ്വഭാവവിശേഷങ്ങളെക്കുറിച്ചോ ഇവിടെ പ്രത്യേകമായ പരാമർശങ്ങളില്ല. സൃഷ്ടാവെന്ന നിലയിൽ ദൈവം സൃഷ്ടപ്രപഞ്ചത്തിൽ സ്തുതിക്ക് യോഗ്യനാണ് എന്ന ഒരു യാഥാർഥ്യമാണ് സങ്കീർത്തനവരികളിലൂടെ നമുക്ക് കാണാനാകുന്നത്.

വാനവും അതിലുള്ളവയും ദൈവത്തെ സ്തുതിക്കട്ടെ

സങ്കീർത്തനത്തിന്റെ ആദ്യ ആറു വാക്യങ്ങളിലൂടെ സങ്കീർത്തകൻ വിണ്ണിലെ സർവ്വതിനോടും സർവ്വരോടും കർത്താവിനെ സ്തുതിക്കാൻ ആഹ്വാനം ചെയ്യുന്നു. ഇതിൽ ആദ്യ നാലു വാക്യങ്ങളിലൂടെ ഭൂമിക്ക് മുകളിലുള്ള ഓരോ അസ്തിത്വങ്ങളോടും ദൈവത്തെ സ്തുതിക്കാൻ ആഹ്വാനം ചെയ്യുന്നു. “കർത്താവിനെ സ്തുതിക്കുവിൻ; ആകാശത്തുനിന്നു കർത്താവിനെ സ്തുതിക്കുവിൻ. ഉന്നതങ്ങളിൽ അവിടുത്തെ സ്തുതിക്കുവിൻ. കർത്താവിന്റെ ദൂതന്മാരെ, അവിടുത്തെ സ്തുതിക്കുവിൻ; കർത്താവിന്റെ സൈന്യങ്ങളെ, അവിടുത്തെ സ്തുതിക്കുവിൻ. സൂര്യചന്ദ്രന്മാരെ, അവിടുത്തെ സ്തുതിക്കുവിൻ; മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ, അവിടുത്തെ സ്തുതിക്കുവിൻ. ഉന്നതവാനിടമേ കർത്താവിനെ സ്തുതിക്കുവിൻ; ആകാശത്തിനുമേലുള്ള ജലസഞ്ചയമേ, അവിടുത്തെ സ്തുതിക്കുവിൻ” (വാ. 1-4). മനുഷ്യർ അത്ഭുതത്തോടെയും, ആരാധനയോടെയും നോക്കിക്കാണുന്ന കർത്താവിന്റെ ദൂതരോടും അവിടുത്തെ സൈന്യങ്ങളോടും ദൈവത്തെ സ്തുതിക്കുവാൻ സങ്കീർത്തകനിലെ വിശ്വാസി ആവശ്യപ്പെടുന്നു. അതുപോലെതന്നെയാണ് ദിനരാത്രങ്ങളിൽ പ്രകാശം നൽകുന്ന സൂര്യചന്ദ്രന്മാരോടും നക്ഷത്രങ്ങളോടും, മണ്ണിൽ ഫലങ്ങൾ പുറപ്പെടുവിക്കാൻ സഹായിക്കുന്ന മേഘസഞ്ചയങ്ങളോടും കർത്താവിനെ സ്തുതിക്കുവാൻ അവൻ ആവശ്യപ്പെടുന്നത്. വിണ്ണും, മാലാഖമാരും ദൈവദൂതരും, ഉന്നതമായ എല്ലാ ശക്തികളും കർത്താവിനെ ആരാധിക്കാൻ വിളിക്കപ്പെട്ടവരാണ്. സൃഷ്ടികൾ സൃഷ്ടവസ്തുക്കളെയല്ല, സൃഷ്ടാവിനെയാണ് ആരാധിക്കേണ്ടത്.

സൃഷ്ടപ്രപഞ്ചത്തോടും ദൈവത്താൽ സൃഷ്ടിക്കപ്പെട്ട വാനനിവാസികളോടും ദൈവത്തെ സ്തുതിക്കുവാൻ ആവശ്യപ്പെടുന്നതിനുള്ള കാരണമാണ് അഞ്ചും ആറും വാക്യങ്ങളിൽ സങ്കീർത്തകൻ എഴുതിവയ്ക്കുക: “അവ കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ; എന്തെന്നാൽ, അവിടുന്ന് കല്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു. അവയെ അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കി; അലംഘനീയമായ അതിർത്തികൾ അവിടുന്ന് അവയ്ക്ക് നിശ്ചയിച്ചു” (വാ. 5-6). മൂന്ന് കാര്യങ്ങൾ ഇവിടെ നമുക്ക് കാണാം. ഒന്നാമതായി ദൈവം തന്റെ കല്പനയാലാണ് പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും സൃഷ്ടിച്ചത്. സൃഷ്ടലോകവും സൃഷ്ടാവുമായുള്ള ഒരു ബന്ധമാണ് ഇവിടെ എടുത്തുകാണിക്കുക. രണ്ടാമതായി ദൈവം ഓരോ സൃഷ്ടവസ്തുക്കൾക്കും വ്യക്തമായ ഒരു സ്ഥാനം നൽകിയിട്ടുണ്ട്. ഒന്നും അനാവശ്യമായി സൃഷ്ടിക്കപ്പെട്ടവയല്ല. മൂന്നാമതായി, അവയ്ക്ക് ദൈവം അലംഘനീയമായ അതിർത്തികൾ നിശ്ചയിച്ചിട്ടുണ്ട്. വ്യക്തമായ ദൈവികപദ്ധതിയുടെ ഭാഗമായി തങ്ങളുടേതായ സ്ഥാനവും ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത്, ദൈവഹിതമനുസരിച്ച് ജീവിക്കാനാണ് സൃഷ്ടാവ് സൃഷ്ടികൾക്ക് അസ്തിത്വമേകിയത്. ദൈവഹിതത്തോട് ചേർന്ന് തങ്ങളുടെ കടമകൾ നിർവ്വഹിക്കുന്ന ഓരോ സൃഷ്ടിയും ദൈവത്തിന്റെ സ്തുതികൾ ആലപിക്കുകയാണല്ലോ.

ഭൂമിയിൽനിന്ന് ദൈവസ്തുതിയുയരട്ടെ

സങ്കീർത്തനത്തിന്റെ ഏഴുമുതൽ പന്ത്രണ്ടു വരെയുള്ള വാക്യങ്ങളിൽ ദൈവസ്‌തുതികൾ ആലപിക്കുവാൻ ഈ ഭൂമിയിലെ സകല സൃഷ്ടിജാലങ്ങളെയും സങ്കീർത്തകൻ ക്ഷണിക്കുന്നു. “ഭൂമിയിൽനിന്നു കർത്താവിനെ സ്തുതിക്കുവിൻ; കടലിലെ ഭീകരജീവികളെ, അഗാധങ്ങളെ, കർത്താവിനെ സ്തുതിക്കുവിൻ. അഗ്നിയും കന്മഴയും മഞ്ഞും പൊടിമഞ്ഞും അവിടുത്തെ കല്പന അനുസരിക്കുന്ന കൊടുങ്കാറ്റും കർത്താവിനെ സ്തുതിക്കട്ടെ. പർവ്വതങ്ങളും മലകളും ഫലവൃക്ഷങ്ങളും ദേവദാരുക്കളും വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പറവകളും, ഭൂമിയിലെ രാജാക്കന്മാരും ജനതകളും പ്രഭുക്കന്മാരും ഭരണാധികാരികളും, യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും” (വാ. 7-12). ഈ സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് വാനിലെ സർവ്വസൃഷ്ടികളോടുമാണ് ദൈവസ്‌തുതി ആലപിക്കുവാൻ സങ്കീർത്തകൻ ആവശ്യപ്പെട്ടിരുന്നത്. സങ്കീർത്തനത്തിന്റെ ഈ രണ്ടാം ഭാഗത്താകട്ടെ, ഭൂമിയിൽ മനുഷ്യൻ ഭയത്തോടും, അതിശയത്തോടും നോക്കിക്കണ്ടിരുന്ന ഓരോ സൃഷ്ടവസ്തുക്കളോടും സൃഷ്ടാവായ കർത്താവിന് സ്തുതിയേകുവാനാണ് സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നത്. ശിക്ഷയുടെ ഉപകരണങ്ങളായി കണക്കാക്കിയിരുന്ന അഗ്നിയും കന്മഴയും, ദൈവത്തിന്റെ സാന്നിധ്യമുള്ള പർവ്വതങ്ങളും മലകളും, മണ്ണിൽ ജീവിക്കുന്ന ഓരോ ജീവജാലങ്ങളും ദൈവത്തെ സ്തുതിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഈ സർവ്വസൃഷ്ടിജാലങ്ങൾക്കും മകുടമായി സൃഷ്ടിക്കപ്പെട്ട മനുഷ്യരും അവർ രാജാക്കന്മാരാകട്ടെ, പ്രഭുക്കന്മാരാകട്ടെ, ചെറിയവരോ വലിയവരോ ആകട്ടെ, ഏവരും ദൈവത്തെ തങ്ങളുടെ സൃഷ്ടാവായി അംഗീകരിച്ച് സ്തുതിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്നു. ആരാധനയും സ്തുതിയും ദൈവത്തിനുള്ളതാണ്. സൃഷ്ടപ്രപഞ്ചത്തിലെ വസ്തുക്കളിലൂടെ സൃഷ്ടാവായ ദൈവത്തിന്റെ മഹത്വം വെളിവാക്കപ്പെടുമ്പോഴും, ആരാധനയ്ക്കർഹനായവൻ ദൈവം മാത്രമാണെന്ന ഒരു ചിന്ത സങ്കീർത്തനവരികൾ നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നുണ്ട്.

എന്തുകൊണ്ടാണ് ഈ ഭൂമിയിൽനിന്ന് ദൈവത്തിന് സ്തുതിയുയരേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളായ പതിമൂന്നും പതിനാലും വാക്യങ്ങളിൽ നാം കാണുന്നത്. “കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ! അവിടുത്തെ നാമം മാത്രമാണ് സമുന്നതം; അവിടുത്തെ മഹത്വം ഭൂമിയെയും ആകാശത്തെയുംകാൾ ഉന്നതമാണ്. അവിടുന്ന് തന്റെ ജനത്തിനുവേണ്ടി ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു; തന്നോട് ചേർന്ന് നിൽക്കുന്ന ഇസ്രായേൽ ജനത്തിന്റെ മഹത്വം തന്നെ. കർത്താവിനെ സ്തുതിക്കുവിൻ” (വാ. 13-14). സർവ്വപ്രപഞ്ചവും ദൈവത്തെ സ്തുതിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. മറ്റു നാമങ്ങളെക്കാൾ ഉന്നതമായ നാമം യാഹ്‌വെയുടെതാണ്. സൃഷ്ടാവായ അവന്റെ മഹത്വം സൃഷ്ടപ്രപഞ്ചത്തേയുംകാൾ ഉന്നതമാണ്. സൃഷ്ടികളായ വസ്തുക്കൾക്കോ മനുഷ്യനിർമ്മിതമായ എന്തിനെങ്കിലുമോ അല്ല, എല്ലാ ജീവജാലങ്ങളുടെയും പ്രപഞ്ചവസ്തുക്കളുടെയും നാഥനും സൃഷ്ടാവുമായ ദൈവം മാത്രമാണ് സ്തുതിക്ക് അർഹനായവൻ. സർവ്വപ്രപഞ്ചത്തെയും കാത്തുപരിപാലിക്കുന്ന ദൈവം പക്ഷെ തന്റെ സ്നേഹം പ്രത്യേകമായ രീതിയിൽ ഇസ്രായേലിന് നൽകുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ശക്തിയുടെയും മഹത്വത്തിന്റെയും ചിഹ്നമായ കൊമ്പ് ഇസ്രയേലിനുവേണ്ടി ഉയർത്തപ്പെട്ടിരിക്കുന്നത്. തന്നോട് ചേർന്ന് നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ജനത്തെ അവിടുന്ന് മഹത്വമണിയിക്കുന്നു.

സങ്കീർത്തനം ജീവിതത്തിൽ

കർത്താവിന് സ്തുതിയർപ്പിക്കുവാൻ സങ്കീർത്തകൻ സർവ്വ പ്രപഞ്ചത്തെയും, ആകാശത്തെയും ഭൂമിയെയും ആഹ്വാനം ചെയ്യുമ്പോൾ, സൃഷ്ടാവായ ദൈവത്തിന്റെ സൃഷ്ടികളെന്ന നിലയിൽ, നമുക്കും കൂടിയുള്ളതാണ് ഈ ആഹ്വാനം. വിശ്വാസികളെന്ന നിലയിലും ദൈവജനമെന്ന നിലയിലും തിരഞ്ഞെടുക്കപ്പെട്ട, ദൈവത്താൽ പ്രത്യേകമായി അനുഗ്രഹിക്കപ്പെട്ട നാമെല്ലാവരും നമ്മുടെ സൃഷ്ടാവിനോടുള്ള നന്ദിയുടെ സ്തുതികൾ സർവ്വ പ്രപഞ്ചത്തോടുമൊപ്പം ആലപിക്കുവാൻ പ്രത്യേകമായി വിളിക്കപ്പെട്ടിരിക്കുന്നു. ഈ പ്രപഞ്ചത്തിലെ സൃഷ്ടവസ്തുക്കൾ ആകാശത്തോളം ഉയർന്നതോ ഭൂമിയോളം പരന്നതോ ആയിക്കൊള്ളട്ടെ, അവയേക്കാളുപരി ദൈവത്തെ സ്നേഹിക്കാൻ നാം മറക്കരുതെന്നും, ദൈവത്തിന് മാത്രം മഹത്വവും ആരാധനയും നൽകണമെന്നും ഈ സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. സൃഷ്ടികളേക്കാൾ സൃഷ്ടാവിനെ സ്നേഹിക്കാൻ നമുക്കും പരിശ്രമിക്കാം. ദൈവത്തോട് ചേർന്ന് നിൽക്കാനും, അവന്റെ തിരഞ്ഞെടുക്കപ്പെട്ട മക്കളാണ് നാം ഓരോരുത്തരുമെന്ന തിരിച്ചറിവിൽ, ദൈവമായ കർത്താവിനെ കൂടുതലായി സ്നേഹിക്കാനും, ആരാധിക്കാനും, അവന്റെ സ്തുതികൾ ആലപിക്കാനും നമുക്കും പരിശ്രമിക്കാം.

~ മോൺസിഞ്ഞോർ ജോജി വടകര ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles