പകലിലും ഇരുളിലും പ്രപഞ്ചനാഥനായ ദൈവത്തെ സ്തുതിക്കുക

നൂറ്റിമുപ്പത്തിനാലാം സങ്കീർത്തനം

കർത്താവിന്റെ ദാസർ ദൈവത്തെ സ്തുതിക്കട്ടെ

നൂറ്റിമുപ്പത്തിനാലാം സങ്കീർത്തനം ആരംഭിക്കുന്നത് ദൈവാരാധനയ്ക്കുള്ള ക്ഷണത്തോടെയാണ്. “കർത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിൻ; രാത്രിയിൽ കർത്താവിന്റെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്നവരെ അവിടുത്തെ വാഴ്ത്തുവിൻ” (വാ. 1). കർത്താവിന്റെ ആലയത്തിൽ സേവനം ചെയ്യുവാനായി പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ലേവി ഗോത്രത്തിൽനിന്നുള്ള ആളുകളോടായിരിക്കണം സങ്കീർത്തകൻ ഈ ആഹ്വാനം നടത്തുന്നത്. നിയമാവർത്തനപുസ്തകത്തിന്റെ പത്താം അധ്യായത്തിന്റെ എട്ടാം വാക്യത്തിൽ കർത്താവ് പ്രത്യേകമായി ലേവി ഗോത്രത്തെ തന്റെ ശുശ്രൂഷയ്ക്കായി വേർതിരിച്ചു നിറുത്തുന്നത് നമ്മൾ കാണുന്നുണ്ട്. “അക്കാലത്ത് കർത്താവിന്റെ ഉടമ്പടിയുടെ പേടകം വഹിക്കാനും അവിടുത്തെ സന്നിധിയിൽ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും അവിടുത്തെ നാമത്തിൽ അനുഗ്രഹിക്കാനുമായി ലേവിയുടെ ഗോത്രത്തെ കർത്താവ് വേർതിരിച്ചു. ഇവയാണ് ഇന്നോളം അവരുടെ കടമകൾ”. കർതൃശുശ്രൂഷ കടമയായുള്ള, കർത്താവിന്റെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്ന, അവിടുത്തെ ദാസരോടാണ് കർത്താവിനെ സ്തുതിക്കുവാനും വാഴ്ത്തുവാനും സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നത്. 113-ആം സങ്കീർത്തനം തുടങ്ങുന്നതും ഏതാണ്ട് ഇതേ വാക്കുകളോടെയാണ്; “കർത്താവിനെ സ്തുതിക്കുവിൻ! കർത്താവിന്റെ ദാസരെ, അവിടുത്തെ സ്തുതിക്കുവിൻ! കർത്താവിന്റെ നാമത്തെ സ്തുതിക്കുവിൻ!” (വാ.1). 135-ആം സങ്കീർത്തനത്തിന്റെ ആരംഭത്തിലും, ദാനിയേലിന്റെ പുസ്തകം 3, 85-ലും ഇതേ വാക്കുകൾ നമുക്ക് കാണാം. കർത്താവ് തങ്ങൾക്കായി ചൊരിഞ്ഞ അനുഗ്രഹങ്ങളെ ഓർത്ത് അവിടുത്തെ നാമത്തെ സ്തുതിക്കുന്നതും അവിടുത്തെ ബഹുമാനിക്കുന്നതും വാഴ്ത്തുന്നതും സൃഷ്ടികളെന്ന നിലയിൽ ഓരോ മനുഷ്യരുടെയും, പ്രത്യേകിച്ച്, കർത്താവിനെ അറിയുകയും, അവിടുത്തെ മഹത്വപൂർണ്ണമായ സാന്നിദ്ധ്യത്തിൽ ആയിരിക്കുകയും ചെയ്യുന്ന ആളുകളുടെയും കടമയും അവകാശവുമാണ്.

ജെറുസലേമിലേക്കുള്ള തീർത്ഥാടനശേഷം തിരിക സ്വഭവനങ്ങളിലേക്ക് പോകുന്ന വിശ്വാസികൾ ഈ സങ്കീർത്തനം ആലപിക്കുമ്പോൾ, ഈ വാക്കുകൾക്ക് പ്രത്യേകമായൊരു അർത്ഥവ്യാപ്തിയുണ്ട്. ദൈവത്തിന്റെ ആലയത്തിൽനിന്ന് തിരികെ നടക്കുന്ന അവർക്കുവേണ്ടി ദൈവത്തിന് സ്തുതിയർപ്പിക്കുകയെന്നൊരു കടമ ദേവാലയശുശ്രൂഷകരെ ഭരമേല്പിക്കുക കൂടിയാണ് അവർ ചെയ്യുന്നത്. പുരോഹിതഗണത്തിനും, ദേവാലയശുശ്രൂഷ ചെയ്യുന്ന ഓരോരുത്തർക്കും ദൈവം നൽകുന്ന വലിയൊരു അനുഗ്രഹവും കൂടിയാണ്, കർത്താവിന്റെ ആലയത്തിൽ, അവിടുത്തെ സന്നിധിയിൽ ആയിരിക്കാൻ സാധിക്കുക എന്നത്. രാത്രികാലം ദൈവത്തിന്റെ സംരക്ഷണം പ്രത്യേകമായി അനുഭവിക്കുന്ന സമയമാണെന്ന് കരുതേണ്ടിയിരിക്കുന്നു. സങ്കീർത്തകന് മാത്രമല്ല, തങ്ങളുടെ തീർത്ഥാടനം കഴിഞ്ഞ് തിരികെ യാത്ര തുടരുന്ന ഇസ്രായേൽ ജനത്തിനും, ഇരുട്ടിന്റെ അനിശ്ചിതത്വങ്ങളിൽ സംരക്ഷണമേകുന്നത് ദൈവമാണ്. പകലിന്റെ വെളിച്ചത്തിൽ കണ്ണുകൾ തുറന്ന് മുന്നിൽ വരുന്ന വിപത്തുകളെ അകലെക്കാണാൻ സാധിച്ചേക്കുമെങ്കിൽ, ഇരുളിൽ പ്രപഞ്ചനാഥനായ ദൈവത്തിൽ ശരണമർപ്പിച്ചുവേണം യാത്ര തുടരുവാൻ. അങ്ങനെ വരുമ്പോൾ, പകലിലും ഇരുളിലും ഒരുപോലെ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടു കൂടെയായിരുന്ന് അവർക്ക് സംരക്ഷണവും അനുഗ്രഹവുമേകുന്ന ദൈവത്തിന് നന്ദി പറയുവാൻ കൂടിയാണ് ജനം ആവശ്യപ്പെടുന്നത്. അനുഗ്രഹങ്ങളുടെ തിരിച്ചറിവിൽനിന്നാണ് നന്ദിയുടെ ചിന്തകളും അതുയർത്തുന്ന സ്തുതിയും ഉയരുന്നത്.

ദൈവസന്നിധിയിൽ ഉയരുന്ന കരങ്ങൾ

നൂറ്റിമുപ്പത്തിനാലാം സങ്കീർത്തനത്തിന്റെ രണ്ടാം വാക്യം ഇങ്ങനെയാണ്; “ശ്രീകോവിലിലേക്ക് കൈകൾ നീട്ടി കർത്താവിനെ വാഴ്ത്തുവിൻ”. ശക്തനായ ദൈവത്തിന്റെ സാന്നിധ്യമുള്ളയിടത്തേക്കാണ് കൈകൾ നീട്ടുന്നത്.  ആരാധനയ്‌ക്കും പ്രാർത്ഥനയ്ക്കുമുള്ള ശരീരഭാഷയുടെ ഭാഗമാണ് കരങ്ങൾ ഉയർത്തുന്നത്. തന്നെക്കാൾ ഉയർന്ന മറ്റൊരുവനിൽനിന്ന് എന്തെങ്കിലും സ്വീകരിക്കുവാനോ, അവനുമുന്നിൽ അടിയറവു പറയാനോ ആണ് സാധാരണയായി കൈകൾ ഉയർത്തുക.  ഇവിടെ സർവ്വശക്തനായ തങ്ങളുടെ ദൈവത്തിന് മുന്നിലേക്ക് നന്ദിയുടെയും സ്തുതിയുടെയും മനോഭാവത്തോടെ കരങ്ങളുയർത്താൻ, കരങ്ങൾ നീട്ടി കർത്താവിനെ വാഴ്ത്താനാണ് സങ്കീർത്തകൻ ആവശ്യപ്പെടുന്നത്. 28-ആം സങ്കീർത്തനം രണ്ടാം വാക്യത്തിൽ സങ്കീർത്തകൻ ശ്രീകോവിലിലേക്ക് കരങ്ങൾ നീട്ടുന്നത് നാം കാണുന്നുണ്ട്. “അങ്ങയുടെ ശ്രീകോവിലിലേക്ക് കൈകൾ നീട്ടി ഞാൻ സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ യാചനയുടെ സ്വരം ശ്രവിക്കേണമേ”. സങ്കീർത്തനം 141, 2-ൽ “എന്റെ പ്രാർത്ഥന അങ്ങയുടെ സന്നിധിയിലെ ധൂപാർച്ചനയായും ഞാൻ കൈകൾ ഉയർത്തുന്നത് സായാഹ്‌നബലിയായും സ്വീകരിക്കേണമേ” എന്ന് സങ്കീർത്തകൻ ദൈവത്തോട് അപേക്ഷിക്കുന്നുണ്ട്. ദൈവസ്‌തുതി ആലപിക്കുവാൻ ഒന്നും രണ്ടും വാക്യങ്ങളിൽ ആവർത്തിച്ച് ആവശ്യപ്പെടുന്നത് നന്ദിയുടെ മനോഭാവത്തിന് ഊന്നൽ കൊടുക്കുവാൻ വേണ്ടിയാണ്. രാത്രിയിൽ ശ്രീകോവിലിലേക്ക് കൈകൾ നീട്ടി കർത്താവിനെ വാഴ്ത്തുവിൻ എന്ന സങ്കീർത്തനമാലപിച്ച്, ജെറുസലേമിൽനിന്ന് തിരികെനടക്കുന്ന ഓരോ ഇസ്രായേൽക്കാരനും, ഒരിക്കൽക്കൂടി ദൈവസാന്നിധ്യത്തിലെത്താൻ സാധിച്ചതിനുകൂടിയാണ് നന്ദി ആലപിക്കുന്നത്.

സൃഷ്ടാവായ ദൈവത്തിന്റെ അനുഗ്രഹം

സങ്കീർത്തനത്തിന്റെ അവസാന വാക്യം ഇങ്ങനെയാണ്: “ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവ് സീയോനിൽനിന്നും നിന്നെ അനുഗ്രഹിക്കട്ടെ”. ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്ന പുരോഹിതരുടെ വാക്കുകളായിരിക്കണം ഇവ. സംഖ്യയുടെ പുസ്തകം ആറാം അദ്ധ്യായം ഇരുപത്തിനാലാം വാക്യത്തിൽ കർത്താവു മോശയിലൂടെ അഹറോനോടും പുത്രന്മാരോടും ഉപയോഗിക്കാൻ ആവശ്യപ്പെടുന്ന അനുഗ്രഹവാക്കുകൾ ഇവയോട് സദൃശ്യമാണ് “കർത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ”. സങ്കീർത്തനം 20,2-ൽ കർത്താവ് “സീയോനിൽനിന്നു നിന്നെ തുണയ്ക്കട്ടെ” എന്ന വാക്കുകളും, സങ്കീർത്തനം 128, 5 ൽ “കർത്താവ് സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കട്ടെ” എന്ന വാക്കുകളും നാം കാണുന്നുണ്ട്.

മൂന്നാം വാക്യത്തിൽ രണ്ടു കാര്യങ്ങളാണ് പ്രത്യേകമായി നമുക്ക് കാണാനാകുന്നത്. ഒന്നാമതായി കർത്താവിനെ പ്രപഞ്ചസൃഷ്ടാവായി സങ്കീർത്തകൻ അവതരിപ്പിക്കുന്നു. സർവ്വശക്തനും, സർവ്വത്തിന്റെയും സൃഷ്ടാവും എന്നൊക്കെയുള്ള പ്രയോഗങ്ങളിലൂടെ ഇസ്രയേലിന്റെ ദൈവത്തിന്റെ ഔന്ന്യത്യത്തെയാണ് സങ്കീർത്തകൻ വിളിച്ചോതുന്നത്. ഈ പ്രപഞ്ചത്തിലെ സർവ്വരും, സർവ്വവും, ആകാശവും ഭൂമിയും സൃഷ്‌ടിച്ച ദൈവത്തിനു കീഴിലാണ്. ഈ വാക്യത്തിന്റെ രണ്ടാമത്തെ പ്രത്യേകത സീയോനെ പ്രത്യേകമായി പരാമർശിക്കുന്നു എന്നതാണ്. ജെറുസലേമിലേക്ക് തീർത്ഥാടകർ വരുന്നതിന് കാരണം അത് ദൈവത്തിന്റെ വാസസ്ഥലമാണ് എന്നതിനാലാണ്. വിശ്വാസത്തോടെ ദൈവത്തെ തേടി വന്ന ജനത്തിന്റെമേൽ സീയോനിൽനിന്ന് ദൈവാനുഗ്രഹം വർഷിക്കപ്പെടുന്നു. ദൈവത്തിന്റെ ആലയം ദൈവാനുഗ്രഹങ്ങൾ പ്രവഹിക്കുന്നയിടമാണ്. ഈ അലയത്തിൽ സേവനം ചെയ്യുന്ന പുരോഹിതർ, ദേവാലയത്തിലെത്തി മടങ്ങുന്ന വിശ്വാസികളുടെ മേൽ സീയോനിൽ വസിക്കുന്ന ദൈവനാമത്തിൽ അനുഗ്രഹങ്ങൾ നേരുന്നു..

സങ്കീർത്തനം വിശ്വാസജീവിതത്തിൽ

നൂറ്റിമുപ്പത്തിനാലാം സങ്കീർത്തനവിചാരങ്ങൾ ഇവിടെ ചുരുക്കുമ്പോൾ, ദൈവത്തെ സ്തുതിക്കുവാനും, വാഴ്ത്തുവാനുമുള്ള സങ്കീർത്തകന്റെ ആഹ്വാനം നമുക്കും സ്വീകരിക്കാം. ജീവിതത്തിലെ ഇരുളിന്റെ നിമിഷങ്ങളിലും ഉയർന്ന കരങ്ങളോടെ ദൈവത്തെ സ്തുതിക്കുവാനും അവിടുത്തെ വാഴ്ത്തുവാനും നമുക്കും സാധിക്കട്ടെ. നമ്മുടെ വിശ്വാസജീവിതത്തിൽ ദൈവത്തിന്റെ വാസസ്ഥലത്തിന് പ്രത്യേകമായൊരു സ്ഥാനമുണ്ടാകട്ടെ. ദേവാലയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജീവിതത്തെ ദൈവസാന്നിധ്യമുള്ളയിടത്തേക്കുള്ള ഒരു തീർത്ഥാടനമാക്കി മാറ്റാം. അവിടുത്തെ ആലയത്തിൽ സേവനം ചെയ്യുന്നവരുടെ പ്രാർത്ഥനകളും, സ്തുതിഗീതങ്ങളും ദൈവസന്നിധിയിലെത്തുമെന്ന ബോധ്യത്തോടെ, അവരിലൂടെ നമുക്കും ദൈവത്തിന് സ്തുതികളർപ്പിക്കാം. പകലിലും ഇരുളിലും, ദൈവസ്‌തുതികൾ മനസ്സിൽ കാത്തുസൂക്ഷിക്കുവാനും, അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുവാനും നന്ദി പറയുവാനും നമുക്കും ഒരുങ്ങാം. പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ സീയോനിൽനിന്ന് ഇസ്രായേൽ ജനത്തിന് ലഭിച്ചതുപോലെ, അവിടുത്തെ വിശുദ്ധമലയിൽനിന്നും, ദേവാലയത്തിൽനിന്നും, നമ്മുടെ ജീവിതത്തിലേക്കും ദൈവാനുഗ്രഹങ്ങൾ ധാരാളമായി ഒഴുകട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles