ജെറുസലേമിന്റെ സമാധാനം

നൂറ്റിയിരുപത്തിരണ്ടാം സങ്കീർത്തനം – ഒരു വിചിന്തനം

കർത്താവിന്റെ ആലയത്തെക്കുറിച്ചുള്ള ചിന്ത നൽകുന്ന ആഹ്ലാദവും, ജെറുസലേമിൽ നിലനിൽക്കേണ്ട സമാധാനവും പ്രതിപാദിക്കപ്പെടുന്ന നൂറ്റിയിരുപത്തിരണ്ടാം സങ്കീർത്തനം ദേവാലയത്തിലേക്കുള്ള തീർത്ഥാടനവുമായി ബന്ധപ്പെട്ടതാണ്. നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാലുവരെയുള്ള, ആരോഹണഗീതങ്ങൾ എന്നറിയപ്പെടുന്ന പതിനഞ്ചു സങ്കീർത്തനങ്ങളിലെ മൂന്നാമത്തേതായ ഈ സങ്കീർത്തനം, പ്രവാസനന്തരകാലത്ത്. ജെറുസലേം ദേവാലയത്തിലേക്ക് യാത്രയിൽ ആലപിക്കുന്നതിനുവേണ്ടി രചിക്കപ്പെട്ടതായി കരുതപ്പെടുന്നു. ദേവാലയത്തിലേക്കുള്ള യാത്രയിൽ തീർത്ഥാടകൻ, നഗരകവാടത്തിലെത്തിയതായി സങ്കൽപ്പിച്ച് എഴുതപ്പെട്ടതാണിതിലെ വരികൾ. യഹൂദനിയമപ്രകാരം വർഷത്തിൽ മൂന്നുവട്ടമാണ് ദേവാലയം സന്ദർശിക്കേണ്ടത്. എങ്കിലും പലരും ഒരിക്കൽ മാത്രം, പെസഹാത്തിരുന്നാളുമായി മാത്രം ബന്ധപ്പെട്ടാണ് അവിടെയെത്തിയിരുന്നത്. ദൈവം വസിക്കുന്നയിടം കാണുന്നതിനൊപ്പം, ദൈവത്താൽ കാണപ്പെടുന്നതിനുവേണ്ടിക്കൂടിയാണ് അവർ ദേവാലയത്തിലെത്തുക. ദാവീദ് രാജാവിനാൽ എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന ഒരു കീർത്തനമാണിത്. വരും തലമുറകളിൽ ജെറുസലേമിലെത്തുന്ന ആളുകളെക്കൂടി മനസ്സിൽ കണ്ടാണ് അദ്ദേഹം ഇത് എഴുതിയത് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. നഗരത്തിന്റെ കവാടങ്ങൾക്കുള്ളിൽ പദമൂന്നിയ തീർത്ഥാടകന്റെ മനസ്സിന്റെ വികാരങ്ങളാണ് ഈ വരികളിൽ നാം കാണുന്നത്.

ദേവാലയത്തിന്റെ പടിവാതിൽ

ദേവാലയത്തിലേക്കുള്ള തീർത്ഥാടനത്തിൽ പങ്കുചേരുന്ന ഒരാൾ ആലപിക്കുന്ന രീതിയിലാണ് സങ്കീർത്തനം എഴുതപ്പെട്ടിരിക്കുന്നത്. ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. “കർത്താവിന്റെ ആലയത്തിലേക്ക് നമുക്ക് പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു” എന്ന ഒന്നാം വാക്യം, ദേവാലയം സ്ഥിതിചെയ്യുന്ന നഗരത്തെക്കുറിച്ചുള്ള ചിന്തയ്ക്ക് പോലും തീർത്ഥാടകമനസ്സിൽ ചെറുതല്ലാത്ത സന്തോഷമാണ് നൽകാനാകുന്നതെന്ന് ഓർമ്മിപ്പിക്കുന്നു. തീർത്ഥാടകസമൂഹത്തിനൊപ്പം ദൈവത്തിന്റെ നഗരത്തിലേക്ക് യാത്രചെയ്ത് മതപരമായ കടമകൂടിയാണ് വിശ്വാസി ഈ യാത്രയിലൂടെ നിർവ്വഹിക്കുന്നത്. ദേവാലയത്തിലേക്കുള്ള യാത്ര ഓരോ വിശ്വാസിയുടെ മനസ്സിലും സൃഷ്ടിക്കേണ്ട മനോഭാവവും ഇതുതന്നെയാണ്. ദൈവസാന്നിധ്യം സന്തോഷം നൽകുന്നതാണല്ലോ. “ജെറുശലേമേ, ഇതാ ഞങ്ങൾ നിന്റെ കവാടത്തിനുള്ളിൽ എത്തിയിരിക്കുന്നു! നന്നായി പണിതിണക്കിയ നഗരമാണ് ജെറുസലേം” എന്ന രണ്ടും മൂന്നും വാക്യങ്ങൾ പുതുക്കിപ്പണിത ദേവാലയത്തെയും നഗരത്തെയുമാണ് ഓർമ്മിപ്പിക്കുന്നത്. ജെറുസലേമിനെക്കുറിച്ചുള്ള അഭിമാനവും കർത്താവിന്റെ കൂടാരത്തെക്കുറിച്ചുള്ള സന്തോഷവുമാണ് ദാവീദ് തന്റെ വാക്കുകളിലൂടെ പ്രകടമാക്കുന്നത്. ദേവാലയം പിന്നീടാണ് പണിയപ്പെടുക. വിശ്വാസിയുടെ കണ്ണുകളിൽ ജെറുസലേം നഗരത്തിനുതന്നെ പ്രാധാന്യവും സൗന്ദര്യവുമേകുന്നത് ദേവാലയത്തിന്റെ, അതിനുള്ളിൽ വസിക്കുന്ന ദൈവത്തിന്റെ സാന്നിധ്യമാണ്. അന്യമതസ്ഥരുടെ ഇടമായിരുന്ന ജെറുസലേം ദൈവത്തിന്റെ കൂടാരം, ദൈവത്തിന്റെ ആലയം സ്ഥാപിക്കപ്പെട്ട ഇടമായപ്പോൾ, അത്, “നന്നായി പണിതിണക്കിയ നഗരമായി” മാറി. ദൈവത്തിന്റെ സാന്നിദ്ധ്യം ജീവിതത്തിന്റെയും മൂല്യമേറ്റുന്നതാണ്.

കണ്ടുമുട്ടലുകളുടെ ജെറുസലേം

ജെറുസലേം ദൈവവും മനുഷ്യരും തമ്മിലുള്ള കണ്ടുമുട്ടലിന്റെ ഇടമാണ്. നാലാം വാക്യം ഇതിനെക്കുറിച്ചാണ് പറയുന്നത്. “അതിലേക്ക് ഗോത്രങ്ങൾ വരുന്നു, കർത്താവിന്റെ ഗോത്രങ്ങൾ. ഇസ്രയേലിനോട് കല്പിച്ചതുപോലെ, കർത്താവിന്റെ നാമത്തിന് കൃതജ്ഞതയർപ്പിക്കാൻ അവർ വരുന്നു”. ദൈവവും മനുഷ്യരുമായുള്ള ഈ കണ്ടുമുട്ടൽ, ദൈവത്തിന് നന്ദിയർപ്പിക്കാനായാണ്. ദൈവം വസിക്കുന്നയിടത്തെന്നുന്ന മനുഷ്യൻ ദൈവസാന്നിദ്ധ്യത്തിന്റെ സന്തോഷമാണ് അനുഭവിക്കുന്നത്. എന്നാൽ അവരെ അവിടെ ഒരുമിച്ചു കൂട്ടിയത് ദൈവമാണ്. ഇസ്രായേൽ ഗോത്രങ്ങളുടേതല്ലാതിരുന്ന ഒരു നഗരത്തെ അവരുടെ ഒരുമയ്ക്ക് കാരണമാക്കിയത് യാഹ്‌വെ എന്ന ദൈവമാണ്. അങ്ങനെ അവർ ദൈവത്താൽ ഒരുമിച്ചുകൂട്ടപ്പെട്ട ജനമാണ്. ദൈവവുമായുള്ള ബന്ധം മനുഷ്യരുടെ ഒരുമയിലേക്ക് നയിക്കുന്നു എന്നൊരു ചിന്തയും ഈ വരികളിൽ നമുക്ക് കാണാം. എന്നാൽ ദൈവത്തിന് ദൈവജനം അർപ്പിക്കേണ്ട നന്ദിയുടെ ഇടമാണ് ദേവാലയം എന്നതാണ് ഇസ്രയേലിനെ ജറുസലേമിൽ ഒരുമിച്ചുകൂട്ടാനുള്ള പ്രധാന കാരണം. ആരാധന മനുഷ്യരെയും ദൈവത്തെയും, മനുഷ്യരെയും മനുഷ്യരെയും ഒരുമിപ്പിക്കാനുള്ളതാണ്.

ജെറുസലേം ഇതിനൊപ്പം രാജാവും അവന്റെ പ്രജകളും തമ്മിലുള്ള കണ്ടുമുട്ടലിന്റെ കൂടി ഇടമാണ്. ന്യായാസനങ്ങൾ ഒരുക്കപ്പെട്ടയിടം ജെറുസലെമാണ്. ദാവീദിന്റെ ഭവനത്തിന്റെ, അവന്റെ രാജ്യത്തിന്റെ ന്യായാസനങ്ങൾ അവിടെയാണ്. അങ്ങനെയെങ്കിൽ, ജനം ദാവീദിന്റെ ന്യായവിധികളും വിജ്ഞാനവചസുകളും ശ്രവിക്കുന്നയിടവും അതുതന്നെ. ദൈവത്തിന്റെ സാന്നിദ്ധ്യത്തിനൊപ്പം രാജാവിന്റെ വാസവും ജെറുസലേമിന് മൂല്യമേറ്റുന്നുണ്ട്. ഒരു രീതിയിൽ, രാജാവിന്റെ ന്യായാസനങ്ങൾക്ക് ദൈവത്തിന്റെ നീതിയുടെ ഒരിടമാകാനുള്ള വിളിയെക്കൂടിയാണ് ഇതോർമ്മിപ്പിക്കുന്നത്. ദൈവികമായ നീതിയാൽ നയിക്കപ്പെടുന്ന ന്യായാസനങ്ങൾക്കും അധികാരസ്ഥാനങ്ങൾക്കുമേ ജനത്തെ ഒരുമിച്ച് കൂട്ടുവാനും, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഇടമായി മാ റുവാനും സാധിക്കൂ എന്ന് വേണമെങ്കിൽ നമുക്ക് കൂട്ടിവായിക്കാം. അധികാരത്തിന് ദൈവവുമായി ബന്ധമില്ലാതാകുമ്പോൾ, അത് വിഭജനത്തിന്റെയും അസ്വസ്ഥതകളുടെയും അനീതിയുടെയും ഇടമായി മാറുമെന്ന് പല ന്യായാസനങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

സമാധാനത്തിന്റെയും അനുഗ്രഹങ്ങളുടെയും ജെറുസലേം

ആറുമുതലുള്ള വാക്യങ്ങൾ ജെറുസലേമും സമാധാനവുമായുള്ള ബന്ധത്തെക്കുറിച്ചാണ് പ്രതിപാദിക്കുക. യഥാർത്ഥത്തിൽ ഇസ്രയേലിനെ ഒരുമിച്ചുകൂട്ടുന്ന ജെറുസലേമിന് സമാധാനകാരണമായി നിൽക്കുന്നത് ദൈവത്തിന്റെ സാന്നിധ്യമുള്ള ദേവാലയമാണ്. ആറാം വാക്യം ജെറുസലേമിലെ സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനയ്ക്കുള്ള ആഹ്വാനമാണ്. “ജെറുസലേമിന്റെ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുവിൻ; നിന്നെ സ്നേഹിക്കുന്നവർക്ക് ഐശ്വര്യമുണ്ടാകട്ടെ”. സമാധാനത്തിന്റെ നഗരമായി അറിയപ്പെട്ടിരുന്ന ജെറുസലേം മുൻകാലങ്ങളിലും, ഇന്നും യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഇടംകൂടിയാണ്. അതുകൊണ്ടുതന്നെ ഈ നഗരത്തിൽ സമാധാനം നിലനിൽക്കുവാനായി പ്രാർത്ഥിക്കുക ഓരോ വിശ്വാസിയുടെയും കടമകൂടിയാണ്. ദൈവം വസിക്കുന്നയിടങ്ങളിൽ വൈരാഗ്യത്തിന്റെയും സംശയത്തിന്റെയും വിഭജനത്തിന്റെയുമൊക്കെ വിത്തുവിതയ്ക്കുന്നത് യഥാർത്ഥത്തിൽ ദൈവത്തെ അറിയാത്തവരും, ദൈവവിചാരങ്ങൾക്കെതിരായി ചിന്തിക്കുന്നവരുമാണ്. സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നവർ, സമാധാനത്തിന്റെ അനന്തരഫലങ്ങളായ ഐശ്വര്യവും സന്തോഷവും സംരക്ഷണവും അവകാശപ്പെടുത്താൻ അർഹതയുള്ളവരാണ്.

ഏഴും എട്ടും വാക്യങ്ങൾ ഇങ്ങനെയാണ്. “നിന്റെ മതിലുകൾക്കുള്ളിൽ സമാധാനവും നിന്റെ ഗോപുരങ്ങൾക്കുള്ളിൽ സുരക്ഷിതത്വവും ഉണ്ടാകട്ടെ! എന്റെ സഹോദരരുടെയും സുഹൃത്തുക്കളുടെയും പേരിൽ ഞാൻ ആശംസിക്കുന്നു: നിനക്ക് സമാധാനം”. മറ്റുള്ളവർക്ക് സമാധാനം ആശംസിക്കുകയും, അതിനുവേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ, തങ്ങൾക്കുവേണ്ടിക്കൂടിയാണ് അത് ചെയ്യുന്നത്. അപരന്റെ സമാധാനത്തെ ഇല്ലാതാക്കി, സുരക്ഷിതത്വത്തിന്റെ കോട്ടകൾ കെട്ടി ഇരിക്കാമെന്നത് വ്യാമോഹമാണെന്ന് ചരിത്രവും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ജെറുസലേം ദൈവം വസിക്കുന്ന ഇടമാണെങ്കിൽ, അവിടെ വസിക്കുന്ന ദൈവം നൽകുന്ന സമാധാനം എല്ലാ ജനതകൾക്കും വേണ്ടിയുള്ളതാണ്. തനിക്കുവേണ്ടിത്തന്നെയും, നഗരത്തിനുവേണ്ടിയും സമാധാനം കാംക്ഷിക്കുന്ന തീർത്ഥാടകനായി തന്നെത്തന്നെ സങ്കീർത്തകനും കാണുന്നുണ്ട്.

ദൈവത്തിന്റെ ആലയവും, സാന്നിദ്ധ്യവും, ദൈവചിന്തയുമാണ് യഥാർത്ഥത്തിൽ സമാധാനകാംക്ഷികളായി മനുഷ്യരെ മാറ്റുന്നതെന്ന് സങ്കീർത്തനത്തിന്റെ അവസാനവാക്യം വ്യക്തമാക്കുന്നുണ്ട്. “ഞങ്ങളുടെ ദൈവമായ കർത്താവിന്റെ ആലയത്തെപ്രതി ഞാൻ നിന്റെ നന്മയ്ക്കുവേണ്ടി പ്രാർത്ഥിക്കും”. ദൈവമെന്നൊരു സാന്നിദ്ധ്യമില്ലെങ്കിൽ ഭൂമിയിൽ സമാധാനം നിറഞ്ഞ ഒരു സഹവാസം അസാദ്ധ്യമെന്ന് തലമുറകളും ദേശങ്ങളുടെ ചരിത്രവും നമ്മെ പഠിപ്പിക്കുന്നുണ്ട്. ദൈവമെന്നൊരുവനാണ് ദൈവസൃഷ്ടികളെന്ന നിലയിൽ നമ്മെ സഹോദര്യത്തിൽ വളർത്തുന്നത്.

ഇന്നിന്റെ തീർത്ഥാടകർ

നൂറ്റിയിരുപത്തിരണ്ടാം സങ്കീർത്തനവിചാരങ്ങൾ ഇവിടെ ചുരുക്കുമ്പോൾ, ഈ ഭൂമിയിൽ സമാധാനം വാഴുവാനായി ആഗ്രഹിക്കേണ്ട, പ്രാർത്ഥിക്കേണ്ട, ദൈവത്തിന്റെ അലയത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യേണ്ട തീർത്ഥാടകരാണ് നാമെന്ന ഒരു ചിന്ത സങ്കീർത്തകൻ നമുക്ക് മുന്നിലും വയ്ക്കുന്നുണ്ട്. സമാധാനത്തിന്റെ തീരമായി ഈ ഭൂമി മാറണമെങ്കിൽ, ഇവിടം ദൈവത്തിന്റെ സാന്നിധ്യമുള്ള ഒരിടമാണെന്ന ചിന്ത മനുഷ്യമനസ്സുകളിൽ ഉണ്ടാകണം. മറ്റൊരുവന്റെ പരാജയത്തിലോ പതനത്തിലോ അല്ല, സഹോദര്യത്തിൽ ഒരുമിച്ചുള്ള വളർച്ചയിലാണ് യഥാർത്ഥ സമാധാനവും വിജയവുമെന്ന്, അവിടെയാണ് യഥാർത്ഥ ദൈവമനുഷ്യകണ്ടുമുട്ടൽ അർത്ഥമുള്ളതാകുന്നതെന്ന് സങ്കീർത്തനവരികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവത്തിന്റെ സമാധാനവും അനുഗ്രഹവും നമ്മുടെ ജീവിതത്തിൽ അനുഭവിക്കണമെങ്കിൽ അപരന്റെ തകർച്ചകളിലും ഇല്ലായ്മകളിലും നാം കണ്ണടച്ചിരിക്കുന്നവരാകരുതെന്ന്, നമ്മുടെ വാക്കുകളും, വിധിന്യായങ്ങളും ദൈവവിചാരം നൽകുന്ന നീതിബോധത്തിൽനിന്ന് ഉരുവാകുന്നവയാകണമെന്ന് വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. ലോകത്തിന് മുഴുവൻ സമാധാനമുണ്ടാകട്ടെ. സഹോദര്യമില്ലാത്ത, അപരനുവേണ്ടി കാരുണ്യം പൊഴിയാത്ത, സമാധാനത്തെ സ്നേഹിക്കാത്ത ഇടങ്ങളിൽ ദൈവം വസിക്കുന്നില്ല. നമ്മുടെ ജീവിതത്തിലും സമൂഹങ്ങളിലും സമാധാനവും സ്നേഹവും ദൈവവും വസിക്കട്ടെ.

~ മോൺ. ജോജി വടകര ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles