സർവ്വപ്രപഞ്ചത്തിന്റെയും സൃഷ്ടാവിന് ആരാധനയേകുക

വചനവീഥി – നൂറ്റിനാലാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന.

ദൈവത്തിന്റെ പരിപാലനത്തെക്കുറിച്ചുള്ള ഒരു വർണ്ണനയും, ആഞ്ഞടിക്കുന്ന ജലത്തിൽനിന്നും അനാദിയായ രാത്രിയിൽനിന്നും ജീവനുള്ളതും, ഊർജ്ജസ്വലമായതും, അതിർവരമ്പുകളുള്ളതും, എല്ലാം ക്രമമായിരിക്കുന്നതുമായ ഒരു ലോകത്തെ, അനായാസമായും വൈദഗ്ധ്യത്തോടെയും സൃഷ്‌ടിച്ച ദൈവത്തിനുള്ള ഒരു കീർത്തനവുമാണ് നൂറ്റിനാലാം സങ്കീർത്തനം. ഉത്പത്തിപുസ്തകത്തിന്റെ ഒന്നും രണ്ടും അധ്യായങ്ങളും, പഴയനിയമത്തിലെത്തന്നെ ജോബിന്റെ പുസ്തകത്തിലെ മുപ്പത്തിയെട്ടുമുതൽ നാൽപ്പതു വരെയുള്ള അദ്ധ്യായങ്ങളും ചേർത്തെഴുതിയ, സൃഷ്ടികർമ്മത്തിന്റെ ഒരു സംക്ഷിപ്തരൂപമായി നമുക്ക് ഈ സങ്കീർത്തനത്തെ കാണാനാകും.

ദൈവത്തിന്റെ തേജസ്സ്

“എന്റെ ആത്മാവേ കർത്താവിനെ വാഴ്ത്തുക; എന്റെ ദൈവമായ കർത്താവേ അങ്ങ് അത്യുന്നതനാണ്; അവിടുന്ന് മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു” എന്ന ഒന്നാം വാക്യം മുതൽ “അവിടുന്ന് കാറ്റുകളെ ദൂതരും അഗ്നിയേയും അഗ്നിജ്വാലകളെയും സേവകരുമാക്കി” എന്ന നാലാം വാക്യം വരെ വാനിലും സ്വർഗ്ഗത്തിലുമുള്ള ദൈവത്തെയാണ് സങ്കീർത്തകൻ വാഴ്ത്തുന്നത്. അതുല്യനായ ദൈവമാണ് നമ്മെയും ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചതെന്ന തിരിച്ചറിവാണ് സങ്കീർത്തനവരികളിൽ നാം കാണുന്നത്. “വസ്ത്രമെന്നപോലെ അങ്ങ് പ്രകാശമണിഞ്ഞിരിക്കുന്നു” എന്ന രണ്ടാം വാക്യത്തിന്റെ ആദ്യഭാഗം പുതിയനിയമത്തിലെ ക്രിസ്തുവിന്റെ രൂപാന്തരീകരണത്തിന്റെ ചിന്തകൾ മനസ്സിലുണർത്തുക സ്വാഭാവികമാണല്ലോ

ദൈവികസംവിധാനവും ഭൂമിയുടെ ക്രമീകരണവും

ഭൂമിയിൽ ഒന്നും യാദൃശ്ചികമായോ, കാരണമില്ലാതെയോ ഉണ്ടാകുന്നതല്ല. അഞ്ചു മുതൽ പതിനെട്ടു വരെയുള്ള വാക്യങ്ങളിൽ ഭൂമിയെ ഇളക്കം തട്ടാതെ സ്ഥിരപ്പെടുത്തുന്ന, അതിന്റെ മാർഗ്ഗങ്ങൾ ക്രമപ്പെടുത്തുന്ന ദൈവത്തെയും, അതിലൂടെ വെളിവാകുന്ന ദൈവപരിപാലനയെയുമാണ് നാം കാണുന്നത്. ഏറ്റവും ചെറുതായ കാര്യങ്ങളിൽപ്പോലും ദൈവം മനുഷ്യരുടെ നന്മയ്ക്കായും, ഭൂമിയുടെ സുസ്ഥിതിയ്ക്കായും എത്രയോ സൂക്ഷ്മതയോടെയാണ് എല്ലാം ഒരുക്കിയിരിക്കുന്നതെന്നും, അത് തിരിച്ചറിയുന്ന മനുഷ്യൻ ദൈവത്തോട് എത്രമാത്രം നന്ദിയുള്ളവനായിരിക്കണമെന്നും സങ്കീർത്തകൻ ഇവിടെ ഓർമ്മിപ്പിക്കുകയാണ്. ദൈവം എല്ലാം നന്മയ്ക്കായാണ് ചെയ്യുന്നതെന്ന് തിരിച്ചറിയുന്ന മനുഷ്യന്റെ ജീവിതം എന്നും ദൈവോന്മുഖമായിരിക്കും.

സൃഷ്ടികർമ്മത്തിൽ, ദൈവം മനുഷ്യനുവേണ്ടി മാത്രമല്ല, സകലജീവജാലങ്ങൾക്കും, സസ്യലതാദികൾക്കും വേണ്ടിയാണ് ഈ പ്രപഞ്ചത്തിനൊരു താളമുണ്ടാക്കിയതെന്നും, ഭൂമിയെ ക്രമീകരിച്ചതെന്നും, ഒരു സഹവാസത്തിനായുള്ളതാണ് ഈ പ്രപഞ്ചമെന്നും സങ്കീർത്തകൻ ഓർമ്മിപ്പിക്കുകയാണ്. Laudato si എന്ന തന്റെ ചാക്രികലേഖനത്തിൽ പ്രകൃതിയും ജീവജാലങ്ങളും മനുഷ്യരുമൊക്ക ഒരുമിച്ച് പോകേണ്ടതിന്റെ പ്രാധാന്യത്തെയും, പരസ്പരധാരണയോടെയും സഹകരണത്തോടെയും ജീവിക്കേണ്ട, ദൈവസൃഷ്ടികളാണ് തങ്ങളെല്ലാവരുമെന്ന തിരിച്ചറിവുണ്ടാകേണ്ടതിന്റെയും ആവശ്യകതയും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നത് ഇത്തരുണത്തിൽ ചിന്തനീയമാണ്.

പ്രകൃതിയുടെ താളവും ഇരുട്ടും വെളിച്ചവും

ഇതുവരെ ഭൂമിയെയും അതിലെ മണ്ണിനെയും ദൈവം എപ്രകാരം മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യജാലങ്ങളുടേയുമൊക്കെ നന്മയ്ക്കായി സൃഷ്ടിച്ചു എന്ന് വിവരിച്ച സങ്കീർത്തകൻ, പത്തൊൻപതുമുതൽ ഇരുപത്തിമൂന്ന് വരെയുള്ള വാക്യങ്ങളിൽ ദൈവം എപ്രകാരം പുതിയൊരു ക്രമം സൃഷ്ടപ്രപഞ്ചത്തിന് നൽകുന്നു എന്ന് വിവരിക്കുന്നു. പത്തൊൻപൻതാം വാക്യം ഇങ്ങനെയാണ്: “ഋതുക്കൾ നിർണ്ണയിക്കാൻ അവിടുന്ന് ചന്ദ്രനെ നിർമ്മിച്ചു; സൂര്യന് തന്റെ അസ്തമയം അറിയാം. അവിടുന്ന് ഇരുട്ട് വരുത്തുന്നു”. സൃഷ്ടികർമ്മത്തിന്റെ ക്രമീകരണത്തിൽ ഒരു പടികൂടി ദൈവം മുന്നോട്ട് പോകുകയാണ്. ഇരുളും വെളിച്ചവും, മനുഷ്യരും മൃഗങ്ങളും, ഭക്ഷണവും, വേട്ടയും, പിന്നെ സന്ധ്യയോളം നീളുന്ന മനുഷ്യാദ്ധ്വാനവും. എല്ലാം ദൈവത്തിന്റെ ജ്ഞാനപൂർണ്ണമായ പദ്ധതിയനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഉത്പത്തിപുസ്തകത്തിൽ കാണുന്ന പ്രപഞ്ചസൃഷ്ടിയുടെ ആദ്യവിവരണം ഇവിടുത്തെ ചിന്തകൾക്ക് തീർച്ചയായും പ്രചോദനമായിട്ടുണ്ട്.

തിരിച്ചറിവിൽനിന്ന് ദൈവസ്‌തുതികളിലേക്ക്

ഇരുപത്തിനാലുമുതൽ മുപ്പത്തിനാലുവരെയുള്ള വാക്യങ്ങൾ വീണ്ടും പുതിയൊരു തലത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. “കർത്താവെ അങ്ങയുടെ സൃഷ്ടികൾ എത്ര വൈവിധ്യപൂർണ്ണങ്ങളാണ്! ജ്ഞാനത്താൽ അങ്ങ് അവയെ നിർമ്മിച്ചു: ഭൂമി അങ്ങയുടെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു”.എന്ന ഇരുപത്തിനാലാം വാക്യം, ഇതുവരെയുള്ള തിരിച്ചറിവുകളിൽനിന്ന്, ഒരു പുതിയ മേഖലയിലേക്കാണ് വിശ്വാസിയുടെ മനസ്സിനെ കൊണ്ട് ചെല്ലുക. നന്മയുടെ തിരിച്ചറിവ്, എപ്പോഴും നന്ദിയുടെ വികാരങ്ങൾ മനസ്സിലുണർത്തുകയും, അവ നിസ്സംഗതയുടെ നിശബ്ദതയിൽനിന്ന് ആരാധനയുടെ സ്തുതിഗീതങ്ങളിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുകയും വേണം. സങ്കീർത്തകൻ മുപ്പത്തിമൂന്നാം വാക്യത്തിൽ ഇങ്ങനെ പറയുന്നു: “എന്റെ ജീവിതകാലം മുഴുവൻ ഞാൻ കർത്താവിന് കീർത്തനം പാടും; ആയുഷ്കാലമത്രയും ഞാൻ എന്റെ ദൈവത്തെ പാടി സ്തുതിക്കും” നമുക്കായി നന്മകൾ ഒരുക്കിയ ദൈവം, നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത് ഈയൊരു തിരിച്ചറിവും, നന്ദി നിറഞ്ഞ, കൃതജ്ഞതയുള്ള ഒരു മനസ്സുമാണ്. അങ്ങനെയുള്ള വ്യക്തികൾ ദൈവത്തിന് കൂടുതൽ പ്രിയങ്കരരുമാണ്.

നിലനിൽക്കേണ്ട നന്മയും ഇല്ലാതാകേണ്ട തിന്മയും

നൂറ്റിനാലാം സങ്കീർത്തനത്തിന്റെ അവസാനവാക്യവും, ഇന്നത്തെ വിചിന്തനത്തിന്റെ അവസാനഭാഗവുമായ മുപ്പത്തിയഞ്ചാം വാക്യം ഇങ്ങനെയാണ് ആരംഭിക്കുക; “പാപികൾ ഭൂമിയിൽനിന്നു നിർമ്മാർജ്ജനം ചെയ്യപ്പെടട്ടെ! ദുഷ്ടന്മാർ ഇല്ലാതാകട്ടെ!”.  ദൈവത്തിന്റെ പ്രവൃത്തികളെ തിരിച്ചറിയുന്ന മനുഷ്യനിൽ ഉണ്ടാകുന്ന പ്രഥമവികാരം നന്ദിയുടേതാണെങ്കിൽ, പിന്നീടത്, തിന്മയെ വെറുത്തുപേക്ഷിക്കുന്നതിലേക്കുകൂടി വളരും. വിശുദ്ധഗ്രന്ഥത്തിൽ പലയിടങ്ങളിലും നാം കണ്ടുമുട്ടുന്ന ഒരു വിചാരരീതിയാണിത്. നന്മയായ ദൈവത്തിനുമുന്നിലും, അവന്റെ കരസ്പർശമേറ്റ സൃഷ്ടലോകത്തിലും, അവനെതിരായി ഒന്നും നിലനിൽക്കരുത് എന്ന മാനുഷികവികാരമാണിവിടെ നാം കാണുന്നത്. നമ്മുടെ ഹൃദയമാകുന്ന ലോകത്തിലും ഇതുതന്നെയല്ലേ നടക്കേണ്ടത്?

“എന്റെ ആത്മാവേ കർത്താവിനെ വാഴ്ത്തുക, കർത്താവിനെ സ്തുതിക്കുക” എന്ന ആരാധനയ്ക്കുള്ള ആഹ്വാനത്തിന്റെ ആവർത്തനത്തോടെ സങ്കീർത്തനം അവസാനിക്കുകയാണ്. ഇത് സങ്കീർത്തനങ്ങളിൽ പലയാവർത്തി നാം കാണുന്ന ഒരു ശൈലിയാണ്. ഓരോ മനുഷ്യരും കടന്നുപോകേണ്ട ചില വഴികളാണ് ഇന്നത്തെ സങ്കീർത്തനത്തിൽ നമ്മൾ കാണുന്നത്. വിശ്വാസജീവിതത്തിൽ നാം നടക്കേണ്ട വഴികൾ ഇവയാണ്: ആദ്യം പ്രപഞ്ചമെന്ന ദൈവസൃഷ്ടിയുടെ സങ്കീർണ്ണതകളുടെയും സൗന്ദര്യത്തിന്റെയും തിരിച്ചറിവിൽനിന്ന്, ഓരോ സൃഷ്ടവസ്തുക്കളുടെയും ഏകത്വത്തിനെ തിരിച്ചറിയുന്നതിലേക്ക്, രണ്ടാമതായി, ഈ തിരിച്ചറിവിലൂടെ ഇവയ്‌ക്കെല്ലാം നാഥനായ  ദൈവമെന്ന വലിയൊരു സത്യത്തിന്റെ തിരിച്ചറിവിലേക്ക്, മൂന്നാമതായി, ഈ രണ്ടു തിരിച്ചറിവുകളിൽനിന്നും, സൃഷ്ടാവിനുള്ള ഒരു കീർത്തനമായി നമ്മുടെയും ജീവിതം മാറുന്നതിലേക്ക്.

സങ്കീർത്തകനിൽനിന്ന് വിശ്വാസിയിലേക്ക്

ദൈവത്തിന്റെ മഹത്വവും സൃഷ്ടപ്രപഞ്ചത്തിന്റെ നന്മയും തിരിച്ചറിയുന്ന മനുഷ്യന് നന്ദിയുടെ ഹൃദയവികാരങ്ങൾ ഉയർന്നുവരിക സാധാരണമാണ്. ഭൂമിയുടെ പരപ്പും ആഴിയുടെ ആഴങ്ങളും അനന്തമായ വിഹായുസ്സും ഒളിപ്പിച്ചുവയ്ക്കുന്ന രഹസ്യങ്ങൾ അജ്ഞത എന്ന പരിമിതിയിലേക്കല്ല, മറിച്ച്, ബുദ്ധിയുടെ പരിമിതമായ അറിവിനുപരിയായ ഒരു തലത്തിലേക്കാണ് മനസ്സിനെ കൊണ്ടുപോകേണ്ടത്. അവിടെ ജീവിതം മുഴുവനും ഒരു ആരാധനയായി മാറേണ്ടതുണ്ട്. നമ്മുടെ ഹൃദയമെന്നൊരു പ്രപഞ്ചത്തിൽ, ദൈവം ക്രമീകരിച്ചിരിക്കുന്ന അതിരുകൾ നാം തിരിച്ചറിയേണ്ടതുണ്ട്. പ്രലോഭനങ്ങളുടെ വൻതിരമാലകളും, തിന്മയുടെ കൂരിരുട്ടുനിറഞ്ഞ രാത്രികളുമൊക്കെ ദൈവപരിപാലനയെന്ന കാരുണ്യത്തിന് മുന്നിൽ അടിയറവുപറയേണ്ടതുണ്ട്. അവിടെ പാപവും തിന്മകളും നാമെന്ന മനുഷ്യരുടെ മുഖാവരണം അണിയാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മിലെ തിന്മകളെ അകറ്റി തിരിച്ചറിവുള്ള മനുഷ്യരാകാൻ നൂറ്റിനാലാം സങ്കീർത്തനവിചാരങ്ങൾ നമ്മെ സഹായിക്കട്ടെ. നന്ദിയുള്ള ഹൃദയങ്ങളിൽനിന്നും, നന്മവിരിയുന്ന മനസ്സുകളിൽനിന്നും വരുന്ന ആരാധനയുടെ ഗീതങ്ങളിൽ ദൈവം സംപ്രീതനാണ്. കടന്നുപോകുന്ന ഈ ജീവിതവും, എന്നേക്കും നിലനിൽക്കില്ലാത്ത ഈ പ്രപഞ്ചം തന്നെയും, ആദിയും അന്ത്യവുമില്ലാത്ത ദൈവത്തിനുള്ള ഒരു സ്തുതിഗീതമായുയരട്ടെ. അനന്തമായ ഈ പ്രപഞ്ചത്തിന് മുന്നിൽ, നിസ്സാരമായ നമ്മുടെ ജീവിതം സൃഷ്ടാവായ ദൈവത്തിനുള്ള ഒരു ആരാധനയുടെ ഈരടിയാകട്ടെ. “എന്റെ ആത്മാവേ കർത്താവിനെ വാഴ്ത്തുക, കർത്താവിനെ സ്തുതിക്കുക”.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിനാലാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകൾ. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles