കാനഡയില്‍ വൈദികന് കുര്‍ബാനയ്ക്കിടെ കുത്തേറ്റു

മോണ്‍ട്രിയാല്‍: കാനഡയിലെ മോണ്‍ട്രയാലിലുള്ള സെന്റ് ജോസഫ് ഓറട്ടറിയില്‍ ദിവ്യബലി അര്‍പ്പിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന വൈദികന് കുത്തേറ്റു. ആശ്രമത്തിലെ റെക്ടറായ ഫാ. ക്ലോഡ് ഗ്രൗവിനെയാണ് വലിയ ഒരു കത്തി കൊണ്ട് അക്രമി ആക്രമിച്ചത്.
തന്റെ നേര്‍ക്ക് ആക്രമി കുതിച്ചു വരുന്നത് കണ്ട പുരോഹിതന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അക്രമി അദ്ദേഹത്തെ ഇടിച്ചു നിലത്തിട്ട ശേഷം കുത്തുകയായിരുന്നു. തുടര്‍ന്ന് അക്രമി കത്തി നിലത്തിട്ടു.
ഉടനെ തന്നെ പരിക്കേറ്റ വൈദികനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അദ്ദേഹത്തിന്റെ പരിക്കുകള്‍ ഗൗരവതരമല്ലെന്ന് മോണ്‍ട്രിയാല്‍ അതിരൂപത അറിയിച്ചു. സെല്‍ പ്ലസ് ലൂമിയര്‍ ടിവി ഈ ദിവ്യബലി തത്സമയം സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് ആ വീഡിയോ അവരുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.