ശുദ്ധീകരണാത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യം
നമ്മുടെ ദിവ്യനാഥന്റെ ഏറ്റവും വലിയ കല്പന നാം പരസ്പരം യഥാര്‍ത്ഥമായും ആത്മാര്‍ത്ഥമായും സ്‌നേഹിക്കണം എന്നതാണ്. പ്രഥമ കല്പന നാം ദൈവത്തെ മുഴുഹൃദയത്തോടും മുഴുആത്മാവോടുംകൂടെ സ്‌നേഹിക്കണമെന്നും രണ്ടാമത്തേത് അഥവാ ആദ്യത്തേതിന്റെ രണ്ടാം ഭാഗം എന്നു വിശേഷിപ്പിക്കാവുന്നത് ‘നമ്മെപ്പോലെ നമ്മുടെ അയല്‍ക്കാരനെയും സ്‌നേഹിക്കണം’ എന്നതുമാണ്.
ഇത് സര്‍വശക്തന്റെ വെറും ഒരു ഉപദേശമോ ആഗ്രഹമോ അല്ല, പ്രത്യുത അവിടുത്തെ ഏറ്റവും വലിയ കല്പനയും എല്ലാ കല്പ്പനകളുടെയും അടിസ്ഥാനവും സത്തയുമാണ് . മറ്റുള്ളവര്‍ക്കു നാം ചെയ്യുന്ന സേവനങ്ങള്‍ അവിടുത്തേക്കു ചെയ്യുന്നതായും നിരസിക്കുന്നവ അവിടുത്തേക്ക് നിരസിക്കുന്നതായും അവിടുന്നു പരിഗണിക്കും എന്ന് കര്‍ത്താവ് അരുള്‍ചെയ്യുന്നതില്‍നിന്ന് ഈ കല്പന എത്രമാത്രം ശക്തമാണെന്ന് വ്യക്തമാകുന്നു.
വിശുദ്ധ മത്തായിയുടെ സുവിശേഷം 25 ാം അദ്ധ്യായത്തില്‍ ഈശോ നീതിമാന്മാരെ വിധിക്കുന്നതായി നാം വായിക്കുന്നു (മത്താ. 25 : 34 – 46).
സ്വന്തം നിലനില്‍പ്പിനും അഭ്യുദയത്തിനും സ്വാര്‍ത്ഥതയ്ക്കും അടിപ്പെട്ട്, ഓരോരുത്തരും തന്നെപ്പറ്റിയും തന്റെ സുസ്ഥിതിയെക്കുറിച്ചും മാത്രം അന്വേഷിക്കുന്ന ഈ കാലത്ത് ഈ നിയമം ദൈവം നടപ്പാക്കാതിരിക്കും എന്നോ പ്രാബല്യത്തിലില്ലെന്നോ പലരും കരുതുന്നതായി തോന്നുന്നു . ഇന്ന് പരസ്‌നേഹത്തിന്റെ കല്പനയെക്കുറിച്ചു പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നും, ഇന്നത്തെ നിയമത്തില്‍ സ്വയം ഉയരുക അല്ലെങ്കില്‍ നശിക്കുക എന്നതുമാത്രമേ ചെയ്യാനുള്ള എന്നും അവര്‍ വിചാരിക്കുന്നു.
ഈ വാദം ശരിയല്ല . ദൈവത്തിന്റെ നിയമം ഇപ്പോഴും എപ്പോഴും അലംഘനീയമായി നിലനില്‍ക്കുന്ന ഒന്നത്രേ. മാത്രമല്ല , ഇത് നമ്മുടെ ഏറ്റവും വലിയ ആവശ്യവും കടമയും എല്ലാറ്റിലുമുപരി സജീവ താത്പര്യത്തിന്റെ വിഷയവുമായി എന്നത്തെക്കാളുമേറെ ശക്തിയോടെ ഇന്നും നിലനില്‍ക്കുന്നതുമാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.