ലോക്ക് ഡൗണ്‍ കാലത്ത് നമുക്ക് വചനഗോപുരങ്ങളാകാം

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.

എല്ലാ ദുഖങ്ങള്‍ക്കും എല്ലാ ക്ലേശങ്ങള്‍ക്കും രണ്ടു വശമുണ്ട് എന്ന് ക്രിസ്തീയ വിശ്വാസം തന്നെ പഠിപ്പിക്കുന്നു. എല്ലാ സഹനങ്ങള്‍ക്ക് രക്ഷാകരമായ ഒരു വശമുണ്ട്. നിര്‍ബന്ധിതമായി വീട്ടിരിക്കാന്‍ അധികാരികള്‍ ആവശ്യപ്പെട്ടിരിക്കുന്ന ഈ സമയത്ത് നാം ഒന്നും മനസ്സു വച്ചാല്‍ നമുക്ക് തിരുവചനത്തിന്റെ ഗോപുരങ്ങളാകാം. വചന കൂടാരങ്ങളാകാം.

വിരമിച്ച മാര്‍പാപ്പയും മഹാപണ്ഡിതനുമായ ബെനഡിക്ട് പതിനാറാമന്‍ ഇങ്ങനെ പറയുന്നു; ‘ഞാന്‍ വി. അഗസ്റ്റിനെ വായിക്കുമ്പോള്‍ അദ്ദേഹം 1600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു വ്യക്തിയായിട്ടല്ല എനിക്ക് അനുഭവപ്പെടുന്നത്. അദ്ദേഹം ഇന്നും ജീവിക്കുന്ന ഒരാളായി തോന്നുന്നു. ഒരു സ്‌നേഹിതനെ പോലെ, സമകാലികനെ പോലെ ഇപ്പോള്‍ ഇവിടെ എന്നോട് വിശ്വാസത്തില്‍ സംസാരിക്കുന്നതു പോലെ തോന്നുന്നു’

എല്ലാ തിരുവനചങ്ങളുടെയും സാരാംശം ഈശോ മിശിഹാ തന്നെയാണെന്ന് റിച്ചാഡ് ഓഫ് സെന്റ് വിക്ടര്‍ പറയുന്നുണ്ട്. യേശുവാണ് പിതാവിന്റെ വചനം. ആദിയില്‍ ഉണ്ടായിരുന്ന വചനം. അവിടുന്നാണ് എല്ലാ വിശുദ്ധഗ്രന്ഥ ഭാഗങ്ങളിലും മറഞ്ഞിരിക്കുന്നത്. തിരുവചനം ധ്യാനിക്കുമ്പോള്‍ നമുക്ക് വെളിവാകുന്നത് യേശു തന്നെയാണ്.

‘വി. ഗ്രന്ഥം വിശ്വാസപൂര്‍വം എടുത്ത് വായിക്കുമ്പോള്‍ നാം ദൈവത്തോടൊപ്പം ഒരിക്കല്‍കൂടി ഏദന്‍തോട്ടത്തില്‍ ഉലാത്തുകയാണ്. വി. ഗ്രന്ഥം കൂടെക്കൂടെ വായിക്കണം. ഒരിക്കലും ബൈബിള്‍ നിന്റെ കൈയില്‍ നിന്ന് താഴെ വയ്ക്കാന്‍ ഇടയാകരുത്. എനിക്ക് സുവിശേഷം മിശിഹായുടെ ശരീരമാണ്. വി. ഗ്രന്ഥം മുഴുവന്‍ യേശുവിന്റെ പ്രബോധനങ്ങളാണ്’ എന്ന് ബൈബിള്‍ പണ്ഡിതനായിരുന്ന വി. ജെറോം പറയുന്നു. വചനം ശ്രവിക്കുമ്പോള്‍ അത്രയേറെ ശ്രദ്ധയാണ് നാം നല്‍കേണ്ടത്. ഒരു വചനം പോലും പാഴായിപ്പോകാന്‍ നാം അനുവദിക്കരുത്.

വി. അംബ്രോസ് പറയുന്നത് ശ്രദ്ധിക്കുക: ‘ഓരോ വിശ്വാസിയും ആന്തരികമായി വചനത്തെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും വേണം. ശരീരത്തില്‍ ഒരമ്മയെ അവന് ഉണ്ടായിരുന്നുള്ളൂ എങ്കില്‍ വിശ്വാസം വഴി അവന്‍ നമ്മുടെ സന്തതിയാണ്. നമുക്ക് ലഭിച്ച വി. ഗ്രന്ഥം പുത്രന്റെ ശരീരമാണ്. എല്ലാ വി. ഗ്രന്ഥങ്ങളും കൂടി ഒറ്റ പുസ്തകമാണ്. ആ പുസ്തകത്തിന്റെ പേരാണ് യേശു ക്രിസ്തു. വി. ഗ്രന്ഥത്തെ കുറിച്ചുള്ള അറിവില്ലായ്മ യേശുവിനെ കുറിച്ചുള്ള അറിവില്ലായ്മയാണ്’

ഇതേ കാര്യം തന്നെ വി. അഗസ്റ്റിനും പറയുന്നുണ്ട്: ‘പഴയ നിയമത്തിലെ ഓരോ വാക്യത്തിലും മറഞ്ഞിരിക്കുന്നത് യേശുവാണ്. യേശുവിനെ ഗര്‍ഭം ധരിച്ചുനില്‍ക്കുന്ന അമ്മയാണ് പഴയ നിയമം.’
ഒരു കാര്യം കൂടി വി. അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ക്കുന്നു: ‘സുവിശേഷത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു മാത്രം വിശ്വസിക്കുകയും ഇഷ്ടമില്ലാത്ത തിരുവചനഭാഗങ്ങളെ തള്ളിക്കളയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ സുവിശേഷത്തിലല്ല നിങ്ങളില്‍ തന്നെയാണ് വിശ്വസിക്കുന്നത്’ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് വിശുദ്ധന്‍ ഇവിടെ പറയുന്നത്.

പഴയ നിയമം വാഗ്ദാനം ചെയ്തത് പുതിയ നിയമം ദൃശ്യമാക്കി എന്ന് വി. ഗ്രിഗറി പറയുന്നു. പഴയ നിയമം പുതിയ നിയമത്തെ സംബന്ധിച്ച ഒരു പ്രവചനമാണ്. പുതിയ നിയമം പഴയ നിയമത്തിന്റെ ഏറ്റവും നല്ല വ്യാഖ്യാനവും. ദൈവ വചനം അത് വായിക്കുന്നവരോടൊപ്പം വളരുന്നു.

ആധുനിക കാലത്തെ വലിയ വിശുദ്ധയായി അറിയപ്പെടുന്ന ലിസ്യുവിലെ വി. കൊച്ചു ത്രേസ്യ പറയുന്നത് കേള്‍ക്കുക: ‘ഞാന്‍ സുവിശേഷത്തിലേക്ക് കണ്ണോടിച്ചാല്‍ മതി ഉടന്‍ തന്നെ യേശുവിന്റെ ജീവിതത്തിന്റെ പരിമളം ഞാന്‍ ശ്വസിച്ചു തുടങ്ങുന്നു. എങ്ങോട്ടാണ് പോകേണ്ടതെന്ന് ഉടന്‍ എനിക്ക് മനസ്സിലാകും’

ബൈബിള്‍ നമ്മുടെ വഴികാട്ടിയാണ്, നമുക്ക് മുന്നില്‍ പ്രഭ ചൊരിയുന്ന പ്രകാശ ഗോപുരമാണ്. ആ പ്രകാശത്തില്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് വഴി തെളിയും. ഈ അസുലഭമായ ദിനങ്ങളില്‍ നമുക്ക് ഒത്തിരി നേരം ബൈബിള്‍ വായിക്കാം, പഠിക്കാം. ധ്യാനിക്കാം. നമുക്ക് സ്വയം വചനഗോപുരങ്ങളാകാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles