ദാരിദ്ര്യമല്ല, സഹായിക്കലാണു ദൈവപദ്ധതി: മാർപാപ്പ
അന്റനനാരിവോ(മഡഗാസ്കർ): ദാരിദ്ര്യത്തിൽ നിലനിൽക്കലല്ല, പരസ്പരം സഹായിച്ചു മുന്നേറലാണ് ദൈവത്തിന്റെ പദ്ധതിയെന്ന് ഫ്രാൻസിസ് മാർപാപ്പ. മഡഗാസ്കർ തലസ്ഥാനമായ അന്റനനാരിവോയിലെ തുറന്ന വേദിയിൽ ഞായറാഴ്ച ദിവ്യബലി അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുറ്റും നോക്കുകയാണെങ്കിൽ സ്ത്രീകളും കുട്ടികളും യുവാക്കളും അടക്കം നിരവധിപ്പേർ കഷ്ടതകൾ അനുഭവിക്കുന്നതു കാണാനാകും. അവർ അങ്ങനെതന്നെ തുടരണമെന്നല്ല ദൈവപദ്ധതി. പരസ്പരം സഹായിച്ചും പങ്കുവച്ചും സംരക്ഷിച്ചും മുന്നേറുകയെന്നതാണ് മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെന്നു മാർപാപ്പ വിശദീകരിച്ചു.
പത്തുലക്ഷത്തോളം വിശ്വാസികൾ ദിവ്യബലിയിൽ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു. മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി രഹോലിനയും ഭാര്യ മിയാലിയും മുൻനിരയിലുണ്ടായിരുന്നു.
ദിവ്യബലിയിൽ പങ്കെടുക്കാൻ തലേന്നു രാത്രിതന്നെയെത്തിയ നിരവധിപ്പേർ കടുത്ത തണുപ്പും കാറ്റും അവഗണിച്ച് പുൽപ്പായകളിലും ടാർപോളിനുകളിലുമാണ് കഴിച്ചുകൂട്ടിയത്. വിശ്വാസികളുടെ ത്യാഗത്തിനു മാർപാപ്പ നന്ദിപറഞ്ഞു.
സ്വാർഥത വെടിയേണ്ടതിന്റെ ആവശ്യകതയും മാർപാപ്പ ചൂണ്ടിക്കാട്ടി. തനിക്കുവേണ്ടി മാത്രമുള്ള ജീവിതം ഏറ്റവും മോശം അടിമത്തങ്ങളിലൊന്നാണ്. യേശുവിന്റെ ഉപദേശങ്ങൾ ഈ തത്ത്വത്തിലൂന്നിയുള്ളതാണ്. തന്നിൽ മാത്രം കേന്ദ്രീകരിച്ചു ജീവിക്കുന്നവർക്ക് കുറച്ചുനാൾ സുരക്ഷിതത്വം തോന്നും. പക്ഷേ, അവരിൽനിന്ന് ജീവൻ ചോർന്നുപോകും. അവരുടെ അവസാനം കയ്പും മുറുമുറുപ്പുമായിരിക്കും. നമ്മൾ സഹായത്തിന്റെ കരങ്ങൾ പരസ്പരം നീട്ടണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.