പെര്‍പ്പെത്തുവായുടെയും ഫെലിസിത്താസിന്റെയും വിശ്വാസധീരതയുടെ കഥ

ദൈവത്തെ മുറുകെ പിടിച്ചതിനു സ്വന്തം ജീവിതം തന്നെ ബലിയര്‍പ്പിക്കേണ്ടി വന്ന ധീരരായ രണ്ടു രക്തസാക്ഷികളാണു പെര്‍പെത്തുവായും ഫെലിച്ചിത്താസും. അവരുടെ കഥ ഇപ്രകാരമാണ്:

എ.ഡി. 202ല്‍ സെവേരൂസു ചക്രവര്‍ത്തിയുടെ മതപീഡനകാലം. പെര്‍പെത്തുവാ കുലീന കുടുംബത്തില്‍ ജനിച്ച സുന്ദരിയും വിദ്യാസമ്പന്നയുമായ യുവതിയായിരുന്നു. വിവാഹിതയും ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയും ആയിരിക്കെയാണു പെര്‍പെത്തുവായെയും മറ്റു അഞ്ചു സ്ത്രീകളെയും ഭരണാധികാരികള്‍ അറസ്റ്റു ചെയ്യുന്നത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറായില്ല എന്നതായിരുന്നു ഇവര്‍ ചെയ്ത കുറ്റം. വന്യമൃഗങ്ങളുടെ മുന്നിലേക്കു ഇട്ടുകൊടുത്തു കൊല്ലുകയായിരുന്നു ക്രൂരനായ സെവേരൂസിന്റെ ശിക്ഷാസമ്പ്രദായം.

പെര്‍പെത്തുവായുടെ പിതാവ് ക്രിസ്ത്യാനിയായിരുന്നില്ല. തടവിലായിരിക്കെ പെര്‍പെത്തുവായെ സന്ദര്‍ശിക്കാന്‍ അദ്ദേഹം എത്തി. തന്റെ മനസുമാറ്റാന്‍ ശ്രമിച്ച പിതാവിനോട് ഒരു കുടം കാണിച്ചിട്ട് അവര്‍ ചോദിച്ചു. ”ഈ കാണുന്നതു ഒരു കുടമാണ്. ഇതിനെ മറ്റെന്തെങ്കിലും വിളിക്കാനാകുമോ?.” ”ഇല്ല”അയാള്‍ പറഞ്ഞു. ”അതുപോലെ തന്നെയാണു ഞാന്‍. ഒരു ക്രിസ്ത്യാനിയാണ്. എനിക്കിനി മാറാനാവില്ല.” പെര്‍പെത്തുവാ പറഞ്ഞു.

തന്റെ കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചിട്ടാണു പെര്‍പെത്തുവാ വന്നതെങ്കില്‍ ഫെലിച്ചിത്താസ് അറസ്റ്റിലാകുമ്പോള്‍ ഏഴു മാസം ഗര്‍ഭിണിയായിരുന്നു. റോമന്‍ നിയമപ്രകാരം ഗര്‍ഭിണികളെ കൊല്ലാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് അവള്‍ പ്രസവിക്കുന്നതു വരെ ശിക്ഷ നീട്ടിവച്ചു. ശിക്ഷ നടപ്പിലാക്കുന്നതിനു രണ്ടു ദിവസം മുന്‍പ് അവള്‍ക്കു പ്രസവവേദന തുടങ്ങി. ”ഈ വേദന നിനക്കു സഹിക്കാന്‍ പറ്റില്ലെങ്കില്‍ മൃഗങ്ങള്‍ കടിച്ചു കീറുമ്പോള്‍ നീ എങ്ങനെ സഹിക്കും.” എന്നു ചോദിച്ചു കൊണ്ടു പടയാളികള്‍ അവളെ പരിഹസിക്കാനും മനസുമാറ്റാനും ശ്രമിച്ചു. എന്നാല്‍ ഫെലിച്ചിത്താസ് ധീരയായി മറുപടി പറഞ്ഞു. ‘ഇപ്പോള്‍ ഞാന്‍ മാത്രമാണു ഈ വേദന അനുഭവിക്കുന്നത്. എന്നാല്‍ അപ്പോള്‍ എനിക്കു വേണ്ടി മറ്റൊരാള്‍ വേദന സഹിക്കും. കാരണം ഞാന്‍ അവനു വേണ്ടിയാണു ആ വേദന അനുഭവിക്കുന്നത്.”

ശിക്ഷ നടപ്പിലാക്കുന്ന ദിവസമെത്തി. വലിയൊരു ജനക്കൂട്ടം അതു കാണാനെത്തിയിരുന്നു. വിജാതീയ ദൈവത്തിന്റെ വേഷം അവരെ അണിയിക്കാന്‍ കൊണ്ടുവന്നു. എന്നാല്‍ പെര്‍പ്പെത്തുവാ അതണിയാന്‍ തയാറായില്ല. ”ഞങ്ങളുടെ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഞങ്ങള്‍ഫ മരിക്കാന്‍ തന്നെ തയാറായത്. ഇപ്പോള്‍ ഈ വേഷം ധരിക്കുന്നില്ലെങ്കില്‍ ഇതില്‍ കൂടുതല്‍ എന്തു ശിക്ഷയാണ് ഞങ്ങള്‍ക്കു ലഭിക്കുക. ശിക്ഷ തുടങ്ങി. പുരുഷന്‍മാരെ കരടി, പുള്ളിപ്പുലി തുടങ്ങിയവയുടെ മുന്നിലേക്ക് എറിഞ്ഞു. വെകിളി പിടിച്ച പശുവിന്റെ മുന്നിലേക്ക് സ്ത്രീകള്‍ എറിയപ്പെട്ടു. പിന്നീട് അവരുടെ ശിരസ് അറുത്തു.”നിന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക, പരസ്പരം സ്‌നേഹിക്കുക” ഇതായിരുന്നു പെര്‍പെത്തുവായുടെ അവസാന വാക്ക്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles