ക്രിസ്തുവിന്റെ സ്‌നേഹം എല്ലാവരുമായി പങ്കുവയ്ക്കാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: എല്ലാ മനുഷ്യരും തന്നെ അറിയണം എന്നും തന്റെ സ്‌നേഹം അറിയണം എന്നും യേശു ആഗ്രഹിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ. യേശുവിന്റെ സ്‌നേഹം ലോകത്തോട് പങ്കുവയ്ക്കാനുള്ള ദൗത്യം ഓരോ കത്തോലിക്കാ വിശ്വസിക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തി. ലോക മിഷന്‍ ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സംസാരിക്കുകായിരുന്നു, മാര്‍പാപ്പാ.
‘യേശുവിന് സാക്ഷ്യം വഹിക്കുന്നവര്‍ എല്ലാവരിലേക്ക് ഇറങ്ങിച്ചെല്ലണം. സ്വന്തം ആള്‍ക്കാരുടെ അടുത്തേക്കും തങ്ങളുടെ ചെറിയ ഗ്രൂപ്പിലേക്കും മാത്രം ചെന്നാല്‍ പോര. പോകൂ! എനിക്ക് സാക്ഷ്യം നല്‍കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കി കളയരുത് എന്ന് യേശു പറയുന്നു’ പരിശുദ്ധ പിതാവ് ഓര്‍മപ്പെടുത്തി.
‘നിങ്ങള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും നല്‍കാനാവാത്ത ഒരു സാക്ഷ്യം നിങ്ങള്‍ നല്‍കണം എന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങള്‍ ലോകത്തോട് സംസാരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ നിങ്ങളുടെ അമൂല്യമായ ജീവിത ദൗത്യത്തില്‍ നിങ്ങള്‍ പരാജയപ്പെട്ടേക്കാം.’ പാപ്പാ പറഞ്ഞു.
എല്ലാവരും രക്ഷിക്കപ്പെടണം എന്ന് ദൈവം ആഗ്രഹിക്കുന്ന കാര്യം മാര്‍പാപ്പാ വ്യക്തമാക്കി. മനപൂര്‍വമാണ് ദൈവം ‘എല്ലാവരെയും’ രക്ഷിക്കണം എന്ന് പറയുന്നത്. നമ്മള്‍ എപ്പോഴും എന്റെ, അല്ലെങ്കില്‍ ഞങ്ങളുടെ എന്ന വാക്കുകളാണ് ഉപയോഗിക്കുന്നത് എന്ന് കര്‍ത്താവിന് അറിയാം. എന്റെ വസ്തുക്കള്‍, ഞങ്ങളുടെ ആളുകള്‍, ഞങ്ങളുടെ സമൂഹം എന്നെല്ലാമാണ് നാം പറയാറുള്ളത്. എന്നാല്‍ ദൈവം ആഗ്രഹിക്കുന്നത് എല്ലാവരും രക്ഷ പ്രാപിക്കാനാണ്. ആരും അവിടുത്തെ ഹൃദയത്തിന് പുറത്തല്ല, പാപ്പാ വ്യക്തമാക്കി.