യേശുവിന്റെ തിരുഹൃദയത്തില്‍ മറഞ്ഞിരിക്കുന്ന സമ്പത്ത് കണ്ടെത്തുക: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിന്റെ തിരുഹൃദയത്തില്‍ മറഞ്ഞിരിക്കുന്ന ഉപവിയുടെ സമ്പാദ്യങ്ങള്‍ കണ്ടെത്താന്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു.
‘ഈ വെള്ളിയാഴ്ച നമ്മള്‍ യേശുവിന്റെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഘോഷിക്കുകയാണ്. കഷ്ടപ്പാടുകളിലൂടെ കടന്നു പോകുന്ന മനുഷ്യരാശിയുടെ എല്ലാ നിയോഗങ്ങളും പേടികളും ദുരവസ്ഥകളും അവിടുത്തെ തിരുമുമ്പില്‍ വയ്ക്കുവാന്‍ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. മനുഷ്യരോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്ന അവിടുത്തെ ഹൃദയം എല്ലാവര്‍ക്കും പ്രത്യാശയും ആശ്രയബോധവും പ്രദാനം ചെയ്യട്ടെ’ പാപ്പാ പറഞ്ഞു.
‘തിരുഹൃദയത്തില്‍ മറഞ്ഞിരിക്കുന്ന സമ്പന്നതകള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു, അയല്‍ക്കാരനെ സ്‌നേഹിക്കേണ്ടത് എങ്ങനെയെന്ന് ദൈവത്തില്‍ നിന്ന് പഠിക്കുക.’ ലൈവ് ബ്രോഡ്കാസ്റ്റില്‍ പാപ്പാ പറഞ്ഞു.
പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച സഭ ആഘോഷിക്കുന്ന വലിയ തിരുനാളാണ് തിരുഹൃദയത്തിരുനാള്‍. കുരിശില്‍ കിടക്കുമ്പോള്‍ യേശുവിന്റെ തിരുവിലാവില്‍ നിന്നും ഒഴുകിയ തിരുരക്തത്തിന്റെയും തിരുജലത്തിന്റെയും പ്രതീകങ്ങളിലൂടെ യേശുവിന്റെ നിരുപാധികമായ സ്‌നേഹമാണ് തിരുഹൃദയത്തിരുനാളിന് സഭ വാഴ്ത്തുകയും അനുസ്മരിക്കുകയും ചെയ്യുന്നത്.
17 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ചു കന്യാസ്ത്രീ വി. മാര്‍ഗരറ്റ് മേരി അലക്കോക്കിന് യേശു തന്റെ ദര്‍ശനങ്ങളിലൂടെ വെളിപ്പെടുത്തി കൊടുത്തതാണ് തിരുഹൃദയഭക്തി.