കൊവിഡ് മൂലം മരിച്ച വൈദികര്‍ക്കും ഡോക്ടര്‍മാര്‍ക്കും മാര്‍പാപ്പായുടെ ആദരം
വത്തിക്കാന്‍ സിറ്റി: ഞായറാഴ്ച നല്ലിടയന്‍ ഞായറായിരുന്നു. നല്ല ഇടയനെ പോലെ തങ്ങളുടെ ജീവന്‍ ഈ കൊറോണ വൈറസ് കാലത്ത് ബലി കഴിച്ച ഡോക്ടര്‍മാരെയും വൈദികരെയും ഓര്‍ത്ത് ആദരപൂര്‍വം താന്‍ പ്രാര്‍ത്ഥിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
ഇറ്റലിയില്‍ മാത്രം 100 ലേറെ വൈദികര്‍ക്കും 154 ഡോക്ടര്‍മാര്‍ക്കും ഇതുവരെ ജീവന്‍ നഷ്ടമായി എന്ന് പാപ്പാ പറഞ്ഞു.
‘വൈദികരും വൈദ്യന്മാരുമായ ഈ ഇടയന്മാരുടെ മാതൃക നമ്മെ ദൈവത്തിന്റെ ജനത്തെ ശുശ്രൂഷിക്കുന്നതില്‍ സഹായിക്കട്ടെ’ പാപ്പാ പറഞ്ഞു. ജനനന്മയ്ക്കായി സേവനം ചെയ്ത ഡോക്ടര്‍മാരും തങ്ങളുടെ വിശ്വാസികള്‍ക്കായി ജീവന്‍ സമര്‍പ്പിച്ച അജപാലകരും നല്ല ഇടയനായ യേശുവിനെയാണ് ഓര്‍മിപ്പിക്കുന്നത് എന്നും പാപ്പാ പറഞ്ഞു.
യോഹന്നാന്റെ സുവിശേഷം പത്താം അധ്യായത്തില്‍ സ്വയം നല്ല ഇടയന്‍ എന്നാണ് യേശു വിശേഷിപ്പിക്കുന്നത്. ഇടയന്‍ മാത്രമല്ല, അജഗണങ്ങള്‍ അകത്തേക്ക് പ്രവേശിക്കുന്ന വാതിലും യേശുവാണ്.
സുന്ദരമായ ഞായറാഴ്ച എന്നാണ് പാപ്പാ ഇടയന്റെ ഞായറിനെ വിശേഷിപ്പിച്ചത്. നല്ല ഇടയനായ യേശു നമ്മെ കാത്തു പാലിക്കുന്നുവെന്നുള്ള അറിവില്‍ നിന്നുള്ള സമാധാനവും ആര്‍ദ്രതയുമാണ് അതിന് കാരണം എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.