സഹിക്കുന്ന മനുഷ്യവര്‍ഗത്തിന്റെ ഇരുട്ട് ഈസ്റ്റര്‍ നീക്കട്ടെ: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: കൊറോണവൈറസ് ബാധയുടെ സാഹചര്യത്തില്‍ എത്തുന്ന ഈ ഉയിര്‍പ്പുതിരുനാളിന് എല്ലാവരും ഒരു മനസ്സോടെ ഉത്ഥികനായ ക്രിസ്തുവിലേക്ക് പ്രത്യാശയോടെ നോക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു.
‘യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, സത്യമായും ഉയിര്‍ത്തെഴുന്നേറ്റു!’ എന്ന കത്തോലിക്കാ സഭയുടെ പ്രഖ്യാപനം ലോകമെങ്ങും പ്രതിധ്വനിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഒഴിഞ്ഞു കിടന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് സംസാരിക്കുകയായിരുന്നു പാപ്പാ.
‘ഉത്ഥിതനായ ക്രിസ്തു തന്നെയാണ് ക്രൂശിതനായ ക്രിസ്തു. അവിടുത്തെ മഹത്വപൂര്‍ണമായ ശരീരത്തില്‍ മായ്ക്കാനാവാത്ത തിരുമുറിവുകള്‍ അവിടുന്ന് വഹിക്കുന്നു. ആ മുറിവുകള്‍ പ്രത്യാശയുടെ ജാലകങ്ങളാണ്. നമുക്ക് അവിടുത്തെ നേര്‍ക്ക് നോക്കാം. മുറിവേറ്റ മനുഷ്യവര്‍ഗത്തെ അവിടുന്ന് സുഖപ്പെടുത്തട്ടെ’ പാപ്പാ പറഞ്ഞു.
ഈസ്റ്റര്‍ ഞായറാഴ്ച ദിവസത്തെ ദിവ്യബലിക്കു ശേഷം പരമ്പരാഗതമായ ഊര്‍ബി എത് ഓര്‍ബി ആശീര്‍വാദം പാപ്പാ നല്‍കി. റോമാ നഗരത്തിനും ലോകത്തിനും എന്നാണ് ഊര്‍ബി എത് ഓര്‍ബി എന്ന വാക്കിന്റെ അര്‍ത്ഥം.
കൊറോണ വൈറസ് ബാധിച്ചു രോഗികളായവര്‍ക്കും മരണമടഞ്ഞവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും വിയോഗത്തില്‍ യാത്രാമൊഴി പറയാന്‍ സാധിക്കാത്തവര്‍ക്കും വേണ്ടി പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിച്ചു.