ലോകത്തിന് സമാധാനം ആവശ്യമാണ്: ഫ്രാൻസിസ് പാപ്പാ

വിവിധ സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും മൂല്യങ്ങളാൽ പ്രേരിതരായി സമാധാനത്തിനായുള്ള പരിശ്രമങ്ങളിൽ പരസ്പരസംവാദങ്ങൾക്കായി ഒരുമിച്ച് കൂടിയ എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. കോവിഡ് മഹാമാരിക്ക് പുറമെ, അർത്ഥശൂന്യമായ ഒരു കിരാതയുദ്ധത്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുന്ന നമുക്ക് ഒരുപാട് വെറുപ്പിന്റെയും വിഭജനങ്ങളുടെയും നഷ്ടപ്പെടുന്ന സംവാദങ്ങളുടെയും ഇല്ലാതാകുന്ന മനസ്സിലാക്കലുകളുടെയും ഇടയിലൂടെ നിസ്സംഗരായി മുന്നോട്ടു പോകാനാകില്ല.

സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകർ

തന്റെ അപ്പസ്തോലികസന്ദർശനത്തിന്റെ പ്രമേയമായി താൻ എടുത്തത് “സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകർ” എന്ന് ബഹുവചനത്തിലാണെന്നത് പാപ്പാ എടുത്തുപറഞ്ഞു. 2001 സെപ്റ്റംബർ 11-ലെ ആക്രമണത്തിന് ശേഷം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ വിളിച്ചുകൂട്ടിയ ലോകസമാധാനത്തിനായുള്ള പ്രാർത്ഥനാദിനമാണ് ഇപ്പോൾ നടക്കുന്ന സമ്മേളനത്തിന് മാതൃകയായിട്ടുള്ളതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മതാദ്ധ്യാപനവും പരസ്പരബഹുമാനവും

എല്ലാത്തരം തീവ്രവാദങ്ങളും, ഭീകരതയും, വെറുപ്പിനുള്ള ആഹ്വാനങ്ങളും, യുദ്ധത്തിനും അക്രമങ്ങൾക്കുമുള്ള ആഹ്വാനവും, യഥാർത്ഥ മതചിന്തയുമായി യോജിച്ചുപോകുന്നവയല്ല എന്ന് മാത്രമല്ല, അവ വ്യക്തമായ രീതിയിൽ തള്ളിക്കളയപ്പെടേണ്ടവയുമാണ്. പരസ്പരബഹുമാനവും അംഗീകാരവും ഓരോ മതാദ്ധ്യാപനത്തിന്റെയും ഒഴിച്ചുകൂടാത്ത ഘടകമായിരിക്കണം.

സാഹോദര്യം

സൃഷ്ടികളെ സ്നേഹിക്കാത്തവർക്ക് സൃഷ്ടാവിനെ അംഗീകരിക്കാനോ ഏറ്റുപറയുവാനോ സാധിക്കില്ല. മതങ്ങൾ എല്ലാവർക്കും പൊതുവായുള്ള

ആധ്യാത്മിക, സദാചാര പൈതൃകങ്ങൾക്ക് സാക്ഷ്യമേകേണ്ടവയാണ്. ദൈവികസദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരുടെയും അഭിമാനം എല്ലാവരാലും അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യേണ്ടതാണ്. മനുഷ്യരെല്ലാവരും ചേർന്ന് ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്.

സമാധാനം, സ്ത്രീകൾ, യുവജനം

ആഗോള, പരമ്പരാഗത മതങ്ങളുടെ സമ്മേളനത്തിന്റെ പ്രഖ്യാപനങ്ങളുടെ ഭാഗമായ മൂന്ന് വാക്കുകളെക്കുറിച്ച് പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു.

സമാധാനം എന്നത് എല്ലാ ഹൃദയങ്ങളുടെയും സ്വപ്നവും, നമ്മുടെ ജീവിതപ്രയാണത്തിന്റെ ലക്ഷ്യവുമായാണ്. യുദ്ധങ്ങളാലും സംഘർഷങ്ങളാലും ബുദ്ധിമുട്ടുന്ന ഇന്നത്തെ ലോകത്തിന് സമാധാനം ഏറെ ആവശ്യമുള്ള ഒന്നാണ്. യുദ്ധത്തിന്റെ അഭാവം മാത്രമല്ല സമാധാനം. ലോകശക്തികളുടെ സംതുലിതാവസ്ഥയുമല്ല അത്. മറിച്ച്, നീതിയുടെ ഫലമാണ് സമാധാനം.

സമാധാനചിന്തയുമായി ഏറെ ബന്ധപ്പെട്ട ഒന്നാണ് സ്ത്രീ എന്ന സംജ്ഞ. കരുതലിന്റെയും ജീവന്റെയും ഉറവയായ അവർ സമാധാനത്തിലേക്കുള്ള ഒരു മാർഗ്ഗമാണ്. വനിതകൾക്ക് സമൂഹത്തിലുള്ള സ്ഥാനത്തെ വിലമതിക്കുകയും കൂടുതൽ ഉയർന്നതും ഉത്തരവാദിത്വപ്പെട്ടതുമായ സ്ഥാനങ്ങൾ വഹിക്കുവാൻ അവർക്ക് അവസരങ്ങൾ ലഭിക്കുകയും ചെയ്യണമെന്ന് പാപ്പാ എടുത്തുപറഞ്ഞു.

ഇന്നത്തെ ലോകത്ത് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകരാകാൻ യുവജനത്തിന് പ്രത്യേകമായ വിളിയുണ്ട്. നാളത്തെ തലമുറയായി യുവജനമാണ് കൂടുതലായി സമാധാനം ആഗ്രഹിക്കുകയും, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിനും പരിപാലനത്തിനായി ആവശ്യപ്പെടുന്നത്. യുവജനത്തെ ശരിയായ രീതിയിൽ നയിക്കുകയും അവർക്ക് കൂടുതൽ വിദ്യാഭ്യാസത്തിനും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിനും സാദ്ധ്യതകൾ നൽകുകയും ചെയ്യണം.

ഭൂതകാലത്തിന്റെ സ്മരണകൾ കാത്തുസൂക്ഷിക്കാനും, നാളെയുടെ ദിനങ്ങളിലേക്ക് തുറന്ന മനസ്സോടെ നടക്കാനും പാപ്പാ എല്ലാവരോടും, പ്രത്യേകിച്ച് മതനേതൃത്വങ്ങളോട് ആവശ്യപ്പെട്ടു. ഈയൊരർത്ഥത്തിൽ, തങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളുടെ ഭൂതകാലം ഉള്ളപ്പോഴും വിവിധ മത സാംസ്കാരികതകളെ ഉൾക്കൊണ്ട് ഭാവിയിലേക്ക് തുറന്ന മനസ്സുമായി നീങ്ങുന്ന കസാഖ്സ്ഥാൻ ജനത നമുക്ക് ഒരു മാതൃകയാണെന്നും പാപ്പാ പറഞ്ഞു. സ്വർഗ്ഗത്തിന്റെ പുത്രരെന്ന നിലയിൽ നാം ഒരുമിച്ച് മുന്നേറണമെന്നും, ഐക്യത്തിന്റെയും നല്ല പ്രതീക്ഷകളുടെയും വക്താക്കളായി നാം മാറണമെന്നും ഓർമ്മിപ്പിച്ച പാപ്പാ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രഘോഷകരായി മാറാൻ നമുക്കേവർക്കും സാധിക്കട്ടെയെന്ന് ആശംസിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles