മനസ്സാക്ഷിയുടെ ശബ്ദമാവുക: കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരോട് മാര്‍പാപ്പാ
വത്തിക്കാന്‍ സിറ്റി: സഭാ പഠനങ്ങളോട് ചേര്‍ന്നു നിന്ന് നന്മതിന്മകള്‍ വിവേചിക്കുവാന്‍ കത്തോലിക്കാ മാധ്യമങ്ങളോട് ഫ്രാന്‍സിസ് പാപ്പാ. ഇറ്റലിയിലെ കത്തോലിക്കാ ന്യൂസ് ഏജന്‍സികളോട് സംസാരിക്കുകയായിരുന്നു, പരിശുദ്ധ പിതാവ്.
‘കത്തോലിക്കാ സഭയുടെ പഠനങ്ങളോടുള്ള ഐക്യം നവീകരിക്കാനും മനസാക്ഷിയുടെ ശബ്ദമാകാനും ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നന്മയും തിന്മയും വേവേചിക്കുകയും മനുഷ്യത്വപരമായ തെരഞ്ഞെടുപ്പുകളെ മനുഷ്യത്വരഹിതമായ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വേര്‍തിരിച്ചറിയുകയും വേണം’ പാപ്പാ പറഞ്ഞു.
ഇറ്റാലിയന്‍ കാത്തലിക് പ്രസ് യൂണിയന്റെ 60 ാം വാര്‍ഷികത്തോട് അനുബന്ധച്ചാണ് പാപ്പാ തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചത്. സധൈര്യം തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കുവാനും അതേസമയം ഒരിക്കലും ധിക്കാരം പ്രകടിപ്പിക്കാതെ ആദരവ് സൂക്ഷിക്കാനും പാപ്പാ കത്തോലിക്കാ മാധ്യമങ്ങളെ ആഹ്വാനം ചെയ്തു.