ഒന്നാമനാകണോ? ശുശ്രൂഷകനാകുക! – ഫ്രാന്‍സിസ് പാപ്പാ

“ശുശ്രൂഷ ചെയ്യുന്നത് നമ്മെ കുറയ്ക്കുകയല്ല, മറിച്ച് നമ്മെ വളർത്തുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കർത്താവിൻറെ എളിയ ദാസിയായ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതിലാണ് കൂടുതൽ സന്തോഷം.”

ആരാണ് വലിയവൻ?
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ജറുസലേമിലേക്കുള്ള യാത്രയിലുടനീളം, യേശുവിൻറെ ശിഷ്യന്മാർ “തങ്ങളിൽ ആരാണ് വലിയവൻ” (മർക്കോസ് 9,34) എന്നതിനെക്കുറിച്ച് തർക്കിച്ചുകൊണ്ടിരുന്ന സംഭവമാണ് ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷഭാഗം (മർക്കോസ് 9:30-37) വിവരിക്കുന്നത്. അപ്പോൾ യേശു അവരോട്, ഇന്ന് നമുക്കും ബാധകമായ, ശക്തമായ ഒരു വാക്യം പറയുന്നു: “ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരിലും അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം” (വാക്യം.35). നിനക്ക് ഒന്നാമനാകണമെങ്കിൽ, നീ വരിയിൽ ഏറ്റവും പിന്നിലേക്കു പോകണം, അവസാനത്തവനായിരിക്കണം, എല്ലാവരേയും ശുശ്രൂഷിക്കണം. ശിലാലിഖിതം പോലുള്ള ഈ വാക്യത്തിലൂടെ, കർത്താവ് ഒരു തകിടം മറിക്ക് തുടക്കം കുറിക്കുകയാണ്: യഥാർത്ഥത്തിൽ കാതലായതതെന്താണ് എന്നതിൻറെ മാനദണ്ഡങ്ങളെ അവിടന്ന് അട്ടിമറിക്കുന്നു. ഒരു വ്യക്തിയുടെ മൂല്യം ഇനിമുതൽ അവൻ വഹിക്കുന്ന പദവിയെ ആശ്രയിച്ചല്ല, അയാളടെ നേട്ടത്തെ ആശ്രയിച്ചല്ല, അവൻ ചെയ്യുന്ന ജോലിയെ ആശ്രയിച്ചല്ല, അവന് ബാങ്കിലുള്ള പണത്തെ ആശ്രയിച്ചല്ല; ഇല്ല, അവയെ ആശ്രയിച്ചല്ല; അത് അതിനെ ആശ്രയിക്കുന്നില്ല; മഹത്വത്തിനും വിജയത്തിനും, ദൈവത്തിൻറെ ദൃഷ്ടിയിൽ, വ്യത്യസ്തമായ അളവുകോൽ ഉണ്ട്: അവയെ അളക്കുന്നത് സേവനംകൊണ്ടാണ്. കൈവശമുള്ളവയല്ല, മറിച്ച് ഒരുവൻ നൽകുന്നതാണ് മാനദണ്ഡം. നിനക്ക് ഒന്നാമനോകണോ? ശുശ്രൂഷിക്കുക. ഇതാണ് മാർഗ്ഗം.

ശുശ്രൂഷയുടെ പൊരുൾ

ഇന്ന്, “സേവനം” എന്ന വാക്കിന് ഉപയോഗം മൂലം മങ്ങലേറ്റ, തേയ്മാനം സംഭവിച്ച പ്രതീതിയാണുള്ളത്. എന്നാൽ സുവിശേഷത്തിൽ അതിന് കൃത്യവും സമൂർത്തവുമായ ഒരർത്ഥമുണ്ട്. ശുശ്രൂഷിക്കുക എന്നത് ഉപചാരത്തിൻറെ ആവിഷ്കാരമല്ല: അത് യേശു ചെയ്തതു പോലെ പ്രവർത്തിക്കുകയാണ്, തൻറെ ജീവിതത്തെ ഏതാനും വാക്കുകളിൽ സംഗ്രഹിച്ചുകൊണ്ട് അവിടന്ന് താൻ വന്നത് “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനാണ്” (മർക്കോസ് 10:45) എന്ന് പറഞ്ഞു. കർത്താവ് പറഞ്ഞത് അങ്ങനെയാണ്. അതിനാൽ, നമുക്ക് യേശുവിനെ പിന്തുടരാൻ താൽപ്പര്യമുണ്ടെങ്കിൽ, അവിടന്നു തന്നെ തെളിച്ച പാത, സേവനത്തിൻറെ സരണി, നാം പിന്തുടരണം. കർത്താവിനോടുള്ള നമ്മുടെ വിശ്വസ്തത സേവിക്കാനുള്ള നമ്മുടെ സന്നദ്ധതയെ ആശ്രയിച്ചിരിക്കുന്നു. ഇതിന് വിലകൊടുക്കേണ്ടിവരുമെന്ന് നമുക്കറിയാം, കാരണം ഇത് “കുരിശു പോലെയാണ”. എന്നാൽ, മറ്റുള്ളവരോടുള്ള കരുതലും ലഭ്യതയും കൂടുന്തോറും, നമ്മൾ കൂടുതൽ ആന്തരികസ്വതന്ത്ര്യമുള്ളവരായിത്തീരുന്നു, യേശുവിനോടു ഉപരി അനുരൂപരാകുന്നു. നമ്മൾ എത്രത്തോളം സേവിക്കുന്നുവോ അത്രത്തോളം ദൈവസാന്നിധ്യം നമുക്കനുഭവപ്പെടും. പ്രത്യേകിച്ച്, നമുക്ക് തിരികെ നൽകാൻ ഒന്നുമില്ലാത്തവരെ, ദരിദ്രരെ, സേവിക്കുമ്പോൾ, അവരുടെ ബുദ്ധിമുട്ടുകളെയും ആവശ്യങ്ങളെയും സഹാനുഭൂതിയോടുകൂടി ആലിംഗനം ചെയ്യുമ്പോൾ: അവിടെ നാം ദൈവത്താൽ സ്നേഹിക്കപ്പെടുകയും ആലിംഗനം ചെയ്യപ്പെടുകയും ചെയ്യുന്നവെന്ന് നമ്മൾ മനസ്സിലാക്കും.

എളിയവരെ, ഏറ്റം ആവശ്യത്തിലിരിക്കുന്നവരെ, ആശ്ലേഷിക്കുക

ഇത് കാണിച്ചുതരുന്നതിന് യേശു സേവനത്തിൻറെ പ്രാഥമ്യത്തെക്കുറിച്ച് സംസാരിച്ചതിന് ശേഷം ഒരു കർമ്മം ചെയ്യുന്നു. യേശുവിൻറെ പ്രവർത്തികൾ അവിടന്ന് ഉപയോഗിക്കുന്ന വാക്കുകളേക്കാൾ എത്രത്തോളം ശക്തമാണെന്ന് നാം കണ്ടു. എന്താണ് അവിടത്തെ ഈ ചെയ്തി? അവിടന്ന് ഒരു കുട്ടിയെ എടുത്ത് ശിഷ്യന്മാരുടെ ഇടയിൽ, അവരുടെ മദ്ധ്യത്തിൽ, ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് (മർക്കോസ് 9,36) നിറുത്തുന്നു. സുവിശേഷത്തിലെ ഈ ശിശു, അതിൻറെ ചെറുമയെക്കാളധികമായി നിഷ്ക്കളങ്കതയുടെ പ്രതീകമാകുന്നില്ല. കാരണം കുഞ്ഞുങ്ങൾ മറ്റുള്ളവരെ, മുതിർന്നവരെ ആശ്രയിക്കുന്നതിനാൽ, അവർ സ്വീകരിക്കപ്പെടേണ്ടതുണ്ട്. യേശു ആ കുഞ്ഞിനെ ആലിംഗനം ചെയ്യുന്നു, ഒരു ചെറിയവനെ, ഒരു ശിശുവിനെ സ്വാഗതം ചെയ്യുന്നവൻ തന്നെ സ്വാഗതം ചെയ്യുന്നുവെന്ന് അവിടന്ന് പറയുന്നു (മർക്കോസ് 9,37). ഇതാ, സർവ്വോപരി ആരെയാണ് സേവിക്കണ്ടത്: സ്വീകരിക്കപ്പെടേണ്ട ആവശ്യമുള്ളവരും തിരികെ നൽകാൻ ഒന്നുമില്ലാത്തവരും. സ്വീകരിക്കപ്പെടേണ്ടവരും തിരകെ നൽകാൻ ഒന്നുമില്ലത്തവരുമായവരെ ശുശ്രൂഷിക്കുക. പാർശ്വവത്കൃതരും അവഗണിക്കപ്പെട്ടവരുമായവരെ സ്വാഗതം ചെയ്യുന്നതിലൂടെ, നാം സ്വീകരിക്കുന്നത് യേശുവിനെയാണ്, കാരണം അവിടന്ന് അവരിലുണ്ട്. നാം സേവിക്കുന്ന ഒരു ചെറിയവനിൽ, ഒരു ദരിദ്രനിൽ, നമ്മളും ദൈവത്തിൻറെ ആർദ്രമായ ആലിംഗനം സ്വീകരിക്കുന്നു.

ആത്മശോധന അനിവാര്യം

സുവിശേഷാഹ്വാനം സ്വീകരിച്ചുകൊണ്ട്, പ്രിയ സഹോദരീസഹോദരന്മാരേ, നമുക്ക് നമ്മോടുതന്നെ ചോദിക്കാം: യേശുവിനെ പിന്തുടരുന്ന എനിക്ക്, ഏറ്റവും പരിത്യക്തരുടെ കാര്യത്തിൽ കരുതലുണ്ടോ? അതോ, അന്നത്തെ ശിഷ്യന്മാരെപ്പോലെ, ഞാൻ സ്വാർത്ഥതാല്പര്യപൂരണത്തിൽ സംതൃപ്തി തേടുകയാണോ? മറ്റുള്ളവരെ കരുവാക്കി എനിക്കായി ഇടം നേടാനുള്ള ഒരു മത്സരമായിട്ടാണോ ഞാൻ ജീവിതത്തെ മനസ്സിലാക്കുന്നത് അതോ പ്രഥമസ്ഥാനം കരസ്ഥമാക്കുകയെന്നത് സേവനം ചെയ്യലാണെന്ന് ഞാൻ കരുതുന്നുണ്ടോ? പ്രായോഗികമായി: ഞാൻ, എനിക്ക് തിരികെ നല്കാൻ യാതൊരു മാർഗ്ഗവും ഇല്ലാത്ത “ചെറിയവനായി” സമയം വിനിയോഗിക്കാറുണ്ടോ? എനിക്ക് തിരകെ തരാൻ കഴിയത്തവൻറെ കാര്യത്തിലാണോ അതോ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാര്യത്തിൽ മാത്രമാണോ ഞാൻ ശ്രദ്ധിക്കുന്നത്? നമുക്ക് സ്വയം ചോദിക്കാവുന്ന ചോദ്യങ്ങളാണിത്.

നമ്മെ വളർത്തുന്ന ശുശ്രൂഷ 

ശുശ്രൂഷ ചെയ്യുന്നത് നമ്മെ കുറയ്ക്കുകയല്ല, മറിച്ച് നമ്മെ വളർത്തുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കർത്താവിൻറെ എളിയ ദാസിയായ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതിലാണ് കൂടുതൽ സന്തോഷമുള്ളത് (അപ്പസ്തോല പ്രവർത്തനങ്ങൾ 20:35).

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

മെക്സിക്കൊയിലെ പ്രളയ ബാധിതർക്കായി പ്രാർത്ഥന

ആശീർവ്വാദാനന്തരം പാപ്പാ, മെക്സിക്കോയിലെ ഇദാൽഗൊ സംസ്ഥാനത്തിൽ വെള്ളപ്പൊക്ക ദുരന്തിന് ഇരകളായവരെ, വിശിഷ്യ, തൂള ആശുപത്രിയിൽ മരണമടഞ്ഞ രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും അനുസ്മരിച്ചു.

പരദേശങ്ങളിൽ തടഞ്ഞു വയ്ക്കപ്പെട്ടവർ

അന്യനാടുകളിൽ അന്യായമായി തടഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ളവർക്ക് തൻറെ പ്രാർത്ഥനാ സഹായം ഉറപ്പു നല്കിയ പാപ്പാ ദൗർഭാഗ്യവശാൽ ഇതിനുള്ള കാരണങ്ങൾ വിവധങ്ങളും സങ്കീർണ്ണങ്ങളുമാണെന്ന് പറഞ്ഞു.
നീതി നടപ്പാക്കുകയെന്ന കടമയുടെ പൂർത്തീകരണത്തിലൂടെ ഇവർക്ക് എത്രയും വേഗം സ്വദേശങ്ങളിലേക്കു മടങ്ങാൻ കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങൾ

തുടർന്ന് പാപ്പാ റോമാക്കാരും മറ്റിടങ്ങളിൽ നിന്നെത്തിയിരുന്നവരുമായ തീർത്ഥാടകരെ അഭിവാദ്യം ചെയ്തു.

രണ്ടു ബാലന്മാർക്ക് അശ്രുകണങ്ങളോടെ പ്രത്യക്ഷയായ കന്യകാ മറിയത്തിൻറെ പ്രത്യക്ഷീകരണത്തിൻറെ നൂറ്റിയെഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിലെ ല സലേത്തിലെ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ സമ്മേളിച്ചവരെയും പാപ്പാ അനുസ്മരിച്ചു.
മറിയത്തിൻറെ കണ്ണുനീർ ജറുസലേമിനെക്കുറിച്ചുള്ള യേശുവിൻറെ കണ്ണീരിനെയും ഗത്സേമെനിലെ അവിടത്തെ വേദനയെയും കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
ആ കണ്ണീർക്കണങ്ങൾ നമ്മുടെ പാപങ്ങളെ പ്രതിയുള്ള ക്രിസ്തുവിൻറെ വേദനയുടെ പ്രതിഫലനവും, ദൈവത്തിൻറെ കരുണ്യത്തിന് നമ്മെ ഭരമേൽപ്പിക്കുന്നതിനുള്ള സമയോചിതമായ ആഹ്വാനവും ആണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles